ഞങ്ങളുടെ കടക്കാരോട്

ഞങ്ങളുടെ കടക്കാരോട്...

 ജീവിതം ഹൃദ്യവും ഊഷ്മളവും ആക്കുവാൻ സഹായിക്കുന്ന രണ്ട് കാര്യങ്ങൾ ഉണ്ട്:
 
 മാപ്പ് കൊടുക്കുന്നതും മാപ്പ് ചോദിക്കുന്നത് ആണ് ആ രണ്ട് കാര്യങ്ങൾ.
 
 നമുക്ക് ചിന്തിക്കുവാൻ കഴിയുന്നതിനേക്കാൾ അധികമായി നമ്മുടെ വാക്കുകൾ പലപ്പോഴും ആഴത്തിലുള്ള മുറിവുകൾ മറ്റുള്ളവരിൽ ഉണ്ടാക്കിയേക്കാം. മറ്റുള്ളവരുടെ വാക്കുകളും പ്രവർത്തികളും അവർക്ക് മനസ്സിലാക്കുവാൻ കഴിയുന്നതിലും അധികമായി നമ്മെയും മുറിപ്പെടുത്തിയേക്കാം. അത്തരം നിർഭാഗ്യ സാഹചര്യങ്ങളിൽ പറയുവാൻ പ്രയാസമുള്ള രണ്ട് വാക്കുകളാണ്:
 'I am sorry,' ' I forgive.'

  ഈ രണ്ടു വാക്കുകൾ പറയുന്നതിന് തടസ്സമുണ്ടാക്കുന്നത് പ്രതികാരചിന്തകളും മുറിവുകളും മിഥ്യാഭിമാനവും ആണ്‌. സാധാരണക്കാരേക്കാൾ സമ്പന്നർക്കും ഔദ്യോഗിക സ്ഥാനികൾക്കും സ്വയനീതികരണക്കാര്‍ക്കുമാണ് മാപ്പ് ചോദിക്കാനും മാപ്പ് കൊടുക്കുവാനും വളരെ ബുദ്ധിമുട്ടുള്ളത്.

 നമ്മളിലും മറ്റുള്ളവരിലും വൈകാരിക പിരിമുറുക്കങ്ങൾ ലഘൂകരിക്കുവാനും ദൈവീക സമാധാനം പുനഃസ്ഥാപിക്കുവാനും സഹായിക്കുന്ന വിസ്മയ വാക്കുകളാണ്:
'ക്ഷമിക്കണം' 'മാപ്പ്'.
 
 ആരെയെങ്കിലും വാക്കുകൊണ്ടും പ്രവർത്തികൊണ്ടും മുറിവേൽപ്പിച്ചു എന്ന് മനസ്സിലാക്കുമ്പോൾ അധികം പേർക്കും അസ്വസ്ഥതയും കുറ്റബോധവും മനോഭാരവും ഉണ്ടാകാറുണ്ട്. സ്വന്തം തെറ്റിനെ ന്യായീകരിക്കുന്ന സെൽഫ് ഡിഫൻസും സ്വയനീതീകരണവും സറണ്ടർ ചെയ്യുവാൻ ക്ഷമാപണം സഹായകമാകും.  

 ആത്മാർത്ഥമായി മാപ്പ് ചോദിക്കുമ്പോൾ ഹൃദയ മുറിവുകൾ സൗഖ്യമാകും. മുറിവേറ്റവർക്ക് മാത്രമല്ല, മുറിവേൽപ്പിച്ചതിന്റെ കുറ്റബോധത്തിന്റെ മനോഭാരം ചുമക്കുന്നവർക്കും സൗഖ്യവും സാന്ത്വനവും ലഭിക്കാൻ മാപ്പ് കൊടുക്കലും മാപ്പ് ചോദിക്കലും മാത്രമാണ് വഴി.

