പാറ്റുന്നതിന്റെ ദൈവശാസ്ത്രം

 

"ശീമോനേ, ശീമോനേ, ഇതാ, നിങ്ങളെ ഗോതമ്പുപോലെ പാറ്റുവാൻ സാത്താൻ അനുവാദം ചോദിച്ചിരിക്കുന്നു. എന്നാൽ നിന്റെ വിശ്വാസം ക്ഷയിച്ചുപോകാതിരിക്കേണ്ടതിന് ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിച്ചിരിക്കുന്നു." (ലൂക്കാ 22:31–32)

സാത്താൻ ദൈവമക്കളെ പാറ്റാൻ ആഗ്രഹിക്കുന്നത് അവരുടെ വിശ്വാസം തകർക്കാനും ദൈവത്തിൽനിന്ന് അകറ്റാനുമാണ്. എന്നാൽ  സാത്താന്റെ അപേക്ഷ ദൈവം അനുവദിക്കുന്നത് നശിപ്പിക്കാനല്ല, മറിച്ച് ശുദ്ധീകരിക്കാനും ശക്തിപ്പെടുത്താനുമാണ്. ഗോതമ്പ് പാറ്റുമ്പോൾ പതിര് വേർപെടുന്നതുപോലെ, പരീക്ഷകൾ നമ്മുടെ ജീവിതത്തിലെ അഹങ്കാരവും സ്വയാശ്രയത്വവും അശുദ്ധിയും നീക്കി ദൈവാശ്രയത്വം വളർത്തുന്നു.
'എന്നാല്‍, എന്റെ വഴി അവിടുന്ന്‌ അറിയുന്നു.
അവിടുന്ന്‌ എന്നെ പരീക്‌ഷിച്ചുകഴിയുമ്പോള്‍ ഞാന്‍ സ്വര്‍ണംപോലെ പ്രകാശിക്കും.'  ഇയ്യോബ്‌ 23 : 10

പത്രോസിന്റെ ജീവിതം അതിന്റെ മികച്ച ഉദാഹരണമാണ്. അവൻ വീണു, പക്ഷേ വിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടില്ല. കാരണം, അവനുവേണ്ടി ക്രിസ്തു പ്രാർത്ഥിച്ചിരുന്നു. പിന്നീട് അവൻ മാനസാന്തരപ്പെട്ട് സഹോദരന്മാരെ ഉറപ്പിക്കുന്ന ശക്തനായ അപ്പൊസ്തലനായി മാറി.

വിശ്വാസിയുടെ ജീവിതത്തിലെ ഓരോ പരീക്ഷയ്ക്കും ദൈവം ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. "നിങ്ങൾക്കു സഹിക്കാവുന്നതിലപ്പുറം പരീക്ഷ വരുവാൻ അവൻ അനുവദിക്കുകയില്ല; പരീക്ഷയോടുകൂടെ അതിനെ സഹിച്ചുകൊള്ളുവാൻ പോംവഴിയും ഉണ്ടാക്കും" (1 കൊരിന്ത്യർ 10:13). അതുകൊണ്ട് പരീക്ഷ ശാപമല്ല; ദൈവകരങ്ങളിൽ  അത് ആത്മീയ വളർച്ചയുടെ ഉപകരണമാണ്.

ഇന്ന് നിങ്ങൾ ജീവിത പരീക്ഷണങ്ങളുടെ  പാറ്റപ്പെടുന്ന അനുഭവങ്ങളിലാണോ?  നിരാശപ്പെടേണ്ട. നിങ്ങളുടെ സാഹചര്യം ക്രിസ്തുവിന് അറിയാം. അവിടുന്ന് ഇന്നും തന്റെ മക്കൾക്കുവേണ്ടി മദ്ധ്യസ്ഥത ചെയ്യുന്നു:

'തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്‌ഷിക്കാന്‍ അവനു കഴിവുണ്ട്‌. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു.' ഹെബ്രായര്‍ 7 : 25

