പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു.
ഹെബ്രായര്‍ 5 : 8
ദൈവപുത്രൻ എങ്കിലും ജഡത്തിൽ അനുഭവിച്ച കഷ്ടങ്ങൾ മൂലം അനുസരണം പഠിച്ച് തികഞ്ഞവനായി എന്നാണ് എബ്രായ ലേഖന കർത്താവ് പറയുന്നത്. പാപ പ്രവണതകളുള്ള ജഡീകരായ നമുക്ക് ക്ഷമാശീലവും അനുസരണവും ദൈവസമർപ്പണവും പഠിക്കാൻ സഹായകമായ പഠനകളരി ആണ് ജീവിതത്തിലെ കഷ്ടങ്ങൾ.
തന്റെ ജീവിതത്തിലെ സഹനങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങൾ വളരെ ശ്രേഷ്ഠമായിരുന്നെന്നാണ് ദാവീദ് പറയുന്നത് :
ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്‍മൂലം
ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ.
സങ്കീര്‍ത്തനങ്ങള്‍ 119 : 71
ശിരസ്സ് കിരീടം അണിയണമെങ്കിൽ ശരീരത്തിലെ മറ്റ് അവയവങ്ങൾ വേദനകളും യാതനകളും ഏറ്റു വാങ്ങേണ്ടതുണ്ട്. സഹനക്കടൽ നീന്തി കടന്ന നമ്മുടെ കർത്താവ് പറഞ്ഞു: സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു ലഭിച്ചിരിക്കുന്നു. കഷ്ട സഹനങ്ങളുടെ വഴിയിലൂടെ പതറാതെ ഉറച്ചു നടന്നു വേണം നമുക്ക് നിത്യ കൂടാരത്തിൽ എത്തുവാൻ. അതുകൊണ്ട് നമ്മുടെ കർത്താവ് പറഞ്ഞു : ഒരുവൻ എന്നെ അനുഗമിക്കുവാൻ ആഗ്രഹിച്ചാൽ തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ
ജീവിതത്തിൽ കഷ്ടതകളും ദുരിതവും അനിവാര്യമാണെന്നും അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് നിയോഗങ്ങളിൽ നിന്നുള്ള പിന്മാറ്റം ആണെന്നുമാണ് കർത്താവ് പഠിപ്പിച്ചത്.
-ഫാ. ഡോ. ഏ. പി. ജോർജ്
പരിപൂർണതയിലേക്ക് നമ്മെ നടത്തുന്ന വിസ്മയ അനുഭവങ്ങളാണ് ജീവിതത്തിലെ കഷ്ടതകൾ. അതുകൊണ്ട് കഷ്ടതകൾ വരുമ്പോൾ കലപ്പക്കു വച്ച കൈ പിൻവലിക്കരുത്, പിന്മാറരുത്. അന്ത്യത്തോളം വിശ്വസ്തരായി തുടരണം. നമ്മുടെ വ്യക്തിത്വത്തിലും സ്വഭാവത്തിലും നിലനിൽക്കുന്ന പാപമാലിന്യ പ്രവണതകൾ നീക്കി ശക്തരും വിശുദ്ധരുമാക്കുന്ന വിസ്മയ പ്രക്രിയയാണ് സഹനങ്ങളെന്ന പൗലോസിന്റെ സഹനത്തിന്റെ ദൈവശാസ്ത്രം ശ്രദ്ധേയമാണ് :
എന്തെന്നാല്‍, കഷ്‌ടത സഹനശീലവും, സഹനശീലം ആത്‌മധൈര്യവും, ആത്‌മധൈര്യം പ്രത്യാശയും ഉളവാക്കുന്നു.
റോമാ 5 : 4
കഷ്ടതകൾ അനുഭവിച്ച മഹാപുരോഹിതനും മധ്യസ്ഥനും ആയ ക്രിസ്തു നമ്മുടെ സഹനങ്ങളിൽ വെറും കാഴ്ചക്കാരനായി നിൽക്കുകയല്ല ചെയ്യുന്നത് എന്ന് തിരുവചനം ഓർമ്മപ്പെടുത്തുന്നു :
നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപംചെയ്‌തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്‌ഷിക്കപ്പെട്ടവനാണ് അവന്‍ .
