ക്രിസ്തുവിനെ പിന്തുടരുന്നവർക്ക് 'ക്രിസ്ത്യാനികൾ' എന്ന പേര് ആദ്യം ലഭിച്ചത് അന്ത്യോക്യയിൽ വച്ചാണ്. അതിനുമുമ്പ്, 'ക്രിസ്തു മാർഗ്ഗത്തിൽ നടക്കുന്നവർ' എന്നാണ് ക്രിസ്തുശിഷ്യർ അറിയപ്പെട്ടിരുന്നത് (പ്രവർത്തികൾ 9:2).
'ഞാൻ വഴിയും സത്യവും ജീവനും ആകുന്നു' എന്നു കൽപ്പിച്ച ക്രിസ്തുവിന്റെ വഴിയിലൂടെ മാത്രം നടക്കുവാനുള്ള ദൃഢപ്രതിജ്ഞയാണ് ക്രിസ്തീയ ജീവിതം.
അന്ത്യോക്യയിൽ സുവിശേഷവുമായി ചെന്ന ബർണബാസ് വിശ്വാസികളെ ഓർമ്മപ്പെടുത്തിയത്: 'ഹൃദയനിർണയത്തോടെ കർത്താവിനോടു ചേർന്ന് നിൽക്കണ'മെന്നാണ് ( പ്രവർത്തികൾ 11:23). അദ്ദേഹത്തിന്റെ സാക്ഷ്യമുള്ള ജീവിതവും പരിശുദ്ധാത്മചൈതന്യവുമുള്ള ഉപദേശവും അവിടത്തെ ജനങ്ങൾ ഹൃദയപൂർവം അനുസരിച്ച്, ക്രിസ്തുവിനോട് ചേർന്ന് ജീവിച്ചു.
ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ സ്വഭാവം ജീവിതത്തിൽ വെളിപ്പെടുത്തണമെന്നും അല്ലെങ്കിൽ ദൈവത്വം ചോർന്നുപോയ നാമധേയ വിശ്വാസികളായിത്തീരുമെന്നുമാണ് അപ്പോസ്തോലൻ പറയുന്നത്:
'അവസാനനാളിൽ സ്വാർത്ഥസ്നേഹികളും ധനമോഹികളും അഹങ്കാരികളും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദിയില്ലാത്തവരും വിശുദ്ധിയി ല്ലാത്തവരുമായ മനുഷ്യർ ഉണ്ടാകും. അവർ ഭക്തിയുടെ ബാഹ്യരൂപം നിലനിർത്തിക്കൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും. അവരിൽനിന്ന് അകന്നുനിൽക്കുക'- (തിമോത്തിയോസ് 3).
ആദ്യകാല ക്രിസ്ത്യാനികൾ ലോകത്തിന്റേതിൽനിന്നും വ്യത്യസ്ത ജീവിതശൈലിയു ള്ളവരായിരുന്നു. ക്രിസ്തു കേന്ദ്രീകൃതമായ താൽപര്യങ്ങളായിരുന്നു അവർക്കും അന്നത്തെ നേതൃത്വത്തിനുമുണ്ടായിരുന്നത്.
കാലപ്രവാഹത്തിൽ ക്രിസ്തു അനുയായികൾ കേവല മതവിശ്വാസികളായി പരിണമിച്ചു. ക്രിസ്തുവിൽനിന്നകന്ന്, ക്രിസ്തു നാമധേയത്തിൽ തോന്നിയതുപോലെ ലോകപ്രകാരം, അധാർമികമായി ജീവിക്കുന്നതിൽ അപാകതയില്ലെന്ന ചിന്ത അവരിൽ രൂഡമൂലമായി. പ്രത്യേക ഡിനോമിനേഷന്റെ ഐഡന്റിറ്റിയിലേക്കും പാരമ്പര്യത്തിലേക്കും ഭരണഘടനയിലേക്കും ചുവടു മാറിയപ്പോൾ വിശ്വാസികളുടെ ജീവിതത്തിൽ ക്രിസ്തിയ പ്രമാണങ്ങളുടെ പ്രസക്തി കുറഞ്ഞു. ക്രിസ്തുവിനോട് ചേർന്നു ജീവിച്ച ആദ്യകാല ക്രിസ്ത്യാനികളുടെ ധാർമ്മി ക ബാധ്യതകളിൽനിന്നും ക്രിസ്ത്യാനികൾ സ്വയം സ്വതന്ത്രരായി. ദൈവത്തെയും മനുഷ്യനെയും സ്നേഹിക്കുവാനുള്ള ദൈവകൽപനകൾ കേട്ടിരിക്കാൻ മാത്രമുള്ള പ്രസംഗവിഷയമായി. സ്വന്തം വിശ്വാസ സംരക്ഷണത്തിനുവേണ്ടി ആരെയും സംഘംചേർന്ന് എതിർക്കാനും സഹസ്രകോടികളുടെ വ്യവഹാരങ്ങൾ നടത്താനും ബലപരീക്ഷണത്തിനും സൈബർ ആക്രമണത്തിനുമൊക്കെ ക്രിസ്ത്യാനികൾ തയ്യാറായി. ഇതെല്ലാ സഭകളിലെയും ദുരവസ്ഥയാണ്.
ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ ഉപദേശത്തേക്കാൾ മറ്റു പലനിയമങ്ങൾക്കും ദൈവശാസ്ത്ര സിദ്ധാന്തങ്ങൾക്കും മുൻതുക്കം കൊടുത്തപ്പോൾ, ഇവരൊന്നാകണമെന്ന് ക്രിസ്തു പ്രാർത്ഥിച്ച തന്റെ മക്കൾ പലതായി വിഘടിച്ചു, പരസ്പരം വിദ്വേഷിക്കുന്ന ശത്രുക്കളായി.
ദൈവീക പ്രമാണങ്ങളെക്കാൾ പാരമ്പര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരോടുള്ള ക്രിസ്തുവിന്റെ പ്രതികരണം അനുകൂലമായിരുന്നില്ല: ' നിങ്ങളുടെ പാരമ്പര്യത്തിന്റെ പേരിൽ നിങ്ങൾ ദൈവത്തിന്റെ പ്രമാണങ്ങൾ ലംഘിക്കുന്നത് എന്തുകൊണ്ടാണ്? നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെ വ്യർത്ഥമാക്കിയിരിക്കുന്നു'- (മത്തായി 15) .
ക്രിസ്തുവിന്റെ ഉപമയിലെ അനുഷ്ഠാനങ്ങളുടെ പേരിൽ സ്വയം നീതികരിക്കുന്ന പരീശനെപ്പോലെ, അധാർമ്മിക പ്രവർത്തനങ്ങളിലും ദുശ്ശീലങ്ങളിലും കുറ്റബോധം തോന്നാത്ത, ബൈബിളിൽ നിന്ന് അകന്നുപോയ സമൂഹമായി ക്രിസ്ത്യാനികൾ മാറിയത് വളരെ നിർഭാഗ്യകരമാണ്.
കർത്താവിനോട് ചേർന്നു നിൽക്കണമെന്ന ബർണബാസിന്റെ ഉപദേശത്തെപറ്റി ക്രിസ്തീയ സമൂഹം വസ്തുനിഷ്ഠമായ ഒരു പുനരാലോചന നടത്തേണ്ട കാലമായി. നമ്മുടെ ആത്മീയ യാത്രയിൽ ക്രിസ്തുവിനെ വിട്ട് വഴിതെറ്റി പോയത് എവിടെയാണ്, ക്രിസ്തുവിനേക്കാൾ പ്രാധാന്യം കൊടുത്ത എന്തെല്ലാം വിഗ്രഹങ്ങൾ നമുക്കിടയിൽ പ്രതിഷ്ഠിക്കപ്പെട്ടു എന്നൊക്കെ വിശ്വാസിസമൂഹം നിഷ്പക്ഷമായി ഒരന്വേഷണം നടത്തേണ്ട സമയമാണിപ്പോൾ. ദൈവം ദേവാലയങ്ങളുടെ വാതിലടച്ച്, ഹൃദയ ആൾത്താരയുടെ വാതിൽ തുറന്നിരിക്കുന്ന ഈ കോവിഡ് മഹാമാരിയുടെ കാലഘട്ടം അതിനായി പ്രയോജനപ്പെടുത്തേണ്ടതാണ്. ദൈവം ലോകത്തെ പുതുക്കിപ്പണിയുമ്പോൾ മാറ്റത്തിന് തയ്യാറാകാതെ ഹൃദയകാഠിന്യത്തോടെ തുടരുന്നത് ദൈവനിഷേധമാണ്.
യാക്കോബ് ചെയ്തതുപോലെ, തള്ളേണ്ടത് തള്ളി, ഹൃദയ വിശുദ്ധിയോടെ പുതിയ ബേഥേലിലേക്കു ചുവടുവെക്കാൻ ക്രിസ്തീയ സമൂഹം തയ്യാറായാൽ ഇപ്പോഴത്തെ പല പ്രതിസന്ധികൾക്കും പരിഹാരമാകും. വ്യക്തിപരമായും ഈ തീരുമാനം എടുക്കാവുന്നതാണ്. അപ്പോൾ ആദ്യ നൂറ്റാണ്ടിലെപ്പോലെ ദൈവത്തിന്റെ രാജ്യവും ഇഷ്ടവും സ്വർഗ്ഗത്തിലെപ്പോലെ സഭയിലും കുടുബത്തിലും ദാമ്പത്യത്തിലും യഥാർഥ്യമാകും.
