നമ്മുടെ പ്രാർത്ഥനയിലെ സാധാരണ അജണ്ടകളിൽ നിന്നും തികച്ചും വ്യത്യസ്തമായ വ്യത്യസ്തമായ ഒരാവശ്യത്തിനുവേണ്ടി പ്രാർത്ഥിക്കുവാൻ ക്രിസ്തു ആവശ്യപ്പെടുന്നുണ്ട് : 'നിങ്ങളെ ദ്രോഹിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക.' മത്തായി 5:44
എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പ്രാർത്ഥന നമ്മിൽനിന്ന് കർത്താവ് ആവശ്യപ്പെട്ടത്?
ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് കൊണ്ട് എന്താണ് പ്രയോജനം?
മനസ്സിനും ശരീരത്തിനും മുറിവേൽപ്പിച്ച ശത്രുവിനു വേണ്ടി ആത്മാർത്ഥതയോടെ നമുക്ക് പ്രാർത്ഥിക്കാൻ കഴിയുമോ?
ക്രിസ്തുവിനെ പോലുള്ള ദൈവ മനുഷ്യന് സാധിക്കുന്ന കാര്യങ്ങൾ സാധാരണക്കാരായ നമ്മോട് ചെയ്യുവാൻ പറയുന്നതിന്റെ യുക്തി എന്താണ് ?
നിങ്ങളെ കഠിനമായി ദ്രോഹിക്കുമ്പോഴും നിങ്ങൾ കൈയും കെട്ടി നിന്ന് പ്രാർത്ഥിക്കുകയാണെന്ന് അറിഞ്ഞാൽ, എന്തും ചെയ്യാൻ മടിക്കാത്ത ശത്രു നിങ്ങളെ പരിഹസിക്കില്ലേ?
അനുസരിക്കുവാൻ വളരെ ബുദ്ധിമുട്ടുള്ള ഈ കാര്യം കർത്താവ് പറഞ്ഞത് എന്തുകൊണ്ടാണെന്ന് നമുക്ക് ചിന്തിച്ചേ പറ്റൂ.
പരോപകാരിയും മാന്യനുമായ ഒരു വ്യവസായ പ്രമുഖനെ കുറെ സാമൂഹ്യവിരുദ്ധർ വെടിവെച്ചു കൊന്നു. അതോടെ അദ്ദേഹത്തിന്റെ കുടുംബം തകർന്നു. ഭാര്യ ഒറ്റപ്പെട്ടു, മക്കൾക്ക് സ്നേഹനിധിയായ പിതാവ് നഷ്ടപ്പെട്ടു. വൃദ്ധരായ മാതാപിതാക്കൾ കണ്ണുനീരിലായി. മക്കൾ രാത്രികളിൽ ദുസ്വപ്നങ്ങൾ കണ്ട് ഞെട്ടി ഉണർന്ന് കരയുന്നത് നിത്യസംഭവമായി.
വിധവയായ അമ്മ മക്കളെ ഉപദേശിച്ചു : ദിവസവും ഉറങ്ങുന്നതിനു മുമ്പ് നിങ്ങളുടെ പിതാവിന്റെ കൊലയാളികൾക്കു വേണ്ടി പ്രാർത്ഥിക്കണം.
അതുകേട്ട് ആത്മരോക്ഷത്തോടെ മക്കൾ ചോദിച്ചു: അമ്മ എന്താണീ പറയുന്നത്? ഞങ്ങളുടെ പിതാവിന്റെ ഘാതകര്‍ക്ക് വേണ്ടി പ്രാർത്ഥിക്കുകയോ? അവരോട് പ്രതികാരം ചെയ്യുവാൻ കഴിയാത്തതിന്റെ വിഷമമാണ് ഞങ്ങളുടെ മനസ്സിൽ. പിന്നെ എങ്ങനെയാണ് പ്രാർത്ഥിക്കുന്നത്?
അമ്മ പറഞ്ഞു : മക്കളെ, ആ പ്രതികാര ചിന്തകളും നിഷേധ വികാരങ്ങളും ആണ് ദുസ്വപ്നങ്ങളായി നിങ്ങളെ ശല്യപ്പെടുത്തുന്നത്. അവർ ക്രിസ്തുവിനെ അറിയാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്. ക്രിസ്തുവിന്റെ സ്നേഹം രുചിച്ചറിഞ്ഞ നമുക്ക് പ്രതികാര ചിന്ത പാടില്ല മക്കളെ. അവർ ക്രിസ്തുവിനെ അറിയുവാനും മാനസാന്തരപ്പെടുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നാണ് കർത്താവ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്.
പിതാവിന്റെ കൊലയാളികൾക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ മക്കൾക്ക് ദുസ്വപ്നങ്ങളില്ലാത്ത രാത്രിയും ഉറക്കവും മനശ്ശാന്തിയും തിരിച്ചു കിട്ടി.
നമ്മുടെ മനസ്സിന്റെ മറനീക്കുമ്പോൾ അതിൽ അനേകം മുറിവുകൾ നമുക്ക് കാണുവാൻ കഴിയും. വിമർശനം, ചതി, കുറ്റപ്പെടുത്തൽ, ശാരീരിക പീഡനം, ലൈംഗിക ചൂഷണം, അവഗണന... അങ്ങനെ ശത്രുക്കൾ ഏൽപ്പിച്ച മുറിവുകൾ അനവധിയാണ്. മാതാപിതാക്കളും ജീവിതപങ്കാളിയും മക്കളും സഹപ്രവർത്തകരും ശത്രുക്കളും നിഷ്ക്കരുണം കുത്തി മുറിവേൽപ്പിച്ച ഉണങ്ങാത്ത മുറിവുകളാണ് അതെല്ലാം.
