തന്റെ ജീവിത ദിനവൃത്താന്തത്തിന്റെ പേജുകൾ പിറകോട്ട് മറിച്ച് വായിക്കുകയാണ്, എന്റെ കൂട്ടുകാരൻ രാജു തോമസ്:
കുറെ വർഷങ്ങൾക്കുമുമ്പ് എന്റെ ജീവിതം വളരെ പ്രതിസന്ധിയിലായി. അന്ന് ഒരു ജോലി കണ്ടുപിടിക്കാനുള്ള ഓട്ടത്തിലായിരുന്നു. മുട്ടിയിട്ടും തുറക്കാത്ത വാതിലുകൾ, അയച്ച അപേക്ഷകളുടെ മറുപടിക്കായുള്ള അനന്തമായ കാത്തിരിപ്പ്, സാമ്പത്തിക പ്രതിസന്ധികൾ... ഒരു വാതിലും തുറക്കാതായപ്പോൾ അശുഭ ചിന്തകൾ മനസ്സിൽ അസ്വസ്ഥതയുടെ തിരകളായി ആഞ്ഞടിച്ചു. സ്പിരിച്വൽ ഓപ്ടിമിസം കൊണ്ട് നിരാശ മറയ്ക്കുവാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇനിയൊന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്ന്, പരാതിക്കാരനായ മനസ്സ് പരിഭവം പറഞ്ഞുകൊണ്ടേയിരുന്നു. വിശ്വാസത്തിൽ ഇടറി പോയേക്കുമെന്നുപോലും അപ്പോൾ തോന്നിപ്പോയി.
ഒരു പ്രഭാതത്തിൽ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഫോൺ കോൾ ലഭിച്ചു. എന്റെ ഒരു സുഹൃത്ത് എന്നെപ്പറ്റി ഒരു എംപ്ലോയറോട് വളരെ ഫേവറബിൾ ആയി സംസാരിച്ചു. ആ കമ്പനിയിൽ ഞാൻ അപേക്ഷ അയച്ചിട്ടുണ്ടായിരുന്നില്ല. മാനേജർ എന്നെ നേരിട്ട് കാണുവാൻ ആവശ്യപ്പെട്ടു. വാസ്തവത്തിൽ അതൊരു ഇന്റർവ്യൂ ആയിരുന്നില്ല, ഒരു സൗഹൃദ സംഭാഷണമായിരുന്നു. അവിടെ എനിക്ക് ഒരവസരം ലഭിച്ചു. ഞാൻ അതുവരെ അപേക്ഷിച്ചതിനേക്കാൾ വളരെ മെച്ചപ്പെട്ടതും പ്രതിഫലം ഉള്ളതുമായ ജോലി. ഞാൻ മുട്ടാതെ എനിക്ക് മുമ്പിൽ തുറന്ന വിശാലമായ വാതിലായിരുന്നു അത്.
രാജു പറഞ്ഞു: മുട്ടിയിട്ടും തുറക്കാത്ത വാതിലിനു മുൻപിൽ നിന്ന് ഞാൻ നൊമ്പരപ്പെട്ടപ്പോൾ, മുട്ടാതെ തുറക്കാനുള്ള ഒരു വാതിൽ ഒരുക്കുന്ന തിരക്കിലായിരുന്നു എന്റെ ദൈവം. ദൈവത്തിന്റെ പെർഫെക്റ്റ് സമയത്ത് ദൈവം സാധ്യതകളുടെ വാതിൽ തുറന്നു. ദൈവം തുറന്നാൽ ആർക്കാണ് അടക്കുവാൻ കഴിയുക?
'നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു. ഇതാ, നിന്റെ മുമ്പില്‍ ആര്‍ക്കും അടയ്ക്കുവാൻ കഴിയാത്തവിധം തുറന്നുകിടക്കുന്ന ഒരു വാതില്‍ ഞാന്‍ സ്‌ഥാപിച്ചിരിക്കുന്നു... 'വെളിപാട് 3 : 8
മാനുഷീക ബലഹീനത മൂലം ദൈവത്തിന്റെ മൗനം തിരസ്കരണമാണെന്ന് പലപ്പോഴും നമ്മൾ ചിന്തിച്ചു പോകാറുണ്ട്.
