വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും അളവുകോൽ കൊണ്ട് അളന്നു നോക്കുമ്പോൾ മേരി മാതാവ് ഒരു വിസ്മയ സ്ത്രീരത്നമാണ്.
ഒരേ മാലാഖ രണ്ടുപേരോട് 'ബർത്ത് ഡേ' അനൗൺസ്മെന്റ് നടത്തിയപ്പോൾ രണ്ട് വ്യത്യസ്ത പ്രതികരണങ്ങളാണ് ഉണ്ടായത്. ജീവിതകാലം മുഴുവനും ഒരു കുഞ്ഞിനു വേണ്ടി പ്രാർത്ഥിച്ച സെഖര്യ പുരോഹിതനോട് അനുകൂല മറുപടി തരാൻ ദൈവം പ്രസാദിച്ചിരിക്കുന്നു എന്ന് ഗബ്രിയേൽ അറിയിച്ചപ്പോൾ അത് ഉൾക്കൊള്ളാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
യേശുവിന്റെ അമ്മ ആകുവാൻ ദൈവം തിരഞ്ഞെടുത്തിരിക്കുന്നു എന്ന ദൂതന്റെ അറിയിപ്പ് കേട്ടപ്പോൾ സാധ്യതകളുടെ സാധ്യതയെ ഉൾക്കൊള്ളുവാൻ കഴയാതെ മേരി ആദ്യം അമ്പരന്നു പോയി. പിന്നെ ദൈവത്തിൽ സമർപ്പിച്ചു കൊണ്ട് പറഞ്ഞു :
'ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!
ലൂക്കാ 1 : 38
കുട്ടികളില്ലാതിരുന്ന സെഖര്യാവിന് ദൂതന്റെ വാർത്ത വലിയ ആഹ്ലാദമാകേണ്ടതായിരുന്നു. പക്ഷെ ഈ അസാധ്യകാര്യം സാധ്യമാക്കാൻ ദൈവത്തിന് എങ്ങനെയാണ് കഴിയുകയെന്ന മറുചോദ്യമാണ് ചോദിച്ചത്. പ്രാർത്ഥനയ്ക്ക് മറുപടി കിട്ടാൻ ഒരു കാലമുണ്ടായിരുന്നു. അന്ന് പ്രതീക്ഷയോടെ പ്രാർത്ഥിക്കുകയും പ്രത്യാശയോടെ കാത്തിരിക്കുകയും ചെയ്തു. പക്ഷേ കിട്ടിയില്ല. എത്രയോ കാലങ്ങൾ കടന്നു പോയി. ഇപ്പോൾ സാധ്യതകളുടെ വാതിലുകൾ എല്ലാം അടഞ്ഞിരിക്കുന്നു. ഇനി ഈ വാർദ്ധക്യത്തിൽ എന്ത് സംഭവിക്കാനാണ്? പറയുന്നത് ദൈവമായാലും തന്റെ യുക്തിക്ക് നിരക്കുന്നത് മാത്രം വിശ്വസിക്കുന്ന കൂട്ടത്തിലായിരുന്നു റാക്ഷണലിസ്റ് ആയിരുന്നു ഈ പുരോഹിതൻ.
എന്നാൽ വിശ്വസിക്കാനും അംഗീകരിക്കാനും സമർപ്പിക്കാനും ഒക്കെ വളരെ വിഷമമുള്ള കാര്യമായിരുന്നു ഗബ്രിയേൽ മേരിയോട് പറഞ്ഞത്.
ടീനേജുകാരിയായ തനിക്ക് ഒരു കുഞ്ഞു ഉണ്ടാകുവാൻ പോകുന്നു എന്ന ദൂത് അസ്വസ്ഥതയുണ്ടാക്കുന്നതു തന്നെയായിരുന്നു. ഗ്രാമത്തിൽ ഉള്ളവരെല്ലാം അവളുടെ ചാരിത്ര്യത്തെ സംശയിക്കാനും ജോസഫ് ഉപേക്ഷിക്കുവാനും നിയമാനുസൃതം വിവാഹം ചെയ്യാതെ ജനിക്കുന്ന യേശുവിനെപ്പറ്റി ലോകം അപവാദങ്ങൾ പറയുവാനും ഇടയാകുമെന്ന ചിന്ത മേരിയെ അസ്വസ്ഥ ആക്കേണ്ടതായിരുന്നു.
എന്നിട്ടും മേരി പറഞ്ഞു :
ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!