'തെറ്റുകള്‍ മറച്ചുവയ്‌ക്കുന്നവന്‌ ഐശ്വര്യമുണ്ടാവുകയില്ല; അവ ഏറ്റുപറഞ്ഞ്‌ ഉപേക്ഷിക്കുന്നവന്‌കരുണ ലഭിക്കും.
സദൃ. 28 : 13

 ആരാധനയ്ക്കും ആത്മീയ അനുഷ്ഠാനങ്ങൾക്കും മുമ്പ് മറ്റുള്ളവരുമായുള്ള ഇടർച്ചകൾ പറഞ്ഞുതീർത്ത്, അനുരഞ്ജനപ്പെടണമെന്നാണ് കർത്താവിന്റെ കൽപ്പന:

'നീ ബലിപീഠത്തില്‍ കാഴ്‌ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന്‌ നിന്നോട്‌ എന്തെങ്കിലും വിരോധം ഉണ്ടെന്ന്‌ അവിടെവച്ച്‌ ഓര്‍ത്താല്‍,
കാഴ്‌ചവസ്‌തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട്‌ പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്‌ചയര്‍പ്പിക്കുക.
മത്തായി 5 : 23-26

 എന്തുകൊണ്ടാണ് ഇങ്ങനെ കർത്താവ് കൽപ്പിച്ചിരിക്കുന്നത്?
 ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നവരുടെ ഹൃദയത്തിൽ മാത്രമേ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവും വ്യാപരിക്കുകയുള്ളൂ. അവരുടെ സമർപ്പണങ്ങളിലും ആരാധനയിലും ദൈവം പ്രസാദിക്കും.

 'കടക്കാരോട് ഞങ്ങൾ കടക്കാരോട് ക്ഷമിച്ചത് പോലെ' എന്ന പ്രാർത്ഥന ആവർത്തിച്ച് ചെല്ലുന്ന പലർക്കും കടക്കാർക്ക് മാപ്പ് കൊടുക്കുവാൻ കഴിയാറില്ല. കർത്തൃ പ്രാർത്ഥനയിൽ കടക്കാരോട് ക്ഷമിക്കാമെന്ന് കർത്താവിന് ഉറപ്പു കൊടുത്തതാണല്ലോ എന്ന് ചിന്തിക്കാനും ഉപാധികളില്ലാതെ മാപ്പുകൊടുക്കുവാനും അധികം പേരും തയ്യാറാകുന്നില്ല. ഇത് ദൈവകല്പനയോടുള്ള നിഷേധമാണ്.

 നമ്മുടെ കടക്കാരുണ്ടാക്കിയ ഹൃദയ മുറിവുകൾ അവർക്ക് മാപ്പ് കൊടുക്കുന്നതിന് തടസ്സമാകും. മുറിവേൽപ്പിച്ചവരുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നലും മാപ്പ് കൊടുക്കുന്നതിന് തടസ്സമാകാറുണ്ട്. വെറുപ്പും വിദ്വേഷവും പ്രതികാര ചിന്തകളും ഒക്കെ കഴിഞ്ഞകാല ദുരന്ത സ്മരണകളിൽ നമ്മെ പൂട്ടിയിടുന്ന ചങ്ങലകളും ബന്ധനങ്ങളുമാണ്. ഇത് ജീവിതത്തിലെ സന്തോഷം നഷ്ടപ്പെടുത്തും. ആന്തരിക സമാധാനത്തിന് തടസ്സമാകും. മുറിവേറ്റവർ മുറിവേൽപ്പിച്ചവരോട് വെറുപ്പും പ്രതികാരവും മനസ്സിൽ സൂക്ഷിക്കുമ്പോൾ വീണ്ടും സ്വയം മുറിവേൽക്കപ്പെടുകയാണ്. അത് ഒഴിവാക്കുവാനുള്ള സമുന്നത സമീപനമാണ് പൗലോസ് അപ്പോസ്തലൻ നമുക്ക് പറഞ്ഞു തരുന്നത് :

'ദൈവം ക്രിസ്‌തുവഴി നിങ്ങളോടു ക്‌ഷമിച്ചതുപോലെ നിങ്ങളും പരസ്‌പരം ക്‌ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍.'
എഫേസോസ്‌ 4 : 29-32

 മാപ്പ് കൊടുക്കുമ്പോൾ മുറിവുകളെയും അതുണ്ടാക്കിയ അപമാനത്തെയും നിസ്സാരമായി കാണുകയല്ല, മറിച്ച് മുറിവുകളെയും വേദനകളെയും സൗഖ്യമാക്കാൻ ദൈവ മുൻപാകെ ഹൃദയം സമർപ്പിക്കുകയാണ് നമ്മൾ ചെയ്യുന്നത്. മാപ്പ് കൊടുക്കുമ്പോൾ കടക്കാരുടെ തെറ്റുകളെ നിസ്സാരമായി കാണുകയല്ല, മറിച്ച് മുറിവുകളുടെ വേദനയിൽ നിന്നും പ്രതികാരത്തിന്റെ ഭാരത്തിൽ നിന്നും സ്വതന്ത്രമാക്കുവാനും ദൈവസ്നേഹം നമ്മിലേക്ക് ഒഴുക്കുവാനും ദൈവത്തെ അനുവദിക്കുകയാണ്.

