ഒക്ടോബർ ഒന്നാം തീയതി വയോജന ദിനമായി ആചരിക്കപ്പെടുന്നു.
എല്ലാ സീനിയർ സിറ്റിസൺസിനും ശാന്തിയും സമാധാനവും ആരോഗ്യവും നേരുന്നു.
വാർദ്ധക്യവുമായി ബന്ധപ്പെട്ട് പല തെറ്റ് ധാരണകളുമുണ്ട് : പ്രതികരണശേഷിയില്ലാത്തവർ, മറവി രോഗം ബാധിച്ചവർ, ബുദ്ധി ക്ഷയിച്ചു പോയവർ അങ്ങനെ അനേകം മിഥ്യാധാരണകൾ വച്ചുപുലർത്തുന്നവരുണ്ട്. എന്നാൽ ഈ ധാരണകൾ പൂർണമായും ശരിയല്ല.
1. പ്രായമാകുംതോറും ശക്തരാകുന്നു എന്നൊരു നിയമം ബൈബിളിൽ പറയുന്നുണ്ട്.
'വാര്‍ധക്യത്തിലും അവര്‍ ഫലംപുറപ്പെടുവിക്കും; അവര്‍ എന്നും ഇലചൂടി പുഷ്‌ടിയോടെ നില്‍ക്കും.'
സങ്കീര്‍ത്തനങ്ങള്‍ 92 : 14
പൗലോസ് അപ്പോസ്തോലനോട് കർത്താവ് പറയുന്നത്: ബലഹീനതയിലാണ് ദൈവശക്തി പൂർണ്ണമാകുന്നത് എന്നാണ് .
2 കോരി 12:10
എന്തും സാധ്യമാണെന്നും എന്തിനെയും അഭിമുഖീകരിക്കുവാൻ കഴിവുണ്ടെന്നും ചിന്തിക്കുന്നവർക്ക് ദൈവത്തിന്റെ ശക്തിയും കൃപയും ആവശ്യമില്ല. അവർ കർത്താവിന്റെ ഉപമയിലെ ധനവാനെ പോലെ സ്വന്തം കഴിവിലും ശക്തിയുമാണ് ആശ്രയിക്കാറുള്ളത്. എന്നാൽ ജീവിതത്തിൽ ബലഹീനതയും നിസ്സഹായതയും ശക്തമാകുമ്പോൾ മനുഷ്യൻ ദൈവത്തെ വിളിക്കും. അപ്പോൾ അത്ഭുത ശക്തി അവരിലേക്ക് സമർഥമായി ദൈവം ഒഴുക്കും.
വാർദ്ധക്യത്തിൽ ദൈവം നൽകുന്ന അമിതബലമാണ് മനോ ശാരീരിക ബലഹീനതകളെ അതിജീവിക്കുവാൻ ശക്തരാക്കുന്നത്. അതെ ബലഹീനർ ആയിരിക്കുമ്പോൾ ആണ് നമ്മൾ കൂടുതൽ ശക്തരാകുന്നത്.
'ഞങ്ങള്‍ നിരാശരാകുന്നില്ല. ഞങ്ങളിലെ ബാഹ്യമനുഷ്യന്‍ ക്‌ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആന്തരിക മനുഷ്യന്‍ അനുദിനം നവീകരിക്കപ്പെടുന്നു.'
2 കോറിന്തോസ് 4 : 16
2. മക്കളിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും വളരെയധികം ലഭിക്കുന്നത് വാർദ്ധക്യത്തിലാണ്. മാതാപിതാക്കൾ മക്കൾക്ക് കൊടുത്ത കരുതലും സ്നേഹ ശുശ്രൂഷയും ആദരവുമൊക്കെ മക്കളിൽ നിന്ന് തിരിച്ചു കിട്ടുന്ന സമയമാണ് ജീവിതസായാഹ്നം. കുടുംബ ചുമതലകളും ജോലിയും നിറവേറ്റുവാനുള്ള ഓട്ടത്തിനിടയ്ക്ക് മക്കൾക്ക് മാതാപിതാക്കളോടുള്ള കടമകൾ മെച്ചമായി നിറവേറ്റുവാൻ ചിലപ്പോൾ മക്കൾക്ക് സാധിക്കാതെ വരാറുണ്ട്. അതൊരിക്കലും മനപ്പൂർവ്വമല്ല. വൈകാരിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന മക്കൾക്കും ദീർഘക്ഷമയോടെ മാതാപിതാക്കളുടെ ശുശ്രൂഷ തൃപ്തികരമായി നിർവഹിക്കാൻ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. അതിന് അവരെ കുറ്റപ്പെടുത്താൻ കഴിയില്ല.
