ആത്മീയ മേഖല ശബ്ദമുഖരിതമാണ്. അപേക്ഷകൾ, പരാതികൾ, പരിഭവങ്ങൾ, ആൾക്കൂട്ട ബഹളങ്ങൾ... അങ്ങനെ ആത്മീയ മേഖല എപ്പോഴും ശബ്ദായമാനമാണ്. സ്വർഗ്ഗസ്ഥ പിതാവിന്റെ മുമ്പിൽ എത്തുന്ന മക്കളെല്ലാം അസ്വസ്ഥരാണ്. സന്തോഷവും സംതൃപ്തിയുമുള്ള മുഖങ്ങൾ വളരെ വളരെ കുറവാണ്.
ആവശ്യങ്ങളും അത്യാവശ്യങ്ങളും സ്വർഗ്ഗസ്ഥ പിതാവിനോട് പറയുന്നതിന്റെ തിരക്കിൽ, അപ്പനെന്താണ് പറയാനുള്ളതെന്ന് കേൾക്കുവാൻ മക്കൾക്ക് ക്ഷമയുണ്ടാകാറില്ല.
മരുഭൂമിയിലും ഗുഹകളിലും വിജനതയിലും ധ്യാന നിരതരായിരുന്ന്, ദൈവത്തിന്റെ അരുളപ്പാടുകൾ കേട്ടിരുന്ന പ്രവാചകന്മാരെയും സമർപ്പിത പിതാക്കന്മാരെയും ബൈബിളിലും സഭാ ചരിത്രത്തിലും കാണാം. മോർ അപ്രേമും കർത്താവിൽ പ്രിയനായ ശമവുൻ ദസ്തുനിയെയും പോലുള്ള ധന്യരായ മിസ്റ്റിക് പിതാക്കന്മാർ ഇതിന്റെ ഉദാഹരണങ്ങളാണ്.
പഞ്ചേന്ദ്രിയങ്ങളുടെ വാതിലുകൾ അടച്ച്, ദൈവ ദർശനത്തിനും അരുളപ്പാടിനുമായി അവർ ഏകാന്തതയിൽ വേറിട്ടു കാത്തിരുന്നു. ഈ ഹൈടെക് യുഗത്തിൽ ദൈവത്തോട് ചേർന്നിരിക്കുവാനും ദൈവത്തിൽ നിന്ന് കേൾക്കുവാനും തിരുവചനം ധ്യാനിക്കുവാനും സമയം നീക്കിവെക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ്.
1 ശമൂവേൽ
3:8 യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യം വിളിച്ചു. അവൻ എഴുന്നേറ്റു ഏലിയുടെ അടുക്കൽ ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവയായിരുന്നു ബാലനെ വിളിച്ചതു എന്നു ഏലിക്കു മനസ്സിലായി.
3:9 ഏലി ശമൂവേലിനോടു: പോയി കിടന്നുകൊൾക; ഇനിയും നിന്നെ വിളിച്ചാൽ: യഹോവേ, അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു കൊള്ളേണം എന്നു പറഞ്ഞു. അങ്ങനെ ശമൂവേൽ തന്റെ സ്ഥലത്തു ചെന്നുകിടന്നു.
3:10 അപ്പോൾ യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിന്നു ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു.
സാമുവൽ ബാലനെപ്പോലെ, 'അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു' എന്നു പറഞ്ഞു ദൈവഹിതം അറിയുവാൻ നമ്മളും ക്ഷമയോടെ കാത്തിരിക്കുമെങ്കിൽ, ദൈവം സംസാരിച്ചു തുടങ്ങും.
ദൈവമേ, അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു!
പ്രിയ മക്കളെ, ഓരോ ദിവസവും സന്തോഷത്തോടെ ജീവിക്കുവാൻ സഹായിക്കുന്ന രണ്ട് കാര്യങ്ങളുണ്ട്. അത് ട്രസ്റ്റും നന്ദിയും ആണ്.
