പതിനാറാം നൂറ്റാണ്ടിലെ എഡിഷൻ എന്ന വെനീഷ്യൻ ആർട്ടിസ്റ്റ് പ്രസിദ്ധമായ പെയിന്റിംഗ് ആണ് നല്ല കറി ഓഫ് പ്രൊവിഡൻസ്. മൂന്ന് മുഖങ്ങളുള്ള മനുഷ്യന്റെ ചിത്രമാണ് അത് ഭാവിയിലേക്ക് നോക്കുന്ന യുവാവ് വർത്തമാന കാലത്തേക്ക് നോക്കുന്ന മറ്റൊരു കഴിഞ്ഞ കാലങ്ങളിലേക്ക് നോക്കുന്ന വൈസ് ഓൾഡ് മാൻ കഴിഞ്ഞകാലത്തെ അനുഭവങ്ങളിലൂടെ ലഭിച്ച ദീർഘദൃഷ്ടിയോടെ വർത്തമാനകാലത്തെ അഭിമുഖീകരിക്കുന്നവർക്ക് ശുഭാപ്തിവിശ്വാസത്തോടെ നേരിടുവാൻ കഴിയുമെന്ന വലിയ സന്ദേശമാണ് ചിത്രം നൽകുന്നത്.
പുതുവർഷത്തിലേക്ക് ശുഭാപ്തിവിശ്വാസത്തോടെ ചുവടു വയ്ക്കാൻ സഹായിക്കുന്ന സമുന്നതമായൊരു ഉപദേശമാണ് പൗലോസ് അപ്പസ്തോലൻ ഫിലിപ്യാ ലേഖനം മൂന്നാം അധ്യായം പതിനാലാം വാക്യത്തിൽ നമുക്ക് തരുന്നത്:
'ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു.'
പത്തും മുപ്പതും അറുപതും അതിലപ്പുറവും ഓടിയ ജീവണ്ടികളാണ് നമ്മളൊക്കെ. അവിശ്രാമം ഓടുവാൻ നിർബന്ധിക്കപ്പെടുന്ന സംസ്കാരത്തിലും ജീവിതശൈലിയിലും എത്തിച്ചേർന്നിരിക്കുന്നവരാണ് നമ്മൾ.
രണ്ടും മൂന്നും ഷിഫ്റ്റുകളിൽ അനസ്യുതം ഓടുന്ന നമുക്ക് ഉറങ്ങാത്ത രാത്രികളും ഉറക്കം വരാത്ത പകലുകളും ആണ് പലപ്പോഴും സ്വന്തമായിട്ടുള്ളത്. പിന്നെ ആത്മ ശരീര മനസ്സുകൾ വിശ്രമിക്കുന്ന സമയം ദൈവ സന്നിധിയിലെ ആരാധനയ്ക്ക് ഒത്തുകൂടുന്ന ഏതാനും മണിക്കൂറുകൾ മാത്രമാണ്. പക്ഷേ അത്തരം ആത്മീയ കൂട്ടായ്മയും തടസ്സപ്പെടുന്ന ഈ മഹാ ബാധയുടെ കാലഘട്ടം ആത്മ ശരീര മനസ്സുകളിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളും സംഘർഷങ്ങളും ഒറ്റപ്പെടലും വളരെ ദുസ്സഹമാണ്.
പുതുവർഷത്തിലേക്ക് ശുഭ പ്രതീക്ഷകളോടെ ചുവടു വയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അപ്പോസ്തോലൻ നൽകുന്ന ഉപദേശം 'പിന്നിലുള്ളത് മറക്കണം' എന്നാണ്.
ഫോർഗെറ്റ് വാട്ടീസ് ബിഹൈൻഡ്!
എന്താണ് പിമ്പിൽ ഉള്ളത്?
ഓർമ്മയുടെ ഫയലിൽ സൂക്ഷിച്ചിരിക്കുന്ന കഴിഞ്ഞ കാലത്തിന്റെ ദുരനുഭവങ്ങൾ അനവധിയാണ്. പരാജയം, മുറിവ്, പക, വിദ്വേഷം, പരിഭവം, പിണക്കം അങ്ങനെ അങ്ങനെ മനസ്സിലെ നിഷേധ വികാരങ്ങളുടെയും മനോഭാവങ്ങളുടെയും ഫയലുകൾ അനവധിയാണ്. ഇതൊക്കെ വലിയ സംഘർഷങ്ങളും ആന്തരിക കൊടുങ്കാറ്റുകളും അസമാധാനവും ആണ് നമ്മിലുണ്ടാക്കുന്നത്.
