ഇടറിപ്പോകാതെ നിർത്തണമേ

നമ്മൾ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നടക്കണമെന്നില്ല. ദൈവത്തിന്റെ ദിവ്യപരിപാലന വാഗ്ദാനങ്ങൾ ഏറെയുണ്ടെങ്കിലും  പ്രതിസന്ധികളും പ്രതിരോധങ്ങളും പരാജയങ്ങളും ഒന്നിന് പിറകെ മറ്റൊന്നായി  വന്നേക്കാം.                 

Rലോകാവസാനത്തോളം കൂടെയുണ്ടായിരിക്കുമെന്ന്  അരുളിച്ചെയ്ത  ദൈവത്തിന്റെ ഇടപെടലുകളും വിടുതലും ഒക്കെ അടിയന്തരഘട്ടങ്ങളിൽ കാണാതെ വരുമ്പോൾ നിരാശയും  ജഡരക്തങ്ങളോട് പടവെട്ടാനുള്ള പ്രേരണയുമൊക്കെ  മനസ്സിലുണ്ടായേക്കാം.പ്രതികൂലതകളുടെ കറുത്ത രാത്രി അസ്തമിക്കാതെ തുടരുമ്പോൾ ദൈവത്തിലുള്ള വിശ്വാസം തണുത്തു പോയേക്കാം. ദൈവത്തിന്റെ വാഗ്ദത്തങ്ങൾക്കൊന്നും യാതൊരു  പ്രസക്തിയുമില്ലെന്ന നിഷേധചിന്ത പ്രത്യാശയെ തകർത്തുകളയാനുള്ള സാധ്യതകളും വളരെയാണ്.

മുഖം തിരിച്ചിരിക്കുന്ന ദൈവത്തെ തുടർച്ചയായി വിളിച്ചിട്ട് എന്താണ് കാര്യമെന്ന് ചിന്തിച്ചു പോകും. എത്രയായാലും മനുഷ്യനല്ലേ,  തകർച്ചയും തളർച്ചയും ജഡത്തിന്റെ  ബലഹീനതകളാണ്. ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

പ്രതികൂല സാഹചര്യങ്ങൾ മനസ്സിലുണ്ടാകുന്ന ഇത്തരം നിഷേധ ചിന്തകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. ജീവിത പ്രതിസന്ധികളിൽ ദൈവത്തിലുള്ള വിശ്വാസം മാത്രമാണ് ഏറ്റവും സുരക്ഷിതവും ശാശ്വതവുമായിട്ടുള്ളത്.

പ്രതികൂലതകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ തുടരുമ്പോഴും ദൈവം നമ്മുടെ നന്മയും വിമോചനവും വീണ്ടെടുപ്പും ആഗ്രഹിക്കുന്നു എന്ന സത്യം മറക്കരുത്. ദൈവം നമ്മുടെ പക്ഷത്തു  തന്നെയാണ്. അതുകൊണ്ട് നിയോഗം വെടിഞ്ഞ് പിന്മാറരുത്, ഒളിച്ചോടരുത്. പരീക്ഷണ തീച്ചൂളയിൽ നമ്മളോരിക്കലും തനിച്ചല്ല,  ദാനിയേലിന്റെ  ദൈവം എന്നും കൂടെ ഉണ്ടായിരിക്കും.
പ്രത്യാശയുടെ വാതിലുകൾ അടക്കുമ്പോഴും ഒറ്റപ്പെടുമ്പോഴും തോൽവി സുനിശ്ചിത മാകുമ്പോഴും മരണനിഴൽ താഴ്വരയിലൂടെ ചുവടു വയ്ക്കുമ്പോഴുമൊക്കെ  നിരാശയിലും വികാര ആവേശത്തിലും അപക്വ തീരുമാനത്തിലേക്ക് ചുവടു വയ്ക്കരുത്,  മനസ്സിലെ  നിഷേധവികാര തേരോട്ടങ്ങൾക്കു പിറകെ ഓടരുത്. അധാർമികവും അക്രൈസ്തവവുമായ വഴിയിലൂടെ താൽക്കാലിക പരിഹാരത്തിന് ശ്രമിക്കരുത്. അതൊന്നും ശാശ്വതപരിഹാരമല്ല.
സാധ്യതകൾ അസ്തമിക്കുമ്പോളും സാധ്യതകളുടെ തമ്പുരാനിൽ ഉറച്ചു വിശ്വസിക്കണം. വിളിച്ചവൻ വിശ്വസ്തനാണ്, അനാഥരായി വിടില്ല.  വഴിയൊരുക്കി വഴി നടത്തിയിരിക്കും. സ്വന്തം ജീവിതദിനവൃത്താന്തത്തിന്റെ പേജുകൾ പിറകോട്ട് മറച്ച്,  പ്രതികൂലങ്ങളിൽ കൂടെ നടത്തിയ ഇമ്മാനുവേലിനെ ആത്മാവിൽ അനുഭവിച്ചറിയണം. അതിനുംകൂടിയാണ് ജീവിതപരിക്ഷണങ്ങൾ.

