ദൈവകല്പനകളെ പ്രധാനവും അപ്രധാനവും ആയി പരീശന്മാർ തരംതിരിച്ചു. പ്രധാന പ്രമാണങ്ങൾ ലംഘിക്കുന്നവർക്ക് വലിയ ശിക്ഷയും അപ്രധാന നിയമലംഘനങ്ങൾക്ക് നിസ്സാര ശിക്ഷയും ലഭിക്കുമെന്ന് അവർ പഠിപ്പിച്ചു. ദേവാലയത്തിലെ റവന്യൂ വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന ദശാംശം പോലുള്ള നിയമങ്ങൾക്കും പാരമ്പര്യങ്ങൾക്കും അവർ വളരെ പ്രാധാന്യം നൽകി. ഇതേപ്പറ്റി കർത്താവ് വളരെ ആത്മരോഷത്തോടെ വിമർശിക്കുന്നുണ്ട് :
കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം എന്നിവയ്ക്കു ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത് - മറ്റുള്ളവ അവഗണിക്കാതെതന്നെ.
മത്തായി 23 : 23
ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്.
അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ഥമായി എന്നെ ആരാധിക്കുന്നു.
മത്തായി 15 : 8-9
ദൈവത്തിന്റെ പ്രമാണങ്ങൾ നിസ്സാരമായി കാണുന്നവരും അത് മറ്റുള്ളവരെ പഠിപ്പിക്കുന്നവരും സ്വർഗ്ഗരാജ്യത്തിൽ നിസ്സാരരായി തീരുമെന്ന കർത്താവിന്റെ വാക്ക് വളരെ ഗൗരവമുള്ള മുന്നറിയിപ്പാണ് :
ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന് സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന് സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും.
മത്തായി 5 : 19
ദൈവത്തിന്റെ പ്രമാണങ്ങളെ പ്രധാനവും അപ്രധാനവുമായി തരംതിരിക്കുന്നവർ ദൈവത്തെയാണ് തിരുത്തുവാൻ ശ്രമിക്കുന്നത്. ദൈവത്തേക്കാൾ ജ്ഞാനിയാണെന്ന അവകാശവാദം ഉന്നയിക്കലാണിത്.
ഇത് തിന്നുന്ന നാളിൽ നിങ്ങൾ മരിക്കും എന്ന ദൈവകല്പന തിരുത്തി 'നിങ്ങൾ മരിക്കയില്ല നിശ്ചയം, ദൈവത്തെ പോലെ ആകും' എന്ന് തെറ്റിദ്ധരിപ്പിച്ച സാത്താന്റെ വ്യാജ ഉപദേശമാണ് ആദ്യ ദമ്പതികളെ വഴി തെറ്റിച്ചത്.
ഈ മനുഷ്യൻ നീതിമാനാണെന്ന് പീലാത്തോസ് പറഞ്ഞിട്ടും കള്ളസാക്ഷ്യം പറയുവാനും 'അവനെ ക്രൂശിക്കുക' എന്ന് അട്ടഹസിക്കാനും ആത്മീയ നേതൃത്വം ജനങ്ങളെ പ്രേരിപ്പിച്ചു. ശത്രുവിനെ എതിർത്തു തോൽപ്പിക്കാൻ അത്യാവശ്യം നുണകളും കള്ളസാക്ഷ്യങ്ങളും പറയുന്നതിലും അക്രമം നടത്തുന്നതിലും തെറ്റില്ലെന്ന് അവർ ജനങ്ങളെ പഠിപ്പിച്ചു.
മാതാപിതാക്കളെ ബഹുമാനിക്കുക എന്ന ദൈവകൽപനയിലും നേതൃത്വം അമെൻമെന്റ് ഒരുത്തി :
'അവന് മറുപടി പറഞ്ഞു: നിങ്ങളുടെ പാരമ്പര്യത്തിന്റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്?
പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക; പിതാവിനെയോ മാതാവിനെയോ അധിക്ഷേപിക്കുന്നവന്‍ മരിക്കണം എന്നു ദൈവം കല്പിച്ചിരിക്കുന്നു.
എന്നാല്‍, നിങ്ങള്‍ പറയുന്നു, ആരെങ്കിലും തന്റെ പിതാവിനോടോ മാതാവിനോടോ എന്നില്‍നിന്നു നിങ്ങള്‍ക്കു ലഭിക്കേണ്ടത് വഴിപാടായി നല്‍കിക്കഴിഞ്ഞു എന്നു പറഞ്ഞാല്‍ പിന്നെ അവന് അവരെ സംരക്ഷിക്കേണ്ടതില്ല എന്ന്.
ഇങ്ങനെ, നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെനിങ്ങള്‍ വ്യര്‍ഥമാക്കിയിരിക്കുന്നു.
മത്തായി 15 : 3-6
ജനങ്ങളുടെ വഴിപാട് കാശ് കൊണ്ട് യൂദാസിന് കൈക്കുലി കൊടുക്കുന്നതിൽ തെറ്റില്ലെന്ന് പുരോഹിതന്മാർ ചിന്തിച്ചു.
കൊല ചെയ്യരുത്, കള്ളസാക്ഷ്യം പറയരുത്, മോഷ്ടിക്കരുത് എന്നൊക്കെയുള്ള ദൈവീക കല്പനകൾ ലംഘിക്കുവാനുള്ള ദുഷ്പ്രേരണ തോറ പഠിപ്പിക്കുന്ന ശാസ്ത്രി പുരോഹിതന്മാർ ജനങ്ങൾക്കു നൽകി.
ആത്മീയനേതൃത്വം വഴിതെറ്റിച്ച ജനങ്ങളോട് ക്രിസ്തു പറഞ്ഞു :
'നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു.
