ക്രിസ്തുവിന്റെ ആത്മാവ്

                        ക്രിസ്തുവിന്റെ ആത്മാവ്

മ്മുടെ ആത്മാവിന്റെ വാസത്തിനു വേണ്ടിയുള്ളതും മരണത്താൽ എന്നേക്കുമായി ഉപേക്ഷിക്കപ്പെടുന്നതുമായ ഒരു താൽക്കാലിക കൂടാരമല്ല ശരീരം. 

ഇപ്പോൾ ആത്മാവിന്റെ പ്രവൃത്തി വെളിപ്പെടുന്ന നമ്മുടെ നമ്മുടെ ശരീരം ഉയിർത്തെഴുന്നേൽക്കുകയും, ക്രിസ്തുവിന്റെ ശരീരം പോലെ മഹത്വീകരിക്കപെടുകയും ചെയ്യും. ഈ രൂപാന്തരത്തിന്റെ പിന്നിലെ ശക്തി

 യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവാണ് എന്നാണ് ഭാഗ്യവാനായ പൗലോസ് പറയുന്നത്:

'യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.' റോമാർ 8:11  

ഈ വിസ്മയ ആത്മാവ് ഇപ്പോൾ നമുക്ക് ചെയ്തുതന്നുകൊണ്ടിരിക്കുന്ന നാല് പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്:

1. അനുദിനം ശക്തിപ്പെടുത്തുവാൻ ക്രിസ്തുവിന്റെ ആത്മാവ് നമ്മിൽ പരിവർത്തിച്ചു കൊണ്ടിരിക്കുകയാണ്:

ഈ വിസ്മയശക്തിയായ ആത്മാവാണ് ഇപ്പോൾ പ്രതികൂല ശക്തികളെ അതിജീവിച്ച് മുന്നേറുവാൻ സഹായിക്കുന്നത്.

'കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ. '1 യോഹന്നാൻ 4:4

നമ്മുടെ ജീവിതത്തിൽ വല്ലപ്പോഴും വന്നു പോകുന്ന അതിഥിയല്ല ക്രിസ്തുവിന്റെ ആത്മാവ്, എന്നെന്നും കൂടെവസിക്കുന്ന കാര്യവിചാരകനാണ്.

വിജയകരമായ ക്രിസ്തീയ ജീവിത മുന്നേറ്റത്തിനും പാപത്തെ അതിജീവിക്കാനും സ്നേഹം ജീവിതശൈലി ആക്കുവാനും ക്രിസ്തുവിന്റെ ആത്മാവ് നമ്മെ സഹായിച്ചു കൊണ്ടിരിക്കുന്നു.

2. ബലഹീനതയിൽ നമുക്ക് തുണ നൽകുന്നത് ക്രിസ്തുവിന്റെ ആത്മാവാണ്.

'അവ്വണ്ണംതന്നെ ആത്മാവ് നമ്മുടെ ബലഹീനതയ്ക്കു തുണ നില്ക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവുതന്നെ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. 'റോമർ. 8:26

'അവൻ എന്നോട്: “എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിനു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും. '

2 കൊരി. 12:9

നമ്മൾ തളരുമ്പോൾ, നിരാശപ്പെടുമ്പോൾ, ഇടറുമ്പോൾ ക്രിസ്തുവിന്റെ ആത്മാവ് നമുക്ക് പ്രകൃതി നിയമങ്ങൾക്കതീതമായ സപ്പോർട്ട് നൽകുന്നു.

 പരിശുദ്ധാത്മാവ് ആകാംക്ഷയിൽ സമാധാനം നൽകുന്നു, നിരാശയിൽ പ്രത്യാശ നൽകുന്നു, ആശയക്കുഴപ്പത്തിൽ വ്യക്തത നൽകുന്നു. അതുകൊണ്ടാണ് ജീവിത പ്രതിസന്ധികളിൽ പലപ്പോഴും വീണു തകർന്നുപോയിട്ടും വീണ്ടും എഴുന്നേൽക്കാൻ നമ്മൾ ശക്തരായത്.

