പ്രതിസന്ധികളിൽ നിന്നും ശത്രുക്കളിൽ നിന്നും ദൈവം നൽകിയ വിമോചനത്തിന് സ്തോത്ര ഗീതമായി ദാവീദ് സമർപ്പിച്ചതാണ് ഇരുപത്തിയെട്ടാം സങ്കീർത്തനം. ഇത് ദാവീദിന്റെ കാവ്യാത്മകമായ ഒരു സാക്ഷ്യ സമർപ്പണമാണ്:
'കര്‍ത്താവ് എന്റെ ശക്‌തിയും പരിചയുമാണ്;
എന്റെ ഹൃദയം കര്‍ത്താവില്‍ ശരണം വയ്‌ക്കുന്നു,
അതുകൊണ്ട് എനിക്കു സഹായം ലഭിക്കുന്നു, എന്റെ ഹൃദയം ആനന്‌ദിക്കുന്നു,
ഞാന്‍ കീര്‍ത്തനമാലപിച്ച് അവിടുത്തോടു നന്‌ദിപറയുന്നു.'
സങ്കീര്‍ത്തനങ്ങള്‍ 28 : 7
ദാവീദിന്റെ സാക്ഷ്യ സമർപ്പണത്തിൽ രണ്ട് കാര്യങ്ങൾ വളരെ ശ്രദ്ധേയമാണ്:
ജീവിത പ്രതിസന്ധികളിൽ തളർന്നുപോകാതെ ശക്തമായി മുന്നേറുവാൻ സഹായിച്ചത് ദൈവത്തിന്റെ അത്ഭുത ശക്തിയും ശത്രുക്കളുടെ സഹസ്രായുധങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയത് ദൈവത്തിന്റെ പരിചയും ആണ്.
ദൈവത്തിന്റെ അമിത ബലവും സുരക്ഷിതം നൽകിയ പരിചയും എങ്ങനെ അതിജീവനത്തിന് ദാവീദിനെ സഹായിച്ചു എന്ന് ദാവീദിന്റെ വാക്കുകളിലൂടെ നമുക്ക് കേൾക്കാം:
എന്റെ കായികവും ബുദ്ധിപരവുമായ കഴിവുകളെപ്പറ്റി ഞാൻ അഭിമാനം കൊള്ളുന്നില്ല. ജീവിത ഭാരങ്ങളും പ്രയാസങ്ങളും രോഗങ്ങളും അതിജീവിക്കാൻ എന്റെ കരുത്തും ബലവും കൊണ്ട് സാധ്യമാവില്ലെന്ന് തുടക്കത്തിൽ തന്നെ ഞാൻ മനസ്സിലാക്കി. അത് അനേകം പ്രാവശ്യം എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
ഇതുവരെ, ഇവിടംവരെ ഞാൻ എത്തിയതിന്റെ പിന്നിലെ ക്രെഡിറ്റ് മനുഷ്യർക്കോ രഥങ്ങൾക്കോ കുതിരകൾക്കോ അല്ല. കർത്താവായിരുന്നു എന്റെ ശക്തി. എന്റെ ഓരോ ചലനങ്ങൾക്കും ശ്വാസ നിശ്വാസങ്ങൾക്കും പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ് സർവ്വ ശക്തനായിരുന്നു. ജീവിത പ്രതിസന്ധികളിൽ മുന്നേറുവാൻ അമിത ബലവും അമാനുഷിക ശക്തിയും എനിക്ക് ആവശ്യമായിരുന്നു. അത്രയ്ക്ക് വലിയ പോരാട്ടങ്ങളിലൂടെയാണ് ഞാൻ കടന്നു പോന്നത്. അപ്പോഴൊക്കെ ഞാൻ ചോദിക്കാതെ, എന്റെ ബലഹീനതകളിൽ, കൂടുതൽ വിസ്മയ ശക്തി ദൈവം നൽകി.