ഹെബ്രായര്‍ 4 : 15
ആദ്യകാല സഭയിലെ ഒരു വിശുദ്ധന്റെ വാക്കുകൾ ഇങ്ങനെയാണ്:
ക്രിസ്തുവിന്റെ സഹനങ്ങളുടെ വഴി പിന്തുടരുന്നത് എനിക്ക് സന്തോഷമാണ്. എന്റെ വേദന എന്റെ കർത്താവിന്റെയും വേദനയാണ്. എന്റെ മുറിവുകൾ കർത്താവിന്റെയും മുറിവുകളാണ്. എന്റെ സഹനങ്ങളിൽ അവൻ സഹാനുഭൂതിയോടെ എന്റെ അടുത്ത് തന്നെ എപ്പോഴും ഉണ്ടായിരിക്കും. ഈ ചിന്ത ജീവിതസഹനങ്ങളിൽ എനിക്ക് ശക്തിയും പ്രത്യാശയും നൽകുന്നു.
കുടുംബ -ദാമ്പത്യ- ഇടയത്വ നിയോഗങ്ങളിൽ കഷ്ടതയുടെ കുരിശ് ചുമക്കുമ്പോൾ ഈ ചിന്തകളിൽ നമ്മുടെ മനസ്സിന്റെ നങ്കൂരം ഉറപ്പിക്കണം. നീതി നിമിത്തം ഉപദ്രവിക്ക പെടുമ്പോൾ നമ്മൾ നിർഭാഗ്യരല്ല ഭാഗ്യവാന്മാരാണ്, അനുഗ്രഹീതരുമാണ്.
കർത്താവിന്റെ കഷ്ടതകൾക്ക് ദൃക്സാക്ഷി ആവുകയും പിന്നീട് കഷ്ടതകളിലൂടെ നടക്കുകയും ചെയ്ത പത്രോസിന്റെ ഉപദേശം വളരെയേറെ മഹത്തരമാണ് :
പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്‌നിപരീക്‌ഷകള്‍ ഉണ്ടാകുമ്പോള്‍, അപ്രതീക്‌ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്.
ക്രിസ്‌തുവിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍! അവന്റെ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും.
ക്രിസ്‌ത്യാനി എന്ന നിലയിലാണ് ഒരുവന്‍ പീഡസഹിക്കുന്നതെങ്കില്‍ അതില്‍ അവന്‍ ലജ്‌ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്‌ത്യാനി എന്ന നാമത്തില്‍ അഭിമാനിച്ചുകൊണ്ട് അവന്‍ ദൈവത്തെ മഹത്വപ്പെടുത്തട്ടെ.
1 പത്രോസ് 4 : 12-16.
നമ്മുടെ കർത്താവിന്റെ പീഡാനുഭവത്തിന്റെ സ്മരണയുടെ നാളുകളിൽ അവന്റെ സഹനങ്ങളെപറ്റി സ്‌മരിക്കുന്നതും സ്തുതിഗീതങ്ങൾ ആലപിക്കുന്നതും ആരാധിക്കുന്നതും ഒക്കെ വളരെ ശ്രേഷ്ഠമാണ്. അതുപോലെതന്നെ നമ്മുടെ ജീവിത സഹനങ്ങളിൽ നമ്മെ മുറിവേൽപ്പിക്കുന്നവരോട് ക്ഷമയുടെയും ആത്മസംയമനത്തിന്റെയും ക്രിസ്തീയ മനോഭാവം പ്രകടിപ്പിക്കുമ്പോഴാണ് യഥാർത്ഥത്തിൽ അവന്റെ കഷ്ടാനുഭവവുമായി നമ്മൾ താദാത്മപ്പെടുന്നത്.
അന്യായമായി പീഡിപ്പിക്കപ്പെടുമ്പോള്‍, ദൈവചിന്തയോടെ വേദനകള്‍ ക്‌ഷമാപൂര്‍വ്വം സഹിച്ചാല്‍ അത് അനുഗ്രഹകാരണമാകും.
ഇതിനായിട്ടാണു നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. എന്തെന്നാല്‍, ക്രിസ്‌തു നിങ്ങള്‍ക്കുവേണ്ടി സഹിക്കുകയും നിങ്ങള്‍ അനുകരിക്കുന്നതിനുവേണ്ടി നിങ്ങള്‍ക്കു മാതൃക നല്‍കുകയും ചെയ്‌തിരിക്കുന്നു.
