സങ്കീർത്തനങ്ങൾ 11:3 അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?
പതിനൊന്നാം സങ്കീർത്തനത്തിലെ വളരെ ഗൗരവമായ ഒരു ചോദ്യമാണ് ഇത്.
അടിസ്ഥാനങ്ങൾ മറഞ്ഞുപോകുന്ന അനുഭവം നീതിമാന്റെ ജീവിതത്തിലും ഉണ്ടാകുമെന്നാണ് ദാവിദിന്റെ സാക്ഷ്യം.
നീതിമാൻറെ ജീവിതത്തിൽ എന്തു കൊണ്ടാണ് ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുന്നത്?
ഇതിനു ക്രിസ്തു നൽകുന്ന മറുപടി നമുക്കു ശ്രദ്ധിക്കാം :
നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.- യോഹന്നാൻ 15:19
അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും. -മത്തായി 24:9
ദൈവം വിളിച്ച് വേർതിരിച്ചവർക്കു മുമ്പിൽ വെല്ലുവിളിയും അസ്വസ്ഥതയും നിറഞ്ഞ സാഹചര്യങ്ങൾ എപ്പോഴും ഉണ്ടായിരിക്കും.
പഴയനിയമത്തിലെ മോശ, എസ്രാ, നെഹമ്യാവ് തുടങ്ങിയവരെ ദൈവം ഏൽപ്പിച്ച നിയോഗങ്ങൾ നിറവേറ്റുവാൻ കഴിയാതവണ്ണം നിഷേധ ശക്തികൾ അടിസ്ഥാനമിളക്കി അസ്വസ്ഥതകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. നമ്മുടെ ജീവിതത്തിലും ഇത്തരം പ്രതിസന്ധികൾ ഉണ്ടായിട്ടില്ലേ? ദൈവഹിതം പ്രവർത്തിക്കുവാൻ ശ്രമിച്ചപ്പോഴൊക്കെ പ്രതിലോമശക്തികൾ ഇടർച്ചയും എതിർപ്പുമുണ്ടാക്കിയിട്ടില്ലേ?
നിയോഗങ്ങൾക്കു നിർവഹണത്തിന് തടസ്സം നേരിടുമ്പോൾ ആളുകളെയും വ്യവസ്ഥിതിയേയും കുറ്റം പറഞ്ഞ് പിന്മാറരുത്. ലോകം ശരിയാകട്ടെ, സാഹചര്യങ്ങൾ മെച്ചമാകട്ടെ എന്നിട്ട് ദൈവവേല തുടരാമെന്ന് ഒരിക്കലും ചിന്തിക്കരുത്. നമ്മിലൂടെ നിവർത്തിക്കപ്പെടുവാൻ ദൈവം ഏൽപ്പിച്ച നിയോഗവുമായി സധൈര്യം മുന്നോട്ടു പോകണം.
വിളികളിൽ എപ്പോഴും വെല്ലുവിളികൾ ഉണ്ടാകും.
എങ്ങനെയാണ് ഈ മുന്നേറ്റം സാധിക്കുക? ഇതിനുള്ള ശക്തിയും സപ്പോർട്ടും എവിടെ നിന്നാണ് ലഭിക്കുക?
ദൈവത്തിന്റെ പ്രിയമാനസനായ ദാവീദിനെ ഏൽപ്പിച്ച ദൈവനിയോഗം നിറവേറ്റുവാൻ ചുവടുവെച്ചപ്പോൾ വലിയ പ്രതിസന്ധികളും എതിർപ്പും ശത്രുതയും നേരിടേണ്ടിവന്നു. നീതിയുടെ അടിസ്ഥാനം മറിച്ചു കളയുകയും ഒരു വേട്ടമൃഗത്തെപ്പോലെ ശത്രു അദ്ദേഹത്തെ പിന്തുടരുകയും ചെയ്തു. ആ സമയത്ത് ദാവീദിന് ആശ്വാസം നൽകിയ ചിന്ത പതിനൊന്നാം സങ്കീർത്തനത്തിൽ പങ്കുവയ്ക്കുന്നുണ്ട് :
അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?
യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു; അവന്റെ കണ്ണുകൾ ദർശിക്കുന്നു; അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.
യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവർ അവന്റെ മുഖം കാണും.
