ഹൃദയത്തിന്റെ ദൈവശാസ്ത്രം 1

ആത്മീയ ജീവിതത്തിൽ പ്രഥമ മുൻഗണന കൊടുക്കേണ്ട ഒരു കാര്യത്തെ പറ്റി സദൃശ്യ വാക്യത്തിലെ ഉപദേശം ഇങ്ങനെയാണ് :

'നിന്റെ ഹൃദയത്തെ ജാഗ്രതയോടെ കാത്തു സൂക്‌ഷിക്കുക;ജീവന്റെ ഉറവകള്‍ അതില്‍ നിന്നാണൊഴുകുന്നത്‌.'
സദൃ: 4 : 23
ഹൃദയം വിശുദ്ധിയോടെ സൂക്ഷിക്കണം എന്നത്  എല്ലാവരോടും ദൈവം ആവശ്യപ്പെടുന്ന ഒരു ആക്ടീവ് ഡ്യൂട്ടിയാണ്,  എല്ലാവർക്കുമുള്ള  നിർബന്ധ കൽപ്പനയാണ.

' ക്രിസ്തുവിലാകുന്നവർ പുതിയ സൃഷ്ടി ആകും; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു എന്നൊരു പരമസത്യം അപ്പോസ്തലൻ( 2 കൊരിന്ത്യർ 5:17) ചൂണ്ടിക്കാണിക്കുന്നുണ്ട്.  പുതിയ സൃഷ്ടി ആകുമ്പോൾ ദൈവത്തെ സ്നേഹിക്കുന്നതും ദൈവത്തിൽ ആശ്രയിക്കുന്നതുമായ ഒരു പുതിയ ഹൃദയം ലഭിക്കും. ഇത് ദൈവത്തിന്റെ അമൂല്യദാനമാണ്. ഈ പുതിയ ഹൃദയം വെടിപ്പായി സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വംഎല്ലാ വിശ്വാസികൾക്കുമുണ്ട്.

ജോൺ ഫ്ലെവൽ എന്ന ദൈവശുശ്രുഷകന്റെ ' ഹൃദയം സൂക്ഷിക്കുക 'എന്ന പുസ്തകത്തിലെ ഒരു പ്രസ്താവന വളരെ ചിന്തനീയമായമാണ് :
ദൈവത്തിന് ഹൃദയം സമർപ്പിക്കാനും ഹൃദയത്തിൽ ദൈവത്തിന് ശാശ്വത ഇടം ഒരുക്കുവാനുമാണ്.'

ദൈവം വെടിപ്പാക്കി തരുന്ന ഹൃദയം വെടിപ്പായി സൂക്ഷിച്ചില്ലെങ്കിൽ ആത്മ വിശുദ്ധി നഷ്ടപ്പെടും. ദൈവത്തിന്റെ പരിശുദ്ധത്മാവ് വസിക്കുന്ന ഹൃദയം വിശുദ്ധമായി കാത്തുസൂക്ഷിക്കുവാനുള്ള വലിയ ഉത്തരവാദിത്വം എല്ലാ ദൈവമക്കൾക്കും ഉണ്ട്.

ബാഹ്യമായ ആത്മീയ ഒരുക്കങ്ങളിലും അനുഷ്ഠാനങ്ങളിലും സംതൃപ്തരായിരുന്ന സ്വയനീതികരണക്കാരായ ശാസ്ത്രി പരീശരുടെ  ഹൃദയങ്ങളിലേക്ക് നോക്കി ക്രിസ്തു പറഞ്ഞു : വെള്ളതേച്ച ശവക്കല്ലറകളാണ്,  അവയൊക്കെ.
അവരെപ്പോലെ പുറമേ കോസ്റ്റലി ഡെക്കറേഷൻസ് ഉണ്ടെങ്കിലും ചിന്തകളിലും മനോഭാവങ്ങളിലും പാപ രോഗംബാധിച്ച് ജീർണിച്ച അവസ്ഥയിലാണ് ഞാൻ ഉൾപ്പെടുന്ന വിശ്വാസികളിൽ അധികംപേരും.

ശാമുവേൽ പ്രവാചകനോട്  ദൈവം പറഞ്ഞു : അവന്റെ മുഖമോ പൊക്കമോ നോക്കരുതു; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു -1 ശമൂവേൽ 16:7.

യഥാർത്ഥ ക്രിസ്ത്യാനി തന്റെ ദൃഷ്ടി എപ്പോഴും ഉറപ്പിക്കേണ്ടത് ഹൃദയത്തിലാണ്. ഹൃദയത്തിന്റെ വിശുദ്ധിയിലും വെടിപ്പിലും ആണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. കാരണം, ദൈവം ആദ്യം നോക്കുന്നത്  ഹൃദയത്തിലേക്കാണ്.

എല്ലാ ജീവിത സാഹചര്യങ്ങളിലും ഹൃദയത്തെ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ട  ഉത്തരവാദിത്വം ക്രിസ്ത്യാനികൾക്കുണ്ട്. ഇതൊരു ഓപ്ഷനും നിസ്സാരകാര്യവുമായി വിശ്വാസികൾക്കു കാണാനാവില്ല.

