'മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ടു ഞാൻ നിന്റെ അധരങ്ങളുടെ വചനത്താൽ നിഷ്ഠൂരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.
എന്റെ നടപ്പു നിന്റെ ചുവടുകളിൽ തന്നേ ആയിരുന്നു; എന്റെ കാൽ വഴുതിയതുമില്ല.' സങ്കീർത്തനങ്ങൾ 17:4 -5
മനുഷ്യമനസ്സിലെ ക്രൂരതയും വക്രതയും വഞ്ചനയും കാപട്യവും തിരിച്ചറിയാൻ വലിയ ബുദ്ധിമുട്ടാണ്.
അധർമികളുടെ കെണികളിൽ വീണു പോകാതിരിക്കാൻ ദാവീദ് എടുക്കാറുള്ള മുൻകരുതലുകളെപ്പറ്റി ഈ വാക്യങ്ങൾ വ്യക്തമാക്കുന്നു:
ഒന്ന്, മനുഷ്യരുടെ പ്രവർത്തികളെ വിലയിരുത്തി ആളെ
തിരിച്ചറിയും. നല്ല വൃക്ഷത്തിന് മാത്രമേ നല്ല ഫലം
പുറപ്പെടുവിക്കാൻ കഴിയുള്ളു.
രണ്ട്, ദൈവത്തിന്റെ തിരുവചനം വായിച്ച് നീതിയുടെ
വഴികളേതെന്ന് തിരിച്ചറിയും.
മുന്ന്, നിഷ്ഠൂരന്റെ വഴികളിൽ നിന്നൊഴിഞ്ഞുമാറും.
നാല്, ദൈവത്തോട് ചേർന്ന് നടക്കും.
അതുകൊണ്ട് ദാവീദ് പറയുന്നു: എന്റെ കാൽ വഴുതിയില്ല.
'ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നേ.' സങ്കീർത്തനങ്ങൾ 119:9
'നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.' സങ്കീർത്തനങ്ങൾ 119:105
ശുഭാശംസകൾ
ഏ. പി. ജോർജച്ചൻ