അയച്ചവന്റെ ഇഷ്ടം

ഗുരോ, ഭക്ഷണം കഴിച്ചാലും എന്ന് ശിഷ്യന്മാർ പറഞ്ഞപ്പോൾ ക്രിസ്തുവിന്റെ മറുപടി 'നിങ്ങൾ അറിയാത്ത ഭക്ഷണം എനിക്കുണ്ട്' എന്നായിരുന്നു. യോഹന്നാൻ 4:32

തുടർന്ന് ക്രിസ്തു പറഞ്ഞു: ' എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയും ആണ് എന്റെ ഭക്ഷണം.'

ഭക്ഷണത്തെക്കാളും വിശ്രമത്തെക്കാളും ക്രിസ്തു മുൻഗണന കൊടുത്തത് അയച്ചവന്റെ ഇഷ്ടം പൂർത്തിയാക്കുന്നതിനായിരുന്നു. മൂന്ന് വർഷക്കാലം വിശ്രമമില്ലാതെ ഓടിയലഞ്ഞ് ഒടുവിൽ പാപപരിഹാരബലിയായി കുരിശിൽ മരിച്ച് ഏൽപ്പിച്ച നിയോഗം ക്രിസ്തു നിറവേറ്റി.

ക്രിസ്തുവിനെപോലെ  നിവർത്തിക്കാൻ നമുക്കും  കുറെ ചുമതലകൾ ദൈവം ഏൽപ്പിച്ചിട്ടുണ്ട്.  ദൈവം ഏൽപ്പിച്ച നിയോഗങ്ങൾക്ക് മുൻഗണന കൊടുക്കുന്ന ഉത്തരവാദിത്വബോധമുള്ളവരായിരിക്കണം നമ്മൾ.

മക്കളുടെ അഭിരുചികളും നിയോഗങ്ങളും തിരിച്ചറിഞ്ഞു അവരെ നല്ല കാര്യവിചാരകരാകാൻ  മാതാപിതാക്കൾ പ്രോത്സാഹനം കൊടുക്കണം. കുട്ടികൾക്ക് അവരുടെ വഴികൾ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലും വഴിതെറ്റി നടക്കുവാൻ അവരെ അനുവദിക്കുന്നത് ഉത്തരവാദിത്വമില്ലാത്ത പേരെന്റ്റിംഗിന്റെ ലക്ഷണമാണ്.

ദാവീദ് രാജാവ് ശലോമോന്റെ ദൈവ നിയോഗത്തെ പറ്റി ഓർമപ്പെടുത്തുന്നത് വളരെ ശ്രദ്ധേയമാണ്:

'ദാവീദ്‌, മകന്‍ സോളമനോടു പറഞ്ഞു: ശക്‌തനും ധീരനുമായിരുന്ന്‌ ഇതു ചെയ്യുക. ഭയമോ ശങ്കയോ വേണ്ട. എന്റെ ദൈവമായ കര്‍ത്താവ്‌ നിന്നോടുകൂടെയുണ്ട്‌. കര്‍ത്താവിന്റെ ആലയത്തിലെ സകലജോലികളും പൂര്‍ത്തിയാകുന്നതുവരെ അവിടുന്ന്‌ നിന്നെ കൈവിടുകയില്ല, ഉപേക്‌ഷിക്കുകയുമില്ല.
1 ദിനവൃത്താന്തം 28 : 20

കുഞ്ഞുങ്ങളുടെ സർഗവാസനകളെ വിലയിരുത്തി എല്ലാ മാതാപിതാക്കളും അവർക്ക് ഇതുപോലുള്ള ഉപദേശങ്ങൾ കൊടുക്കണം. മാതാപിതാക്കളും കുട്ടികളും ചേർന്ന് സെറ്റ് ചെയ്യുന്ന ജീവിത ലക്ഷ്യങ്ങളാണ് മക്കളുടെ ജീവിത മുന്നേറ്റത്തിന് സഹായകമാകുന്നത്.

ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്ന നിയോഗങ്ങൾ പലതാണ് : മാതാപിതാക്കൾ, കൃഷിക്കാർ അധ്യാപകർ, ഫാക്ടറി വർക്കേഴ്സ്, ബിസിനസുകാർ, ആർട്ടിസ്റ്റ്, ഹെൽത്ത് വർക്കേഴ്സ്, ലോയേഴ്സ്, വചനപ്രഘോഷകർ, ഇടയന്മാർ... അങ്ങനെ അങ്ങനെ പലതും.

