വിശ്വസിക്കുക, മടുത്തുപോകാതെ

 

യേശുവിൽ നിന്ന് പ്രശംസ നേടിയ അനേകർ സുവിശേഷത്തിൽ ഉണ്ട്. അതിൽ ഒരാളാണ് കനാന്യസ്ത്രീ.  'സ്ത്രീയെ നിന്റെ വിശ്വാസം വലിയത്' എന്ന അമൂല്യ അംഗീകാരമായിരുന്നു  വിശ്വാസത്തിന്റെ നായകനായ ക്രിസ്തുവിൽ നിന്ന് അവൾക്ക് ലഭിച്ചത്.

ഒരു കനാന്യസ്ത്രീക്ക്‌ ഇങ്ങനെയൊരു പദവി ലഭിക്കാനുള്ള പ്രധാന കാരണം അവളുടെ അചഞ്ചല വിശ്വാസവും പ്രത്യാശയും ക്രിസ്തുവിലുള്ള ആശ്രയ മനോഭാവവും ഒക്കെയാണ്.
ഈ അമ്മയുടെ ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസത്തിൽ നിന്ന് നമുക്ക് പഠിക്കുവാനുള്ള പാഠങ്ങൾ പലതാണ് :

മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഒരു അമ്മയായിരുന്നു അവൾ.  മകൾക്ക് ഭൂതോപദ്രവം കഠിനം ആയിരിക്കുന്നു എന്ന് നിലവിളിച്ച് യേശുവിനോട് പറഞ്ഞു.

മക്കളുടെ സ്വഭാവത്തിലെ മുൻകോപം, സ്വാർത്ഥത, അഹങ്കാരം, ലഹരി, വൈകൃതങ്ങൾ തുടങ്ങിയ ബാധകൾ നീങ്ങുവാൻ അവരുമായി പടവെട്ടുന്നതിനു പകരം വിമോചകനായ ക്രിസ്തുവിന്റെ അടുക്കൽ മാതാപിതാക്കൾ അവരെ സമർപ്പിച്ച്‌ മടുത്തു പോകാതെ മുട്ടിപ്പായി അപേക്ഷിക്കണം.

സ്വയ കേന്ദ്രീകൃതമായ 'ഈഗോസെൻട്രിക് ' പ്രാർത്ഥനയേക്കാൾ ദൈവം ഇഷ്ടപ്പെടുന്നത് ഈ അമ്മയുടേത് പോലുള്ള മറ്റുള്ളവർക്ക് വേണ്ടിയുള്ള അപേക്ഷകളാണ്.  തന്റെ മകനോടുള്ള മേരി മാതാവിന്റെ  ആദ്യത്തെ പ്രാർത്ഥന കാനാവിലെ കല്യാണ വീട്ടുകാർക്ക് വേണ്ടിയായിരുന്നുല്ലോ.

സ്വന്തം ആവശ്യങ്ങളെക്കാൾ സമസ്ത ലോകത്തിന്റെയും നന്മയ്ക്കുവേണ്ടി  പ്രാർത്ഥിച്ച 'വീപ്പിങ് പ്രൊഫേറ്റ് 'എന്ന് അറിയപ്പെടുന്ന  ജെറമിയായെ പോലുള്ള പ്രവാചകന്മാരും അനേകം ദൈവശുശ്രൂഷകരും അന്നും ഇന്നും ലോകത്തിൽ ഉണ്ട് .

എനിക്ക് ആവശ്യമുള്ളതല്ല, ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം തരുവാൻ പ്രാർത്ഥിക്കുവാൻ ആണ്  കർത്തൃപ്രാർത്ഥനയിലൂടെ  നമ്മുടെ കർത്താവ് പഠിപ്പിച്ചത്.  പരക്ഷേമകാംക്ഷയുള്ള പ്രാർത്ഥനയാണ് നമ്മളിൽ നിന്ന് ദൈവം ആഗ്രഹിക്കുന്നത്. ലോകത്തിലെ മുഴുവൻ ജനതയ്ക്കും വേണ്ടി പ്രാർത്ഥിക്കുവാനുള്ള തുറവിയും വിശാല മനസ്സും നമുക്കോരോരുത്തർക്കും  ഉണ്ടാകേണ്ടതാണ്.

  മടുത്തു പോകാതെ മുട്ടിപ്പായി പ്രാർത്ഥിക്കുന്ന ഈ അമ്മയിലെ മങ്ങി പോകാത്ത പ്രത്യാശ ഏറ്റവും ആദരണീയമാണ്. ക്രിസ്തു ആദ്യം അവളെ ശ്രദ്ധിച്ചില്ല,  ശിഷ്യന്മാർ അവളെ ഒഴിവാക്കുവാൻ ആവശ്യപ്പെട്ടു, ഇസ്രായേൽഗൃഹത്തിലെ ആടുകളിൽ പെടുന്നവളല്ല എന്നൊക്കെയുള്ള ക്രമപ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടു.  പ്രതികൂല പരാമർശങ്ങളുടെയും മനോഭാവങ്ങളുടെയും അടഞ്ഞ വാതിലുകളിൽ  അവൾ മുട്ടി കൊണ്ടിരുന്നു. യേശു കരുണയില്ലാത്ത ഗുരുവാണെന്നു മറത്തു പറഞ്ഞ് അവൾക്ക് പിന്മാറാമായിരുന്നു. പക്ഷേ അവൾ  'കർത്താവേ എന്റെ മകൾക്ക് സൗഖ്യം തന്ന് സഹായിക്കേണമേ' എന്ന് വിനയപൂർവ്വം പറഞ്ഞു.