മനസ്സ് ചുമക്കുന്ന ഈ ഭാരങ്ങൾ നമ്മുടെ ശക്തിയും ഊർജ്ജവും കത്തിച്ചു കൊണ്ടിരിക്കും. മനസ്സെന്ന എഞ്ചിനോട് കണക്ട് ചെയ്യപ്പെടുന്ന നിഷേധ ചിന്തകളുടെ ബോഗികൾ വൻ ഭാരങ്ങളാണ് വൈകാരിക തലങ്ങളിലുണ്ടാക്കുന്നത്.
ഈ പിമ്പിലുള്ളതും പിൻപറ്റുന്നതുമായ ഭാരങ്ങൾ ഉള്ളത് ടീ ലിങ്ക് ചെയ്താൽ മാത്രമേ ജീവിത യാത്ര ആയസാരഹിതവും സന്തോഷപ്രദവും ആവുകയുള്ളു. അപ്പോൾ ക്ഷീണം കുറയും, തളർച്ചയും ടെൻഷനും ദേഷ്യവും ആവലാതിയും ഒക്കെ ശാന്തമാകും.
അതിന്, പിമ്പിലുള്ളത് മറക്കണം, ഉപേക്ഷിക്കണം.
പിന്നിലുള്ളത് മറക്കാൻ എങ്ങനെയാണ് അപ്പോസ്തോലൻ പൗലോസിന് കഴിഞ്ഞത്?
ക്രിസ്തു നൽകിയ പാപക്ഷമയാണ് പൗലോസിന് അതിന് സഹായിച്ചത്:
എഫെസ്യർ 1:7 'അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പുണ്ടു.'
ക്രിസ്തുവിലൂടെയുള്ള പാപക്ഷമയും നീതീകരണവും യഥാസ്ഥാനപ്പെടുത്തലും മാത്രമാണ് പിൻപറ്റുന്ന ഭാരങ്ങൾ നീക്കുവാനുള്ള ഏക വഴി.
ആകെ അരനാഴികനേരം മാത്രമുള്ള ഈ ജീവിതം കഴിഞ്ഞ കാലത്തിന്റെ നിഷേധ ചിന്തകളും ഭാരങ്ങളും ചുമന്നു തളരാനുള്ളതല്ല, സന്തോഷിക്കുവാനും ആസ്വദിക്കുവാനുമു ള്ളതാണ്. തന്റെ മക്കൾ ഭാരം ചുമക്കാതെ ജീവിക്കുവാൻ വേണ്ടിയാണ് ക്രിസ്തു നമ്മുടെ ഭാരങ്ങളെല്ലാം കുരിശിൽ ചുമന്നത്.
ക്രിസ്തുവിൽ നിന്ന് പാപക്ഷമ ലഭിക്കുകയും മറക്കുകയും മാപ്പ് കൊടുക്കുകയും ചെയ്യുമ്പോൾ പിൻപറ്റുന്ന ഭാരങ്ങൾ നീക്കപ്പെടും.
കഴിഞ്ഞ കാലങ്ങളിലെ കഷ്ട നഷ്ടങ്ങളുടെ ഭാരമുള്ള ചിന്തകൾ അത്താണിയായ ക്രിസ്തുവിൽ ഇറക്കി വെക്കണം.
ലെറ്റസ് ഫോർഗെറ്റ് വാട്ടീസ് ബിഹൈൻഡ്!
പിൻപറ്റുന്ന പാപസ്വഭാവങ്ങളും പ്രതിസന്ധികൾ ഉണ്ടാക്കുന്ന ലഹരി ആസക്തിയും വഴിതെറ്റിക്കുന്ന സുഹൃദ് ബന്ധങ്ങളും കുടുംബാംഗങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന നിർബന്ധങ്ങളും ഉപേക്ഷിക്കുമ്പോൾ ദാമ്പത്യം സൗഹൃദ പൂർണമാകും, കുടുംബം സുഖമാകും.
ക്രിസ്തുവിനോട് ചേർന്നുള്ള ജീവിതം സുരക്ഷിതബോധം നൽകും, ആത്മ ശരീര മനസ്സുകളിൽ പരിശുദ്ധത്മാവിന്റെ അഭിഷേകം ചൈതന്യ കൃപാവർഷപ്രവാഹമായി പെയ്തിറങ്ങും.
'ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു.'
2021 മനോഭാരങ്ങളുടെ ലോഡ്ഷെഡ്ഡിങ് നടക്കുന്ന വർഷമായി തീരട്ടെ. അതിന് യേശുക്രിസ്തുവിന്റെ പരമ യാഗബലിയും വീണ്ടെടുപ്പും സഹായകമാകട്ടെ!
പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുവൻ ദൈവം നമ്മളെ സഹായിക്കട്ടെ.
