ദുരന്തങ്ങളുടെ റോളർ കോസ്റ്റർ

റോളർ കോസ്റ്ററിലൂടെയുള്ള  റൈഡ് കുട്ടികൾക്ക് വളരെ ഹരമാണ്. എന്നാൽ പലപ്പോഴും അതവരെ പേടിപ്പെടുത്താറുമുണ്ട്. ചില കുട്ടികൾ ഭയന്ന് കരയും.

ജീവിതം പലപ്പോഴും ഒരു റോളർ കോസ്റ്റർ യാത്രയാണ്.  ജീവിത പ്രതിസന്ധികളാകുന്ന ഉയർച്ചയും താഴ്ചയും വളവും തിരിവും ട്വിസ്റ്റും ടേണും വരുമ്പോൾ കാര്യങ്ങൾ നമ്മുടെ കൺട്രോൾ വിട്ടു പോകുന്നതായി തോന്നും. ഭയം തോന്നും. പക്ഷേ നമ്മുടെ സാഹസിക ജീവിതയാത്ര പൂർണമായും നിയന്ത്രിക്കുന്നത് ദൈവമാണെന്ന്  വിശ്വസിക്കാൻ കഴിഞ്ഞാൽ ഭയം കുറയും.

ജീവിതത്തിന്റെ സർവ്വ നിയന്ത്രണവും പൂർണ്ണമായും എന്റെ കയ്യിൽ തന്നെ ആണെന്നും ആയിരിക്കണമെന്നും നിർബന്ധമുള്ളവർക്ക് ഇത്തരം വിശ്വാസത്തിൽ മനസ്സിനെ ഉറപ്പിക്കാൻ സാധിക്കാറില്ല. 

ജീവിതം സുരക്ഷിതമായ  കംഫർട്സോണിൽ തുടരുമ്പോൾ ആയിരിക്കും ഗുരുതര രോഗത്തിന്റെ മെഡിക്കൽ റിപ്പോർട്ട്,  വാഹനാപകടം, മക്കളുടെ വഴി തെറ്റൽ, ജോലി നഷ്ടപ്പെടൽ, സാമ്പത്തികപ്രതിസന്ധി, ദാമ്പത്യത്തിലെ ഇടർച്ചകൾ കടന്നുവരുന്നത്. ഇതൊക്കെ ജീവിതത്തെ പറഞ്ഞനേരം കൊണ്ട് തകിടം മറിയ്ക്കും.

ജീവിതത്തിന്റെ മേൽ നമുക്ക് ഒരു നിയന്ത്രണവുമില്ലെന്ന് മനസ്സിലാക്കിത്തരുന്നത് ഇതുപോലുള്ള ദുരന്തങ്ങളുടെ റോളർ കോസ്റ്റർ അനുഭവങ്ങളാണ്.

ജീവിത പ്രതിസന്ധികളിൽ  നമ്മുടെ നിയന്ത്രണം കൈവിട്ടുപോകുന്ന ദുർഘടസമയങ്ങളിലാണ് ദൈവാശ്രയത്തിന്റെ മഹത്വവും സുരക്ഷിതത്വവും  സന്തോഷവുമൊക്കെ നമ്മൾ അനുഭവിക്കാൻ തുടങ്ങുന്നത്.
ദുരന്തങ്ങളുടെ റോളർ കോസ്റ്ററിൽ ജീവിതം ആടിയുലയുമ്പോഴാണ് നിയന്ത്രണം ഏറ്റെടുത്തിരിക്കുന്ന ദൈവം സുരക്ഷിതമായി ലക്ഷ്യത്തിൽ എത്തിക്കുമെന്ന് വിശ്വസിക്കാൻ പഠിക്കുന്നത്.

 ആത്മശുദ്ധീകരണത്തിന്റെയും ശോധനയുടെയും സമയങ്ങളിലുടെ കടന്നുപോകുമ്പോൾ ദൈവത്തിൽ ആശ്രയിക്കുകയല്ലാതെ മറ്റൊരു ഓപ്ഷനും മുൻപിലില്ലാതെ വരും. അപ്പോൾ ഇയ്യോബിനെപ്പോലെ കേട്ടറിഞ്ഞിരുന്ന ദൈവത്തെ മുഖാമുഖമായി അടുത്ത് കാണും.

നമ്മുടെയും  പ്രിയപ്പെട്ടവരുടെയും സഭയുടെയും ലോകത്തിന്റെയുമൊക്കെ  നിയന്ത്രണം ദൈവത്തിന്റെ കരങ്ങളിലാണെന്ന സമ്പൂർണ വിശ്വാസം ആകാംക്ഷയ്ക്കുള്ള ആന്റി ഡോട്ടാണ്.

എല്ലാം എന്റെ നിയന്ത്രണത്തിൽ തന്നെ ആയിരിക്കണമെന്ന് നിർബന്ധമുള്ള പെർഫെക്ഷനിസ്റ്റുകൾക്ക് കാര്യങ്ങൾ പൂർണമായി ദൈവത്തിനു വിട്ടു കൊടുക്കാൻ കഴിയാറില്ല. അതുകൊണ്ടായിരിക്കാം പ്രാർത്ഥിച്ചാലും വഴിപാട് കഴിച്ചാലും അവരുടെ മനസ്സിലെ അസ്വസ്ഥതയും ആകാംഷയും കുറയാതിരിക്കുന്നത്.

ജീവിതത്തെ ദൈവകരങ്ങളിൽ സമർപ്പിക്കാനും വിശ്വസിക്കാനും കഴിയുമ്പോഴാണ് ജീവിതയാത്ര നമുക്ക് ആസ്വദിക്കാൻ കഴിയുന്നത്. സർവവും ദൈവത്തിൽ സമർപ്പിച്ചതുകൊണ്ട് ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും മാറിപ്പോകും എന്നൊന്നും അർത്ഥമില്ല. ദൈവത്തിന്റെ ലക്ഷ്യത്തിലേക്ക് ദൈവം എന്നെ നയിക്കുന്നു എന്ന് വിശ്വസിക്കാൻ കഴിയുമ്പോൾ റിലാക്സ് ചെയ്തത് ജീവിത യാത്ര ആസ്വദിക്കാൻ കഴിയും. യാത്രയിലെ ട്വിസ്റ്റും ടേണും  നമ്മെ അത്രയധികം ഭയപ്പെടുത്തില്ല.

സുഹൃത്തേ, ജീവിതയാത്രയിലെ പ്രതിസന്ധികളുടെ റോളർ കോസ്റ്റർ സംഘർഷങ്ങളിലെ ടെൻഷനിലാണോ?
കാര്യങ്ങൾ സ്വന്തം നിയന്ത്രണങ്ങളിൽനിന്ന് കൈവിട്ടുപോകുന്നതിന്റെ വിഭ്രാന്തിയിലാണോ?

  കൊടുങ്കാറ്റിലും തിരമാലയിലും  ജീവിതനൗക വല്ലാതെ ആടിയുലയുമ്പോഴും 
നിയന്ത്രിക്കുവാൻ കഴിയുന്നവൻ അമരത്തുണ്ടെന്ന വിശ്വാസത്തിൽ മനസ്സിനെ ഉറപ്പിക്കാൻ സഹായിക്കേണമേ എന്ന് പ്രാർത്ഥിക്കാം.

'ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.
അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും.'
ഫിലിപ്പി 4 : 6-7
-ഫാ. ഡോ. ഏ. പി. ജോർജ്‌