ഇത്തരം സഹന മനോഭാവത്തിന്റെയും സഹിഷ്ണുതയുടെയും മുമ്പിൽ ദൈവത്തിന്റെ കരുണാവാതിൽ തീർച്ചയായും തുറക്കും.

അവളുടെ അപേക്ഷക്കു ആദ്യം കിട്ടിയ പ്രതികരണങ്ങൾ   നിരാശാജനകമായിരുന്നെങ്കിലും ദീർഘക്ഷമയോടെ കർത്താവിന്റെ മുമ്പിൽ കാത്തുനിന്ന്  അനുഗ്രഹം നേടിയ വിശ്വാസധീരയായ അമ്മയാണവൾ. ചോദിച്ചപ്പോൾ തന്നെ മറുപടി കിട്ടിയിരുന്നെങ്കിൽ അവളിൽ ഒരു വലിയ വിശ്വാസി ഉണ്ടെന്ന സത്യം ലോകത്തിന് വെളിപ്പെടുമായിരുന്നില്ല. വാതിൽ അടയ്ക്കപ്പെട്ട പ്പോഴും മുട്ടിയിട്ട് തുറക്കാത്തപ്പോഴും ദൈവത്തിന്റെ മൗനത്തിൽ നിന്ന്  ഈ അമ്മയെപ്പോലെ വലിയ ആത്മീയ പാഠങ്ങൾ നമ്മൾ പഠിക്കണം:
എന്താണ് ആ പാഠം?
  ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു.  റോമർ 8:28

പ്രതിസന്ധികൾ നമ്മെ ദൈവത്തിൽ നിന്ന് അകറ്റുവാനല്ല അടുപ്പിക്കുവാൻ സഹായക മാകണമെന്ന് ഈ അമ്മ നമുക്ക് പറഞ്ഞു തരുന്നു. പലരും സഭയിൽ നിന്നും വിശ്വാസത്തിൽ നിന്നും അകന്നു പോകുന്നത് പ്രാർത്ഥനയ്ക്ക് ആഗ്രഹിച്ചതുപോലെ മറുപടി കിട്ടാത്തതുകൊണ്ടും പ്രതിസന്ധികളിൽ ആദ്യ സ്നേഹം തണുത്തു പോകുന്നതു കൊണ്ടുമൊക്കെയാണ്. നേരായി നടക്കുന്നവർക്ക് നന്മയൊന്നും നിഷേധിക്കാത്തവനാണ് ദൈവമെന്ന വിശ്വാസത്തിൽ എപ്പോഴും മനസ്സിനെ ഉറപ്പിക്കാൻ കഴിയാത്തതാണ് ഇവരുടെ പ്രധാന പ്രശ്നം . അസ്ഥിര വിശ്വാസികളായി അങ്ങുമിങ്ങും ഓടി നടക്കാതെ ദൈവത്തിൽ മനസ്സുറപ്പിച്ച്, പ്രാർത്ഥിച്ച് ക്ഷമയോടെ കാത്തിരിക്കണം.

എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ
നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ എന്നാണ് യാക്കോബ് ശ്ലീഹായുടെ ഉപദേശം. (യാക്കോബ് 1:2-3)

സങ്കീർത്തനങ്ങൾ 84:11 'യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നല്കുന്നു; നേരോടെ നടക്കുന്നവർക്കു അവൻ  ഒരു നന്മയും മുടക്കുകയില്ല എന്ന സങ്കീർത്തനക്കാരന്റെ നങ്കൂരമിട്ട വിശ്വാസം പ്രതിസന്ധിഘട്ടങ്ങളിൽ നമ്മെ ഉറപ്പിച്ചു നിർത്തുവാൻ സഹായിക്കും.

ആത്മീയ യാത്രയുടെ ആദ്യമല്ല അവസാനമായിരിക്കും പ്രതിഫലം ലഭിക്കുക എന്ന സത്യം നമ്മൾ മറക്കരുത്. കനാന്യ സ്ത്രീക്ക്‌ ആദ്യം ലഭിച്ചത് തിരസ്കരണം ആയിരുന്നെങ്കിൽ ഒടുവിൽ ലഭിച്ചത് മകളുടെ സൗഖ്യവും ക്രിസ്തുവിന്റെ അംഗീകാരവും ആയിരുന്നു. മകളുടെ സൗഖ്യത്തിന് അപേക്ഷിച്ചപ്പോൾ പെട്ടെന്ന് മറുപടി കിട്ടാത്തതുകൊണ്ട് നിരാശയോടെ പിന്തിരിഞ്ഞു പോയിരുന്നെങ്കിൽ  അവസാനം ഒരുക്കി വച്ചിരുന്ന വിസ്മയകരമായ പ്രതിഫലം സ്വീകരിക്കാൻ പറ്റാതെ വരുമായിരുന്നു . അനുഗ്രഹം കിട്ടിയിട്ടേ പിൻവാങ്ങുകയുള്ളൂ എന്ന ഈ അമ്മയുടെ ഉറച്ച തീരുമാനം അനുഗ്രഹത്തിന്റെ അധിപതിയിൽ നിന്ന് അനന്തകൃപകൾ ലഭിക്കുവാൻ കാരണമാക്കി.