ദൈവത്തിന്റെ മറുപടി പലപ്പോഴും സാവധാനവും ശാന്തപൂർണ്ണവും ആയിരിക്കും. അത് ദിവ്യ പദ്ധതിയിലും സമയത്തിലും ലക്ഷ്യത്തിലും അധിഷ്ഠിതമാണ്. താമസം എന്ന് നമ്മൾ പറയുന്നത്, കർട്ടന് പിന്നിലെ ദൈവത്തിന്റെ ഒരുക്ക സമയങ്ങളാണ്. എല്ലാത്തിനും ഒരു സമയമുണ്ട്!
അന്വേഷിച്ചിട്ടും മുട്ടിയിട്ടും യാചിച്ചിട്ടും അനുകൂല പ്രതികരണങ്ങൾ ലഭിക്കാത്തതിന്റെ ദുഃഖത്തിലും ദുരന്ത വേദനയിലും ആണൊ നിങ്ങൾ ഇപ്പോൾ?
മുട്ടിയാൽ തുറക്കുന്നതും മുട്ടാതെ തുറക്കുന്നതുമായ വാതിലുകൾ ദൈവത്തിനുണ്ട്. രാത്രിയും പകലും, മഴയും വെയിലും, ജീവിതപങ്കാളിയും മക്കളും സുഹൃത്തുക്കളും, ആരോഗ്യവും സൗഖ്യവും ഒക്കെ പലപ്പോഴും മുട്ടാതെ ദൈവം നമുക്ക് തുറന്ന വാതിലുകളും നൽകിയ വലിയ അനുഗ്രഹങ്ങളുമാണ്. അതൊക്കെ നമ്മൾ സാധാരണ കാര്യങ്ങളായി ചിന്തിച്ച്, ദൈവത്തിന് നന്ദി പറയാൻ മറന്നുപോയ വിസ്മയങ്ങളല്ലെ?
വഴിയും വാതിലുമായ കർത്താവ് സാധ്യതകൾ അസ്തമിച്ചിടത്ത് വഴി ഒരുക്കും, വാതിൽ തുറക്കും. പഴയനിയമത്തിലെ ജോസഫും ഹാഗറും രൂഥും എസ്തേറും ഒക്കെ സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ അത്ഭുതങ്ങൾ...
നമ്മുടെ ദൈവം അനന്ത സാധ്യതകളുടെ തമ്പുരാനാണ്. ദൈവത്തിന് കഴിയാത്ത കാര്യങ്ങളില്ല. പ്രാർത്ഥനക്ക് മറുപടി വൈകുമ്പോൾ ഒരിക്കലും പ്രതീക്ഷ കൈവിടരുത്. വളരെ പവർഫുൾ ആയ 'ഡ്രൈവിംഗ് ഫോഴ്സ് ' ആണ് പ്രതീക്ഷ. ദൈവത്തിലുള്ള പ്രത്യാശയോടെയുള്ള കാത്തിരിപ്പ് ഒരിക്കലും നിഷ്പ്രയോജനമാവില്ലെന്ന് വിശ്വസിച്ചവരുടെയും സാക്ഷ്യം പറഞ്ഞവരുടെയും പുസ്തകമാണ് വിശുദ്ധ ബൈബിൾ. ഇതേ സാക്ഷ്യമല്ലേ നമുക്കും പറയുവാനുള്ളത്?
മടുത്തുപോകാതെയുള്ള കാത്തിരിപ്പിന് ഊർജ്ജം നൽകാൻ ജീവന്റെ വചനങ്ങളെക്കാൾ ശ്രേഷ്ഠമായ മറ്റൊന്നും ഈ ലോകത്തിലില്ല. സൈക്കിക് പവ്വറിന്റെ വിസ്മയ സ്രോതസ്സാണ് തിരുവചനം.
'ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞതാ സ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.
അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും.' ഫിലിപ്പി 4 : 6-7
☆
-ഫാ. ഡോ. ഏ. പി. ജോർജ്