 ക്രൂശിലെ സഹനവേദനയുടെ പാരമ്യത്തിൽ ക്രിസ്തു പറഞ്ഞു:

 'പിതാവേ, അവരോടു ക്‌ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന്‌ അവര്‍ അറിയുന്നില്ല. '
ലൂക്കാ 23 : 34
മാപ്പ് കൊടുക്കലും മാപ്പ് ചോദിക്കലും സ്വാഭാവികമായി സംഭവിക്കില്ല. അത് അത്ര എളുപ്പവുമല്ല. കാരണം, ജഡത്തിന്റെ അടിസ്ഥാന പ്രതികരണ രീതി എതിർപ്പും പ്രതികാര ചിന്തകളുമാണ്. എന്നാൽ നമ്മുടെ വേദനയും അഹങ്കാരവും ദൈവമുൻപാകെ സറണ്ടർ ചെയ്യുവാൻ തയ്യാറാകുമ്പോൾ, പ്രതികാരത്തിന്റെയും സ്വയനീതികരണത്തിന്റെയും നിത്യബന്ധനത്തിൽ നിന്ന് ദൈവം നമ്മളെ സ്വതന്ത്രരാക്കും. 

മനസ്സിൽ സൂക്ഷിക്കുന്ന പ്രതികാരത്തിന് നമ്മൾ വലിയ വില കൊടുക്കേണ്ടിവരും. ശത്രുതയും വിദ്വേഷവും വെറുപ്പും നമ്മൾ അനാവശ്യമായി ചുമക്കുന്ന മനോഭാരങ്ങളാണ്. ഇത് നമ്മുടെ സമാധാനം തകർക്കും. നമ്മെ തളർത്തും. സന്തോഷം നഷ്ടപ്പെടുത്തും. നിരാശയും ശൂന്യതാ ബോധവും വിഷാദവും നിസ്സഹായതയും വ്യക്തിബന്ധങ്ങളിലെ പ്രതിസന്ധിയുമൊക്കെ മനസ്സിലെ പ്രതികാര ചിന്തകൾ ഉണ്ടാക്കുന്ന അസ്വസ്തതകളുടെ കൊടുംകാറ്റും തിരമാലകളുമാണ്. ഇവയ്ക്കൊന്നും ഫാർമക്കോളജിയിൽ മരുന്നില്ല. ഈ ഭാരങ്ങൾ ഒന്നും നമ്മൾ ചുവക്കേണ്ട കാര്യമില്ല. സത്യം അറിയുമ്പോൾ സത്യം നമ്മെ സ്വതന്ത്രരാക്കും.

 എന്താണ് ആ സത്യം? ഏതാണ് ആ സത്യം?

 'മാപ്പ് ചോദിക്കുക, മാപ്പ് കൊടുക്കുക'

 ഇതിന് തയ്യാറാകുമ്പോൾ, നിഷേധ ചിന്തകളുടെയും വികാരങ്ങളുടെയും ഭാരങ്ങൾ കർത്താവിന്റെ മുൻപിൽ ഇറക്കി വയ്ക്കുമ്പോൾ, നമ്മുടെ ഹൃദയത്തിലും ഭവനത്തിലും ദൈവത്തിന്റെ സമാധാനത്തിന് ഇടമുണ്ടാകും. തകർന്ന ബന്ധങ്ങൾ പുതുക്കി പണിയപ്പെടും. മനോഭാരങ്ങൾ എടുത്തുമാറ്റപ്പെടും. ടെൻഷനും പിരിമുറുക്കവും ഇല്ലാതെ ജീവിക്കുവാനും ദൈവം ദാനമായി തന്ന ജീവിതം ആസ്വദിക്കുവാനും നമുക്ക് കഴിയും.

-ഫാ. ഡോ. ഏ. പി. ജോർജ്