പരീക്ഷ കഴിയുമ്പോൾ വിശ്വാസം കൂടുതൽ ഉറച്ചതും ജീവിതം കൂടുതൽ ഫലപ്രദവുമായിത്തീരും. അതിനാൽ പാറ്റപ്പെടുന്നതിനെ ഭയപ്പെടാതെ, പ്രാർത്ഥനയോടും വിശ്വാസത്തോടും കൂടെ കർത്താവിൽ ആശ്രയിക്കാം. പാറ്റിക്കൊഴിക്കലിന്റെ അവസാനം ദൈവം തന്റെ മഹത്വവും നമ്മുടെ വിശ്വാസത്തിന്റെ യഥാർത്ഥ മൂല്യവും വെളിപ്പെടുത്തുമെന്നാണ് പരീക്ഷണണങ്ങളിലൂടെ ശുദ്ധീകരണം നേടിയ പത്രോസ് അപ്പോസ്തോലന്റെ സാക്ഷ്യം :
'അല്‍പകാലത്തേക്കു വിവിധ പരീക്‌ഷകള്‍ നിമിത്തം നിങ്ങള്‍ക്കു വ്യസനിക്കേണ്ടിവന്നാലും അതില്‍ ആനന്‌ദിക്കുവിന്‍.
കാരണം, അഗ്‌നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്‌ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം. അത്‌ യേശുക്രിസ്‌തുവിന്റെ പ്രത്യാഗമനത്തില്‍ സ്‌തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും ഹേതുവായിരിക്കും.'  1 പത്രോസ് 1 : 6-7

പ്രിയരേ, ഇന്ന് നിങ്ങളുടെ ജീവിതം പാറ്റപ്പെടുന്നതുപോലെ തോന്നുന്നുവെങ്കിൽ ഓർക്കുക—നിങ്ങൾ സാത്താന്റെ കൈകളിലല്ല, ദൈവത്തിന്റെ കൈകളിലാണ്. പരീക്ഷയുടെ അനുമതി ദൈവത്തിൽനിന്നാണ്; അതിന്റെ പരിധിയും ദൈവം തന്നെ നിശ്ചയിച്ചിരിക്കുന്നു. ശത്രു നിങ്ങളുടെ വിശ്വാസം തകർക്കാൻ ശ്രമിക്കുമ്പോൾ, ക്രിസ്തു നിങ്ങളുടെ വിശ്വാസം നിലനിൽക്കാൻ മദ്ധ്യസ്ഥത ചെയ്തുകൊണ്ടിരിക്കുകയാണ്. 

ഒരുപക്ഷേ ഇന്ന് നിങ്ങൾക്ക് ഉത്തരങ്ങളേക്കാൾ കണ്ണുനീർ കൂടുതലായിരിക്കാം. എന്നാൽ ഓരോ കണ്ണുനീരും ദൈവം കാണുന്നു; ഓരോ നെടുവീർപ്പും അവിടുന്ന് കേൾക്കുന്നു. ഇന്ന് മനസ്സിലാകാത്തതെല്ലാം നാളെ സാക്ഷ്യമായി മാറും. പാറ്റൽ അവസാനിക്കുമ്പോൾ, നിങ്ങളുടെ വിശ്വാസം കൂടുതൽ നിർമലവും ഹൃദയം കൂടുതൽ വിനീതവും ദൈവവുമായുള്ള ബന്ധം കൂടുതൽ ആഴമുള്ളതുമായിരിക്കും.

 അതിനാൽ ധൈര്യം കൈവിടരുത്. നിങ്ങളോടൊപ്പം നടക്കുകയും നിങ്ങളെ താങ്ങുകയും അവസാനം വിജയത്തിലേക്ക് നയിക്കുകയും ചെയ്യുന്ന നമ്മുടെ  കർത്താവ് വിശ്വസ്തനാണ്. 
"നിങ്ങളിൽ നല്ല പ്രവൃത്തി ആരംഭിച്ചവൻ അതിനെ യേശുക്രിസ്തുവിന്റെ നാൾവരെ തികയ്ക്കും" (ഫിലിപ്പിയർ 1:6)

-ഫാ. ഡോ. ഏ. പി. ജോർജ്