പീസ് പ്രൊപോസൽ

'ജീവിതത്തെ സ്‌നേഹിക്കുകയും നല്ല ദിവസങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന്‍ തിന്‍മയില്‍നിന്നു തന്റെ നാവിനെയും വ്യാജം പറയുന്നതില്‍ നിന്നു തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ.

അവന്‍ തിന്‍മയില്‍നിന്നു പിന്തിരിഞ്ഞു നന്‍മ ചെയ്യട്ടെ. സമാധാനം അന്വേഷിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യട്ടെ.'  1 പത്രോസ് 3 : 10-11

ശാന്തിയും സമാധാനവും ഉള്ള ജീവിതത്തിന് അത്യാവശ്യമായ ചില പ്രധാന കാര്യങ്ങളെപറ്റിയുള്ള പത്രോസ് അപ്പോസ്തോലന്റെ പ്രസ്താവന വളരെ ശ്രദ്ധേയമാണ്.

തിന്മയിൽ നിന്ന് പിന്തിരിയണം, നന്മ ചെയ്യണം, സമാധാനത്തിന്റെ വഴികൾ അന്വേഷിക്കണം, സമാധാനം ഉണ്ടാക്കുവാൻ പരിശ്രമിക്കണം. 

സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ, അവർ ദൈവത്തിന്റെ പുത്രന്മാരെന്ന് വിളിക്കപ്പെടുമെന്ന ഗിരിപ്രഭാഷണത്തിലെ കർത്താവിന്റെ വാക്കുകളായിരിക്കണം ഇതെഴുതിയപ്പോൾ ഭാഗ്യവാനായ പത്രോസ് ശ്ലീഹയുടെ മനസ്സിൽ പ്രതിധ്വനിച്ചത്. 

പ്രതിസന്ധികളില്ലാത്ത അവസ്ഥയാണ് സമാധാനമെന്നും സമാധാനം താനെ ഉണ്ടായിക്കൊള്ളുമെന്നുമുള്ള ചിന്താഗതി ശരിയല്ല. സമാധാനകാംക്ഷികളുടെ ഇടപെടലും അനുരഞ്ജനത്തിനു വേണ്ടിയുള്ള നിരന്തര പ്രയത്നങ്ങളിലൂടെയും മാത്രമേ സമാധാനത്തിന്റെ വഴികൾ തുറക്കുകയുള്ളു.  അതുകൊണ്ട്, കുടുംബത്തിലും ദാമ്പത്യത്തിലും സഭയിലും സാമൂഹ്യ മേഖലകളിലും  സമാധാനകാംഷികളുടെ  സാന്നിധ്യവും അനുരഞ്ജന യജ്ഞങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. 

വിവാദങ്ങൾക്കും തർക്കങ്ങൾക്കും തീ കൊളുത്തി, സമൂഹത്തിൽ അസമാധാനം സൃഷ്ടിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന അനേകരുണ്ട്. ഇതിനുവേണ്ടി സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർ അനവധിയാണ്. എന്നാൽ  സമാധാനകാംക്ഷികൾ പ്രതിസന്ധികളെ മുൻകൂട്ടി കാണുകയും അത് ഒഴിവാക്കുവാൻ മുൻകരുതലുകൾ എടുക്കുകയും ചെയ്യും.
ഇടർച്ചകളും വിരുദ്ധതകളും  നിയന്ത്രണാധീതമാകാതിരിക്കാൻ, സമാധാനമുണ്ടാക്കുന്നവർ  അനുരഞ്ജനത്തിന്റെ വഴികൾ കണ്ടെത്തും. അതുകൊണ്ടാണ് സമാധാനം ഉണ്ടാക്കുന്നവർ 'ഭാഗ്യവാന്മാരായ  ദൈവത്തിന്റെ മക്കൾ ' എന്ന് വിളിക്കപ്പെടും എന്ന് ഗിരിപ്രഭാഷണത്തിൽ കർത്താവ് പറഞ്ഞത്.