ആത്മീയ നേതൃത്വം, മിഷണറി, സാമൂഹ്യപ്രവർത്തകർ, ക്രിസ്ത്യൻ പേരെന്റ് തുടങ്ങിയ നിയോഗങ്ങളിൽ സ്തുത്യർഹ സേവനം തുടരുമ്പോഴും  ഹൃദയം ദൈവത്തിൽനിന്ന് അടർത്തി മാറ്റുവാൻ നിഷേധ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുമെന്ന  സത്യം വിസ്മരിക്കരുത്. നമ്മളറിയാതെ, പാപത്തിന്റെ ഗുരുത്വാകർഷണം നിരന്തരം ഹൃദയത്തിന്റെ മേലുണ്ട്. സൂക്ഷിച്ചില്ലെങ്കിൽ ദൈവത്തിൽ നിന്നുള്ള അകൽച്ചക്കും വീഴ്ചക്കും ഒക്കെ കാരണമായേക്കാം :

ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തിന് ജന്മം നൽകുന്നു. യാക്കോബ് 1:14 -15

' നിന്റെ ഹൃദയത്തെ ജാഗ്രതയോടെ കാത്തുസൂക്‌ഷിക്കുക;ജീവന്റെ ഉറവകള്‍ അതില്‍ നിന്നാണൊഴുകുന്നത്‌.

' പിൽഗ്രിമ്സ്  പ്രോഗ്രസ് ' എഴുതിയ ജോൺ ബനിയന്റെ 'ഹോളി വാർ' എന്ന ബുക്കിൽ, നമ്മുടെ ശരീരമാകുന്ന ചുറ്റുമതിലിനുള്ളിലെ  ഹൃദയത്തിലെ ആത്മാവിന് അകത്തും പുറത്തും അനേകം ശത്രുക്കൾ ഉണ്ടെന്നാണ് പറയുന്നത്.  അകത്ത്,  ദുർചിന്തകളും, പുറത്ത് പ്രലോഭനവുമായി ശത്രുക്കൾ ഹൃദയത്തെ മലിനമാക്കാൻ സദാസമയവും ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ് :
നിന്റെ ഹൃദയത്തെ ജാഗ്രതയോടെ  കാത്തുസൂക്‌ഷിക്കുക; ജീവന്റെ ഉറവകള്‍ അതില്‍ നിന്നാണൊഴുകുന്നത്‌.

ഹൃദയം സൂക്ഷിക്കണമെന്ന പ്രസ്താവന ബൈബിളിൽ  ഇത്ര പ്രാധാന്യം കൊടുത്ത് ആവർത്തിക്കുന്നത് എന്തുകൊണ്ടാണ്?

മനുഷ്യ ശരീരമാകുന്ന മൺകൂടാരത്തിലെ ആത്മാവിന് സർവ്വ ലോകത്തേക്കാൾ വിലയുണ്ട് :
മത്തായി 16:26 'ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?

  അതെ,  ഹൃദയത്തിൽ നിന്നാണ് ജീവന്റെ ഉറവ പുറപ്പെടുന്നത്.
പാപംമൂലം ദൈവത്തിൽനിന്ന് അകന്നു പോകുന്തോറും ഹൃദയത്തിലെ ദൈവാകർഷണം ദുർബലമാകും, ജീവന്റെ ഉറവ വറ്റി ദൈവസ്നേഹം തണുത്തു പോകും. സംസാരത്തിലും പ്രവർത്തിയിലും  പാപ പ്രവണതകൾ കടന്നു വരും.

ദൈവ കൂട്ടായ്മയിൽ നിന്ന് ആദിമാതാപിതാക്കൾ  അകന്നപ്പോൾ ലജ്ജയും, ഭയവും, അസ്വസ്ഥതയും ഒക്കെയാണ് അവരുടെ ഹൃദയത്തിൽ ഉണ്ടായത്. ദൈവീക കൂട്ടായ്മയിൽ നിന്ന് അകന്ന്, ലഹരി, ലൈംഗിക വൈകൃതങ്ങൾ, ഔദ്യോഗിക മോഹങ്ങൾ തുടങ്ങിയ ആസക്തിയിലേക്ക് ചുവടു വെക്കുമ്പോൾ മനുഷ്യഹൃദയത്തിലെ  'ഡിവൈൻ കണക്ഷൻ'ദുർബലമായിപ്പോകും.
സാത്താനോട് എതിർത്തു നിൽക്കുവാനുള്ള ശക്തി നഷ്ടപ്പെടും.

നിന്റെ ഹൃദയത്തെ ജാഗ്രതയോടെ കാത്തു സൂക്‌ഷിക്കുക;ജീവന്റെ ഉറവകള്‍ അതില്‍ നിന്നാണൊഴുകുന്നത്‌.

