മൂന്നര വർഷം കൊണ്ട് ക്രിസ്തു ജനസഹസ്രങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറി. അധികംപേരും അപ്പം തിന്നാനും അത്ഭുതം കാണുവാനും ഓടിക്കൂടിയ ആൾക്കൂട്ടം ആയിരുന്നു എന്ന് ക്രിസ്തുവിന് അറിയാമായിരുന്നു. എന്നാൽ ചിലർ ക്രിസ്തുവുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിച്ചു.അവരിലൊരാളാണ് നിക്കോദിമോസ്.
ക്രിസ്തു പെസഹ പെരുന്നാളിൽ യെരുശലേമിൽ എത്തിയപ്പോഴായിരുന്നു ജൂയിഷ് റൂളിംഗ് കൗൺസിൽ അംഗവും പരീശനുമായ നിക്കോദിമോസുമായുള്ള കൂടിക്കാഴ്ച നടന്നത്.
സന്നിധ്രീം സംഘത്തിലെ 70 അംഗങ്ങളിൽ തികച്ചും വ്യത്യസ്തനായ ഒരു പരീശനായിരുന്നു നിക്കോദിമോസ്. ആത്മീയ വിശപ്പും സത്യം അറിയുവാനുള്ള താൽപര്യവും തുറവിയുള്ള മനസ്സും അദ്ദേഹത്തിനുണ്ടായിരുന്നു.
നിക്കോദിമോസ് രാത്രി സന്ദർശകൻ ആയിട്ടാണ് യേശുവിന്റെ അടുക്കൽ എത്തിയതെന്ന് ബൈബിളിൽ രണ്ടു ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട് (യോഹന്നാൻ 3 :2, 19:32)
ദൈവരാജ്യത്തിന്റെ ആത്മീയ മർമ്മം ക്രിസ്തു ആഴത്തിൽ വെളിപ്പെടുത്തിയ ഒരു സന്ദർഭമായിരുന്നു ഈ കൂടിക്കാഴ്ച.
നിക്കോദിമോസ് തന്റെ സംഭാഷണം തുടങ്ങിയത് യേശു ചെയ്യുന്ന അത്ഭുതങ്ങളെ പറ്റി പറഞ്ഞു കൊണ്ടാണ്:
അവന് രാത്രി യേശുവിന്റെ അടുത്തു വന്നു പറഞ്ഞു: റബ്ബീ, അങ്ങ് ദൈവത്തില്‍നിന്നു വന്ന ഒരു ഗുരുവാണെന്നു ഞങ്ങള്‍ അറിയുന്നു. ദൈവം കൂടെയില്ലെങ്കില്‍ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല.
യോഹന്നാന് 3 : 2
പക്ഷേ തികച്ചും വ്യത്യസ്തമായ ഒരു വിഷയത്തിലേക്ക് നിക്കോദിമോസിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് യേശു ചെയ്തത്:
യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല.
നിക്കൊദേമോസ് ചോദിച്ചു: പ്രായമായ മനുഷ്യന് ഇത് എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച് അവനു ജനിക്കുവാന്‍ കഴിയുമോ?
യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല.
യോഹന്നാന് 3 : 3-5
നിത്യതയുടെ പ്രതീകമായ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ ആത്മീയ പരിവർത്തനത്തിലൂടെ യുള്ള വീണ്ടും ജനനം അത്യാവശ്യമാണെന്ന് ക്രിസ്തു വെളിപ്പെടുത്തി. ഇതിന് ചിന്തയിലും വ്യക്തിബന്ധങ്ങളിലും ദൈവബന്ധത്തിലും ഒരു പുനർ ക്രമീകരണം നടത്തി വീണ്ടും ജനനം നടക്കണം.
എന്റെ രാജ്യം ഐഹികമല്ല എന്ന് പ്രഖ്യാപിച്ച ക്രിസ്തു ദൈവരാജ്യം സ്ഥാപിച്ചത് മനുഷ്യഹൃദയങ്ങളിൽ ആണ്. ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നെ ഉണ്ടെന്ന ക്രിസ്തുവിന്റെ പ്രഖ്യാപനം ഭൗതിക കാഴ്ചപ്പാടിന് അപ്പുറമുള്ള ഒരു സത്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ദൈവ രാജ്യത്തിന്റെ അനുഭവം ഇവിടെ തുടങ്ങി നിത്യതയി ൽ പൂർത്തിയാകേണ്ടതാണ്.
ദൈവരാജ്യം എന്നാൽ ഭക്ഷണവും പാനീയവും അല്ല പ്രത്യുത നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവും ആണെന്ന പൗലോസ് അപ്പോസ്തോലൻ നിർവചനം ദൈവരാജ്യ സങ്കൽപ്പത്തിന്റെ അനന്ത സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ന്യായപ്രമാണം അനുസരിക്കുകയും മറ്റുള്ളവരെ അനുസരിപ്പിക്കുകയും ചെയ്യുന്ന ഇസ്രായേലിന്റെ ഗുരുവായിരുന്നിട്ടും അറിയേണ്ടത് അറിയേണ്ടത് പോലെ അറിയാതിരുന്ന നിക്കോദിമോസിന്റെ ഹൃദയത്തിൽ ദൈവരാജ്യത്തെ പറ്റിയുള്ള ക്രിസ്തുവിന്റെ വെളിപ്പെടുത്തൽ പുതിയ ദർശനം നൽകി.