ദൈവ ശക്തി മാത്രമല്ല, ദൈവത്തിന്റെ 'പരിച' എന്ന പ്രതിരോധം ശത്രുക്കളിൽ നിന്ന് എനിക്ക് സുരക്ഷ നൽകി. കർത്താവ് എനിക്ക് പരിചയായിരുന്നു. എന്റെ ദൈനംദിന ജീവിതത്തിൽ, ശത്രുക്കളുമായുള്ള പോരാട്ടത്തിൽ എനിക്ക് സുരക്ഷിത കവാടം ഒരുക്കിയത് എന്റെ ദൈവമാണ്. അപകട പൂർണ്ണമായ വഴികളിലൂടെ ആയിരുന്നു ഞാൻ കടന്നു പോന്നത്. എനിക്ക് ചുറ്റും ശത്രുക്കളായിരുന്നു, എല്ലായിടത്തുനിന്നും ആക്രമണ സാധ്യതകളും ഉണ്ടായിരുന്നു .
വേടന്റെ കെണി, മാരകമായ മഹാമാരി,
രാത്രിയിലെ ഭീകരത, പകല്‍ പറക്കുന്ന ഭീഷണി വാക്കുകളാകുന്ന അസ്‌ത്രം, ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരി, നട്ടുച്ചയ്‌ക്കു വരുന്ന വിനാശം...അങ്ങനെ അപകട സാധ്യതകൾ അനവധിയായിരുന്നു.
അത്യുന്നതന്റെ സംരക്‌ഷണത്തിലും സര്‍വശക്‌തന്റെ തണലിലും എന്നെ കാത്തതുകൊണ്ട് ഞാൻ സുരക്ഷിതനായി ഇവിടം വരെ എത്തി.
സർവ്വശക്തൻ തന്റെ തൂവലുകള്‍കൊണ്ട് എന്നെ മറച്ചു; ചിറകുകളുടെ കീഴില്‍ എനിക്ക് അഭയം നൽകി; അവിടുത്തെ വിശ്വസ്‌തത
എനിക്ക് കവചവും പരിചയും ആയിരുന്നു.
കർത്താവിന്റെ വിസ്മയ കരങ്ങൾ ഒരുക്കിയ പ്രതിരോധങ്ങളിൽ ഞാൻ എന്റെ ഹൃദയം ഉറപ്പിച്ചു. അസ്വസ്ഥ പൂർണ്ണമായ ജീവിതയാത്രയിൽ സമാധാനത്തോടെ ഉറങ്ങുവാനും സുരക്ഷിതവും സന്തോഷവും അനുഭവിക്കുവാനും കഴിഞ്ഞു.
അതേ, എനിക്ക് വിസ്മയ ശക്തിയും സുരക്ഷിത പരിചയും ആവശ്യമായിരുന്നു. അതുകൊണ്ട് ഞാൻ അവനിലേക്ക് തിരിഞ്ഞു. പൂർണ്ണഹൃദയത്തോടെ അവനെ വിശ്വസിച്ചു; അവൻ എന്റെ നിലവിളി കേട്ടു, എന്റെ ആത്മാവിനെ ശാന്തമാക്കി. സ്വർഗ്ഗീയ സമാധാനം അവൻ എനിക്ക് നൽകി (ഫിലിപ്പിയർ 4:7).
എന്റെതു പോലുള്ള അനുഭവങ്ങളിലൂടെ കടന്നുപോകാത്തവർക്ക് ഒരുപക്ഷേ, ഞാൻ പറയുന്നത് മനസ്സിലാക്കാൻ പ്രയാസമായിരിക്കും. പ്രിയ സുഹൃത്തുക്കളെ, എന്റെ സ്വന്തം ജീവിതാനുഭവത്തിൽ നിന്നാണ് ഞാൻ ഇതൊക്കെ പറയുന്നത്.
