ഫിലിപ്പോച്ചൻ കണ്ണുനീരിൽ കുതിർന്ന തന്റെ ദുരന്ത കഥ പറഞ്ഞു:
' എന്റെ അഞ്ചുവയസ്സുള്ള മകൾ മരിച്ചു. അവൾ ഞങ്ങളുടെ ആത്മാവും ജീവനും ആയിരുന്നു. ഞാനും ഭാര്യയും ആ ദുഃഖത്തിൽ നിന്ന് കരകയറില്ലെന്നാണ് കരുതിയത്. പക്ഷേ ഒരു വർഷത്തിനുശേഷം ദൈവം മറ്റൊരു പെൺകുഞ്ഞിനെ തന്നു. അവളും ഒരു മാസം മുമ്പ് ഞങ്ങളെ വിട്ടു പിരിഞ്ഞു... ആകെ തകർന്നുപോയി. പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. എന്റെ സമനില തെറ്റിപ്പോകുന്നതുപോലെ തോന്നുന്നു. ദുഃഖ ചുഴിയിൽ മുങ്ങിപ്പോയ ഞങ്ങളെ കൈപിടിച്ചുയർത്തുവാൻ വീട്ടുകാരും കൂട്ടുകാരും വളരെ ശ്രമിക്കുന്നുണ്ട്. പക്ഷേ മനസ്സ് തളർന്നുപോകുന്നു. പക്ഷെ പഴയ ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയുന്നില്ല.'
ഫിലിപ്പോച്ചന്റെ നെഞ്ചിലേറ്റ ദുരന്തത്തിന്റെ മുറിവുകൾ പെട്ടെന്ന് ഉണങ്ങില്ല. കണ്ണുനീർ തോരുവാൻ ഇനിയും സമയമെടുക്കും. അതുവരെ കയ്യും കെട്ടിയിരുന്ന് കരഞ്ഞിട്ട് കാര്യമില്ല.
'പിന്നെ ? '
'എന്തെങ്കിലുമൊക്കെ ചെയ്ത് തുടങ്ങണം.'
'ഒന്നും ചെയ്യാൻ തോന്നുന്നില്ല...'
' ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞുകൂടാ. കരയുന്നില്ലേ?
ചിന്തിച്ച് ചിന്തിച്ച് കത്തിയെരിയുന്നില്ലേ? നിരാശപ്പെടുന്നില്ലേ? വെറുതെയിരുന്ന് ചെയ്യുന്ന കാര്യങ്ങളാണ് ഇതൊക്കെ. ദുരന്താ സംഭവങ്ങളുടെ സ്മരണകൾ മനസ്സിൽ ചിതയായി കത്തിയെരിയുമ്പോൾ നമുക്ക് സമാധാനവും ശാന്തിയും ഉണ്ടാവില്ല.
ഫിലിപ്പോച്ചാ, മക്കൾക്ക് അസുഖം വരുമ്പോഴും അവരെ ദൈവം വിളിച്ചുകൊണ്ടുപോകുമ്പോഴും വലിയ വിഷമം തോന്നുക സ്വാഭാവികമാണ്. ദൈവം വളർത്തുവാൻ ഏൽപ്പിക്കുന്ന മക്കളുടെ മേൽ നമുക്ക് ഇത്രയൊക്കെയേ അധികാര അവകാശങ്ങളുള്ളൂ. മക്കളെ നമ്മുടെ കയ്യിൽ തന്ന ദൈവമല്ലേ വിളിച്ചുകൊണ്ടുപോയിരിക്കുന്നത്? സ്വർഗ്ഗസ്ഥ പിതാവിന്റെ വീട്ടിൽ അവർ സുരക്ഷിതരാണ്. അവരെ ഓർത്ത് ദുഃഖിച്ചുകൊണ്ടിരുന്നിട്ട് അവർക്കും നമുക്കും പ്രയോജനമില്ല. ജീവിതം മുഴുവൻ ദുരന്തപൂർണ്ണമാകും. ദൈവം നമുക്കുവേണ്ടി എഴുതിയിട്ടുള്ള ജീവിത തിരക്കഥ ഇനിയും ബാക്കി കിടക്കുകയാണ്. അത് ജീവിച്ചു തീർക്കാൻ പരിശ്രമിക്കണം.
ഫിലിപ്പോച്ചാ, ഞാൻ അല്പം ചരിത്രം പറയുകയാണ്. യുദ്ധകാലത്ത് വിൻസ്റ്റൻ ചർച്ചിൽ ദിവസവും 18 മണിക്കൂർ ജോലി ചെയ്യുമായിരുന്നു. 'ഭാരിച്ച ചുമതലയും കഠിനാധ്വാനവും അസ്വസ്ഥത ഉണ്ടാക്കുന്നില്ലേ' എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ 'തിരക്കാണ് അസ്വസ്ഥത തോന്നാൻ സമയമില്ല' എന്നായിരുന്നു മറുപടി.
