ദൈവപ്രീതിക്കായി

ദൈവത്തെ പ്രീതിപ്പെടുത്തുവാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ  എല്ലാ വിശ്വാസികൾക്കും
സംശയമുണ്ട്. ഇക്കാര്യത്തിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പലപ്പോഴും നേതൃത്വം കൊടുക്കാറുമുണ്ട്. ദൈ വപ്രീതിക്കായി ചെയ്യുന്നവയിൽ പലതും ബാലിശവും യുക്തിരഹിതവും ദൈവീക പ്രമാണങ്ങൾക്ക് വിരുദ്ധമാണ്.

ദൈവം പ്രസാദിക്കുന്നതും പ്രസാദിക്കാത്തതുമായ മൂന്ന് കാര്യങ്ങളെപ്പറ്റി നൂറ്റി നൽപ്പത്തിയേഴാം സങ്കീർത്തനം  പ്രസ്താവിക്കുന്നുണ്ട്: പടക്കുതിരയുടെ ബലത്തില്‍അവിടുന്നു സന്തോഷിക്കുന്നില്ല; ഓട്ടക്കാരന്‍െറ ശീഘ്രതയില്‍അവിടുന്നു പ്രസാദിക്കുന്നില്ല.
തന്നെ ഭയപ്പെടുകയും തന്‍െറ കാരുണ്യത്തില്‍ പ്രത്യാശവയ്‌ക്കുകയും ചെയ്യുന്നവരിലാണു കര്‍ത്താവു പ്രസാദിക്കുന്നത്‌.
സങ്കീര്‍ത്തനങ്ങള്‍ 147 : 10-11

പടക്കുതിരയുടെ ബലത്തിൽ കർത്താവ് പ്രസാദിക്കുന്നില്ല. രഥങ്ങളും കുതിരകളും വലിയ ആയുധ ശേഖരങ്ങളും ഉള്ളതിന്റെ  പേരിൽ അഹങ്കരിക്കുകയും മറ്റുള്ളവരെ വെല്ലുവിളിക്കുകയും ചെയ്യുന്നവരെ ദൈവം ഇഷ്ടപ്പെടുന്നില്ല. തങ്ങളുടെ അധീശത്വവും  ഭൗതിക താൽപര്യങ്ങളും വിദ്വേഷങ്ങളും പ്രകടിപ്പിക്കാനും സഹോദരങ്ങളെ  ആക്രമിക്കാനുമായി  ആയുധങ്ങൾ ഉപയോഗിക്കുന്നവരെയും അവയിൽ തങ്ങളുടെ ആശ്രയവും ബലവും ആക്കിയിരിക്കുന്നവരെയും ദൈവം ഇഷ്ടപ്പെടുന്നില്ല. ഇവർ ദൈവഭയവും മനുഷ്യരോട് കരുണയുമില്ലാത്തവരാണ്.

രണ്ടാമത്,  ഓട്ടക്കാരൻ ശീഘ്രതയിൽ ദൈവം പ്രസാദിക്കുന്നില്ല. ഓട്ടക്കാരൻ എന്നതുകൊണ്ട് സൈന്യബലത്തെ ആണ് സൂചിപ്പിക്കുന്നത്. സൈന്യബലത്തിന്റെയും കായിക ശക്തിയുടേയും പേരിൽ  അഹങ്കരിക്കുന്നവരെയും സാധുക്കളെ ഭീഷണിപ്പെടുത്തുന്നവരെയും ദൈവം ഇഷ്ടപ്പെടുന്നില്ല,  ദൈവഇഷ്ടം ഭൂമിയിൽ യാഥാർത്ഥ്യമാക്കാൻ മനുഷ്യന്റെ തോക്കും മിസ്സൈലുകളും ബോംബുമൊന്നും ദൈവത്തിന് ആവശ്യമില്ല. ദൈവത്തെക്കാൾ അധികമായി ഭൗതിക പ്രതിരോധങ്ങളിലും സൈന്യബലത്തിലും   ആശ്രയിക്കുന്നവരിൽ  ദൈവം പ്രസാദിക്കുന്നില്ല.

പിന്നെ ആരിലാണ് ദൈവം പ്രസാദിക്കുന്നത്?
  ദൈവമഹത്വം തിരിച്ചറിഞ്ഞ് അവനെ ആത്മാവിലും സത്യത്തിലും ആരാധിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരിൽ ദൈവം പ്രീതിപ്പെടുത്തുന്നു. ഒരുപക്ഷേ ഇവർ ഭൗതിക പ്രതിരോധങ്ങൾ ഇല്ലാത്ത ദുർബലരും ദരിദ്രരുമായ അപ്രശസ്തരും ആയിരിക്കാം.  തന്റെ ശക്തിയും മഹത്വവും അവരിലൂടെ ദൈവം വെളിപ്പെടുത്തും. തന്റെ ദിവ്യോദ്ദേശങ്ങൾ സാക്ഷാത്കരിക്കാൻ ദൈവത്തിൽ ആശ്രയിക്കുന്ന വിനീതരെയാണ് ദൈവം തിരഞ്ഞെടുക്കാറുള്ളത്.