3. ക്രിസ്തുവിന്റെ ആത്മാവ് സത്യത്തിലും നിത്യതയുടെ ലക്ഷ്യത്തിലും നമ്മെ അനുദിനം വഴി നടത്തുന്നു.

“സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കയും വരുവാനുള്ളത് നിങ്ങൾക്ക് അറിയിച്ചുതരികയും ചെയ്യും.”യോഹന്നാൻ 16:13

നമ്മൾ നിന്നതല്ല, ഉറപ്പിച്ചു നിർത്തിയതാണ്.ന

ടന്നതല്ല, കൈപിടിച്ചു നടത്തിയതാണ്...

ക്രിസ്തുവിന്റെ ആത്മാവ് ശക്തി നൽകുക മാത്രമല്ല ദിശാബോധം നൽകുകയും ചെയ്യുന്നു. നല്ല തെരഞ്ഞെടുപ്പിന് സഹായിക്കുന്നു. ശരി തെറ്റുകളെ വിവേചിച്ച് തരുന്നു.ദൈ

വ ഇഷ്ടം വെളിപ്പെടുത്തിതരുന്നു.

ജീവിത യാത്രയിലെ 'ഡിവൈൻ നാവിഗേഷൻ സിസ്റ്റം 'ആണ് ക്രിസ്തുവിന്റെ ആത്മാവ്.

4. ക്രിസ്തുവിന്റെ ആത്മാവ് നമ്മെ ക്രിസ്തുവിനോട് അനുരൂപപ്പെടുത്തി കൊണ്ടിരിക്കുന്നു:

'ലഭിച്ചുകഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്കും അത് പിടിക്കാമോ എന്നുവച്ച് പിന്തുടരുന്നതേയുള്ളൂ.'ഫിലിപ്യർ 3:12

യേശുവേപ്പോലെ ആകുവാനുള്ള 'ഡിവൈൻ പ്രോസസ്സ്' ക്രിസ്തുവിന്റെ ആത്മാവ് അനുദിനം നമ്മളിൽ നടത്തി കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ

നമുക്ക് ചെയ്യുവാനുള്ളത് ആത്മശരീര മനസ്സുകളെ 

ആത്മാവിന് താഴ്ത്തി സമർപ്പിക്കുക എന്നതു

മാത്രമാണ്. ആത്മ ശരീര മനസ്സുകളെ ക്രിസ്തുവിന്റെ ആത്മാവിന് സമർപ്പിക്കുമ്പോൾ, വിസ്മയ രൂപാന്തരം സംഭവിക്കും.

ജീവിത യാത്രക്കാരുടെ പ്രത്യേക ശ്രദ്ധക്ക്:

ക്രിസ്തുവിന്റെ ആത്മാവിന്റെ ഈ വിസ്മയ സഹായങ്ങൾ എല്ലാവർക്കും ലഭിക്കില്ലെന്നാണ് തിരുവചനം നൽകുന്ന മുന്നറിയിപ്പ്:

' ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല. നിങ്ങളോ, ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നുവരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല.'റോമർ 8:8-9

ക്രിസ്തുവിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ പ്രമാണങ്ങളിൽ ദൈനംദിനം ക്രിസ്തുവിനോട് ചേർന്നു ജീവിക്കുന്നവർക്കുള്ളതാണ് ഈ വിസ്മയ പ്രവിലേജുകൾ.

'എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിനു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്ക് ഒന്നും ചെയ്‍വാൻ കഴികയില്ല.' യോഹന്നാൻ 15:4-5

യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ് നമ്മളിൽ വസിക്കുന്നുണ്ടോ എന്ന ആത്മ പരിശോധന അടിയന്തര പ്രാധാന്യമുള്ള കാര്യമാണ്.