അവന്‍ പാപം ചെയ്‌തിട്ടില്ല, അവന്റെ അധരത്തില്‍ വഞ്ചന കാണപ്പെട്ടുമില്ല.
നിന്‌ദിക്കപ്പെട്ടപ്പോള്‍ അവന്‍ പകരം നിന്‌ദിച്ചില്ല; പീഡനമേറ്റപ്പോള്‍ ഭീഷണിപ്പെടുത്തിയില്ല; പിന്നെയോ, നീതിയോടെ വിധിക്കുന്നവനു തന്നെത്തന്നെ ഭരമേല്‍പിക്കുകയാണു ചെയ്‌തത്.
1 പത്രോസ് 2 : 19-23
ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെയും താഴാഴ്മയേയും പാടിപ്പുകഴ്ത്തുന്ന നമ്മൾ കുടുംബ- ദാമ്പത്യ -സഭാ ജീവിതത്തിലും സഹന മാതൃക പിൻതുടരുമ്പോഴാണ് കുരിശെടുത്ത് ക്രിസ്തുവിനെ പിന്തുടരുന്ന യഥാർത്ഥ ക്രിസ്ത്യാനികൾ ആകുന്നത്. പ്രാർത്ഥിക്കുന്നതും പ്രസംഗിക്കുന്നതുമൊക്കെ പ്രവൃത്തിയിൽ വെളിപ്പെടുത്തുന്നത് അപ്പോഴാണ്. പീഡനങ്ങളും മുറിവുകളും ആകുന്ന കഷ്ടതകൾ ക്രിസ്തീയ ജീവിതത്തിലെ അമൂല്യ മുത്തുകൾ ആയി കണ്ട സഹദേൻമാരുടെ ഈ മഹനീയ പാരമ്പര്യമാണ് നമുക്കുള്ളത്.
കുടുംബത്തിലും ദാമ്പത്യത്തിലും സഭയിലും സമൂഹത്തിലും ഒക്കെ പട വെട്ടുകയും പകരം വീട്ടുകയും ചെയ്യുന്ന ക്രിസ്ത്യാനികളെ കാണുമ്പോൾ, പാടി സ്തുതിക്കുന്ന ക്രിസ്തുവിന്റെ ഭാവം ഇവർക്ക് എങ്ങനെ നഷ്ടപ്പെട്ടുപോയി എന്ന് അക്രൈസ്തവർ ചിന്തിക്കുന്നത് ഖേദകരമാണ്, എതിർ സാക്ഷ്യവുംമാണ്.
ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിൽനിന്ന് പുതിയ ദർശനങ്ങളും ആത്മധൈര്യവും നേടിയ പൗലോസ് അപ്പോസ്തോലന്റെ ഉന്നമായ കാഴ്ചപ്പാട് നമുക്കും ഈ വർഷത്തെ പീഡാനുഭവവാര ധ്യാനത്തിലൂടെ ലഭ്യമാകട്ടെ :
അതിനാല്‍, തിരഞ്ഞെടുക്കപ്പെട്ടവര്‍ യേശുക്രിസ്‌തുവില്‍ ശാശ്വതവും മഹത്വപൂര്‍ണ്ണവുമായരക്ഷ നേടുന്നതിനുവേണ്ടി ഞാന്‍ എല്ലാം സഹിക്കുന്നു.
ഈ വചനം വിശ്വാസയോഗ്യമാണ്. നാം അവനോടുകൂടെ മരിച്ചിട്ടുണ്ടെങ്കില്‍ അവനോട്‌കൂടെ ജീവിക്കും.
നാം ഉറച്ചുനില്‌ക്കുമെങ്കില്‍ അവനോടു കൂടി വാഴും. നാം അവനെ നിഷേധിക്കുന്നെങ്കില്‍ അവന്‍ നമ്മെയും നിഷേധിക്കും.
2 തിമോത്തേയോസ് 2 : 10-12
പീഡാ താഴ്ചകളാൽ നമ്മെ വീണ്ടോനാം
മിശിഹായെ വാഴ്ത്തി നമിക്കാം പുലർകാലെ