നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്. ഉറകെട്ടുപോയാല്‍ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ് മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതുകൊള്ളുകയില്ല.
മത്തായി 5 : 13
ലോകത്തിൽ തന്റെ ശിഷ്യൻമാരുടെ നിയോഗം വെളിപ്പെടുത്തുവാനാണ് ഉപ്പിന്റെ സാദൃശ്യം ക്രിസ്തു പറഞ്ഞത്. ഉപ്പ് ഭക്ഷണത്തെ രുചിപ്രദമാക്കുന്നതുപോലെ മനുഷ്യരെ ദൈവത്തിന് പ്രീതിയുള്ള സമൂഹമായി പരിവർത്തനം ചെയ്യുവാനുള്ള ട്രാൻസ്ഫോർമേഷൻ ചുമതലയാണ് ക്രിസ്തു തന്റെ ശിഷ്യന്മാരെ ഭരമേൽപ്പിച്ചത്.
ഉപ്പ് ഭക്ഷണത്തിന് രുചിനൽകുന്നതോടൊപ്പം ഗുണങ്ങൾ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.
അതുപോലെ ലോകത്തിന്റെ നന്മയും ഉണ്മയും നിലനിർത്താനും കാത്തുസൂക്ഷിക്കുവാനുള്ള പ്രസർവേഷൻ ചുമതലയും ക്രിസ്തുശിഷ്യൻ മാർക്കുണ്ട്. ക്രിസ്തു തന്റെ അനുയായികളെ ഭരമേൽപ്പിച്ചിരിക്കുന്ന രണ്ട് പ്രധാന നിയോഗങ്ങൾ ആണ് പ്രസർവേഷനും ട്രാൻസ്ഫോർമേഷനും. മനുഷ്യ സ്വഭാവത്തെ സ്വാദിഷ്ടമാക്കാനും അവരിലെ നന്മയെ കാത്തുസൂക്ഷിക്കാനുമുള്ള ചുമതലകളാണ് ഇവരണ്ടും.
ഉപ്പിന് ഉപ്പുകാരം നഷ്ടപ്പെട്ടാൽ പ്രിസർവേഷനും ട്രാൻസ്ഫോർമേഷനും നിർവഹിക്കാൻ കഴിയാത്ത ഉപയോഗശൂന്യമായ പദാർത്ഥമായിത്തീരും. അതുപോലെ ക്രിസ്തുശിഷ്യൻമാർക്ക് ആത്മീയചൈതന്യം നഷ്ടപ്പെട്ടാൽ ലോകത്തെ രൂപാന്തരപ്പെടുത്താനും ഭൂമിയിൽ സ്വർഗ്ഗരാജ്യത്തിന്റെ അനുഭവം സൃഷ്ടിക്കുവാനും കഴിയാത്ത നിഷ്പ്രയോജന സമൂഹമായിത്തീരും. ഭൂമിയിലെ ദൈവീക മൂല്യങ്ങളുടെ കാവൽക്കാരാകാൻ അവർക്ക് കഴിയാതെ പോകും. അവരിലൂടെ ദൈവം ആഗ്രഹിക്കുന്ന പ്രിസർവേഷനും ട്രാൻസ്ഫർമേഷനും സാധ്യമാവില്ല.
ഉപ്പുരസം നഷ്ടപ്പെട്ട പദാർത്ഥം പാലസ്തീനിൽ വഴിയിൽ എറിഞ്ഞുകളയുമായിരുന്നു. ആത്മ പരിവർത്തനത്തിനുള്ള ചാലക ശക്തിയും ചൈതന്യവും നഷ്ടപ്പെട്ട ക്രിസ്ത്യാനികളെ അതുപോലെ ലോകം അവഗണിക്കും. അവർ കെട്ടുപോയ വിളക്കുകളായി തീരും. ചൂടും പ്രകാശവും തേടി അവർക്കരികിലേക്ക് ആരും വരില്ല. ദാനിയേൽ പ്രവചനത്തിൽ പറയുന്ന നിത്യ നക്ഷത്രശോഭ നഷ്ടപ്പെട്ടവരാകും :
'ജ്ഞാനികള്‍ ആകാശവിതാനത്തിന്റെ പ്രഭപോലെ തിളങ്ങും. അനേകരെ നീതിയിലേക്കു നയിക്കുന്നവന് നക്ഷത്രങ്ങളെപ്പോലെ എന്നുമെന്നും പ്രകാശിക്കും.'
ദാനിയേല്‍ 12 : 3
ക്രിസ്തു ശിഷ്യരായ നമ്മൾ ലോകത്തിന്റെ ഉപ്പാകണം. ദാമ്പത്യത്തിലും കുടുംബത്തിലും പേരെന്റിങ്ങിലും ഇടയത്വ ശുശ്രൂഷയിലും സാമൂഹിക പ്രവർത്തനങ്ങളിലും ഒക്കെ ട്രാൻസ്ഫോർമേഷന്റെയും പ്രിസർവേഷന്റെയും ചാലക ശക്തികളായി തീരണം. ദൈവം നമുക്ക് അത്ഭുത വരദാനമായി തന്നിരിക്കുന്ന പരിശുദ്ധാത്മനൽവരങ്ങളാകുന്ന ഉപ്പ് ഭൂമിയിലെ ദൈവരാജ്യ മഹത്വത്തിനും ആത്മാക്കളെ പരിവർത്തന വിധേയമാക്കുവാനും പ്രയോജനപ്പെടുത്തണം. ദൈവം അനുഗ്രഹിച്ച് തരുന്ന വിലപ്പെട്ട സമയവും താലന്തുകളും ദുരുപയോഗപ്പെടുത്താതെ ഉത്തരവാദിത്വബോധമുള്ള കാര്യവിചാരകരാകണം.
നിഷേധ ശക്തികൾ ഹൈജാക്ക് ചെയ്തിരിക്കുന്ന ലോകത്തെയും ദൈവജനത്തേയും വിമോചിപ്പിച്ച് ദൈവോന്മുഘതയിലേക്ക് തിരിപ്പിക്കാനും രൂപാന്തരപ്പെടുത്തുവാനുമാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. അതിനായി പരിശുദ്ധാത്മസ്വാദിഷ്ഠമാക്കിയ നിർമ്മല സുവിശേഷവുമായി നമുക്ക് അന്ധകാരപൂർണമായ ലോകത്തിലേക്ക് ഇറങ്ങാം.
'ഉപ്പുരസം നഷ്ടപ്പെട്ട ക്രിസ്ത്യാനികൾ' എന്ന ചിന്ത എന്നിൽ വളരെയധികം ആത്മവിമർശനവും നിസ്സഹായതാ ബോധവുമാണുണ്ടാക്കുന്നത്.
ദൈവമേ, പരിശുദ്ധാത്മ ചൈതന്യം മങ്ങിപ്പോയ എന്നിൽ പുതു ശക്തി നിറയ്ക്കേണമേ. അനേകരുടെ ജീവിതത്തിൽ രുചിയും സ്വാദും നൽകുവാൻ ആത്മീയ ഉപ്പുരസം എന്നിൽ പകരേണമേ. ഞാൻ ഇടപെടുന്ന അനേകരിൽ ക്രിസ്തുവാകുന്ന ഉപ്പുരസം പകർന്ന് അവരെ പുതിയ സൃഷ്ടികളും വിശിഷ്ട വ്യക്തിത്വങ്ങളുമാക്കാൻ സഹായിക്കേണമേ.
ഫാ. ഡോ. ഏ. പി. ജോർജ്