ജീവിത കാഴ്ചപ്പാടിലും മനോഭാവങ്ങളിലും വീണ്ടും ജനനം നടക്കണം. നിർബന്ധബുദ്ധിയും പിൻപറ്റുന്ന പാപശീലങ്ങളും പിണക്കവും വെറുപ്പും മാറി പുതിയ ക്രിസ്തീയ മനോഭാവങ്ങൾ രൂപപ്പെടണം. ദോഷത്തിന്റെ കണക്ക് സൂക്ഷിക്കാത്ത ക്രിസ്തീയ സ്നേഹത്തിൻറെയും സഹനത്തിന്റെയും ഡിവൈൻ മെന്റൽ സെറ്റ്, റീസെറ്റ് ചെയ്യപ്പെടണം. പുതിയ സൃഷ്ടി ആകണം. പഴയത് മാറി പോകണം.
പാപത്തിന്റെ അധീശത്വത്തിലായിരിക്കുന്ന മനുഷ്യന് ഇതൊക്കെ എങ്ങനെ സാധ്യമാകുമെന്നും ക്രിസ്തു നിക്കോദിമോസിനു പറഞ്ഞു കൊടുത്തു.
ഇഷ്ടമുള്ളിടത്ത് വീശുന്ന കാറ്റുപോലെ താൻ ആഗ്രഹിക്കുന്ന അവരിലേക്ക് കടന്നുചെല്ലുന്ന പരിശുദ്ധാത്മാവ് രൂപാന്തരത്തിന്റെയും നവീകരണത്തിന്റെയും ചാലകശക്തിയായി പ്രവർത്തിക്കും. നവീകരണത്തിന് ആത്മാവ് ജീവിതത്തിൽ കടന്നുവരുമ്പോൾ മാനസാന്തരവും വീണ്ടും ജനനവും പുതിയ സൃഷ്ടിയാകലും സ്വാഭാവികമായി നടക്കും. ക്രിസ്ത്യാനികളെ പീഡിപ്പിച്ച ശൗലിനെ സ്നേഹത്തിന്റെ അപ്പോസ്തോലൻ ആക്കിയ പരിശുദ്ധാത്മാവിന് വ്യക്തി ബന്ധത്തിന്റെ പുന പ്രതിഷ്ഠ നടത്തുവാൻ കഴിയും.
ഒരു വീണ്ടും ജനനമാണ് ഇന്നത്തെ നമ്മുടെ ആവശ്യം. കുടുംബത്തിലും ദാമ്പത്യത്തിലും ഇടയത്വ ശുശ്രൂഷയിലും നിലനിൽക്കുന്ന പ്രതിസന്ധികൾക്കു ള്ള ഏക പരിഹാരം വീണ്ടും ജനനമാണ്. ആദ്യം മാറേണ്ടത് നമ്മളാണ്. ദൈവ രാജ്യത്തിന്റെ നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവും അന്തരംഗത്തിൽ പുനഃസ്ഥാപിക്കപ്പെടുമ്പോൾ നമ്മളിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. അത് മറ്റുള്ളവരുടെ മാറ്റത്തിനുള്ള പ്രേരകശക്തിയായി തീരും. അപ്പോൾ പ്രതിസന്ധികളും പിരിമുറുക്കങ്ങളും ശാന്തമാക്കും. ഈ രൂപാന്തരം സംഭവിക്കുമ്പോൾ സ്വർഗ്ഗരാജ്യത്തിന്റെ അനുഭവം അന്തരംഗത്തിൽ അനുഭവിക്കുവാൻ കഴിയും.
യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല.
നിക്കൊദേമോസ് ചോദിച്ചു: പ്രായമായ മനുഷ്യന് ഇത് എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച് അവനു ജനിക്കുവാന്‍ കഴിയുമോ?
നിങ്ങള്‍ വീണ്ടും ജനിക്കണം എന്നു ഞാന്‍ പറഞ്ഞതുകൊണ്ടു നീ വിസ്മയിക്കേണ്ടാ.
കാറ്റ് അതിനിഷ്ടമുളളിടത്തേക്കു വീശുന്നു; അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍നിന്നു ജനിക്കുന്ന ഏവനും.
യോഹന്നാന് 3 : 7-14
സ്വർഗ്ഗരാജ്യം സ്വന്തമാക്കുന്നവരെ ക്രിസ്തു ഗിരിപ്രഭാഷണത്തിൽ പരിചയപ്പെടുത്തി. അവർ അസാധാരണ വ്യക്തികളോ സെലിബ്രിറ്റികളൊ ഒന്നുമല്ല. നന്മയും കാരുണ്യവും ദൈവീക മൂല്യങ്ങളും സ്വഭാവത്തിൽ നിറഞ്ഞ സാധാരണ മനുഷ്യരാണ്:
ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്; സ്വര്‍ഗരാജ്യം അവരുടേതാണ്.
ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്; അവര്‍ ദൈവത്തെ കാണും.
നീതിക്കുവേണ്ടി പീഡനം ഏല്ക്കുന്നവര് ഭാഗ്യവാന്മാര്; സ്വര്‍ഗരാജ്യം അവരുടേതാണ്.
മത്തായി 5 : 3-10
ദൈവമേ, വീണ്ടും ജനനത്തിലൂടെ പുതിയ സൃഷ്ടി ആകുവാൻ നവീകരണത്തിന്റെ ആത്മാവിനെ എന്നിലും എന്റെ ജീവിതപങ്കാളിയിലും മക്കളിലും സഭയിലും മത രാഷ്ട്രീയ നേതൃത്വത്തിലും സമൃദ്ധിയായി പകരേണമേ, പരിവൃത്തിക്കപ്പെടേണമേ.