സമയം പരിമിതമാണ്

'യോഹന്നാന്റെ ശിഷ്യര്‍ ചെന്നു അവന്റെ മൃതശരീരമെടുത്തു സംസ്‌കരിച്ചു. അനന്തരം, അവര്‍ യേശുവിനെ വിവരമറിയിച്ചു.'
മത്തായി 14 : 10-12

സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ വച്ച് ഏറ്റവും വലിയവനെന്നു യേശു സംബോധന ചെയ്ത യോഹന്നാന്റെ  ദാരുണ അന്ത്യം  സ്വര്‍ഗ്ഗത്തിലുള്ള ദൈവമോ, ഭൂമിയിലുണ്ടായിരുന്ന യേശുകര്‍ത്താവോ തടഞ്ഞില്ല. 

 ക്രിസ്തുവിനു വഴിയൊരുക്കുവാനും  കഷ്ടം അനുഭവിക്കുവാനും മരിക്കുവാനുമുള്ള  മഹാഭാഗ്യം യോഹന്നാന് ലഭിച്ചു.  തന്റെ ശുശ്രൂഷ അവസാനിച്ചപ്പോൾ മടക്കയാത്രക്കുള്ള വഴിയൊരുങ്ങി.

ദൈവത്തിന്റെ  വഴികൾ പലപ്പോഴും നിഗൂഢങ്ങളാണ്. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: 'എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ.' ഏശയ്യാ 55 : 8-9

 ദൈവം നിശ്ചയിച്ച നമ്മുടെ  നിയോഗവും ശുശ്രുഷയും അവസാനിക്കുമ്പോൾ മടക്കയാത്രക്കുള്ള വിളിവരും. മെഡിക്കൽ സയൻസിനും ഔദ്യോഗിക സ്ഥാനമാനങ്ങൾക്കും സമ്പത്തിനും ദൈവമയക്കുന്ന മരണദൂതനെ തടഞ്ഞു നിർത്താനാവില്ല.
മടക്കയാത്രക്കുള്ള വിളി വിളിപ്പാടകലെയാണ്. നിയോഗങ്ങൾ പൂർത്തിയാക്കാനും നിത്യതക്കുവേണ്ടി ഒരുങ്ങുവാനും അനുവദിച്ചിരിക്കുന്ന സമയം വളരെ പരിമിതമാണ്, വിലപ്പെട്ടതാണ്. തക്കത്തിൽ ഉപയോഗിക്കണം.

എല്ലാറ്റിനും ഒരു സമയമുണ്ട്‌. ആകാശത്തിന്‍കീഴുള്ള സമസ്‌തകാര്യത്തിനും ഒരവ സരമുണ്ട്‌.
ജനിക്കാന്‍ ഒരു കാലം, മരിക്കാനൊരു കാലം, നടാനൊരു കാലം, നട്ടതു പറിക്കാന്‍ ഒരു കാലം.
സഭാപ്രസംഗി 3 : 1-2
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