ഓരോ മുറിവിന്റെ പിന്നിലും സഹനത്തിന്റെ നീണ്ട കഥകളുണ്ട്. ആന്തരിക സൗഖ്യവും സമാധാനവും ലഭിക്കുവാൻ മുറിവുകളേൽപ്പിച്ചവർക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം. മനസ്സിലെ പ്രതികാരചിന്തകളും വെല്ലുവിളികളും വീർപ്പുമുട്ടലുകളും ലഘൂകരിക്കുവാൻ സഹായിക്കുന്ന അത്ഭുത മനശാസ്ത്ര ചികിത്സയാണ്, ശത്രുക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥന.
കടക്കാരോട് ക്ഷമിക്കുന്നതിന്റെ ആദ്യഘട്ടമാണ് അവർക്ക് വേണ്ടിയുള്ള പ്രാർത്ഥന. കോടതിക്കും കൗൺസിലന്മാർക്കും സാധിക്കാത്ത വിസ്മയ പ്രശ്നപരിഹാരമാണ് ഇതുവഴി പരിശുദ്ധാത്മാവ് നടത്തിത്തരുന്നത്.
ശത്രുസംഹാരത്തിനു വേണ്ടി വഴിപാടും ആഭിചാരക്രിയകളും നടത്തുന്നവർ, കർത്താവ് ഉപദേശിച്ച വഴി തീർച്ചയായും പരീക്ഷിച്ചു നോക്കേണ്ടതാണ്. നിങ്ങളെ ദ്രോഹിക്കുന്നവർ, പേരിന്റെ പേരിൽ ക്രിസ്ത്യാനികൾ ആണെങ്കിലും, ആത്മീയ അഭിനയങ്ങളും അഭ്യാസങ്ങളും ഒക്കെ അവർക്കുണ്ടെങ്കിലും, അവർ ക്രിസ്തുവിനെ അറിയേണ്ടതുപോലെ അറിയാത്തവരാണ് എന്ന സത്യം മറക്കരുത്. പേരും പെരുമയും ഇടവക മെമ്പർഷിപ്പും ആത്മീയ പ്രകടനങ്ങളും ഉള്ള പലരും സമൂഹത്തെ ചൂഷണം ചെയ്യുന്നവരും അയൽക്കാരെ മുറിവേൽപ്പിക്കുന്നവരും കടക്കാർക്ക് മാപ്പുകടക്കാർക്ക് മാപ്പു കൊടുക്കാത്തവരും ആണ്. ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിച്ച ക്രിസ്തുവിനെ അടുത്തറിയാത്തതാണ് ഇവരുടെ പ്രശ്നം.
നിങ്ങൾ പ്രതികാരം ചെയ്താലൊന്നും ഇവർ നന്നാവില്ല. വ്യവസ്ഥിതിയും ഗവൺമെന്റും മാറിയിട്ടും പ്രയോജനമില്ല. സ്നേഹസ്വരൂപനായ ക്രിസ്തുവിന്റെ ശക്തമായ സ്വാധീനം കൊണ്ടു മാത്രമേ ഇവരിൽ പരിവർത്തനം ഉണ്ടാവുകയുള്ളൂ.
സ്വന്തം ആത്മ പരിവർത്തനത്തിനു വേണ്ടി ഇവർ പ്രാർത്ഥിക്കില്ല. അതുകൊണ്ടാണ് അവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കണമെന്ന് കർത്താവ് പറഞ്ഞത്.
ക്രൂശിൽ ശത്രുക്കൾക്ക് വേണ്ടി നമ്മുടെ കർത്താവ് ഈ പ്രാർത്ഥന ചൊല്ലി. കല്ലേറുകൾ ഏൽക്കുമ്പോഴും സ്തേഫാനോസ് ഈ പ്രാർത്ഥന ഏറ്റു ചൊല്ലി.
ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിക്കുമെന്ന്, ആവർത്തിച്ചു ചൊല്ലുന്ന കർതൃ പ്രാർഥനയിൽ നമ്മളും കാർത്താവിന് ഉറപ്പ് കൊടുക്കുന്നു. എന്നിട്ടോ?
വളരെ കഷ്ടപ്പെട്ട്, പക്ഷവാത രോഗിയെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കർത്താവിന്റെ അടുക്കൽ കൊണ്ട് ചെന്നപ്പോൾ, അവരുടെ വിശ്വാസം കണ്ട് സൗഖ്യമാക്കി. നമ്മെ മുറിവേൽപ്പിച്ചവരെ പ്രാർത്ഥനയിലൂടെ കർത്താവിന്റെ മുൻപിൽ നമ്മൾ സമർപ്പിക്കുമ്പോൾ, കർത്താവ് അവരെ സുഖമാക്കും. അവരിൽ അത്ഭുതകരമായ രൂപാന്തരമുണ്ടാകും.
നമ്മുടെ കർത്താവിന് കഴിയാത്ത യാതൊരു കാര്യവുമില്ല.
ലോകമഹായുദ്ധങ്ങളിലൂടെ ചോരപ്പുഴ ഒഴുക്കിയ നികൃഷ്ട ചരിത്രത്തിന്റെ താളുകളിൽ സ്വന്തം ജീവരക്തത്തിൽ മുക്കി പുതിയൊരു ജീവിത സമീപനം ക്രിസ്തു എഴുതിച്ചേർത്തു: 'ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കുക'
നമ്മൾ ഈ പ്രാർത്ഥനയുടെ വഴിയെ നടന്നാൽ ദൈവം അത്ഭുതം പ്രവർത്തിക്കുന്നത് കാണുവാൻ കഴിയും.
-ഫാ. ഡോ. ഏ. പി. ജോർജ്