ലൂക്കോസ് ഏഴാം അധ്യായത്തിൽ ക്രിസ്തുവിനെ ഒരു പരീശൻ ഭക്ഷണത്തിന് ക്ഷണിച്ച സംഭവം വിവരിക്കുന്നുണ്ട്. യേശു അവന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുമ്പോൾ ആ പട്ടണത്തിലെ പാപിനിയായ ഒരുവൾ പരീശന്റെ വീട്ടിൽ യേശു ഭക്ഷണത്തിന് ഇരിക്കുന്നു എന്നറിഞ് ഒരു വെൺകൽഭരണി നിറയെ സുഗന്ധ തൈലവും ആയി അവിടെ വന്നു.
പട്ടണത്തിലെ കുപ്രസിദ്ധയും ദുഷ്കീർത്തിയുള്ളവളുമായ ഈ പാപിനിയെ പകൽവെളിച്ചത്തിൽ അംഗീകരിക്കാൻ ഒരു പകൽ മാന്യന്മാരും തയ്യാറല്ലായിരുന്നു. അവളെ കാണുന്ന സദാചാര പോലീസുകാരൊക്കെ തലകുലുക്കി നിന്ദിച്ചിരുന്നു.
സമൂഹം വിലക്ക് കൽപ്പിച്ച് അശുദ്ധയായി അകറ്റി നിർത്തിയിരുന്നു.
ഇങ്ങനെ ഒരു ജീവിതം അവൾ ഒരിക്കലും ആഗ്രഹിച്ചതല്ല. ജീവിതസാഹചര്യങ്ങളും കഠിനയാഥാർത്ഥ്യങ്ങളും ആണ് അവളെ പതിതയും പാപിനിയുമാക്കിയത്. അവളെ അധാർമ്മികതയിലേക്ക് വലിച്ചിഴച്ച കൂട്ടുപ്രതികൾ സമൂഹത്തിലെ മുഖ്യ ധാരയിൽ വിളങ്ങി തിളങ്ങുന്ന ഉന്നത ശ്രേഷ്ഠരായിരിക്കാം
ശോഭന പദ്ധതികളുമായി സുകൃതനിയോഗങ്ങൾക്ക് ദൈവം പറഞ്ഞയച്ച ദൈവത്തിന്റെ പ്രിയപ്പെട്ട ഈ മകൾ നിർഭാഗ്യവശാൽ വഴിതെറ്റിലേക്ക് വലിച്ചിഴക്കപ്പെട്ടു.
ഒരു പുരോഹിതന്റെ അടുത്തുപോയി കുറ്റമേറ്റു പറയാനും പാപക്ഷമ നേടാനും അവൾക്ക് അവസരവും അനുവാദവും ഇല്ലായിരുന്നു. അവൾ അവളായതിനന്റെ പിന്നിലെ സഹന കഥകൾ കേൾക്കാൻ ആരും തയ്യാറായില്ല. കുറ്റബോധത്തിന്റെയും നിരാശയുടെയും മേഘാവൃതമായ മനസ്സിൽ പെയ്തിറങ്ങിയ കണ്ണുനീരിന്റെ പെരുമഴക്കാലമായിരുന്നു അവളുടെ ജീവിതം മുഴുവൻ. നിസ്സഹായാവസ്ഥക്ക് പരിഹാരം നിർദ്ദേശിക്കാനും സാന്ത്വനം നൽകാനും ഒരു മാന്യതയുള്ള ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താനും ഒരു അഭ്യുദയകാംക്ഷിയും അവൾ ക്കുണ്ടായിരുന്നില്ല.
പാപപരിഹാര യാഗങ്ങളും സമാധാന യാഗങ്ങളും ഹോമയാഗങ്ങളുമൊക്കെ അനുഷ്ഠിക്കുന്ന തിരക്കിലായിരുന്ന പുരോഹിതന്മാർക്കും ഈ പാപിനിയുടെ നുറുങ്ങിയ ഹൃദയത്തെ സാന്ത്വനിപ്പിക്കാൻ മനസ്സും സമയമുണ്ടായിരുന്നില്ല. നിരാശയുടെ മൗന നൊമ്പരം പേറി അവൾ ജീവിതത്തിൽ തുടർന്നു
പാപം മോചിക്കാനും ആത്മശരീരമനസ്സുകളെ ശുദ്ധീകരിക്കാനും യഥാസ്ഥാനപ്പെടുത്താനും കഴിയുന്ന രക്ഷകനായ യേശുവിനെപ്പറ്റി അവൾ കേട്ടിട്ടുണ്ടായിരുന്നു.