മോശയും ദാവീദും ഗീദയോനും മേരി മാതാവും പന്ത്രണ്ടു  ശിഷ്യന്മാരുമൊക്കെ ദൈവത്തിന്റെ തിരഞ്ഞെടുപ്പിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. വിവേകികൾക്കും ജ്ഞാനികൾക്കും വെളിപ്പെടുത്താത്ത ഉന്നതമർമ്മങ്ങൾ ശിശുതുല്യ നൈർമല്യമുള്ളവർക്ക് ദൈവം വെളിപ്പെടുത്തി കൊടുക്കും.

എനിക്ക് ആരുമില്ല,  ഞാൻ അവഗണിക്കപ്പെട്ടവളാണ്,  ഉന്നത അധികാര കേന്ദ്രങ്ങളിൽ ശിപാർശ ചെയ്യാൻ എനിക്കാരുമില്ല,  അനാഥനും  ആർക്കും വേണ്ടാത്തവനുമാണ് എന്നൊക്കെയുള്ള അപകർഷതാ ബോധത്തിന്റെ നിഷേധ ചിന്തകളിൽ ഇടറി പോകരുത്. സ്വയനീതികരണവും അഹങ്കാരവും അവകാശവാദങ്ങളുമില്ലാത്ത നിങ്ങളെയാണ് ദൈവത്തിന് വേണ്ടത്. ഞാൻ കർത്താവിന്റെ ദാസി,  എളിയവളായ എനിക്ക് ദൈവം വലിയ കാര്യങ്ങൾ ചെയ്തു എന്ന മേരി മാതാവിന്റെ സാക്ഷ്യം നിങ്ങൾ ഏറ്റുപറയുന്ന ഒരു കാലം വരും.

എളിയവരോടും നിന്ദിതരോടും പക്ഷം ചേരുന്ന ഇമ്മാനുവേൽ ദൈവം നമ്മുടെ  പക്ഷത്തുള്ളതുകൊണ്ട് നിർഭയരായി മുന്നോട്ടു പോകണമെന്ന സങ്കീർത്തനക്കാരന്റെ സാക്ഷ്യത്തിൽ മനസ്സുറപ്പിക്കണം:
  കര്‍ത്താവ്‌ എന്‍െറ പ്രകാശവും രക്‌ഷയുമാണ്‌, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ്‌ എന്‍െറ ജീവിതത്തിനു കോട്ടയാണ്‌, ഞാന്‍ ആരെ പേടിക്കണം?
എതിരാളികളും ശത്രുക്കളുമായ ദുര്‍വൃത്തര്‍ ദുരാരോപണങ്ങളുമായിഎന്നെ ആക്രമിക്കുമ്പോള്‍, അവര്‍തന്നെ കാലിടറി വീഴും.
ഒരു സൈന്യംതന്നെ എനിക്കെതിരേപാളയമടിച്ചാലും എന്‍െറ ഹൃദയം ഭയപ്പെടില്ല; എനിക്കെതിരേ യുദ്‌ധമുണ്ടായാലും ഞാന്‍ ആത്‌മധൈര്യം വെടിയുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 27 : 1-3

ദൈവം ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായത്തതുമായ കാര്യങ്ങൾ ദൈവമക്കളുടെ മനസ്സിൽ എപ്പോഴും ഉണ്ടായിരിക്കണം:
പടക്കുതിരയുടെ ബലത്തില്‍അവിടുന്നു സന്തോഷിക്കുന്നില്ല; ഓട്ടക്കാരന്‍െറ ശീഘ്രതയില്‍അവിടുന്നു പ്രസാദിക്കുന്നില്ല.
തന്നെ ഭയപ്പെടുകയും തന്‍െറ കാരുണ്യത്തില്‍ പ്രത്യാശവയ്‌ക്കുകയും ചെയ്യുന്നവരിലാണു കര്‍ത്താവു പ്രസാദിക്കുന്നത്‌.
സങ്കീര്‍ത്തനങ്ങള്‍ 147 : 10-11

നിർധനയായ വിധവയുടെ ചില്ലിക്കാശിനു  വലിയ സമർപ്പണത്തിന്റെ  വിലകൊടുത്ത യേശു കർത്താവിന്റെ നിസ്തുല നാമത്തിൽ എല്ലാ നിസ്സഹായരുടെയും നിരാലംബരുടെയും കൈത്താങ്ങലിനും  സൗഖ്യത്തിനും ആത്മബലത്തിനുമായി പ്രാർത്ഥിക്കുന്നു.

-ഫാ. ഡോ. ഏ. പി. ജോർജ്