ഹൃദയത്തെ ജാഗ്രതയോടെ സൂക്ഷിക്കുന്നതിനുള്ള ഒന്നാമത്തെ സമീപനം ഹൃദയ വ്യാപാരങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കണമെന്നാണെന്നു കഴിഞ്ഞ ദിവസം നമ്മൾ ചിന്തിച്ചു.
ഹൃദയം ജാഗ്രതയോടെ സൂക്ഷിക്കുന്നതിനുള്ള രണ്ടാമത്തെ സമീപനം ഹൃദയത്തിലെ പാപരോഗങ്ങളെപ്പറ്റിയുള്ള നിഷ്പക്ഷമായ വിലയിരുത്തലാണ്.
എഫെസ്യ സഭാമക്കളുടെ ഹൃദയത്തിലേക്ക് നോക്കി ക്രിസ്തു നടത്തുന്ന പരിഭവം പ്രകടനം വെളിപ്പാടു 2:4 ൽ കാണാം:
'എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം
നിന്നെക്കുറിച്ചു പറവാനുണ്ടു'.
പാപരോഗം ഹൃദയത്തിൽ വേരോടുമ്പോൾ ആദ്യ സ്നേഹം തണുത്തു പോകും.
ആദ്യ സ്നേഹം തണുത്തുപോയ അനുഭവം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ?
ക്രിസ്തീയ ജീവിതം അനുദിനം വളർന്നുകൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ദൈവത്തിനുവേണ്ടി ഒരുക്കപ്പെട്ട ഒരു ഹൃദയം ഒരിക്കലുണ്ടായിരുന്നു. അന്ന് ക്രിസ്തുവിൽ സന്തോഷം കണ്ടെത്തിയിരുന്നു. ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ ഹൃദയം ജ്വലിച്ചു കൊണ്ടിരുന്നു. തിരുവചനം 'റിയൽ പാഷ'നായി മനസ്സിൽ ആവേശം ഉണർത്തിയിരുന്നു. ക്രിസ്തുവിനു വേണ്ടി ത്യാഗങ്ങൾ സഹിക്കുവാനുള്ള സന്നദ്ധത ഉണ്ടായിരുന്നു. ദൈവ ശക്തിയിൽ ആശ്രയിച്ച് പ്രതികൂലതകളെ അധിജീവിച്ചിരുന്നു. ആഴങ്ങളിൽ വേരോടിയ പാപ സ്വഭാവങ്ങളോട് പടവെട്ടി വിശുദ്ധിയിലേക്ക് ചുവടുവെച്ച ആത്മീയ പുരോഗതിയുടെ ഒരു കാലമുണ്ടായിരുന്നു...പക്ഷേ അതൊക്കെ ഇന്ന് മങ്ങിപ്പോയ യാഥാർത്ഥ്യങ്ങളായി തോന്നുന്നുണ്ടോ?
എന്താണ് നിങ്ങൾക്ക് സംഭവിച്ചത്? ക്രിസ്തീയ ജീവിത മുന്നേറ്റത്തിൽ ആരാണ് നിങ്ങളെ തടഞ്ഞത്? നിങ്ങളുടെ ക്രിസ്തീയ പ്രയാണത്തെ തളർത്തിയ മനോഭാരങ്ങൾ എന്തൊക്കെയാണ്? വഴി അടച്ചതും വഴി തടഞ്ഞതും ആരാണ്?
ക്രിസ്തുവിൽ നിന്നുള്ള അകൽച്ച സംഭവിച്ചത് എങ്ങനെയെന്ന് അറിയില്ലെങ്കിൽ, ഉള്ളം ഉള്ളതുപോലെ അറിയുന്ന ദൈവത്തോട് സങ്കീർത്തനക്കാരന്റെ ചോദ്യം നമ്മൾ ചോദിക്കണം :
'ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ. വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.' സങ്കീർത്തനങ്ങൾ 139:23
സ്വർഗീയ വൈദ്യന്റെ സൈക്കിക് ഇവാലുവേഷൻ ഹൃദയത്തിലെ പാപരോഗങ്ങളും രോഗകാരണങ്ങളും വ്യക്തമാക്കിത്തരും. നിത്യതയുടെ മാർഗം അന്വേഷിച്ചു വന്ന ധനികന്റെ മുഖത്ത് നോക്കി നിനക്കൊരു കുറവുണ്ടെന്ന് കർത്താവു പറഞ്ഞു. ഹൃദയത്തിലെ പാപരോഗങ്ങളും വൈകല്യങ്ങളും ചൂണ്ടികാണിക്കുവാൻ കർത്താവിന് ഒരൊറ്റ നോട്ടം മതി .
ദൈവം നല്കുന്ന തിരിച്ചറിവും തിരുവചനം നൽകുന്ന ദർശനവും ഹൃദയ വികാരവിചാരങ്ങളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഉൾക്കാഴ്ച്ച തരും .
ദൈവത്തിൽ നിന്ന് അകറ്റുന്ന ഹൃദയത്തിലെ വിരുദ്ധതകൾ എന്തൊക്കെയാണെന്ന് തിരിച്ചറിഞ്ഞ്, തിരുത്തലുകൾ വരുത്തുവാൻ കൗൺസലറും ഹീലറുമായ പരിശുദ്ധത്മാവ് സഹായിക്കും.
നിന്റെ ഹൃദയത്തെ ജാഗ്രതയോടെ കാത്തുസൂക്‌ഷിക്കുക;ജീവന്റെ ഉറവകള്‍ അതില്‍നിന്നാണൊഴുകുന്നത്.