പക്ഷേ അടുത്തായാലും അകലെ ആയാലും മാതാപിതാക്കളോട് കരുതലും സ്നേഹവും പ്രകടിപ്പിക്കുന്ന മക്കളാണ് കൂടുതലും ഉള്ളത്. മാതാപിതാക്കളില്ലാത്ത നാടിനോട് ആത്മബന്ധം തോന്നുന്നില്ലെന്ന് വിദേശത്തുള്ള പല മക്കളും പറയാറുണ്ട്. മാതാപിതാക്കളുടെ രോഗത്തെയും ക്ഷീണത്തെയും പറ്റി മക്കൾ അസ്വസ്ഥരും എരിഞ്ഞ കത്തുന്ന വരുമാണ്. വിതച്ച സ്നേഹം നുറുമേനിയായി കൊയ്യുന്ന കാലമാണ് ജീവിത സായാഹ്നം.
3. വാക്കുകൾ പരിമിതവും ധാരണ അധികവും ആകുന്ന കാലഘട്ടമാണ് വാർദ്ധക്യം. പറയുന്നതിനേക്കാൾ കൂടുതൽ കേൾക്കുവാനും മനസ്സിലാക്കാനുള്ള കഴിവ് നേടുന്നത് വാർദ്ധക്യത്തിലാണ്. അർത്ഥ സമ്പുഷ്ടമായ പഴമൊഴികളും സദൃശ്യവാക്യങ്ങളും സമൃദ്ധിയായി വിളയുന്നത് പഴുത്തു പാകമായ വാർധക്യത്തിലാണ്.
മാതാപിതാക്കളെക്കാൾ വല്യപ്പച്ചനെയും വല്യമ്മച്ചിയെയും പേരക്കിടാങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം അവർ കൂടുതൽ കേൾക്കുകയും കുറച്ചു പറയുകയും ചെയ്യുന്നതു കൊണ്ടായിരിക്കാം.
4. പ്രായമായവർ സാമൂഹ്യ ബന്ധങ്ങളിൽ നിന്ന് അകലെയാണെങ്കിലും സ്നേഹം പെരുമഴയായി മനസ്സിൽ പെയ്തു കൊണ്ടിരിക്കുന്ന കാലമാണ് ജീവിത സായാഹ്നം. ശാരീരിക പരിമിതികൾ മൂലം സൗഹൃദ സമ്മേളനങ്ങളിലും ആത്മീയ കൂട്ടായ്മയിലും എത്തിച്ചേരുവാൻ പ്രായ പ്രായമായവർക്ക് കഴിയാറില്ല. എങ്കിലും എല്ലാവരോടും സ്നേഹവും ആദരവും കൊണ്ട് മനസ്സ് നിറഞ്ഞു നിൽക്കും. പരിഭവങ്ങളുടെയും പടവെട്ടലുകളുടെയും മത്സര ഓട്ടത്തിന്റെയും കാലങ്ങൾ കഴിഞ്ഞു. അതൊക്കെ അനാവശ്യ യുദ്ധങ്ങളും പടയോട്ടങ്ങളും ആണെന്ന് തിരിച്ചറിയുന്ന സമയമാണ് വാർദ്ധക്യം . മനസ്സിലെ ശത്രുതയ്ക്കും പ്രതികാരത്തിനും ഇപ്പോൾ പ്രസക്തി ഇല്ലാതായിരിക്കുന്നു. അനുകൂല ചിന്തകളും സ്നേഹ വികാരങ്ങളും മനസ്സിലെ തിന്മയുടെ മേൽ ആധിപത്യം നേടിയിരിക്കുന്ന സമയമാണ്. ആരോടും പരിഭവവും പവിയും പ്രതികാര ചിന്തകളുമില്ലാതെ ചുരുങ്ങിയ ജീവിതപരിധിക്കുള്ളിൽ സന്തോഷം കണ്ടെത്തുന്ന വിശ്രമസമയം.