ഞങ്ങളെ അളവില്ലാതെ സ്നേഹിക്കുന്ന സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, രോഗങ്ങളുടെയും സഹനങ്ങളുടെയും വേർപാടിന്റെ യുമൊക്കെ സംഘർഷങ്ങൾ നിറഞ്ഞ 2020 നിന്ന് പുതുവർഷത്തിലേക്ക് ചുവടുവയ്ക്കാൻ ഞങ്ങൾക്ക് ആയുസ്സും ആരോഗ്യവും തന്ന അനന്ത കൃപയ്ക്കായി സ്തോത്രം.
ലോകത്തിന്റെ മേൽ ഗ്രസിച്ചിരിക്കുന്ന മഹാവ്യാധിയുടെ മേൽ അവിടുത്തെ സൗഖ്യദായക കരങ്ങൾ നീട്ടി ശാന്തിയും സമാധാനവും സൗഖ്യവും നൽകേണമേ.
മഹാവ്യാധിയുടെ കെടുതിയിലും പ്രതിസന്ധിയിലും മരണ നിഴൽ താഴ്വരയിലും ആയിരിക്കുന്നവരെ കർത്തൃ സന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. കരുണയുള്ള കരങ്ങളിൽ ചേർത്തുനിർത്തെണമേ.പ്രിയപ്പെട്ടവരുടെ വേർപാടിന്റെ ദുഃഖത്തിൽ ആയിരിക്കുന്നവർക്ക് ആശ്വാസ lപ്രദനായ പരിശുദ്ധാത്മാവിനെ അയച്ച് ശാന്തിയും സമാധാനവും കൊടുക്കണമേ.
രോഗികളുടെ പരിരക്ഷക്കായി ലോകമെമ്പാടും കഠിനാധ്വാനം നടത്തുന്ന മെഡിക്കൽ ടീമിനെയും വോളണ്ടിയേഴ്സ്നെയും നിയമപാലകരെയും ബലപ്പെടുത്തി ശക്തി പകരണമേ.
ഞങ്ങളെയും ഞങ്ങള്ക്കുള്ളവരെയും അത്യുന്നതന്റെ ചിറകിൻ കീഴിൽ സുരക്ഷിതരായി കാത്തുപരിപാലിക്കണമേ.
പ്രതിസന്ധികളിൽ ആടിയുലയുന്ന സഭാ നൗകയുടെ അമരത്തിരുന്ന് സമാധാനത്തിന്റെ തീരത്തിലെത്തിക്കേണമേ.
പിൻപറ്റുന്ന പാപഭാരങ്ങളും സംഘർഷങ്ങളും കാൽവരി കുരിശിൻ ചുവട്ടിൽ ഇറക്കിവെച്ച് നിത്യതയെ ലക്ഷ്യമാക്കി ക്രിസ്തുവിനോട് ചേർന്ന് ആത്മീയ മോഷയാത്ര തുടരാൻ ഞങ്ങളെ സഹായിക്കേണമേ.
കൊടുങ്കാറ്റും തിരമാലകളും കൊണ്ട് പടക് ആടി ഉലഞ്ഞപ്പോൾ, കർത്താവേ രക്ഷിക്കേണമേ എന്ന് വിളിച്ചു കരഞ്ഞ ശിഷ്യന്മാരോട്: 'ഭയപ്പെടേണ്ട വിശ്വസിക്കുക മാത്രം ചെയ്യുക' എന്ന് അരുളിച്ചെയ്ത നാഥാ, ഞങ്ങൾ അങ്ങയുടെ വാക്കുകളിൽ മനസ്സു ഉറപ്പിക്കുന്നു:
'മനസ്സേ, ഭയപ്പെടേണ്ട വിശ്വസിക്കുക മാത്രം ചെയ്യുക'.
എന്റെ മനസ്സേ നീ എന്തിന് വ്യാകുലപ്പെടുന്നു? ഉള്ളംകൈയിൽ നിന്നെ വഹിക്കുന്ന കർത്താവ് നിനക്കുണ്ടല്ലോ, വിശ്വസിക്കുക.
എൻ മനമേ, നീ എന്തിനു ആകുലപ്പെടുന്നു? കർത്താവ് ചെയ്ത ഉപകാരങ്ങൾ ഒന്നും മറക്കരുത്. അവന്റെ കരുണ നിന്നോടും കുടുംബത്തോടും കൂടെ എന്നും എന്നാളും ഉണ്ടായിരിക്കും. അവൻ നിന്നെ ഒരിക്കലും കൈവിടില്ല അനാഥനായി ഉപേക്ഷിക്കുകയും ഇല്ല.
യേശുക്രിസ്തുവിന്റെ വിസ്മയ നാമത്തിൽ അപേക്ഷിക്കുന്നു, കൃപയോടെ കേൾക്കണമെ.
-ഫാ. ഡോ. ഏ. പി. ജോർജ്