ജീവിത പ്രതിസന്ധികളിൽ പിന്മാറ്റം, പ്രതികാരം തുടങ്ങിയ പല അപകട വഴികളിലേക്ക് അനേകരെ പോലെ ഞാനും വഴിതെറ്റി പോകാമായിരുന്നു. പ്രതികൂലതകളിലും പാപവീഴ്ചയിലും ദൈവത്തെ വിട്ട് അകന്നു പോകാൻ എനിക്ക് തോന്നാതിരുന്നത് നന്നായി. കർത്താവിലേക്ക് ഞാൻ തിരിഞ്ഞത് എന്റെ ഭാഗ്യമായി. അതൊന്നും എന്റെ കഴിവല്ല, ദൈവ കൃപയാണ് നല്ല തിരഞ്ഞെടുപ്പിന് എന്നെ സഹായിച്ചത്. ദൈവം എന്നെ എന്റെ ഇഷ്ടത്തിന് വിടാതിരുന്നത് വലിയ അനുഗ്രഹമായി. അതുകൊണ്ട് എന്റെ ഹൃദയം കർത്താവിനുള്ള സ്തോത്ര ഗാനങ്ങളാൽ നിറഞ്ഞിരിക്കുന്നു.
സങ്കീർത്തനക്കാരന്റെ ഈ സാക്ഷ്യം എത്ര ഉജ്ജ്വലവും സമുന്നതവുമാണ് അല്ലേ? നമുക്കും ഇതുപോലുള്ള അനേകം സാക്ഷ്യങ്ങൾ പറയുവാനില്ലേ?
നിഷേധ ശക്തികളുടെ സൈന്യം നമുക്ക് നേരെ പടയണിയായി വന്നപ്പോൾ പടക്കുട്ടത്തിന്റെ നേരെ ശക്തമായ മുന്നേറ്റത്തിന് സർവ്വശക്തൻ കൂടെ ഉണ്ടായിരുന്നതിന്റെ,
മരണത്തിന്റെ താഴ്വരയിൽ നിന്നും കൈപിടിച്ച് ജീവന്റെ ദേശത്തേക്ക് കൈ പിടിച്ച് നടത്തിയതിന്റെ,
നിരാശയുടെ ആഴത്തിലും വിണ്ടുണങ്ങി വരണ്ട മരുഭൂമിയുടെ അനുഭവത്തിലും ഏലിയാവിന്റെ ദൈവം സ്നേഹ ചൂടോടെ അപ്പവും വെള്ളവും ആയി നമ്മുടെ അടുത്തുവന്നതിന്റെ,
മരണക്കിടക്കയായി മാറേണ്ടിയിരുന്ന രോഗക്കിടക്കകളെ മാറ്റി വിരിച്ച് സൗഖ്യവും ആരോഗ്യവും തന്നതിന്റെ, ഏകാന്തതയുടെയും നിരാശയുടെയും കറുത്ത രാത്രികളിൽ പ്രകാശമായി ഹൃദയത്തിൽ കടന്നുവന്ന് പ്രത്യാശ നൽകിയതിന്റെ... അങ്ങനെ, അങ്ങനെ, വിസ്മയ ശക്തിയും സുരക്ഷിത കോട്ടയും പരിചയും ആയി നമ്മോടൊപ്പം നടന്ന്, വഴി നടത്തിയ ദൈവത്തിന് ദാവീദിനെ പോലെ ഹൃദയം നിറഞ്ഞ സ്തോത്രം സമർപ്പിക്കാം.
അത്യുന്നതന്റെ വിസ്മയ ശക്തിയും സുരക്ഷ നൽകുന്ന പരിചയും നമ്മുടെ തുടർന്നുള്ള വിജയകരമായ ജീവിത യാത്രയ്ക്ക് മുൻ ബലവും പിൻ ബലവും ആയിത്തീരുവാൻ നമ്മെ ദൈവം സഹായിക്കട്ടെ!
-ഫാ. ഡോ. ഏ. പി. ജോർജ്