അതിനാല്‍, അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍, അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്. അവര്‍ പറയുന്നു; പ്രവര്‍ത്തിക്കുന്നില്ല.'
മത്തായി 23 : 2-3
ദൈവിക പ്രമാണങ്ങളോടുള്ള സമീപനത്തിൽ വിശ്വാസികൾ ശ്രദ്ധിക്കേണ്ട പല പ്രധാന കാര്യങ്ങളുണ്ട് :
1. ദൈവത്തിന്റെ എല്ലാ പ്രമാണങ്ങളും ക്രിസ്ത്യാനികൾക്ക് ഒരുപോലെ ബാധകമാണ്. അവയെല്ലാം
നിർബന്ധമായും അനുസരിക്കേണ്ടത് ആണ് :
ആരെങ്കിലും നിയമം മുഴുവന്‍ അനുസരിക്കുകയും ഒന്നില്‍ മാത്രം വീഴ്ച വരുത്തുകയും ചെയ്താല്‍ അവന് എല്ലാത്തിലും വീഴ്ചവരുത്തിയിരിക്കുന്നു.
യാക്കോബ് 2 : 10
2. ഇടയന്മാരും സുവിശേഷകരും മാതാപിതാക്കളും നാഥാൻ പ്രവാചകനെപ്പോലെ മുഖം നോക്കാതെ
സത്യവചനം സത്യം സത്യമായി എല്ലായിടത്തും പ്രസംഗിക്കണം. അവ സ്വന്തം ജീവിതത്തിൽ
പ്രാവർത്തികമാക്കണം.
3. ദൈവീക പ്രമാണങ്ങൾ പഠിപ്പിക്കുമ്പോഴും പ്രസംഗിക്കുമ്പോഴും ചിലത് നിസ്സാരമായി കാണുകയും,
ഒഴിവാക്കുകയും തെറ്റായി നിർവചിക്കുകയും ചെയ്യുന്ന വ്യാജ ഉപദേഷ്ടാക്കൾ സുവിശേഷ
നിയോഗനിർവഹണത്തിൽ സത്യസന്ധരല്ല. അവരെ സൂക്ഷിക്കണം.
4. യഥാർത്ഥ ക്രിസ്തു ഭക്തർ എല്ലാ ദൈവീക പ്രമാണങ്ങളെയും ആദരിക്കുകയും അനുസരിക്കുകയും
അവയ്ക്ക് കീഴ്പ്പെടുകയും ചെയ്യുന്നവരായിരിക്കുമെന്ന സങ്കീർത്തനകാരന്റെ ഉപദേശങ്ങൾ മറക്കരുത് :
അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഞാന്‍ സ്ഥിരതയുള്ളവന് ആയിരുന്നെങ്കില്‍!
അപ്പോള്‍ അങ്ങയുടെ കല്‍പനകളില്‍ദൃഷ്ടിയുറപ്പിച്ചിരിക്കുന്ന എനിക്കുലജ്ജിതനാകേണ്ടിവരുകയില്ല.
അങ്ങയുടെ നീതിനിഷ്ഠമായ ശാസനങ്ങള്‍ പഠിക്കുമ്പോള്‍ ഞാന്‍ പരമാര്‍ഥ ഹൃദയത്തോടെ അങ്ങയെ പുകഴ്ത്തും.
അങ്ങയുടെ ചട്ടങ്ങള്‍ ഞാന്‍ അനുസരിക്കും;എന്നെ പൂര്‍ണമായി പരിത്യജിക്കരുതേ!
സങ്കീര്‍ത്തനങ്ങള്‍ 119 : 5-8
5. പ്രസംഗിക്കാനും, ചർച്ചചെയ്യാനും, കാണാപ്പാഠം പഠിക്കാനും, തിസീസ് എഴുതാനും, പ്രാർത്ഥനയെ ഡെക്കറേറ്റ് ചെയ്യാനും, കട്ടിളപ്പടിയിൽ എഴുതിവെക്കാനും മാത്രമുള്ളതല്ല തിരുവചനം. അനുസരിക്കാനും കീഴ്പ്പെടാനും ജീവിതശൈലിയാക്കാനുമുള്ളതാണ് കർത്താവിന്റെ പ്രമാണങ്ങൾ.
ദൈവമേ, അങ്ങയുടെ ന്യായപ്രമാണങ്ങൾ യുക്തികൊണ്ടും ബുദ്ധികൊണ്ടും വിലയിരുത്തി ചിലത് തള്ളുകയും സൗകര്യപ്രദമായതു സ്വീകരിക്കുകയും ചെയ്യുന്ന ഞങ്ങളുടെ കപട മനോഭാവത്തെ തിരുത്തി എഴുത്തേണമേ. തിരുവചന ശുശ്രൂഷകർക്കും ഇടയന്മാർക്കും മാതാപിതാക്കൾക്കും ഭരണാധികാരികൾക്കും ദൈവീക പ്രമാണങ്ങളോടു സമ്പൂർണ്ണ വിധേയത്വവും സമർപ്പണ മനോഭാവവും കൊടുക്കേണമേ. താൽക്കാലിക നേട്ടങ്ങൾക്കുവേണ്ടിയും ജഡരക്തങ്ങളോട് കുറ്റബോധമില്ലാതെ യുദ്ധം ചെയ്യാനുമായി ദൈവീക പ്രമാണങ്ങളെ തെറ്റായി നിർവചിക്കുന്ന വ്യാജ ഉപദേഷ്ടാക്കളെ തടയണമേ. ദൈവീക പ്രമാണങ്ങളോട് സാക്ഷ്യവും പ്രതിബദ്ധതയുമുള്ള ജീവിതം നയിക്കാൻ ഞങ്ങളെ സഹായിക്കേണമേ.