ഹൃദയത്തിൽ പാപരോഗം ബാധിച്ചാൽ,  ദാമ്പത്യ സൗഹൃദം,  ഇടയത്വ ശുശ്രൂഷ, പേരന്റിംഗ്, ഔദ്യോഗിക ചുമതല തുടങ്ങിയ വലിയ നിയോഗങ്ങൾക്കുള്ള ദിവ്യചാലകശക്തി തടയപ്പെടും.
ശാഖ മുന്തിരി തണ്ടിൽ വസിച്ചിട്ടല്ലാതെ ഫലം കായ്ക്കുവാൻ കഴിയാത്തതുപോലെ ക്രിസ്തുവിൽ നിന്നകന്നുപോയാൽ  ഹൃദയത്തിലെ ജീവന്റെ ഉറവകൾ വറ്റിപ്പോകും. ശാഖകൾ ഉണങ്ങിപ്പോകും.

നിന്റെ ഹൃദയത്തെ ജാഗ്രതയോടെ കാത്തു സൂക്‌ഷിക്കുക;ജീവന്റെ ഉറവകള്‍ അതില്‍ നിന്നാണൊഴുകുന്നത്‌.

ജീവിതസാഹചര്യങ്ങളും സംസ്കാരങ്ങളും മാറിയാലും, പ്രതികൂലമായാലും ഹൃദയം വിശുദ്ധമായി ദൈവബന്ധത്തിൽ സജീവമായി സൂക്ഷിക്കുന്നുവെങ്കിൽ ദിവ്യശക്തി സമൃദ്ധിയായി പ്രവഹിച്ചുകൊണ്ടിരിക്കും. ദാനിയേൽ  തീച്ചൂളയിലും സിംഹക്കുഴിയിലും, ജോസഫ് പൊട്ടക്കുഴിയിലും, ശിക്ഷ്യന്മാർ കാരാഗ്രഹത്തിലും എറിയപ്പെട്ടപ്പോഴൊക്കെ ഈ ദിവ്യ ശക്തി അമിത ബലമായി പകർന്നു കൊടുത്തു കൊണ്ടിരുന്നുതുകൊണ്ടാണ് നിർഭയരായി അതിജീവിച്ചു മുന്നേറുവാൻ അവർക്ക് കഴിഞ്ഞത്.

ശരീരത്തെ മാത്രം കൊല്ലുന്നവരെ ഭയപ്പെടേണ്ട, ശരീരത്തെയും ആത്മാവിനെയും നിയന്ത്രിക്കുന്നവനെ മാത്രം ഭയപ്പെട്ടാൽ മതിയെന്ന ക്രിസ്തുവിന്റെ വാക്കുകളിൽ ഹൃദയം ഉറപ്പിക്കുന്നവരെ തോൽപ്പിക്കാൻ ഒരു ശക്തിക്കും കഴിയില്ല.
ആദ്യ നൂറ്റാണ്ടിലെ ദൈവമക്കൾ കുരിശിന്റെ ശത്രുക്കളെയും, കരാഗ്രഹങ്ങളെയും പീഡനങ്ങളെയും തെല്ലും ഭയപ്പെടാതെ നിർഭയരായി മുന്നേറിയത് ഹൃദയത്തിൽ കത്തിജ്വലിച്ചു കൊണ്ടിരുന്ന അത്ഭുത ശക്തിയാലായിരുന്നു.

എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു  മൺപാത്രങ്ങളിൽ ആകുന്നു ഉള്ളതു എന്ന തിച്ചറിവാണ് ശത്രുനിര ഭേദിച്ചു മുന്നേറാൻ അപ്പോസ്തോലൻ പൗലോസിനെ സഹായിച്ചത്.2 കൊരിന്ത്യർ 4:7 

ഹൃദയത്തിലെ ഈ അത്ഭുത നിക്ഷേപത്തിന്റെ  വിസ്മയ ശക്തിയിൽ വിശ്വാസം ഇല്ലാത്തതുകൊണ്ടാണ് പ്രതികൂലതകളും ശത്രുക്കളും മുന്നിൽ വരുമ്പോൾ വിശ്വാസികൾ ഭൗതിക ആശ്രയങ്ങളിലേക്കും സങ്കേതങ്ങളിലേക്കുമൊക്കെ ചുവടുവെയ്ക്കുന്നത്. 

നിന്റെ ഹൃദയത്തെ ജാഗ്രതയോടെ കാത്തു സൂക്‌ഷിക്കുക;ജീവന്റെ ഉറവകള്‍ അതില്‍ നിന്നാണൊഴുകുന്നത്‌.

മത്തായി 12:34 'സർപ്പസന്തതികളെ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതിൽനിന്നല്ലോ വായ് സംസാരിക്കുന്നതു.

മത്തായി15:19-20 എങ്ങനെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽനിന്നു പുറപ്പെട്ടുവരുന്നു. 
മനുഷ്യനെ അശുദ്ധമാക്കുന്നതു ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.”

12:35 നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ ദുർന്നിക്ഷേപത്തിൽനിന്നു തീയതു പുറപ്പെടുവിക്കുന്നു.

ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ.  വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ- സങ്കീർത്തനങ്ങൾ 139:23-24 

എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ. അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.  ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ.
ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ-സങ്കീർത്തനങ്ങൾ 51:2, 6 ,7, 10