ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്‌തംകൂടി പീലാത്തോസ് കലര്‍ത്തിയ വിവരം, ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലര്‍ അവനെ അറിയിച്ചു അവന്‍ ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയക്കാരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നു എന്നു നിങ്ങള്‍ കരുതുന്നുവോ? അല്ല എന്നു ഞാന്‍ പറയുന്നു. പശ്‌ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും. അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടു പേര്‍, അന്നു ജറുസ ലെമില്‍ വസിച്ചിരുന്ന എല്ലാവരെയുംകാള്‍ കുറ്റക്കാരായിരുന്നു എന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല എന്നു ഞാന്‍ പറയുന്നു: പശ്‌ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും. ലൂക്കാ 13 : 1-5
രണ്ട് ജീവിത ദുരന്തങ്ങളെ പറ്റിയുള്ള ക്രിസ്തുവിനെ പ്രതികരണമാണ് ഈ വേദഭാഗത്ത് കാണുന്നത്. യെരുശലേമിൽ യാഗം കഴിക്കുവാൻ വന്ന ചില ഗലീലക്കാരെ പീലാത്തോസ് വധിച്ചു. ശീലോഹോമിലെ ഗോപുരം തകർന്ന് 18 പേർ മരിച്ചു. കൊല്ലപ്പെട്ട ഗലീലക്കാരും ഗോപുരം വീണു മരിച്ചവരും പാപികളായതുകൊണ്ട് ദൈവം നൽകിയ ശിക്ഷയാണ് അവർക്കുണ്ടായ ദുരന്തമെന്ന് ചിന്തിക്കരുതെന്ന് കർത്താവ് പറഞ്ഞു.
ദുരന്തങ്ങൾക്കു പിന്നിലെ കാരണങ്ങൾ കണ്ടുപിടിക്കുവാൻ കഴിയാതെ വരുമ്പോൾ ഇരയായവരുടെ രഹസ്യമോ പരസ്യമായ പാപങ്ങൾക്കുള്ള ദൈവ ശിക്ഷയാണ് എന്ന് ജനം പലപ്പോഴും വിലയിരുത്താറുണ്ട്. ഇയ്യബിന്റെ ദുരിതങ്ങൾക്ക് പിന്നിലെ കാരണം ദൈവ ശിക്ഷയാണെന്ന കൺക്ലൂഷനിൽ ആണ് അദ്ദേഹത്തിന്റെ കൂട്ടുകാർ എത്തിച്ചേർന്നത്.അവരുടെ വിമർശനം ഇയ്യോബിനുണ്ടാക്കിയ മനോവേദന അസഹ്യമായിരുന്നു.
ദുരന്തങ്ങൾ ദൈവത്തിന്റെ പ്രതികാരമാണെന്ന വിധി പ്രസ്താവന ശരിയല്ല. പ്രകൃതി ദുരന്തങ്ങളിലും മനുഷ്യൻ ഉണ്ടാക്കുന്ന ദുരന്തങ്ങളിലും മരണപ്പെടുന്നവർ മഹാപാപികൾ ആണെന്നും അവർക്ക്തുതന്നെ വരണമെന്നുമുള്ള അനുമാനം ക്രൂരമാണ്, ഒരിക്കലും നീതീകരിക്കാനാവില്ല. മാനസാന്തരത്തിന്റെ അടിയന്തര ആവശ്യത്തിലേക്ക് വിരൽ ചൂണ്ടുവാൻ രണ്ട് ദുരന്ത സംഭവങ്ങളെ കർത്താവ് പ്രയോജനപ്പെടുത്തുകയാണ്. ദുരന്തങ്ങൾ സംഭവിക്കുന്നത് എവിടെയാണെങ്കിലും ആരുടെ ജീവിതത്തിലാണെങ്കിലും അതിൽ നമുക്കുള്ള ഒരു സന്ദേശമുണ്ട്. നൈമിഷികമായ ജീവിതത്തിൽ മാനസാന്തരത്തിനുള്ള ഓർമ്മപ്പെടുത്തലും അവസരങ്ങളുമായി ദുരന്തങ്ങളെ കാണണം. അതുകൊണ്ടാണ് വിരുന്ന് ഭവനത്തിൽ പോകുന്നതിനേക്കാൾ വിലാപഭവനത്തിൽ പോകുന്നത് നല്ലതാണെന്ന് തിരുവചനം പറയുന്നത്. വിരുന്നു ഭവനം മനസ്സിൽ ആഹ്ലാദമാണുണ്ടാക്കുക. എന്നാൽ വിലാപ ഭവനം ജീവിതത്തിന്റെ നൈമിഷികതയെപ്പറ്റിയും നിത്യതക്കുവേണ്ടി ഒരുങ്ങേണ്ടതിന്റെ ആവശ്യത്തെപറ്റിയുമുള്ള ചിന്തകൾ നമ്മളിൽ ഉണർത്തും.
