'അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു.' — 2 പത്രോസ് 1:4
ക്രിസ്തീയ ജീവിതം വാഗ്ദാനങ്ങളുടെ മേൽ പണിതുയർത്തപ്പെട്ട വിശ്വാസ യാത്രയാണ്. ദൈവത്തിന്റെ വാഗ്ദാനങ്ങൾ ഭാവിയെക്കുറിച്ചുള്ള ശുഭ പ്രതീക്ഷകൾ മാത്രമല്ല, അവ ദൈവത്തിന്റെ മാറ്റമില്ലാത്ത സ്വഭാവത്തിന്റെ വെളിപ്പെടുത്തൽ കൂടിയും ആണ്. ഒരു വാഗ്ദാനത്തിന്റെ ശക്തി അതിന്റെ വാക്കുകളിൽ മാത്രമല്ല, അത് നൽകിയ വ്യക്തിയുടെ വിശ്വസ്തതയിലും കൂടിയാണ്. അതുകൊണ്ട് വാഗ്ദാനത്തിന്റെ മഹത്വത്തേക്കാൾ അധികമായി വാഗ്ദാനം നൽകിയ ദൈവത്തിന്റെ മഹത്വത്തിലേക്ക് വിശ്വാസി നോക്കണം.
മനുഷ്യരുടെ വാഗ്ദാനങ്ങൾ പലപ്പോഴും സാഹചര്യങ്ങൾക്കനുസരിച്ച് മാറാം. ആഗ്രഹമുണ്ടെങ്കിലും പല പ്രായോഗിക ബുദ്ധിമുട്ടുകൾ കൊണ്ട് അവ നിറവേറ്റാൻ കഴിയാതെ വരാം. എന്നാൽ ദൈവത്തിന്റെ കാര്യത്തിൽ അങ്ങനെ ഒരിക്കലും സംഭവിക്കുകയില്ല:
'വ്യാജം പറവാൻ ദൈവം മനുഷ്യനല്ല;
അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല;
താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ?
താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?'
(സംഖ്യാപുസ്തകം 23:19).
ദൈവം പറയുന്ന ഓരോ വചനവും ദൈവത്തിന്റെ വിശുദ്ധ സ്വഭാവത്തിന്റെ മുദ്രയുള്ളതാണ്. ദൈവത്തിന്റെ സത്യസന്ധതയാണ് ഓരോ വാഗ്ദാനത്തിന്റെയും അടിത്തറ. അതിനാൽ ഒരു വാഗ്ദാനത്തിൽ വിശ്വസിക്കുന്നത് ഒരു സ്റ്റേറ്റ്മെന്റിൽ വിശ്വസിക്കുന്നതല്ല, സത്യ ദൈവത്തിൽ വിശ്വസിക്കുന്നതാണ്.
ചിലപ്പോൾ പ്രാർത്ഥനകൾക്ക് ഉടൻ ഉത്തരം ലഭിക്കാതിരിക്കുമ്പോൾ വാഗ്ദാനങ്ങൾ വൈകുന്നുവെന്ന് നമുക്കു തോന്നിയേക്കാം. എന്നാൽ ദൈവത്തിന്റെ നിശ്ശബ്ദത ദൈവത്തിന്റെ മറവിയല്ല, ദൈവത്തിന്റെ ജ്ഞാനമാണ്. നമുക്ക് എന്ത് നൽകണം, എപ്പോൾ നൽകണം, എത്ര നൽകണം എന്ന് ദൈവം പൂർണമായി അറിയുന്നു. ഒരു കർഷകൻ വിത്ത് വിതച്ച ഉടനെ കൊയ്ത്ത് പ്രതീക്ഷിക്കാത്തതുപോലെ, വിശ്വാസിയും ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കാൻ പഠിക്കണം:
"എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്ക് ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും." (യെശയ്യാവ് 55:11).
