മാനസാന്തരപ്പെടുന്നില്ലെങ്കിൽ ശിക്ഷാവിധി വാതിൽക്കൽ നിൽക്കുന്നു, എല്ലാവരും നശിച്ചുപോകും എന്ന ദൈവത്തിന്റെ മുന്നറിയിപ്പ് നിനുവയെ അറിയിക്കുവാനാണ് ദൈവം യോനയെ നിയോഗിച്ചത്.
നിനുവയിലെ അസീറിയക്കാർ ഇസ്രായേലിന്റെ വടക്കേ രാജ്യക്കാരെ ദ്രോഹിക്കുന്ന ശത്രുക്കളായിരുന്നു. അവർക്ക് മാനസാന്തരത്തിനുള്ള അവസരം ഉണ്ടാക്കികൊടുത്തു അവരെ ദൈവ കോപത്തിൽ നിന്ന് രക്ഷപ്പെടുത്തേണ്ടതില്ല, നശിച്ചു പോകട്ടെയെന്ന് യോന തീരുമാനിച്ചു.
അങ്ങനെ തർശ്ശിശിലേക്കുള്ള കപ്പൽ കയറി.
പിന്നീടുള്ള കഥകളെല്ലാം നമുക്ക് സുപരിചിതമാണ്. രണ്ടാം പ്രാവശ്യത്തെ ദൈവവിളി യോന അനുസരിച്ചു. നിനുവ മാനസാന്തരപ്പെട്ടു. ദൈവം ന്യായവിധി മാറ്റിയെഴുതി.
യോനയുടെ കഥ വായിക്കുമ്പോൾ പൗലോസ് അപ്പോസ്തോലന്റെ ദൈവവിളിയെ പറ്റിയുള്ള ഉപദേശത്തിന്റെ പ്രസക്തി മനസ്സിലാകും:
ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല.
റോമാ 11 : 29
ദൈവവിളിയും കൃപയും തള്ളിക്കളഞ്ഞ് എവിടെയൊക്കെ പോയാലും വിളിയും നിയോഗവും നമ്മെ കാത്തിരിക്കും, പിന്തുടർന്നു കൊണ്ടിരിക്കും.
ദൈവം ഏൽപ്പിച്ച ദാമ്പത്യം, പേരന്റിങ്ങ്, ദാമ്പത്യം തുടങ്ങിയ നിയോഗങ്ങളിലെ പ്രതിസന്ധികൾ കണ്ടു ഭയന്ന് ഒഴിഞ്ഞു മാറിയാലും ഒളിച്ചോടിയാലും വിളിയും നിയോഗവും നമ്മെ കാത്തിരിക്കും.
കാരണം, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല.
തർശ്ശിശിലേക്ക് കപ്പൽ കയറിയാലും ഒടുവിൽ നിനുവയിൽ എത്തിക്കും. ദൈവഭയവും ആത്മീയജ്ഞാനവുമില്ലാത്തവർ എന്റെ ജീവിതം എന്റെ ഇഷ്ടം എന്റെ തീരുമാനം എനിക്ക് എന്റെ വഴി എന്നൊക്കെ വിവരക്കേട് പറയും. വിളിച്ചവൻ വിശ്വസ്തനാണ്, വിളിച്ച വഴിയിലൂടെ നടത്താൻ ശക്തനാണ്. ദൈവത്തിന്റെ നാവിഗേഷൻ സിസ്റ്റത്തെ ധിക്കരിച്ചുള്ള യാത്രയിൽ കൊടുങ്കാറ്റും തിരമാലകളും അസ്വസ്ഥത ഉണ്ടാക്കി കൊണ്ടിരിക്കും.
കാരണം, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല.
യോനാ സംഭവം നമുക്കുള്ള വ്യക്തിപരമായ മുന്നറിയിപ്പാണ്. ദൈവം നൽകിയ താലന്തുകളും നിയോഗങ്ങളും വിളിയും അവഗണിച്ചുകൊണ്ടുള്ള യാത്ര ശുഭകരമാവില്ല.
കാരണം, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല.
വഴി തെറ്റിയുള്ള ഓട്ടത്തെപ്പറ്റി ഓർമ്മപ്പെടുത്താനും നേർവഴിയിലേക്ക് തിരിച്ചു നടത്താനും വൻ തിരമാലകളും വലിയ മത്സ്യങ്ങളും കഷ്ടതകളുടെ ആഴക്കടലുമൊക്കെ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കുമ്പോൾ, വഴി തെറ്റിയത് എവിടെയാണെന്ന് ആത്മപരിശോധന നടത്തണം. ദൈവനിയോഗം നിറവേറ്റാതെ കൊടുങ്കാറ്റുകളും തിരമാലകളും ശാന്തമാവില്ല.