സീനിയർ സിറ്റിസന്റെ പ്രതിനിധിയായി യുവതലമുറയോട് വ്യക്തിപരമായ ചില അഭ്യർത്ഥനകൾ എനിക്കുണ്ട്:
പ്രിയ മക്കളെ, ജീവിത പ്രവാഹത്തിന്റെ കുതിപ്പിൽ നിങ്ങളോട് ചേർന്ന് ഒഴുകുവാൻ സാധിക്കാത്തത് കൊണ്ട് ജീവിതാസാഗരത്തിലെ പ്രവാഹങ്ങൾ കരയിൽനിന്ന് നോക്കിക്കാണുന്നവരാണ് ഞങ്ങൾ.
പുതിയ ട്രെൻഡും ജീവിതാശൈലിയും സൂപ്പർഫാസ്റ്റ് കൾച്ചറിന്റെ റിഥവും ഉൾക്കൊള്ളുവാൻ ഞങ്ങൾക്ക് ഇനി ആവില്ല. അതുകൊണ്ടുതന്നെ ഞങ്ങളുമായി ലിങ്ക് ചെയ്യുവാൻ നിങ്ങൾക്ക് പലപ്പോഴും വിഷമമുണ്ടെന്ന് അറിയാം. സാരമില്ല ഞങ്ങളുടെ മാതാപിതാക്കൾക്കും ഈ ബുദ്ധിമുട്ടുണ്ടായിരുന്നു. നിങ്ങളുടെ മക്കൾക്കും ഈ ബുദ്ധിമുട്ടുണ്ടാകും.
കുട്ടികളെ, നിങ്ങളോട് ഒപ്പം ഓടിയെത്താൻ ഞങ്ങൾക്കാവില്ല. നിങ്ങളുടെ ഫാസ്റ്റ് ട്രാക്കിൽ നിങ്ങളോടുമ്പോൾ ഞങ്ങളെയും കൂടെ കൂട്ടാത്തതിനെപ്പറ്റി വിഷമിക്കേണ്ട. ഞങ്ങൾ പിറകെ വന്നോളാം. വല്ലപ്പോഴും പിൻകാഴ്ച കണ്ണാടിയിലൂടെ ഈ പഴയ വണ്ടിയെ ഒന്ന് ശ്രദ്ധിച്ചാൽ മതി. ബ്രേക്ക്ഡൗൺ ആകുമ്പോൾ സപ്പോർട്ട് തന്നാൽ മതി.
ജീവിച്ചിരിക്കുമ്പോഴും ജീവന്റെ തമ്പുരാന്റെ അടുത്ത് ഒടുവിൽ എത്തുമ്പോഴും ഞങ്ങളുടെ പ്രിയ മക്കൾക്കു വേണ്ടിയുള്ള പ്രാർത്ഥന ഞങ്ങൾ മുടക്കില്ല. ഐശ്വര്യം ദിവ്യ ചൈതന്യമായി നിങ്ങളിലും തലമുറകളിലും നിറഞ്ഞനിൽക്കും.
ദൈവമേ, ആയുസ്സിന്റെ അനവധി ദിനങ്ങൾ നൽകി ഞങ്ങളെ അനുഗ്രഹിച്ചതിനായി സ്തോത്രം. വാർദ്ധക്യത്തിന്റെ അരിഷ്ടതകളും രോഗങ്ങളും മൂലം ശരീര മനസ്സുകളിൽ വേദനയും യാതനയും അനുഭവിക്കുന്ന മുതിർന്നവരുടെ സൗഖ്യത്തിനും സാന്ത്വനത്തിനുമായി പ്രാർത്ഥിക്കുന്നു. അവരെ ക്ഷമയോടെ കരുതുകയും സ്നേഹ ശുശ്രൂഷകൾ നൽകുകയും ചെയ്യുന്ന മക്കളെയും മെഡിക്കൽ ടീമിനെയും കെയർ ഗിവേഴ്സിനെയും നന്ദിയോടെ ഓർക്കുന്നു. നിയോഗങ്ങൾ അനുഗ്രഹകരമായി പൂർത്തിയാക്കി നിത്യനിവാസത്തിലേക്കുള്ള സമാധാനപൂർണ്ണമായ മടക്കയാത്രയ്ക്കും ക്രിസ്തീയ അന്ത്യത്തിനും ഞങ്ങളെ യോഗ്യരാക്കേണമേ.
സമൂഹത്തിനും സഭയ്ക്കും കുടുംബത്തിനും ശ്രേഷ്ഠ മാതൃകകളായി ജീവിച്ച് നിയോഗങ്ങൾ പൂർത്തിയാക്കി നിത്യതയിലേക്ക് മടങ്ങിയ ഞങ്ങളുടെ പ്രിയ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും സ്നേഹപ്രണാമം!