സദൃ. 4 : 23
ഹൃദയത്തെ ജാഗ്രതയോടെ സൂക്ഷിക്കുന്നതിനുള്ള മൂന്നാമത്തെ സമീപനം പശ്ചാത്താപവും ഏറ്റുപറച്ചിലും ആണ്:
' നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്‌ധീകരിക്കുകയും ചെയ്യും.
1 യോഹന്നാന്‍ 1 : 9
ഇത് ദൈവത്തിന്റെ മാർവലസ് പ്രോമിസ് ആണ്. പക്ഷേ ഈ വാഗ്ദാനം അവകാശമാക്കാൻ പാപക്ഷമയുടെ തമ്പുരാനായ ക്രിസ്തുവിൽ ഹൃദയപൂർവ്വം വിശ്വസിക്കുകയും, പശ്ചാത്തപിച്ച് പാപങ്ങൾ ഏറ്റു പറയുകയും ചെയ്യണം.
ക്രിസ്തുവിലൂടെയുള്ള പാപക്ഷമ, നിത്യ രക്ഷ എന്നിവയെപ്പറ്റി വളരെയധികം പറയുന്നുണ്ടെങ്കിലും അതിന്റെ സന്തോഷം അനുഭവിക്കുന്നവർ വളരെ ചുരുക്കമാണ്. ആസക്തികളിൽ നിന്നും ബന്ധനത്തിൽ നിന്നും ഹൃദയത്തെ അടർത്തി മാറ്റുവാനും, സാത്താനോട് എതിർത്തു നിൽക്കുവാനും, പാപത്തെ വെറുക്കുവാനും, ക്രിസ്തുവിനെ ആത്മാവിലും സത്യത്തിലും സ്നേഹിക്കുവാനും, പാപികളുടെ വഴിയിൽ നിന്ന് പിന്മാറുവാനുമൊക്കെ സഹായകമായ അമിത ബലം നൽകുന്നതാണ് ക്രിസ്തുവിന്റെ പാപപരിഹാര ബലി. പാപക്ഷമ ലഭിക്കുമ്പോൾ പുതിയ കാഴ്ചപ്പാടും പുതിയ പ്രത്യാശയും പരിശുദ്ധാത്മ ചൈതന്യവും ഹൃദയത്തിൽ നിറയും. അപ്പോൾഹൃദയത്തിൽ നിത്യ ജീവന്റെ ഉറവകൾ സജീവമാകും.
സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു-സദൃശ്യവാക്യങ്ങൾ 4:23
ദൈവകൃപയെ തടയുന്ന ഗുരുതര രോഗമാണ് പാപം. ദൈവത്തോട് പാപക്ഷമ യാചിക്കുമ്പോൾ പാപം വരുത്തിയ അനർത്ഥങ്ങളും അസ്വസ്ഥതകളും ദൈവം സൗഖ്യമാക്കും. ഹൃദയശുദ്ധീകരണവും നവീകരണവും നടത്തുവാൻ പര്യാപ്തമായ ക്രിസ്തുവിന്റെ പുണ്യ രക്തം ഹൃദയ ദേവാലയങ്ങളെ നവീകരിക്കും.
'നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്‌ഠന്‍മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്‌ത് അവനുവേണ്ടി പ്രാര്‍ഥിക്കട്ടെ.
വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്‌തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും.'
യാക്കോബ് 5 : 14-15
'സക്കായി എഴുന്നേറ്റു പറഞ്ഞു: കര്‍ത്താവേ, ഇതാ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍, നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു.
യേശു അവനോടു പറഞ്ഞു: ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രാ ഹത്തിന്റെ പുത്രനാണ്.'
ലൂക്കാ 19 : 8-9
ദൈവ സാന്നിധ്യവും ചൈതന്യവും അനുഭവിക്കുവാൻ ബാഹ്യ ക്രിയകൾ മാത്രം പോരാ, ആന്തരീയ വിശുദ്ധീകരണവും വളരെ വളരെ അത്യാവശ്യമാണെന്ന് തിരുവചനം ആവർത്തിച്ച് ഓർമ്മപ്പെടുത്തുന്നുണ്ട് :
'എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച് വിശുദ്‌ധിക്കുവേണ്ടി പരിശ്രമിക്കുവിന്‍. വിശുദ്‌ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല.'
ഹെബ്രായര്‍ 12 : 14
'ഹൃദയശുദ്‌ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും.'
മത്തായി 5 : 8
യേശുക്രിസ്തുവിന്റെ പുണ്യരക്തത്താൽ കഴുകപ്പെടുന്ന ഹൃദയം പരിശുദ്ധാത്മാവിന്റ് കൂടാരവും ജീവജല നദി യുടെ ഉറവയുമായിരിക്കും :
പെരുന്നാളിന്റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റുനിന്നു ശബ്‌ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ.
എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍നിന്ന്, തിരുവചനം പ്രസ്‌താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികള്‍ ഒഴുകും.
അവന്‍ ഇതു പറഞ്ഞതു തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന ആത്‌മാവിനെപ്പറ്റിയാണ്.
യോഹന്നാന്‍ 7 : 37-39
മനുഷ്യന് അസാധ്യമായ ഈ ആന്തരിക വിശുദ്ധീകരണം ദൈവത്തിന് സാധ്യമാണ്.