വിവിധ ദൈവനിയോഗങ്ങൾക്കായി കലപ്പയിൽ കൈവെച്ച നമ്മൾ ഒരിക്കലും പിന്മാറരുത്. ഭീതിപ്രദമായ മരണഭീഷണിയിലും നിർഭയരായി മുന്നോട്ടു പോകണം. എല്ലാം പ്രതികൂലമായപ്പോഴും നിത്യതയിലെ  ജീവകിരീടം മാത്രം മുന്നിൽകണ്ട്,  സുധീരസാക്ഷികളായി ചുവടുവെച്ച രക്തസാക്ഷികളെപ്പോലെ ആത്മീയ ആയുധങ്ങൾ ധരിച്ച്,   സാത്താന്യ ശക്തികൾക്കെതിരെ മുന്നേറണം. ഭൂമിയിലെ പരാജയങ്ങളെ നിത്യതയിലെ വിസ്മയ വിജയങ്ങളാക്കാൻ കഴിയുന്ന,  മരണത്തെ തോൽപ്പിച്ച്  ഉയർത്തെഴുന്നേറ്റ് മഹോന്നതങ്ങളിരിക്കുന്ന യേശുകർത്താവ് നമുക്കുണ്ട്. അതൊരിക്കലും മറക്കരുത്.
പരീക്ഷണ സഹനങ്ങളുടെ തീച്ചൂളയിലും  വിശ്വാസത്തിന്റെ  വിസ്മയ സാക്‌ഷ്യം  പറഞ്ഞ ഇയ്യോബിന്റെ  വാക്കുകൾ മനസ്സിൽ അടിവരയിട്ട് സൂക്ഷിക്കണം. പരീക്ഷണഘട്ടങ്ങളിൽ ഇത് വീണ്ടും വീണ്ടും ധ്യാനവിഷയമാക്കണം:
' അവൻ എന്നെ കൊന്നാലും ഞാൻ അവനെ തന്നെ കാത്തിരിക്കും. ഞാൻ എന്റെ നടപ്പ് അവന്റെ മുമ്പാകെ തെളിയിക്കും (ഇയ്യോബ് 13:15).
                                          സഹന ചരിത്രത്തിന്റെ ഏടുകളിൽ മനുഷ്യൻ ഇതുവരെ വായിച്ചിട്ടുള്ള ദുസ്സഹവും ദുഃഖപൂർണ്ണമായ  ദുരന്തമായിരുന്നു  ഇയ്യോബിനെ പരീക്ഷണങ്ങൾ. എന്നിട്ടും ധീരസുധീരനായി വിശ്വാസം കൈവെടിയാതെ ദൈവത്തിൽ ഉറച്ചു നിന്നു. സാത്താനെപ്പോലും അത്ഭുതപ്പെടുത്തിയ വിശ്വാസ സാക്ഷ്യമായിരുന്നു ഇയ്യോബിന്റെത്.
ഉൽഘടവും തീവ്രവുമായ നമ്മുടെ പരീക്ഷണ സഹനങ്ങളിൽ പ്രത്യാശ കൈവിടാതെ ഉറച്ചു നിൽക്കണമെന്നാണ് പത്രോസ് ശ്ലീഹാ ഉപദേശിക്കുന്നത്:
' ദൈവത്തിന്റെ ശക്തമായ കരങ്ങൾക്ക് കീഴിൽ നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തി കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏൽപ്പിക്കുവിൻ. അവിടുന്നു നിങ്ങളുടെ കാര്യത്തിൽ  ശ്രദ്ധാലുവാണ്. വിശ്വാസത്തിൽ ഉറച്ചു നിന്നുകൊണ്ട് ശത്രുവായ സാത്താനെ എതിർക്കുവിൻ. നിത്യ മഹത്വത്തിലേക്ക് ക്രിസ്തുവിൽ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അൽപകാലത്തെ സഹനത്തിനുശേഷം പൂർണ്ണമാക്കുകയും സ്ഥിരീകരിക്കുകയും ശക്തമാക്കുകയും ചെയ്യും.'
ബൈബിളിലെ വിശ്വാസധീരരുടെ സഹന യാത്രകളിൽ കൂടെ നടന്ന്  ശക്തരാക്കി പ്രതിസന്ധികളിലൂടെ അവരെ നടത്തിയ ദൈവമേ,  അവിടുന്ന് തന്നതു തിരിച്ചെടുക്കുമ്പോഴും നഷ്ടപ്പെടുമ്പോഴും അവിടുത്തെ നാമം മഹത്വപ്പെടേണമേയെന്നു പ്രാർത്ഥിക്കുവാനുള്ള കൃപയും വിശ്വാസവും പ്രത്യാശയും നൽകേണമേ. പരീക്ഷണ മരുഭൂയാത്രയിൽ  ഞങ്ങളെ വിശ്വാസത്തിൽ ഉറപ്പിയ്ക്ക ണമേയെന്നു  വിശ്വാസത്തിന്റെ  നായകനായ യേശുക്രിതുവിന്റെ അതിശയനാമത്തിൽ അപേക്ഷിക്കുന്നു.