മനുഷ്യരെ രണ്ട് വിഭാഗം ആയി തിരിക്കാം: സമാധാനം ഉണ്ടാക്കുന്നവരും സമാധാനം തകർക്കുന്നവരും. സമൂഹത്തിൽ കലഹങ്ങളും വിരുദ്ധതകളും സൃഷ്ടിച്ച്, വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാക്കുന്നവർ  സമാധാനത്തിന്റെ ശത്രുക്കളാണ്.വ്യക്തിത്വ വൈകല്യങ്ങളും മാനസിക പ്രതിസന്ധികളും ഉള്ളവർ സ്വയം സമാധാനം അനുഭവിക്കാത്തവരാണ്. മറ്റുള്ളവരുടെ സമാധാനത്തിന് ഇടർച്ചയുണ്ടാക്കുന്നവരുമാണ്.മെഡിക്കൽ കെയറും നിയമപാലകരുടെ കർശന നിരീക്ഷണവും കൊണ്ട് ഇവർ നിയന്ത്രിക്കപ്പെടേണ്ടത് സമാധാന ജീവിതത്തിന് അത്യാവശ്യമാണ്.

ഭവനത്തിലും ദാമ്പത്യത്തിലും സഭയിലും രാഷ്ട്രീയത്തിലും  പ്രതിസന്ധികൾ ഒഴിവാക്കുവാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനും സമാധാനകാംക്ഷികളുടെ ഇടപെടൽ വളരെ അത്യാവശ്യമാണ്. ആശ്വാസപ്രദനായ പരിശുദ്ധാത്മാവ് പരിവർത്തിക്കുന്ന ക്രിസ്തുവിന്റെ മനസ്സുള്ളവർക്ക്‌ സമാധാനത്തിന്റെ വക്താക്കൾ ആകുവാൻ കഴിയും. 

ഇപ്പോൾ ജീവിതത്തിൽ അശാന്തിയും സമാധാനമില്ലായ്മയും അനുഭവിക്കുന്നവരാണോ നിങ്ങൾ?
പത്രോസ് ശ്ലീഹാ പറഞ്ഞു തരുന്ന സമാധാനത്തിന്റെ വഴിയെ നടന്നാൽ  ജീവിതത്തിൽ സമാധാനവും ശാന്തിയും ലഭിക്കും :
തിന്മയിൽ നിന്ന് പിന്തിരിയണം. നന്മ ചെയ്യണം. സമാധാനത്തിന്റെ വഴികൾ തിരുവചനത്തിൽ അന്വേഷിക്കണം. അനുരഞ്ജനത്തിന്റെ വഴിയിലൂടെ മാപ്പ് ചോദിച്ചും മാപ്പ് കൊടുത്തും സമാധാനം ഉണ്ടാക്കുവാൻ പരിശ്രമിക്കണം. സമാധാന പുനസ്ഥാപനത്തിനു വേണ്ടി  സമാധാനത്തിന്റെ ദൈവത്തോട് നിരന്തരം പ്രാർത്ഥിക്കണം

ജഡരക്തങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ പ്രതിസന്ധികൾക്കും മുറിവുകൾക്കും മരണത്തിനും  കാരണമാകും. മാപ്പു ചോദിച്ചും മാപ്പു കൊടുത്തുംകൊണ്ടുള്ള അനുരഞ്ജന സമീപനങ്ങൾ മാനസികാരോഗ്യം മെച്ചമാക്കാനും പിരിമുറുക്കങ്ങൾ ലഘുകരിക്കുവാനും സഹായിക്കും. അപ്പോൾ സമാധാനവും ശാന്തിയും സ്വസ്ഥതയും ലഭിക്കും.
 പത്രോസ് അപ്പോസ്തലൻ നിർദ്ദേശിക്കുന്ന സമാധാനത്തിന്റെ വഴികൾ മനസ്സിൽ അടിവരയിട്ട് നമുക്ക് സൂക്ഷിക്കാം.

-ഫാ. ഡോ. ഏ. പി. ജോർജ്