പട്ടണത്തിൽ ഒരു പരീശന്റെ വീട്ടിൽ യേശു ഇന്ന് വിരുന്നിന് വരുന്നുണ്ടെന്നവൾ മനസ്സിലാക്കി. സമൂഹത്തിന്റെ കണ്ണിൽ പാപിനിയായ എനിക്ക് എങ്ങനെ അവിടെ ചൊല്ലുവാൻ കഴിയുമെന്ന ചിന്ത അവളെ അലട്ടി. കരുണയില്ലാത്ത കർക്കശക്കാരായ പരീശർ എന്നെ ചവിട്ടി പുറത്താക്കും പരിഹസിക്കും... അങ്ങനെ പല പ്രതിസന്ധികൾ.
പാപങ്ങൾ മോചിക്കാൻ കഴിയുന്ന യേശു എന്ന രക്ഷകനെ എനിക്ക് കണ്ടേ പറ്റൂ, കുറ്റബോധത്തിന്റെ നിത്യ തടവിൽ നിന്ന് ഒരു മോചനം കിട്ടിയേ പറ്റൂ, അതുകൊണ്ട് ഞാൻ യേശുവിനെ കാണുമെന്ന് അവൾ തീരുമാനിച്ചു.
തന്റെ വലിയ പാപഭാര ചുമടുകൾ ക്രിസ്തുവിന്റെ പാദത്തിൽ ഇറക്കിവച്ച് കണ്ണുനീരു കൊണ്ട് യേശുവിൻ പാദങ്ങൾ കഴുകി തുടച്ച്, ചുംബിച്ച്, സുഗന്ധ തൈലം പൂശി. യേശു അവളോട് പറഞ്ഞു: 'നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു'.
പാപക്ഷമക്കായി യേശുവിന്റെ അടുത്തുവന്ന പാപിനിയെക്കാൾ ഒട്ടും മെച്ചപ്പെട്ടവനല്ല ഞാൻ. പാപഭാര ചുമടുകൾ ഇറക്കി വെക്കാനും പാപക്ഷമ അപേക്ഷിക്കാനും പഴയ ജീവിത ശൈലി മാറ്റി പുതിയ സൃഷ്ടിയാക്കി പുതിയ തുടക്കത്തിനുമൊക്കെ എനിക്കും നിങ്ങൾക്കും ഒരു രക്ഷകനെ ആവശ്യമാണ്. ഈ രക്ഷകൻ എപ്പോഴും നമ്മുടെ ഹൃദയ വാതുക്കലുണ്ട്.
രക്ഷപ്പെടാൻ സാധ്യതയില്ല, നശിച്ചു പോയതാണ്, നഷ്ടപ്പെട്ടതാണ്, കുടുംബത്തിന് ശാപമാണ്, ദൈവം തള്ളിക്കളഞ്ഞ മഹാപാപിയാണ്... എന്നൊക്കെ പലരും നമ്മെ പറ്റി പറഞ്ഞിട്ടുണ്ടാകാം. അതൊക്കെ മറന്നേക്കൂ.
പശ്ചാതാപത്തിന്റെ കണ്ണുനീരിൽ ആർദ്രവനാകുന്ന ദൈവത്തിന് നമ്മെ സുഖമാക്കാൻ സമൂഹത്തിന്റെ ഈ മുൻവിധികൾ ഒന്നും തടസ്സമല്ല.
'ദൈവത്തോടും മനുഷ്യരോടും പാപം ചെയ്തുപോയി ക്ഷമിക്കണ'മെന്ന് പശ്ചാത്താപഹൃദയത്തോടെ പറഞ്ഞാൽ, ദൈവത്തിന്റെ സാന്ത്വന ശബ്ദം നമുക്ക് കേൾക്കാൻ കഴിയും: നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടരിക്കുന്നു!
ഈ സുപ്രസാദ കാലത്ത് പാപക്ഷമയും രക്ഷയും വീണ്ടെടുപ്പും വളരെ വളരെ എളുപ്പമാണ്, നമ്മുടെ തൊട്ടടുത്താണ്
ദൈവമേ, പാപിനിയെപ്പറ്റി നിഷേധാത്മകമായി ചിന്തിച്ച് സ്വയം നീതികരിച്ച പരീശന്റെ മനോഭാവത്തിൽ നിന്ന് പാപിനിയുടെ പശ്ചാത്താപത്തിലേക്ക് എന്നെ നയിക്കേണമേ. എന്റെ വളരെയധികം കടങ്ങൾ ഇളെച്ചു തന്നതിനുള്ള നന്ദിയും കടപ്പാടും സ്നേഹവും ഹൃദയപൂർവ്വം തിരുസവിധേ സമർപ്പിക്കുന്നു.
-ഫാ. ഡോ. ഏ. പി. ജോർജ്