മനുഷ്യരെ വിവിധ നിയോഗങ്ങൾക്ക് തെരഞ്ഞെടുക്കുന്നതും നിയോഗിക്കുന്നതും ദൈവമാണ്. എല്ലാ ജോലികളും ദൈവത്തിനു വേണ്ടിയാണ് ചെയ്യേണ്ടത്. പ്രതിഫലവും പ്രശംസയും ജോലിക്കു പിന്നിലെ പ്രധാന പ്രയോറിറ്റി ആകരുത്.

ദൈവം ഏല്പിക്കുന്ന നിയോഗങ്ങളിൽ കഷ്ടപ്പാടുകളും വെല്ലുവിളികളും തടസ്സങ്ങളും ഉണ്ടാകും.  അതുകൊണ്ടുതന്നെ പിന്മാറാനുള്ള പ്രേരണ ശക്തമായിരിക്കും. സ്വന്തം ശക്തിയിലും കഴിവിലും ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിച്ച് ശക്തരായി നമ്മൾ മുന്നോട്ടു പോകണമെന്നാണ് സങ്കീർത്തനക്കാരെന്റെ ഉപദേശം :

'കര്‍ത്താവ്‌ എന്റെ ശക്‌തിയും പരിചയുമാണ്‌;
കര്‍ത്താവില്‍ എന്റെ ഹൃദയംശരണംവയ്‌ക്കുന്നു,
അതുകൊണ്ട്‌ എനിക്കു സഹായംലഭിക്കുന്നു, എന്റെ ഹൃദയംആനന്‌ദിക്കുന്നു,
ഞാന്‍ കീര്‍ത്തനമാലപിച്ച്‌ അവിടുത്തോടു നന്‌ദിപറയുന്നു.'
സങ്കീര്‍ത്തനങ്ങള്‍ 28 : 7

പ്രതിസന്ധികൾ കണ്ട് ഭയപ്പെടുന്ന മനസ്സ് പറയുന്ന അപകട സാധ്യതകളെയും ശത്രുവിന്റെ ഭീഷണിയെയും കേട്ട് നമ്മൾ പിന്മാറരുത്. ധൈര്യമായി തന്നെ മുന്നോട്ട് പോകണം. യോശുവയെ ധൈര്യശാലിയാക്കിയ നമ്മുടെ ദൈവമാണ് പറയുന്നത്, 'ഭയപ്പെടേണ്ട ഞാനുണ്ട് കൂടെ' :

ശക്‌തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ്‌ നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.
ജോഷ്വ 1 : 9

സർവ്വശക്തൻ കൂടെയുള്ളപ്പോൾ നമ്മളൊരിക്കലും തനിച്ചല്ല. ശക്തരും ധൈര്യശാലികളും ആയി നമ്മൾ ചുവടുവയ്ക്കണം. താങ്ങും കരങ്ങളും ശാശ്വതഭുജങ്ങളും നമ്മളോടൊപ്പം ഉണ്ടാകും.

ദൈവം നമ്മെ ഏൽപ്പിച്ച ജോലി തീരുംവരെ ദൈവം കൂടെയുണ്ടായിരിക്കും.  നിയോഗങ്ങൾ ഏൽപ്പിച്ചവരെ മറന്നുകളയുന്നവനല്ല നമ്മുടെ ദൈവം. ഏൽപ്പിച്ച നിയോഗം പൂർത്തിയാക്കും വരെ വിശ്വസ്തനായവൻ നമ്മുടെ കൂടെ ഉണ്ടായിരിക്കും. നിയോഗങ്ങളിൽ നമ്മൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും തടസ്സങ്ങളും ദുഷ്ടശക്തികളുണ്ടാക്കുന്ന പ്രതികൂലതകളും ഓരോ നിമിഷവും ദൈവം ശ്രദ്ധയോടെ നോക്കി കൊണ്ടിരിക്കുന്നുണ്ടെന്നാണ് സങ്കീർത്തനക്കാരൻ പറയുന്നത് :