എന്താണ് യാക്കോബ് ചെയ്തത്?
'യാക്കോബ് തന്റെ കുടുംബാംഗങ്ങളോടും കൂടെയുണ്ടായിരുന്ന എല്ലാവരോടുമായി പറഞ്ഞു: നിങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ദൂരെ കളയുക. എല്ലാവരും ശുദ്ധിവരുത്തി വസ്ത്രങ്ങൾ മാറുക. നമുക്ക് ബേഥേലിലേക്കു പോകാം. തങ്ങളുടെ കൈവശമുണ്ടായിരുന്ന അന്യ വിഗ്രഹങ്ങളും കർണാഭരണങ്ങളും അവർ യാക്കോബിനെ ഏൽപ്പിച്ചു. അവൻ ശേഖേമിനു അടുത്തുള്ള യോക്ക് മരത്തിൻ ചുവട്ടിൽ അവ കുഴിച്ചുമൂടി. അവർക്ക് ചുറ്റുമുള്ള നഗരങ്ങളിലെല്ലാം ദൈവഭീതി യുണ്ടായി. അതുകൊണ്ട് അവർ യാത്രചെയ്തപ്പോൾ ആരും യാക്കോബിന്റെ മക്ക ളെ പീഡിപ്പിച്ചിട്ടില്ല'- (ഉല്പത്തി 35)
'എന്നെ അനുഗമിക്കുക' എന്ന പ്രസ്താവന സുവിശേഷങ്ങളിൽ 22 പ്രാവശ്യം ആവർത്തിക്കുന്നുണ്ട്. 'യേശു വീണ്ടും അവരോട് പറഞ്ഞു: ഞാൻ ലോകത്തിന്റെ പ്രകാശമാണ്, എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനിൽ ജീവന്റെ പ്രകാശം ഉണ്ടായിരിക്കും' (യോഹന്നാൻ 8).
'എന്റെ ആടുകൾ എന്റെ സ്വരം ശ്രവിക്കുന്നു, എനിക്ക് അവയെ അറിയാം, അവ എന്നെ അനുഗമിക്കുന്നു (യോഹന്നാൻ 10)
ക്രിസ്തുവിനെ അറിയുന്ന, ക്രിസ്തു അറിയുന്ന, ക്രിസ്തുവിന്റെ ശബ്ദം കേട്ട് ക്രിസ്തുവിനോട് ചേർന്ന് പിൻപറ്റുന്ന ആട്ടിൻകൂട്ടമായി, പുതിയ ഉടമ്പടി ബന്ധത്തിലേക്ക് വിശ്വാസികളും സഭകളും ചുവടു വയ്ക്കണം. പഴയ തിരുത്തിയും പുതിയ വീഞ്ഞും കർത്താവിനു സ്വീകാര്യമല്ല, പുതിയ തിരുത്തിയിൽ പുതിയ വീഞ്ഞായിരിക്കണമെന്ന് നിർബന്ധമുണ്ട്.
നൂതന സിദ്ധാന്തങ്ങളും ദൈവശാസ്ത്ര തിയറികളും സംഹിതകളും ഗ്രൂപ്പുകളും സഭകളും ആൾദൈവങ്ങളുമൊക്കെ ഒന്നിന് പിറകെ മറ്റൊന്നായി കടന്നു വന്നുകൊണ്ടിരിക്കും. പക്ഷേ അപ്പോസ്തോലൻ പൗലോസ് പറഞ്ഞതുപോലെ, ക്ലേശം ദുരിതം പീഡനം പട്ടിണി നഗ്നത വാൾ ഉയരം ആഴം മറ്റേതെങ്കിലും സൃഷ്ടികൾ മരണം ജീവൻ ദൂതന്മാർ അധികാരങ്ങൾ തുടങ്ങിയവ ഒന്നിനെയും ക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹത്തിൽ നിന്ന് നമ്മെ വേർപ്പെടുത്താൻ നമ്മളൊരിക്കലും അനുവദിക്കരുത്.
ദൈവമേ, അങ്ങയോട് ചേർന്ന് അങ്ങയുടെ ഇഷ്ടങ്ങൾ മാനിക്കുന്ന ഒരു യഥാർത്ഥ ക്രിസ്തീയ ജീവിതം തുടരുവാനുള്ള സമർപ്പണത്തിനും ആത്മ പ്രതിബദ്ധതയ്ക്കു മായി ആത്മവരങ്ങളാൽ ഞങ്ങളെ പുതിയ സൃഷ്ടികളാക്കണമെന്ന് യേശുക്രിസ്തുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു
ക്രിസ്തുവിനോടു ചേരുക