ആകുലതയും അഭിനിവേശവും അകറ്റുവാൻ എന്നിലുള്ള പൂർണ്ണ വിശ്വാസം-ട്രസ്റ്റ് - നിങ്ങളെ സഹായിക്കും. പരാതിയും പരിഭവങ്ങളും വിമർശനങ്ങളും ഒഴിവാക്കാൻ നന്ദിയുള്ള ഹൃദയമുണ്ടാകണം. ഹൃദയത്തിൽ ട്രസ്റ്റും നന്ദിയുമില്ലെങ്കിൽ സമാധാനം ഉണ്ടാവില്ല. സമാധാനത്തിന്റെ ശത്രുക്കൾ ആദ്യം മനസ്സിൽ നിന്ന് എടുത്തുമാറ്റുന്നത് ഇത് രണ്ടുമാണ്.
സ്വന്തം കഴിവിലും നേട്ടത്തിലും മാത്രമുള്ള ആശ്രയം ആകുലതകളും വ്യാകുലതകളും വർദ്ധിപ്പിച്ചു കൊണ്ടിരിക്കും.
ഹൃദയം എന്നിൽ ഉറപ്പിക്കുന്നതാണ് യഥാർത്ഥ വിശ്വാസം. പ്രാർത്ഥിക്കുമ്പോൾ മാത്രമല്ല, ഓരോ നിമിഷവും, ജീവിത പ്രതിസന്ധികളിലും വെല്ലുവിളികളിലുമൊക്കെ എന്നിൽ ശ്രദ്ധ വയ്ക്കണം. എന്നിൽ കൂടുതൽ കൂടുതൽ ശ്രദ്ധിക്കുന്തോറും വിശ്വാസത്തിന്റെ സുസ്ഥിരമായ ഒരു 'തോട്ട് പാറ്റേൺ' ക്രമേണ മനസ്സിൽ രൂപപ്പെടും . അത് നിഷേധ ചിന്തകളെയും വികാരങ്ങളെയും ദുർബ്ബലമാക്കാൻ സഹായിക്കും. ഞാൻ മനസ്സിന്റെ കേന്ദ്ര സ്ഥാനത്താകുമ്പോൾ പ്രശ്നങ്ങൾ നിസ്സാരവും അപ്രസക്തവുമാകും.
എന്റെ പ്രിയ മക്കൾ പൂർണ്ണമായി എന്നിൽ വിശ്വസിക്കുകയും മനസ്സുറപ്പിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ പ്രതിസന്ധികൾക്ക് പരിഹാരം കാണേണ്ടത് എന്റെ ഉത്തരവാദിത്വം ആവുകയാണ്. ഭാരങ്ങളും പ്രയാസങ്ങളും ചുമന്ന് നിങ്ങൾ എന്റെ അടുക്കൽ വരുമ്പോൾ പ്രശ്നങ്ങളെ മാത്രമല്ല, നിങ്ങളെയും ഞാൻ എന്റെ കരങ്ങളിൽ വഹിക്കും.
യെശയ്യാ 26:3 സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു.
സങ്കീർത്തനങ്ങൾ 31:14 എങ്കിലും യഹോവേ, ഞാൻ നിന്നിൽ ആശ്രയിച്ചു; നീ എന്റെ ദൈവം എന്നു ഞാൻ പറഞ്ഞു.
കൊലൊസ്സ്യർ
2:6 ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ;
2:7 അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.
സങ്കീർത്തനങ്ങൾ 141:8 കർത്താവായ യഹോവേ, എന്റെ കണ്ണു നിങ്കലേക്കു ആകുന്നു; ഞാൻ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ തൂകിക്കളയരുതേ.
1 പത്രൊസ് 5:7 അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.
യോഹന്നാൻ 15:4 എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല.
ദൈവമേ, അവിടുത്തെ തിരുവിഷ്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഞങ്ങളെ ദൈനംദിനം അറിയിക്കേണമേ.
അവിടുന്ന് ദയവായി കൽപ്പിച്ചാലും, കേൾക്കാൻ ചെവിയുള്ളവരായി, ഹൃദയ കണ്ണുകൾ തുറന്ന് നിന്റെ മക്കളായ ഞങ്ങൾ കാത്തിരിക്കുന്നു.
ശുഭദിനാശംസകളോടെ,
ഏ. പി. ജോർജച്ചൻ