ഫിലിപ്പോച്ചാ, മരിച്ചവർ ആരും മടങ്ങി വരില്ല. നമ്മൾ അവരുടെ അടുത്തേക്ക് പോകണം. അതുവരെ നമ്മൾ നമ്മുടെ നിയോഗങ്ങളിൽ വ്യാപൃതരാകുവാനാണ് ദൈവം ആഗ്രഹിക്കുന്നത്. വീട്ടിൽ ചെന്ന് മകനെയും കൂട്ടി നടക്കുവാൻ പോവുക, അലങ്കോലപ്പെട്ടു കിടക്കുന്ന മുറികൾ അടക്കി പൊറുക്കുക, ഓഫീസിൽ പോയി ജോലി തുടരുക, ഭാര്യയെ അടുക്കളയിൽ സഹായിക്കുക... ചെല്ല് ഫിലിപ്പോച്ചാ, ചെല്ല്.
'എന്റെ മനസ്സ് തകർന്നിരിക്കുകയാണ്. ഒന്നും ചെയ്യാൻ തോന്നുന്നില്ല. എനിക്ക് എന്തെങ്കിലും ചികിത്സയാണ് ഇപ്പോൾ ആവശ്യം'
ഫിലിപ്പോച്ചാ, അതിനുള്ള ചികിത്സയാണ് ഞാൻ പറഞ്ഞു തന്നത്. എന്തെങ്കിലും ജോലിയിൽ ഏർപ്പെടുമ്പോൾ മനസ്സിന് മാറ്റം ഉണ്ടാകും. സ്‌ട്രെസ് ഹോർമോണിനു പകരം എൻഡോർഫിൻ പോലുള്ള 'പ്ലസന്റ് ഹോർമോണുകൾ' ശരീരം ചുരത്തും. അപ്പോൾ വൈകാരിക സന്തുലിതാവസ്ഥയും ഹൃദ്യമായ മാനസികാവസ്ഥയും ഉണ്ടാകും.
ജോലിയിൽ ശ്രദ്ധിക്കുമ്പോൾ ആവലാതി ചിന്തകൾ അകന്നുപോകും. ഫിലിപ്പോച്ചന് ഇപ്പോൾ വേണ്ടത് ഓക്കുപ്പേഷണൽ തെറാപ്പിയാണ്. ചലോ ഭായ്, ചലോ!
'ജോലി ചെയ്താൽ ഇതൊക്കെ മറക്കുവാൻ പറ്റുമെന്നാണോ?'
തീർച്ചയായും സാധിക്കും. ജോലിയിൽ ഏർപ്പെടുമ്പോൾ, ട്രാക്ക് തെറ്റി ഓടുന്ന മനസ്സെന്ന വണ്ടി വീണ്ടും ജീവിത പാതയിലൂടെ ഓടിത്തുടങ്ങും. ജോലിയുമായി ബന്ധപ്പെട്ട പല ചിന്തകളും മനസ്സിലേക്ക് കടന്നു വരും. പ്രാർത്ഥന, ധ്യാനം, വായന, പ്രിയപ്പെട്ടവരുമായി മനസ്സ് പങ്കുവെക്കൽ തുടങ്ങിയവ സൗഖ്യദായക അനുഭവങ്ങളാണ്. അതിനാണ് 'art of forgetting the unpleasant' എന്ന് പറയുന്നത്. നിത്യ ദുഃഖത്തിന്റെ തടവിൽ ജീവിക്കുന്നവരുടെത് നിഷ്ക്രിയ ജീവിതമായിരിക്കും.
'പക്ഷേ രാത്രിയിൽ ഉറങ്ങാൻ പറ്റണ്ടേ ?'
അതിനും മരുന്നുണ്ട്. ഇപ്പോഴത്തെ ഓഫീസ് ജോലി എട്ടുമണിക്കൂർ ആണല്ലോ. അതുകൂടാതെ മറ്റൊരു എട്ടു മണിക്കൂറും കൂടി ജോലി ചെയ്യണം -ഓവർടൈമോ, കൃഷിയോ, സാമൂഹ്യ സേവനമോ ഒക്കെയായി രാത്രി പതിനൊന്നര വരെ ജോലി ചെയ്യണം. പിന്നെ വീട്ടിൽ വന്ന് ശാപ്പാടും കഴിച്ച്, ഒരു ഗ്ലാസ് പാലും കുടിച്ച് ബെഡ്ഢിലേക്ക് വീഴുക. പെട്ടെന്ന് ഉറങ്ങും. ഉറക്കഗുളികയുടെ ആവശ്യം വരില്ല.
കഴിഞ്ഞ സംഭവങ്ങളെക്കുറിച്ച് ഓർക്കാനും കരയുവാനും ധാരാളം സമയമുള്ളതാണ് ഫിലിപ്പോച്ചന്റെ ഇപ്പോഴത്തെ പ്രശ്നം. നിഷേധ- ദുരന്ത ചിന്തകൾക്കായി മനസ്സിന്റെ വാതിൽ തുറന്നു കൊടുത്താൽ മനസ്സ് ദുഃഖ മേഘാവൃതമാകും. കർമ്മനിരതനായി ജീവിതപാതയിൽ ആക്ടീവ് ആകുമ്പോൾ രണ്ടുമൂന്ന് ആഴ്ച കൊണ്ട് ഫിലിപ്പോച്ചൻ ആകെ മാറും. വീട്ടിലെ വൈകാരിക അന്തരീക്ഷവും മാറും.
നഷ്ടബോധത്തിന്റെ ഭിന്നസംഖ്യകൾ കൂട്ടിക്കുറച്ച് ജീവിതം പാഴാക്കുന്ന ഫിലിപ്പോച്ചന്മാരെ, ചാർജ്ജാകു.
-ഫാ. ഡോ. ഏ. പി. ജോർജ്