സങ്കീർത്തനങ്ങൾ 11
പൈശാചിക ശക്തികൾ നീതിയുടെ അടിസ്ഥാനങ്ങൾ തട്ടി മറിച്ച് താറുമാറാക്കിയ ഈ ലോകത്ത് ഒരു നന്മയും വിരിയില്ല , ഒന്നും ശരിയാവില്ല, പരിശ്രമിച്ചിട്ടൊന്നും ഒരുകാര്യമില്ല എന്ന് ചിന്തിച്ച് നിരാശപ്പെടരുത്.
നീതി അസ്തമിക്കുകയും അധർമം വർദ്ധിക്കുകയും ചെയ്തിരിക്കുന്ന ഈ ലോകത്ത് കുടുംബത്തിലും ദാമ്പത്യത്തിലും സഭയിലും സമൂഹത്തിലും നീതിയുടെ അടിസ്ഥാനം ഇടുവാനാണ് എന്നെയും നിങ്ങളെയും ദൈവം ആക്കിയിരിക്കുന്നത്. അതത്ര എളുപ്പമല്ല. ആരുടേയും സഹായവും സഹകരണവും കിട്ടിയെന്നും വരില്ല. മാത്രവുമല്ല, വിമർശനവും എതിർപ്പും ദുരരോപണങ്ങളും കൊണ്ട് സത്യത്തിന്റെ ശത്രുക്കൾ തടസ്സം സൃഷ്ടിക്കും.
ഇത്തരം പ്രതികൂലസാഹചര്യങ്ങളിൽ സാത്താന്യ ശക്തികളുടെ വെല്ലുവിളികളെ സധൈര്യം നേരിട്ട് മുന്നോട്ട് പോകണം. നമ്മൾ തനിച്ചല്ല, നീതി നടത്തുന്ന നീതിമാനായ ദൈവം നമ്മോടുകൂടെ ഉണ്ടായിരിക്കും. കുടുംബത്തിലും ദാമ്പത്യത്തിലും സഭയിലും സമൂഹത്തിലും നമ്മിലൂടെ നിവൃത്തിക്കുവാൻ ദൈവം ആഗ്രഹിച്ച സൽപ്രവർത്തികൾ പൂർത്തിയാക്കുവാൻ ദൈവം ശക്തിയും ബലവും ആയുസ്സും തന്നു സഹായിക്കും.
ഏകനായി കുരിശു ചുമന്ന് ഗോഗുൽത്തായിൽ എത്തി ക്രൂശിതനായപ്പോഴാണ് ദൈവം ഏൽപ്പിച്ച യോഗങ്ങൾ പൂർത്തിയാക്കുവാൻ ക്രിസ്തുവിനു കഴിഞ്ഞത്. എനിക്കും നിങ്ങൾക്കും ശ്രേയസ്കര ആയ പല നിയോഗങ്ങളും പൂർത്തിയാക്കുവാനുണ്ട്. അതിനുവേണ്ടി തകർക്കപ്പെടുകയും പുതുക്കിപ്പണിയപ്പെടുകയും ചെയ്യുമ്പോൾ നിരാശപ്പെടരുത്. ഗെത്സമനിലെ പ്രാർത്ഥനയ്ക്ക് ദൈവം മൗനമായി നൽകിയ മറുപടി വളരെ ശ്രദ്ധേയമാണ്:
വലിയ വലിയ ദൈവീക നിയോഗങ്ങൾ പൂർത്തിയാക്കാൻ കഷ്ടതകളുടെ ക്രൂശും കൈപുകാസായും തെല്ലും പരിഭവമില്ലാതെ നമ്മൾ കൈനീട്ടി സ്വീകരിക്കേണ്ടിവരും.
അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും? യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു; അവന്റെ കണ്ണുകൾ ദർശിക്കുന്നു; അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.
യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവർ അവന്റെ മുഖം കാണും.
ദൈവമേ, അവിടുന്ന് ഏൽപ്പിച്ച യോഗങ്ങൾ കുടുംബത്തിലും ദാമ്പത്യത്തിലും ഇടയത്വ ശുശ്രൂഷയിലും നിറവേറ്റുവാനുള്ള ശക്തിയും ബലവും തന്നു ഞങ്ങളെ ഉറപ്പിച്ചു നിറുത്തേണമേ. ക്രിസ്തുവിന്റെ സാക്ഷികളായി നീതിയുടെ അടിസ്ഥാനം ഉറപ്പിക്കാനും പൈശാചിക ശക്തികളോട് എതിർത്തു നിൽക്കുവാനുമുള്ള കൃപയും അമിത ബലവും തന്ന് ഞങ്ങളെ ശക്തരാക്കേണമേ.
ഫാ. ഡോ. ഏ. പി. ജോർജ്