ലൂക്കാ 1 : 38
ഗബ്രിയേലിന്റെ ദൂത് വിശ്വസിക്കുന്നതുകൊണ്ട് സെഖര്യാവിന് യാതൊരു പ്രായോഗിക ബുദ്ധിമുട്ടുകളും ഉണ്ടാകുമായിരുന്നില്ല. 'ദൈവേഷ്ടം പോലെ നടക്കട്ടെ, ദൈവത്തിനു സ്തോത്രം' എന്ന് പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തിയാൽ മതിയായിരുന്നു. പക്ഷേ യുക്തിയാൽ നിയന്ത്രിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ദുർബല വിശ്വാസത്തിന് അത്രയ്ക്ക് ആഴവും പരപ്പും ഉണ്ടായിരുന്നില്ല. 'എവിഡൻസ് എവിടെ കർത്താവേ' എന്ന് അവൻ ചോദിച്ചു.
അപകട സാധ്യതകളെപ്പറ്റി ഒന്നും ചിന്തിക്കാതെ ദൈവത്തിന് കീഴ്പ്പെട്ടു മേരി ദൈവേഷ്ടത്തിന് സ്വയം സമർപ്പിച്ചു. സ്വന്തം താൽപര്യങ്ങളെക്കാളും വ്യക്തിസ്വാതന്ത്ര്യത്തെക്കാളും അവൾ പ്രാധാന്യം കൊടുത്തത് ദൈവേഷ്ടത്തിന്നായിരുന്നു.
ഇത്ര വലിയ പരമോന്നത ബഹുമതിക്ക് മേരിയെ തെരഞ്ഞെടുക്കുവാൻ ദൈവം അവളിൽ കണ്ടെത്തിയ സ്വഭാവ വൈശിഷ്ട്യം ചോദ്യം ചെയ്യാതെ അനുസരിക്കുന്ന മനോഭാവമായിരുന്നു.
താഴ്മയും സമർപ്പണവും ഉള്ള മേരിയുടെ ഉള്ളം മനുഷ്യാവതാരത്തിന്റെ ഗ്രീൻ റൂം ആക്കി മാറ്റി.
നമ്മുടെ ജീവിതത്തിൽ ദൈവേഷ്ടം നിറവേറ്റുവാനുള്ള പദ്ധതി അറിയിക്കാൻ ദൂതുമായി ഗബ്രിയേൽ നമ്മുടെ അടുത്ത് വരണമെന്നില്ല. ദുഷ്പ്രവർത്തികളും അഹങ്കാരവും മൂലമല്ലാതെ ജീവിതത്തിൽ വന്നു ചേരുന്ന പ്രതിസന്ധികളും ശത്രുതയും ഏകാന്തതയും ഒക്കെ ദൈവം അറിഞ്ഞും അനുവദിച്ചും വരുന്ന സഹനങ്ങളാണ്. അപ്പോൾ വിഷമിക്കരുത്. സ്വയം കുറ്റപ്പെടുത്തരുത്. കഷ്ടതകളുടെ വഴിയിലൂടെ ദൈവം നടത്തുമ്പോൾ കാര്യങ്ങളെല്ലാം നമുക്ക് വ്യക്തമല്ലെങ്കിലും ദൈവത്തിന് എന്നെക്കൊണ്ട് ആവശ്യമുണ്ട് എന്ന് ഉറച്ചു വിശ്വസിക്കണം.യുക്തികൊണ്ടല്ല വിശ്വാസം കൊണ്ടാണ് നിയോഗങ്ങളിലെ പ്രതിസന്ധികളെ നേരിടേണ്ടത്.
കുടുംബ -ദാമ്പത്യ -ഇടയത്വ നിയോഗങ്ങളിൽ നിരപരാധിയായി ഉപദ്രവിക്കപ്പെടുമ്പോഴും വിമർശിക്കപ്പെടുമ്പോഴും നിരാശപ്പെട്ടു പിന്മാറരുത്. അവസാനംവരെ നിയോഗങ്ങളിൽ സമർപ്പിതരായി മുന്നേറണം. ഇമ്മാനുവേൽ കൂടെയുണ്ടാകും.
ദൈവമേ, അത്ഭുത നിയോഗങ്ങൾക്കായി ഞങ്ങളെ അവിടുന്ന് തെരഞ്ഞെടുത്തതിനായി സ്തോത്രം. ഏൽപ്പിച്ച ചുമതലകളിലെ പ്രതിസന്ധികളും ഭാരങ്ങളും തടസ്സങ്ങളും ഒക്കെ അവിടുന്ന് കാണുന്നുണ്ടല്ലോ? വിളിച്ചവൻ വിശ്വസ്തനാണെന്ന വിശ്വാസത്തിൽ ഞങ്ങളുടെ മനസ്സിനെ ഉറപ്പിക്കേണമേ. ഞാൻ കർത്താവിന്റെ ദാസനും ദാസിയുമാണ്, അവിടുത്തെ ഇഷ്ടംപോലെ എനിക്ക് ഭവിക്കട്ടെ!
ഫാ. ഡോ. ഏ. പി. ജോർജ്