മാനസാന്തരപ്പെടുന്നില്ലെങ്കിൽ നശിച്ചുപോകും എന്ന് ഈ വേദ ഭാഗത്ത് കർത്താവ് രണ്ടുപ്രാവശ്യം ആവർത്തിക്കുന്നുണ്ട്. ദുരന്തങ്ങളിൽ പെട്ടവരുടെ തെറ്റുകൾ അന്വേഷിക്കാതെ സ്വന്തം അപരാധങ്ങളെപറ്റി ചിന്തിക്കുകയും പാപക്ഷമ യാചിക്കുകയും ചെയ്യാൻ മറ്റുള്ളവരുടെ ദുരന്തങ്ങൾ നമുക്ക് സഹായകമാകണം. അടുത്ത ദുരന്തത്തിന്റെ ഇര നമ്മൾ ആയിക്കൂടെന്നില്ലല്ലോ. മിനിമം ഗ്യാരണ്ടി പോലുമില്ലാത്ത ഈ ജീവിതത്തിൽ നമ്മുടെ മടക്കയാത്രയ്ക്കുള്ള വിളി വരുന്നത് എപ്പോഴാണെന്ന് അറിയില്ല. മാനസാന്തരപ്പെട്ട് ഒരുങ്ങി ഇരിക്കുന്നതാണ് സുരക്ഷിതം. ലോകം മുഴുവൻ നേടിയിട്ടും ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ പിന്നെ എന്താണ് പ്രയോജനം?
ശീലോഹോമിലെ ഗോപുരം വീണ് മരിച്ചവരെല്ലാം പാപികൾ ആയിരിക്കണമെന്നില്ല. നല്ലവരും ആ കൂട്ടത്തിൽ ഉണ്ടായേക്കാം, പ്രത്യേകിച്ച് കുട്ടികൾ. അന്ധനായി ജനിക്കുവാനുള്ള കാരണം സ്വന്തം പാപമോ മാതാപിതാക്കളുടെ പാപമോ എന്ന് ശിക്ഷ്യന്മാർ ക്രിസ്തുവിനോടു ചോദിച്ചു. ജന്മ വൈകല്യങ്ങളുള്ള കാരണം പാപമാണെന്ന മുൻവിധി അവരുടെ മനസ്സിൽ ഉണ്ടായിരുന്നു. ദൈവ തിരുനാമ മഹത്വത്തിനായിട്ടാണ് അവൻ ഇങ്ങനെ ജനിച്ചതെന്നാണ് ക്രിസ്തു പറഞ്ഞത്. ആഴത്തിലും പരപ്പിലും ചിന്തിച്ച് അർത്ഥം കണ്ടെത്തേണ്ട വലിയൊരു മറുപടിയാണ് കർത്താവ് നൽകിയത്.
ദൈവം മാത്രമറിയുന്ന ജനിമൃതി രഹസ്യങ്ങളെപ്പറ്റി അഭിപ്രായം പറയാനും വിധിക്കാനും നിസ്സാരനായ മനുഷ്യനെ കഴിയില്ല. ദുരന്ത ബാധിതരോടുള്ള മനോഭാവത്തിലും മുൻവിധിയിലും തെറ്റ് പറ്റാതിരിക്കാൻ ക്രിസ്തു ശിഷ്യന്മാർ സൂക്ഷിക്കണം. ദുരന്തങ്ങളെപ്പറ്റി തിരുവചനത്തിലൂടെ ദൈവം നമുക്ക് വെളിപ്പെടുത്തിതരുന്ന ന്ന മർമ്മങ്ങൾ എന്തൊക്കെയാണ്?
>ദുരന്തം ദൈവത്തിന് ശിക്ഷയാണെന്ന വിലയിരുത്തൽ ശരിയല്ല. >ദുരന്തങ്ങൾ ദുഷ്ട മനുഷ്യർക്കു മാത്രമേ സംഭവിക്കൂ എന്ന പൊതു ചിന്താഗതി തിരുത്തപ്പെടേണ്ടതാണ്.