മകളുടെ സൗഖ്യത്തിന് വേണ്ടി ഭൂമിയോളം താഴുവാൻ അവൾ  തയ്യാറായി. സാധ്യതകളുടെ തമ്പുരാൻ അവളുടെ വിശ്വാസത്തിന്റെ സമർപ്പണം കണ്ട് അവളെ അനുഗ്രഹിച്ചു. മാതാപിതാക്കളും ജീവിതപങ്കാളികളും ഇടയന്മാരും കർത്താവിന്റെ സന്നിധിയിൽ മറ്റുള്ളവർക്കായി മുട്ട് മടക്കുമ്പോൾ വാഗ്ദത്തങ്ങളിൽ വിശ്വസ്തനായവൻ ഈ അമ്മയ്ക്ക് കൊടുത്ത സൗഖ്യത്തിന്റെയും അനുഗ്രഹത്തിന്റെയും മറുപടി അവർക്കും നൽകും : മകനെ, മകളെ നിന്റെ ഇഷ്ടം പോലെ നിനക്ക് ഭവിക്കട്ടെ!

പരീക്ഷണം ആദ്യവും പ്രതിഫലം അവസാനവും ആയിരിക്കുമെന്ന സത്യം ദൈവമക്കൾ മറക്കരുത്. പ്രതികൂലതകളും സഹനങ്ങളും നിറഞ്ഞ ക്രിസ്തീയജീവിതത്തിൽ ഇടറി പോകരുത്, അരുതാത്ത വഴികൾ തിരഞ്ഞെടുക്കരുത്, വൈകാരിക പ്രതികരണങ്ങൾക്ക് മുതിരരുത്.
നമ്മുടെ  അവിവേക പ്രവർത്തികൾ മൂലം നിത്യതയിൽ നമുക്കായി സൂക്ഷിച്ചിരിക്കുന്ന  ഓഹരിയും പ്രതിഫലവും നിത്യ തേജസ്സും  നഷ്ടമാകാൻ ഇടവരാതെ സൂക്ഷിക്കണം.

ക്രിസ്തുവിനെ ദൈവപുത്രനായി അംഗീകരിക്കുവാൻ തയ്യാറില്ലാത്ത ശാസ്ത്രി പരീശ പുരോഹിതന്മാരുടെ മുമ്പിൽവെച്ച്     'കർത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ' എന്ന് സുധീര സാക്ഷ്യം പറഞ്ഞ കനാന്യ സ്ത്രീയുടെ ജാതിയും മതവും ആത്മീയ പശ്ചാത്തലങ്ങളും  കണക്കാക്കാതെ, അവളുടെ വിശ്വാസത്തിന്റെ ആഴവും പരപ്പും തിരിച്ചറിഞ്ഞ്,  നിന്റെ വിശ്വാസം വലിയത് എന്ന് കർത്താവ് പറഞ്ഞു. എന്റെയും നിങ്ങളുടെയും വിശ്വാസത്തെ പറ്റി എന്തായിരിക്കും നമ്മുടെ കർത്താവ് പറയുക?

ദൈവമേ,  മേശക്കീഴിലെ നുറുങ്ങുകൾക്കു പോലും യോഗ്യതയില്ലാത്ത ഞങ്ങൾക്ക് മേശയൊരുക്കി വിസ്മയ അനുഗ്രഹങ്ങൾ സമൃദ്ധമായി വിളമ്പി തന്ന വലിയ സ്നേഹത്തിനായി സ്തോത്രം. അവിടുന്ന് ഭരമേൽപ്പിച്ച കുടുംബ- ദാമ്പത്യ- ഇടയത്വ നിയോഗങ്ങളിലെ  പ്രതിസന്ധികൾക്കും രോഗങ്ങൾക്കും ശാശ്വത പരിഹാരം നല്കി സഹായിക്കേണമേ.
കഷ്ടങ്ങൾ ഏറി വന്നാലും കഷ്ടതകൾ സഹിച്ച് ഞങ്ങളെ വീണ്ടെടുത്തവൻ ഒരുനാളും കൈവിടില്ലെ ന്ന ഉറച്ച വിശ്വാസത്തിലും പ്രത്യാശയിലും ഞങ്ങളെ ഉറപ്പിക്കണമെന്ന് 
-ഫാ. ഡോ. ഏ. പി. ജോർജ്