നിങ്ങളിലെ ഇന്നർമാൻ

 

 'ഞങ്ങളുടെ പുറമേയുള്ള മനുഷ്യൻ ക്ഷയിച്ചു പോകുന്നു എങ്കിലും അകമേ ഉള്ളവൻ നാൾക്ക് നാൾ പുതുക്കം പ്രാപിക്കുന്നു' എന്ന സെന്റ് പോളിന്റെ കൊരിന്ത്യ സഭയോടുള്ള പ്രഖ്യാപനം വൈരുദ്ധ്യാത്മകമായി തോന്നാവുന്നതാണ്. പുറമേ ക്ഷയിക്കുമ്പോൾ അകമേ പുതുക്കം പ്രാപിക്കുന്നത് എങ്ങനെയാണ്?

 നാൾക്ക് നാൾ പുതുക്കം പ്രാപിക്കുന്ന നിങ്ങളിലെ ആന്തരിക മനുഷ്യനെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ആരാണ് അകമെയുള്ള മനുഷ്യൻ? അങ്ങനെ ഒരാൾ നമുക്കുള്ളിൽ മറഞ്ഞിരുപ്പുണ്ടോ?

 സൂപ്പർ സോണിക് എൻജിനുള്ള കോൺകോർഡ്  വിമാനത്തെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാവും. വാഷിംഗ്ടണിൽ നിന്ന് പാരീസിൽ പറന്നെത്തുവാൻ ഈ പ്ലെയിന് വെറും മൂന്നു മണിക്കൂർ മതി. ആ മൂന്നു മണിക്കൂർ കൊണ്ട് വിമാനം കത്തിച്ച് കളയുന്നത് അമ്പതിനായിരം ടൺ ഓക്സിജനും പുറത്തേക്ക് വിടുന്നത് അത്രയും തന്നെ കാർബൺ ഡൈ ഓക്സൈഡും ആണ്‌. തന്മൂലം പ്ലെയിനിന്റെ ഉപരിതലത്തിലെ ഊഷ്മാവ് 127 ഡിഗ്രി സെന്റിഗ്രേഡ് വരെ ഉയരാറുണ്ട്.  അപാരമായ ചൂടുകൊണ്ട് വിമാനം വികസിച്ചു 9 ഇഞ്ച് നീളം കൂടുമത്രേ!

 വിമാനത്തിന്റെ ഉൾവശവും തറയും റോളർ കൊണ്ട് നിർമ്മിച്ചിരിക്കുന്നതിനാൽ വികാസം പ്രശ്നം സൃഷ്ടിക്കുന്നില്ല.  അനേകം എയർകണ്ടീഷണറുകൾ പ്രവർത്തിക്കുന്നതുകൊണ്ട് പുറത്തെ ചൂടും കാതടപ്പിക്കുന്ന ശബ്ദവും വിമാന യാത്രക്കാർക്ക് അസ്വസ്ഥത ഉണ്ടാക്കില്ല.

 വേദഭാഗത്ത് സെന്റ് പോൾ പറയുന്നതും മറ്റൊരു കോൺകോർഡിനെ പറ്റിയാണ്.  ഞാനും നിങ്ങളുമാകുന്ന വിമാനങ്ങൾ ആധുനിക ലോകത്തിലെ തിക്കിലും തിരക്കിലും സഘർഷങ്ങൾക്കും ഇടയിൽ പ്രയാണം നടത്തുമ്പോൾ  ശരീരത്തിന് കേടുപാടുകൾ സംഭവിക്കാറുണ്ട്.  രോഗം, അപകടം, ക്ഷീണം, ക്ഷതം തുടങ്ങിയവയൊക്കെ  ശരീരത്തെ ബാധിക്കാറുണ്ട്.  പക്ഷേ അകമേയുള്ള ആത്മാവ് അപ്പോഴും  സുരക്ഷിതമായിരിക്കും. അത്രയ്ക്ക് ആത്മാവിന്റെ സുരക്ഷിത ഷെൽട്ടർ ഹൗസ് ആയിട്ടാണ്  മനുഷ്യ ശരീരം ദൈവം ഡിസൈൻ ചെയ്തിരിക്കുന്നത്.

 രോഗം,  പ്രതികൂല ജീവിത സാഹചര്യങ്ങൾ,  മരണം എന്നിവയ്ക്ക് പോലും പോറൽ ഏൽപ്പിക്കാൻ കഴിയാത്ത വിധമാണ് അകത്തെ ആത്മീയ മനുഷ്യന് മർത്യ ശരീരത്തിനുള്ളിൽ ദൈവം സുരക്ഷിത സംവിധാനം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് സെന്റ് പോൾ തുടർന്ന് പറയുകയാണ്: ' സകല വിധത്തിലും കഷ്ടം സഹിക്കുന്നുവെങ്കിലും ഇടുങ്ങിയിരിക്കുന്നില്ല, ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല,  ഉപദ്രവം അനുഭവിക്കുന്നുവെങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല,  വീണു കിടക്കുന്നവർ എങ്കിലും നശിച്ചു പോകുന്നില്ല.'

 ജീവിത സംഘർഷങ്ങളും രോഗങ്ങളും നമ്മുടെ പുറമേയുള്ള മനുഷ്യനെ വളരെ പരിക്കേൽപ്പിച്ചിട്ടുണ്ടാകും.  ഭയപ്പെടാനൊന്നുമില്ല,  അകത്തെ മനുഷ്യൻ അപ്പോഴും സുരക്ഷിതമായിരിക്കും. അതിന് പോറലേൽപ്പിക്കുവാൻ  ഒരു ബാഹ്യ ശക്തിക്കും കഴിയില്ല. 