കാരണം, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല.
ദൈവം നമ്മെ ശിക്ഷിക്കുകയാണെന്ന് ഒരിക്കലും ചിന്തിക്കരുത്. നിയോഗങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുവാനും രണ്ടാമതൊരു അവസരം തരാനുമുള്ള ദൈവത്തിന്റെ ഇടപെടലുകളും ഓർമപ്പെടുത്തലുകളുമാണ് ഇപ്പോഴത്തെ അസ്വസ്ഥതകൾ. ദൈവേഷ്ടത്തെ മാനിക്കുന്നതും കീഴ്പ്പെടുന്നതും ആണ് നല്ലത്.
ദൈവം നിയോഗത്തെ എതിർത്ത ശൗലിനോട് ക്രിസ്തു പറഞ്ഞു:
'സാവൂള്‍, സാവൂള്‍, നീ എന്നെ പീഡിപ്പിക്കുന്നതെന്തുകൊണ്ട്? ഇരുമ്പാണിമേല്‍ തൊഴിക്കുന്നത് നിനക്ക് അപകടമാണ്.'
അപ്പ. പ്രവര്‍ത്തികൾ 26 : 14
അതേ, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല.
പോരാട്ടം നിറഞ്ഞ വിശ്വാസജീവിതത്തിലും ദൈവ വിളിയിലും അടിപതറാതെ ഉറച്ചുനിൽക്കാനുള്ള പൗലോസ് അപ്പോസ്തോലന്റെ തിമോത്തിയോസി നുള്ള ഉപദേശം വഴിതെറ്റി യാത്രചെയ്യുന്നവർക്കെ ല്ലാമുള്ള വ്യക്തിപരമായ ഉപദേശമാണ്.
ദൈവത്തെ ധിക്കരിച്ച് നിനുവക്കു പകരം തർശ്ശിശിലേക്ക് കപ്പൽ കയറുന്നവർക്കുള്ള മുന്നറിയിപ്പാണ് .
എന്താണ് ആ ഉപദേശം?
എന്നാല്‍, ദൈവികമനുഷ്യനായ നീ ധനമോഹത്തിൽ നിന്ന് ഒടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്‌നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നംവയ്‌ക്കുക.
വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ ഇതു ദൃഢമായി ഏറ്റുപറഞ്ഞിട്ടുള്ളതാണല്ലോ.
എല്ലാറ്റിനും ജീവന്‍ നല്‌കുന്ന ദൈവത്തിന്റെയും, പൊന്തിയോസ് പീലാത്തോസിന്റെ മുമ്പില്‍ സത്യത്തിനു സാക്ഷ്യം നല്‌കിയ യേശുക്രിസ്‌തുവിന്റെയും സന്നിധിയില്‍ നിന്നോടു ഞാന്‍ കല്‌പിക്കുന്നു,
1 തിമോത്തേയോസ് 6 : 11-13
ദൈവമേ, അവിടുന്ന് ഭരമേല്പിച്ചിട്ടുള്ള കുടുംബ ദാമ്പത്യ ഇടയത്വ നീയോഗങ്ങളിൽ നിന്റെ ഇഷ്ടം നിറവേറ്റുവാനുള്ള പ്രതിബദ്ധതയും സമർപ്പണവും എനിക്ക് തരേണമേ. പാത തെറ്റി ഓടുന്നവർക്കു മുമ്പിൽ പാലകനായി വന്ന് യഥാസ്ഥാനപെടുത്തുന്ന ദൈവമേ, എന്നെ നീ ആഗ്രഹിക്കുന്ന വഴിയിലേക്കും നിയോഗങ്ങളിലേക്കും കൈപിടിച്ചു നടത്തേണമേ.
ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ലെന്ന പരമ സത്യം എപ്പോഴും എന്റെ ഓർമയിൽ ഉണ്ടായിരിക്കേണമേ. പ്രതികൂലതകളിൽ വഴിതെറ്റാതെ അങ്ങയുടെ കരുത്തുള്ള കരങ്ങളാൽ പിടിച്ച് എന്നെ ഇനി യോഗങ്ങളുടെ വഴിയെ നടത്തേണമേ.
-ഫാ. ഡോ. ഏ. പി. ജോർജ്