ബൈബിളിലെ ഓരോ വാഗ്ദാനവും ക്രൂശിൽ ക്രിസ്തു തന്റെ രക്തത്താൽ മുദ്രവെച്ച പുതിയ നിയമത്തിന്റെ ഉറപ്പാണ്. അതുകൊണ്ട് നിരാശ നമ്മെ തളർത്തിയാലും സാഹചര്യങ്ങൾ പ്രതികൂലമായാലും മാറ്റമില്ലാത്ത ദൈവവചനം സുസ്ഥിരമായി നിലനിൽക്കും. പ്രതികൂല സാഹചര്യങ്ങളിൽ നിന്നു ദൈവത്തിലേക്ക് വിശ്വാസത്തിന്റെ കണ്ണുകൾ ഉയരുമ്പോൾ, വാഗ്ദാനങ്ങൾ ആത്മാവിന് പുതിയ ശക്തിയും പ്രത്യാശയും ധൈര്യവും പകരും. ദൈവത്തിന്റെ വാഗ്ദാനങ്ങൾ ജീവിത കൊടുങ്കാറ്റുകളിൽ നങ്കൂരമാണ്; ഇരുണ്ട രാത്രികളിലെ ദീപമാണ്; ക്ഷീണിച്ച ആത്മാവിന് ജീവജലമാണ്.
പ്രതിസന്ധികളിൽ പതറുന്ന നമ്മുടെ മനസ്സിനെ സാന്ത്വന വാക്കുകളിലൂടെ നമ്മൾ ബലപ്പെടുത്തി കൊണ്ടിരിക്കണം:
" വാഗ്ദാനങ്ങളെയും വാഗ്ദാനം നൽകിയ എന്റെ ദൈവത്തെയും ഞാൻ വിശ്വസിക്കുന്നു. അവൻ വാക്കു മാറാത്തവനും വിശ്വസ്തനും സർവശക്തനും ആരംഭിച്ചതെല്ലാം പൂർത്തിയാക്കുന്നവനും ആണ്. എന്റെ ആത്മാവേ, ദൈവത്തിൽ പ്രത്യാശിക്കുക..."
ഇതുപോലുള്ള വിശ്വാസ പ്രഖ്യാപനങ്ങളാണ് വാഗ്ദാനങ്ങളെ അനുഭവമാക്കുന്നത്. ദൈവം തന്റെ സമയത്ത് തന്റെ വചനത്തെ നിറവേറ്റുമ്പോൾ, കാത്തിരിപ്പിന്റെ ഓരോ കണ്ണീരും സ്തോത്രമായി മാറും.
'പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ' എബ്രായർ 10:23
'ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വ് എന്നത്രേ; അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിനു മഹത്ത്വം ഉണ്ടാകുമാറ് അവനിൽ ആമേൻ എന്നുംതന്നെ.' 2 കൊരിന്ത്യർ 1:20
വാഗ്ദത്വങ്ങളിൽ വിശ്വസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ വാഗ്ദാനങ്ങൾ എന്റെ ജീവിതത്തിന്റെ ഉറച്ച അടിത്തറയാകട്ടെ. സാഹചര്യങ്ങളെക്കാൾ അങ്ങയുടെ സ്വഭാവത്തിൽ വിശ്വസിക്കുവാൻ എന്നെ പഠിപ്പിക്കണമേ. കാത്തിരിപ്പിലും കണ്ണീരിലും പരീക്ഷകളിലും അങ്ങയുടെ വചനത്തിന്റെ സത്യത്തിൽ ഉറച്ചുനിൽക്കുവാൻ കൃപ നൽകണമേ. അവിടുന്ന് അരുളിച്ചെയ്ത ഓരോ വാഗ്ദാനവും അങ്ങയുടെ തികഞ്ഞ സമയത്ത് നിറവേറുമെന്ന് വിശ്വസിക്കുന്ന ഹൃദയം എനിക്കു നൽകണമേ. യേശു ക്രിസ്തുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു . ആമേൻ.
☆
-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )