അളവ് കൃത്യമായിരിക്കണം

    ' രണ്ടുതരം തൂക്കം യഹോവെക്കു വെറുപ്പു; കള്ളത്തുലാസും കൊള്ളരുതു.' സദൃശ്യവാക്യങ്ങൾ 20:23

കള്ളത്തുലാസ് യഹോവയ്ക്ക് വെറുപ്പാണ്. കസ്റ്റമറെ ചൂഷണം ചെയ്യുവാൻ വേണ്ടി വ്യാജ അളവ് -തൂക്കങ്ങൾ ഉപയോഗിക്കുന്നവർക്കുള്ള ദൈവത്തിന്റെ മുന്നറിയിപ്പാണിത്.

വഞ്ചനയും കള്ളത്തരവും അസത്യവും സ്വഭാവത്തിൽ ഒരിക്കൽ വന്നു പോയാൽ പിന്നീട് അത് ഒഴിവാക്കാൻ ബുദ്ധിമുട്ടാണ്. കാപട്യം വ്യക്തിത്വത്തിന്റെ ഭാഗമായിത്തീരും.
ദ്രവ്യാഗ്രഹം ആസക്തിയായി മാറുമ്പോഴാണ്, ലാഭമുണ്ടാക്കണം എന്ന പൈശാചിക ചിന്ത മനുഷ്യനിൽ ഉണ്ടാകുന്നത്.  ഭക്ഷണസാധനങ്ങളിലും ജീവൻ രക്ഷാ മരുന്നിലും കുടിവെള്ളത്തിലും ഒക്കെ വിഷം കലർത്തി ഇവർ പണം ഉണ്ടാക്കും.

ആരും അറിയുന്നില്ലെന്നും അറിഞ്ഞാൽ ഒന്നും സംഭവിക്കാനില്ലെന്നുമുള്ള ഹൃദയ കാഠിന്യം രൂപപ്പെടുമ്പോൾ  തട്ടിപ്പും വെട്ടിപ്പും നടത്തുവാനുള്ള പ്രവണത വർദ്ധിക്കും. നീതിന്യായ വകുപ്പും അധികാരികളും ഇത്തരം ദുഷ്പ്രവണതകൾക്കുനേരെ കണ്ണടയ്ക്കുമ്പോൾ സാധാരണക്കാരൻ ദൈനംദിനം ചൂഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കും.

എന്നാൽ ദൈവം എല്ലാം കാണുന്നുണ്ട്,  അറിയുന്നുണ്ട്. ഈ ലോകത്ത് നടക്കുന്ന എല്ലാ അനീതിയും ചൂഷണവും അക്രമവും പിടിച്ചുപറയും ഡിവൈൻ വിജിലൻസിന്റെ ശ്രദ്ധയിൽ പെടുന്നുണ്ട്. തക്കസമയത്ത് സ്വർഗീയ കോടതിയുടെ ഇടപെടൽ ഉണ്ടാകുമെന്നാണ്  യിരേമ്യ പ്രവാചകന്റെ ശബ്ദത്തിൽ ദൈവം നൽകുന്ന ശക്തമായ മുന്നറിയിപ്പ്. അധർമ ജീവിതം ശീലമാക്കിയവർ ഇത്‌ പ്രത്യേകം വായിച്ചു മനസ്സിലാക്കേണ്ടതാണ് :
'ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ?
യഹോവയായ ഞാൻ ഹൃദയത്തെ ശോധനചെയ്തു അന്തരംഗങ്ങളെ പരീക്ഷിച്ചു ഓരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു.'
യിരേമ്യാവു -17:9- 10

നിരന്തരം കള്ളത്തരങ്ങൾ ചെയ്യുമ്പോൾ വ്യക്തിത്വം രോഗബാധിതമാകും. ഇത്തരക്കാർക്ക് സാമൂഹ്യ ബന്ധങ്ങളിൽ പ്രതിസന്ധികൾ ഉണ്ടാകും. അവർ കുടുംബത്തിലും ദാമ്പത്യത്തിലും സമൂഹത്തിലും വിശ്വാസയോഗ്യരല്ലാത്തവരായി തീരുകയും ചെയ്യും. ബൈബിളിലെ സക്കായി ഇത്തരം ഒരു നിസ്സഹായ അവസ്ഥയിലായിരുന്നു. ആളുകളിൽനിന്ന് ബലമായി പിടിച്ചു വാങ്ങി മില്യണറായിത്തീർന്നെങ്കിലും അദ്ദേഹത്തിന്റെ  വീടിന് രക്ഷയുണ്ടായിരുന്നില്ല.

വഞ്ചനയും കള്ളത്തരവും സാധാരണ ജീവിതശൈലിയായി തീർന്നിരിക്കുന്ന ലോകത്താണ്‌ നാം ജീവിക്കുന്നത്. ആരുമത് വലിയ പാപമായി കാണാറില്ല. ചെറിയ വഞ്ചന പോലും ആന്തരിക വിശുദ്ധി നശിപ്പിക്കുന്നതും ആത്മചൈതന്യം കെടുത്തികളയുന്നതുമായ മാരക വിഷമാണ്. ഹൃദയത്തിൽ ദുഷ്ടതയും വഞ്ചനയും ഉള്ളപ്പോൾ ദൈവം പ്രാർത്ഥന കേൾക്കില്ലെന്നാണ് ദാവീദിന്റെ മുന്നറിയിപ്പ്:
'ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവു കേൾക്കയില്ലായിരുന്നു.' സങ്കീർത്തനങ്ങൾ
66:18

ലഗേജില്ലാത്ത ഒടുവിലത്തെ മടക്ക യാത്രയിൽ നമ്മെ പിന്തുടരുന്ന ഒന്നുണ്ട്, അത് നമ്മുടെ പ്രവർത്തികളാണ്:
'ഞാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു.' വെളിപ്പാടു 14:13

അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു... ഇത് നീതിയുള്ള ന്യായാധിപനായ കർത്താവിന്റെ മാറ്റമില്ലാത്ത വാക്കുകളാണ്. നിസ്സാരമായി എടുക്കരുത്.

സൽപ്രവർത്തികൾക്കും ദുഷ്പ്ര പ്രവർത്തികൾക്കും ഒരിക്കലും മരണമില്ല. കാരണം അവ രണ്ടും ദൈവത്തിന്റെ സ്മരണയുടെ പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്ന യാഥാർത്ഥ്യങ്ങളാണ് . ദൈവത്തിന്റെ പേരിൽ ചെയ്യുന്ന അക്രമങ്ങൾക്കും സ്ത്രീകളോടും കുഞ്ഞുങ്ങളോടും ദുർബലരോടും ചെയ്യുന്ന ക്രൂരതയ്ക്കും ദൈവത്തിന്റെ മുൻപിൽ നിന്ന് ഓരോരുത്തരും ഒരിക്കൽ സമാധാനം പറയേണ്ടിവരും. കാറ്റ് വിതച്ചാൽ കൊടുങ്കാറ്റ് കൊയ്യും.

    'വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.
ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽനിന്നു നിത്യജീവനെ കൊയ്യും.' ഗലാത്യർ
6:7-8

മിനിമം ഗ്യാരണ്ടി പോലുമില്ലാത്ത ഒരു ജീവിതമാണ് നമ്മുടേത്. ദുഷ്ടതയും കാപട്യവും ഉപേക്ഷിക്കുവാനും മാനസാന്തരപ്പെടുവാനും സത്യസന്ധമായ ജീവിതശൈലി പിന്തുടരുവാനും ദൈവം എനിക്കും നിങ്ങൾക്കും നൽകിയിരിക്കുന്ന അവസാന അവസരവും ദിവസവുമായിരിക്കാം ഇന്ന്. വിശുദ്ധിയെ തികച്ച് പ്രിയന്റെ വരവിനും നിത്യതക്കുമായി നമുക്കൊരുങ്ങാം.
'നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ  നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.' 1 യോഹന്നാൻ 1:9

നമ്മുടെ അളവും തൂക്കവും സത്യസന്ധമായിരിക്കണം. നമ്മൾ മറ്റുള്ളവരെ വിലയിരുത്തുവാൻ ഉപയോഗിക്കുന്ന അളവുതൂക്കങ്ങൾ തന്നെയായിരിക്കും നമ്മോടുള്ള സമീപനത്തിൽ ദൈവം സ്വീകരിക്കുന്ന മാനദണ്ഡം.:
'നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.'
മത്തായി 7 : 2

-ഫാ. ഡോ. ഏ. പി. ജോർജ്