എന്റെ പാറ

                       

രണ്ട് ശമുവേൽ  അധ്യായം 22, ദാവീദിന്റെ വിജയ കീർത്തനമാണ്. കർത്താവ്  സകല ശത്രുക്കളിൽ നിന്നും രക്ഷിച്ച ദിവസം ദാവീദ് ദൈവത്തിനു വേണ്ടി എഴുതി ആലപിച്ച സ്തോത്ര ഗീതമാണ് അത്.

 ജീവിതത്തിൽ നേട്ടങ്ങളും വിജയങ്ങളും അഭിവൃത്തിയുമൊക്കെ ഉണ്ടാകുമ്പോൾ അധികം പേരും ആത്മ പ്രശംസയിൽ മതിമറന്ന് പോകാറുണ്ട്.  കളപ്പുരകൾ നിറഞ്ഞപ്പോൾ  കർത്താവിന്റെ ഉപമയിലെ ധനവാന് ദൈവത്തോട് ഒരു നന്ദി വാക്കെങ്കിലും പറയണം എന്ന് തോന്നിയില്ല. നേട്ടങ്ങളും സമ്പന്നതയും സ്വയവും അദ്ദേഹത്തിന്റെ ആരാധനാ മൂർത്തികളായി തീർന്നു.
എന്നാൽ ദൈവത്തിന്റെ പ്രിയ മാനസനായിരുന്ന ദാവീദിന്റെ പ്രതികരണം മറ്റൊരുവിധത്തിൽ ആയിരുന്നു. ആട്ടിടയ ബാലനിൽ നിന്ന് സിംഹാസനത്തിലേക്ക് കൈപിടിച്ച് നടത്തിയതും ശത്രുക്കളുടെ മേൽ വിജയം നൽകിയതും ദൈവമായിരുന്നു എന്ന് പൂർണ്ണമായും അദ്ദേഹം വിശ്വസിച്ചു.
എല്ലാ വിജയങ്ങളുടെയും പൂർണ്ണ മഹത്വം ദൈവത്തിന് സമർപ്പിച്ച സ്തോത്ര ഗായകനായിരുന്നു ദാവീദ്.

ജീവിതത്തിന്റെ ചില നിർണായക ഘട്ടങ്ങളിലും നിസ്സഹായതയിലും നമ്മൾ എത്തിച്ചേരാറുണ്ട്. നമ്മുടെ വ്യക്തിപരമായ കഴിവുകൾക്കും സമ്പാദ്യങ്ങൾക്കും ഉറ്റവർക്കും ആരോഗ്യ വിദഗ്ധർക്കും നിയമപാലകർക്കും പരിഹാരം കാണുവാൻ കഴിയാത്ത വൻ പ്രതിസന്ധികൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കാറുണ്ട്. ചെങ്കടലിനും ഫറവോന്യ സൈന്യങ്ങൾക്കും ഇടയിലായ ഇസ്രായേൽ മക്കളുടെ പരിഭ്രാന്തിയിൽ ആയിരിക്കും നമ്മൾ ആ സമയത്ത്.
അത്തരം സാഹചര്യങ്ങളിൽ പലരും സ്വന്തം വിവേകത്തിന്റെയും മറ്റുള്ളവർ ചൂണ്ടിക്കാണിക്കുന്ന വഴികളിലൂടെയും പോകാറുണ്ട്. അത് ശുഭകരമാകണമെന്നില്ല.

 പിന്നെന്താണ് ചെയ്യേണ്ടത്?

 സകല പ്രപഞ്ചത്തിന്റെയും സൃഷ്ടാവും നിയന്ത്രിക്കുന്നവനുമായ ദൈവത്തിന്റെ തിരുവചനങ്ങളിൽ മനസ്സ് ഉറപ്പിക്കണം.
ഈ വലിയ ആത്മീയ രഹസ്യം ജീവിതാനുഭവങ്ങളിലൂടെ ദാവീദ് മനസ്സിലാക്കിയിരുന്നു. നാശത്തിന്റെ കുഴികളിൽ നിന്നും രക്ഷിച്ച ദൈവത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ സാക്ഷ്യം ഇങ്ങനെയായിരുന്നു:

'കര്‍ത്താവല്ലാതെ ദൈവമായ ആരുണ്ട്‌?
നമ്മുടെ ദൈവമല്ലാതെ ഉന്നതശിലയുണ്ടോ?'
2 സാമുവല്‍ 22 : 32

അനീതിയും അതിക്രമവും വർദ്ധിച്ചുവരുന്ന ലോകത്ത് നമ്മുടെ ആശ്രയം എപ്പോഴും ദൈവത്തിൽ ആയിരിക്കണം, അവൻ മാത്രമാണ് പാറ എന്നാണ് ദാവീദ് പറയുന്നത്.

 എന്താണ് 'പാറ' എന്ന വാക്കുകൊണ്ട് ദാവീദ് ഉദ്ദേശിക്കുന്നത്?