 അധികം ആളുകളും പുറത്തെ മനുഷ്യനെ കുറിച്ച് ഓർത്താണ് ബേജാറാകുന്നത്.  എന്തെങ്കിലും രോഗമുണ്ടോ,  ഉണ്ടാകുവാൻ സാധ്യതയുണ്ടോ തുടങ്ങിയ അമിത ആകാംക്ഷയുമായി ഡോക്ടർമാരെ നിരന്തരം ശല്യപ്പെടുത്തുന്നവരാണ് പല രോഗികളും.  സ്വന്തം ശരീരത്തെ പറ്റിയുള്ള അതിരുകടന്ന ചിന്ത ഇവരുടെ സ്വസ്ഥത നശിപ്പിക്കും. മെഡിക്കൽ പരിശോധനകളിൽ നോർമലാണെന്ന് ഡോക്ടർമാർ ഉറപ്പിച്ച് പറഞ്ഞാലും ഇവർ സംതൃപ്തരല്ല. ഈ ലോകവാസത്തിനായി ദൈവം താൽക്കാലികമായി ചിട്ടപ്പെടുത്തിയ മൺകൂടാരത്തെപ്പറ്റിയാണ് ഇവരുടെ അമിത ആകാംഷ.

 നശ്വരമായ ശരീരത്തെപ്പറ്റി അത്രയ്ക്ക് ആകാംക്ഷപ്പെടേണ്ട കാര്യമുണ്ടോ? മെഡിക്കൽ വിദഗ്ധന്മാർ കൊമ്പും കുഴലും ആയി നിങ്ങൾക്ക് ചുറ്റും വട്ടം കൂടി നിന്നാലും മൺകൂടാരം ഒരിക്കൽ വീണുടയും. അപ്പോഴും അകത്തെ മനുഷ്യൻ സുരക്ഷിതമായിരിക്കും.  അതുകൊണ്ടാണ് ശരീരത്തെ മാത്രം കൊല്ലുവാൻ കഴിയുന്നവരെ ഭയപ്പെടേണ്ടതില്ലെന്ന് ക്രിസ്തു പറഞ്ഞത്.

 പുറത്തെ മനുഷ്യനിൽ നിന്നും അകത്തെ മനുഷ്യനിലേക്ക് ശ്രദ്ധ തിരിച്ചാൽ ഒരുപക്ഷേ നമ്മുടെ ഇപ്പോഴത്തെ പല അസ്വസ്ഥതകളും ശാന്തമാകും. അകത്തെ മനുഷ്യന്റെ സുരക്ഷിതത്വത്തിനുവേണ്ടി വളരെ ആലോചിച്ചു തന്നെയാണ് ദൈവം മനുഷ്യശരീരം ചിട്ടപ്പെടുത്തിയിരിക്കുന്നത്.  ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കുവാൻ അതിനു കഴിയും.  വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ തലപുകഞ്ഞാലോചിക്കേണ്ടതില്ല.  വളരെ വളരെ അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം മെഡിക്കൽ സയൻസിന്റെ സഹായത്തോടെ മിനിമം മിനിക്കു പണികൾ നടത്തിയാൽ മതി. അതുമാത്രം മതയെന്നേ.

 അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ആത്മീയ മനുഷ്യനെ പറ്റിയുള്ള ചിന്ത നമുക്ക് തീർച്ചയായും ഉത്സാഹം പകരും.  വാർദ്ധക്യവും  ജരാനരകളും ശരീരത്തെ ക്ഷീണിപ്പിക്കും, സൗന്ദര്യത്തെ വികലമാക്കും. അപ്പോഴും അലൗകിക സൗന്ദര്യമുള്ള അകത്തെ മനുഷ്യൻ സുരക്ഷിതമായിരിക്കുമെന്ന യാഥാർത്ഥ്യം നമ്മൾ മറക്കരുത്. മരണത്തിന്റെ ഇരുട്ടുമുറിയിൽ വച്ച് ഒരുനാൾ ശരീരവസ്ത്രം മാറ്റിക്കഴിയുമ്പോൾ,  അകത്തെ മനുഷ്യൻ പ്രസന്നനും പ്രശോഭിതനുമായി പുറത്തുവരും. 

 സുഹൃത്തേ, ഈ അല്പകാലത്തെ ക്ലേശ പൂർണ്ണമായ ജീവിതത്തിന് ശേഷം തുടർന്ന് ജീവിക്കേണ്ട പ്രശോഭിതമായ ഒരു ആത്മാവ് നിങ്ങളിലുണ്ട്. ജഡത്തിലെ കഷ്ടതകളും രോഗങ്ങളും ജീവിതത്തിലെ പരാജയങ്ങളും ഓർത്ത് നിരാശപ്പെടാതിരിക്കു. ഇപ്പോഴുള്ളത് താൽക്കാലികം,  വരുവാനുള്ളത്,  നെടുവീർപ്പും നിരാശയും രോഗങ്ങളും കണ്ണുനീരും ഇല്ലാത്ത നിത്യത.
Life on earth is brief and trivial, but life after is eternally joyful—so stay calm, live kindly, and be happy for the time being.