> ജീവിത ദുരന്തങ്ങളിൽ പെട്ടവരെ വിധിക്കാനും കഴിക്കാനും പരിഹസിക്കാനും എനിക്ക് അവകാശമുണ്ടെന്ന സ്വയ നീതീകരണ മനോഭാവം അധമമാണ്. >സ്വന്തം അപരാധം മൂലമോ അല്ലാതെയോ ജീവിത പ്രതിസന്ധികളിലായവരെ മീഡിയയിലൂടെ പരസ്യവിചാരണ നടത്തുന്നതും തേജോവധം ചെയ്യുന്നതും പരിഹസിക്കുന്നതും ക്രിസ്ത്യാനിക്ക് യോജിച്ചതല്ല. പാപികളെ കല്ലെറിയാൻ യോഗ്യതയുള്ള പാപം ചെയ്യാത്ത ഒരു നീതിമാൻ പോലും ലോകത്തില്ല .
ദുരന്ത ദുഃഖങ്ങളിൽ വീണ് തകർന്നവരെ കാണുമ്പോൾ വിധിക്കാനും പരിഹസിക്കാനും ദൈവ ശിക്ഷയാണെന്ന് വിധി പ്രസ്താവിക്കാനുമൊക്കെ പ്രേരണ ഉണ്ടാകും. അപ്പോൾ ആത്മസംയമനം പാലിക്കണം. കഴിഞ്ഞ കാലങ്ങളിലെ സ്വന്തം വീഴ്ച്ചകളിലേക്കും പിൻപറ്റുന്ന പാപങ്ങളിലേക്കും ഒന്നു നോക്കണം. പാപിയായി പാത തെറ്റി ഓടിയപ്പോൾ തള്ളിക്കളയാതെ സ്നേഹിച്ച ദൈവത്തെ മറക്കരുത്. വലിയ കടം ഇളെച്ചു കിട്ടിയവർ ചെറിയ കടക്കാരോട് സൗമ്യമായി ഇടപെടണം. ദുരന്തങ്ങളിൽ പെട്ടവർക്ക് കൈത്താങ്ങ് കൊടുക്കണം. ആരും നഷ്ടപ്പെടാനും നശിച്ചു പോകുവാനും ആഗ്രഹിക്കാത്ത ദൈവത്തിനുവേണ്ടി വീണവരെ കൈ പിടിച്ച് എഴുന്നേല്പിക്കണം.
നമ്മൾ ഗലീലക്കാരോ ഇന്ത്യക്കാരോ ആയിരുന്നാലും ആയിരുന്നാലും, പാപിയോ വിശുദ്ധനോ ആയിരുന്നാലും ജീവിത ദുരന്തങ്ങൾ നമ്മുടെമേലും വരും. മാനസാന്തരപ്പെടുന്നില്ലെങ്കിൽ നിത്യ ശിക്ഷാവിധിയിൽ മാറ്റമില്ലാത്ത ന്യായവിധി സ്വീകരിക്കേണ്ടി വരും. ആനുകാലിക ദുരന്തങ്ങൾ മൂലം ദുരന്തമനുഭവിക്കുന്നവരെ കാണുമ്പോൾ സാഡിസ്റ്റ് മനസ്സോടെ, കരുണയില്ലാതെ വിധിക്കരുത്. അവരെ കരുതുകയും സാന്ത്വനിപ്പിക്കുകയും ചെയ്യണം. വിധിക്കപ്പെടാതിരിക്കാൻ മറ്റുള്ളവരെ വിധിക്കരുത്. നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും. കത്തിയെരിയുന്ന മനസ്സിൽ തണുപ്പ് പകരുന്നവർക്ക് നിത്യതയിൽ തണുപ്പ് കിട്ടും.
ദൈവമേ, മനുഷ്യർക്കു മേൽ വരുന്ന വൻ ദുരന്തങ്ങളുടെ അടിയൊഴുക്കുകളും കാരണങ്ങളും അറിയുന്നവൻ അവിടുന്ന് മാത്രമാണ്. ദുരന്തങ്ങളിൽ വീഴുന്നവരെ പരിഹസിക്കുകയും മുറിവേൽപ്പിക്കുകയും ദൈവകോപത്തിന് ഇരകളായ പാപികൾ എന്ന് വിധിക്കുകയും ചെയ്യുന്ന വികല കാഴ്ചപ്പാടുകളെ തിരുത്തേണമേ. ഓരോ മനുഷ്യജീവിതവും കൊഴിഞ്ഞു വീഴുമ്പോൾ അടുത്ത ഊഴം എന്റെതാകാമെന്നും മാനസാന്തരത്തിനും പാപക്ഷമക്കുമുള്ള നിർണായക സമയമാണ് മുമ്പിലുള്ളതെന്നുമുള്ള തിരിച്ചറിവ് ഞങ്ങൾക്ക് തരേണമേ.
-ഫാ. ഡോ. ഏ. പി. ജോർജ്