 ആശ്രയിക്കാൻ കൊള്ളാവുന്നത് ദൈവം മാത്രമാണ്. അസ്വസ്ഥതകളുടെ തിരകളിൽ കാലുറപ്പിക്കുവാൻ പര്യാപ്തമായ ശക്തമായ അടിസ്ഥാനവും ശത്രുകരങ്ങളിൽ നിന്ന് വിമോചിപ്പിക്കുവാൻ കഴിയുന്ന ശാശ്വതഭുജങ്ങളും ദൈവത്തിന്റെത് മാത്രമാണ്. എല്ലാം മാറ്റങ്ങൾക്ക് വിധേയമാകുന്ന ലോകത്ത് മാറാത്തവൻ കർത്താവ് മാത്രമാണ്.

ശാശ്വത പാറയായ ദൈവത്തെ ആത്മാവിൽ അറിഞ്ഞിരുന്ന ദാവീദ് തന്റെ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും അടിസ്ഥാനം ദൈവത്തിൽ ഉറപ്പിച്ചു. അതുകൊണ്ട് ദാവീദിനെ തകർക്കുവാനും നശിപ്പിക്കുവാനും അനേകം  ശത്രു രാജ്യങ്ങൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തെല്ലും കുലുങ്ങാതെ ദൈവം എന്ന ശാശ്വത പാറയിൽ ദാവീദ് ഉറച്ചുനിന്നു.

'എന്റെ അടുത്തുവന്ന്‌ എന്റെ വചനംകേള്‍ക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശനാണെന്ന്‌ ഞാന്‍ വ്യക്‌തമാക്കാം.
ആഴത്തില്‍ കുഴിച്ച്‌ പാറമേല്‍ അടിസ്‌ഥാനമിട്ട്‌ വീടു പണിത മനുഷ്യനോടു സദൃശനാണ്‌ അവന്‍.'
ലൂക്കോ സ് 6 : 47-49
'ആശ്രയം യേശുവിൽ എന്നതിനാൽ ഭാഗ്യവാൻ ഞാൻ...
ആശ്വാസമെന്നിൽ താൻ തന്നതിനാൽ ഭാഗ്യവാൻ ഞാൻ...'
എന്ന ഗാനം  അർത്ഥ സമ്പുഷ്ടവും  ഹൃദ്യ മനോഹരവുമാണ്.

 ദാവീദ് കാലുറപ്പിച്ച പാറയും ഇസ്രായേൽ മക്കൾക്ക് നീരുറവ ഒഴുക്കിയ പാറയുമായ ക്രിസ്തുവിനെ പരിചയപ്പെടുത്തിക്കൊണ്ട് പൗലോസ്‌ പറഞ്ഞു:
'എല്ലാവരും ഒരേ ആത്‌മീയപാനീയം കുടിച്ചു. തങ്ങളെ അനുഗമി ച്ച ആത്‌മീയ ശിലയില്‍നിന്നാണ്‌ അവര്‍ പാനം ചെയ്‌തത്‌. ആ ശില ക്രിസ്‌തുവാണ്‌.'
1 കോറി. 10 : 4

 
 കാലാവസ്ഥ മാറും, ആരോഗ്യം ക്ഷയിക്കും, സമ്പത്ത് നഷ്ടപ്പെടാം, സുഹൃദ്ബന്ധങ്ങൾ തകർന്നുപോകാം, രോഗങ്ങളും യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും നമ്മുടെ അടിസ്ഥാനങ്ങൾ ഇളക്കിയേക്കാം... പക്ഷേ നമ്മുടെ കർത്താവ് മാറാത്തവൻ ആണ്. അവന്റെ സ്നേഹവും കരുതലും വിസ്മയമാണ്. അവന്റെ ദിവ്യ പരിപാലനം ഓരോ പ്രഭാതത്തിലും പുതിയതാണ്. ദാവീദ് 'എന്റെ പാറ ' എന്ന് വിളിച്ച നിത്യനും സർവ്വശക്തനുമായ ദൈവത്തിൽ നമുക്ക് ഹൃദയം ഉറപ്പിക്കാം.
 
'കര്‍ത്താവ്‌ എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്‌;
അവിടുന്ന്‌ എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു ഞാന്‍ കുലുങ്ങുകയില്ല.
അതിനാല്‍, എന്റെ ഹൃദയം സന്തോഷിക്കുകയും
അന്തരംഗം ആനന്‌ദംകൊള്ളുകയും ചെയ്യുന്നു.
എന്റെ ശരീരം സുരക്‌ഷിതമായി വിശ്രമിക്കുന്നു.
അങ്ങ്‌ എനിക്കു ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു; അങ്ങയുടെ സന്നിധിയില്‍ ആനന്‌ദത്തിന്റെ പൂര്‍ണതയുണ്ട്‌; അങ്ങയുടെ വലത്തുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്‌.'
സങ്കീര്‍ത്തനങ്ങള്‍ 16 : 8-11

-ഫാ. ഡോ. ഏ. പി. ജോർജ്