'നിന്റെ കാല്‍ വഴുതാന്‍ അവിടുന്നുസമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല.
ഇസ്രായേലിന്റെ പരിപാലകന്‍മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.'
സങ്കീര്‍ത്തനങ്ങള്‍ 121 : 3-4

ദൈവം ഏൽപ്പിച്ച സാഹസിക ജോലികൾ ചെയ്യുമ്പോൾ നമ്മൾ ഒരിക്കലും തനിച്ചല്ലെന്ന ഉറച്ച വിശ്വാസം നമുക്കുണ്ടാകണം. നമുക്കുമുമ്പിൽ വാതിലടച്ച് വഴി തടയപ്പെടുമ്പോൾ വഴി തുറക്കാൻ കർത്താവ് വരും. കഷ്ടതകളുടെ കുരിശിന്റെ ഭാരം നമ്മുടെ ശക്തിക്കപ്പുറമാകുമ്പോൾ താങ്ങും കരങ്ങൾ പിന്നിലുണ്ടാകും. അതുകൊണ്ട് ചെങ്കടലും ശത്രുസൈന്യവും കണ്ട് മുട്ടുമടക്കേണ്ട കാര്യമില്ല. നമ്മളെക്കൊണ്ട് ചെയ്യിക്കുവാൻ ദൈവം തീരുമാനിച്ചത് തീർച്ചയായും നടത്തിയിരിക്കും. അസാധ്യകാര്യങ്ങൾ സാധ്യമാക്കുന്ന ദൈവത്തിന് മനുഷ്യരും നിഷേധശക്തികളും സൃഷ്ടിക്കുന്ന തടസ്സങ്ങൾ വെറും നിസ്സാരങ്ങളാണെന്നാണ് അപ്പോസ്തോലൻ പൗലോസിന്റെ സാക്ഷ്യം:
നിങ്ങളില്‍ സത്‌പ്രവൃത്തി ആരംഭിച്ചവന്‍ യേശുക്രിസ്‌തുവിന്റെ ദിനമാകുമ്പോഴേക്കും അതു പൂര്‍ത്തിയാക്കുമെന്ന്‌ എനിക്കു ബോധ്യമുണ്ട്‌.
ഫിലിപ്പി 1 : 6

ദൈവ രാജ്യത്തിന്റെ പണിക്കാരാണ് നമ്മൾ. അതിനായിട്ടാണ് കുടുംബത്തിലും ദാമ്പത്യത്തിലും സഭയിലും രാഷ്ട്രീയത്തിലും ഓഫീസിലും ഒക്കെ നമ്മെ അധികാരപ്പെടുത്തിയിരിക്കുന്നത്. എല്ലാവരെയും ജോലിക്കു നിയമിച്ചിരിക്കുന്നത് ഡിവൈൻ എംപ്ലോയർ ആണ്. നമ്മെ തടയാനും തോൽപ്പിക്കാനും നിരോധിക്കാനും ഒരു ശക്തിക്കും കഴിയില്ല. നമ്മൾ സ്വയം തോറ്റു പിന്മാറാതിരുന്നാൽ മതി.
ലോകത്തിൽ കഷ്ടതകൾ ഉണ്ടെങ്കിലും ലോകത്തെ ജയിച്ച കർത്താവ് ലോകാവസാനത്തോളം കൂടെയുള്ളപ്പോൾ നമ്മൾ ആരെയും ഭയപ്പെടേണ്ടതില്ല. നമ്മളോട് കൂടെയുള്ളവൻ ലോകത്തിലുള്ളവനേക്കാൾ വലിയവനാണ് :

കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവ രാണ്‌. നിങ്ങള്‍ വ്യാജപ്രവാചകന്‍മാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്‌.
1 യോഹന്നാന്‍ 4 : 4
ദൈവമേ, അവിടുന്നു ഞങ്ങളെ ഏല്പിച്ച  കുടുംബ ദാമ്പത്യ സാമൂഹ്യ ഇടയത്വ ചുമതലകൾ അനുഗ്രഹകരമായ നിർവഹിക്കാനും ക്രിസ്തീയ അന്ത്യം ലഭിക്കാനും വിണ്ണിലെ വീട്ടിൽ എത്തിച്ചേരാനുള്ള ഭാഗ്യം ഞങ്ങൾക്ക് തരേണമേ.

-ഫാ. ഡോ. ഏ. പി. ജോർജ്