' നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും അത് അത്യുന്നതന്റെ പുത്രൻ ആയിരിക്കു'മെന്ന് മാലാഖ
മാലാഖ മറിയാമ്മിനോട് പറഞ്ഞപ്പോൾ, ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ യാണ് സംഭവിക്കുക എന്ന് അവൾ ചോദിച്ചു.
വീണ്ടും സംശയങ്ങൾ ഏറെ ഉണ്ടാക്കുന്ന മറുപടി ആയിരുന്നു മാലാഖ നൽകിയത്:
' പരിശുദ്ധാത്മാവ് നിന്റെ മേൽ വരും, അത്യുന്നതൻ റെ ശക്തി നിന്റെ മേൽ നിഴലിടും, ആകയാൽ നിന്നി ൽ നിന്ന് ഉത്ഭവിക്കുന്ന വിശുദ്ധ പ്രജ ദൈവപുത്രൻ എന്ന് വിളിക്കപ്പെടും, ദൈവത്തിന് അസാധ്യമായി ഒന്നുമില്ല.'
അതിന് മറയാം വിശദീകരണം ഒന്നും ചോദിച്ചില്ല. മനുഷ്യ ബുദ്ധിക്കു അതീതമായ വലിയൊരു രഹസ്യമാണ് ഒരു ടീനേജ്കാരിയോട് മാലാഖ പറഞ്ഞത്. ദൈവത്തിന്റെ ചിന്തകളും വഴികളും തീരുമാനങ്ങളും മനുഷ്യനു മനസ്സിലാക്കാൻ കഴിയില്ലെന്നും ദൈവത്തിന് ഒന്നും അസാധ്യമല്ലെന്നും വിശ്വസിക്കാനും ഉള്ളിൽ സംഗ്രഹിക്കാനും മാറിയമിന് കഴിഞ്ഞതുകൊണ്ടാണ് തുടർന്ന് ചോദ്യങ്ങളൊന്നും ചോദിക്കാതിരുന്നത്. അതിനുള്ള കൃപാവരം ദൈവം മാറിയമിന് നൽകിയിരുന്നു.
മറിയം പറഞ്ഞു 'ഞാൻ കർത്താവിന്റെ ദാസി, നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ!'
ദൈവം പറഞ്ഞത് നിവർത്തിയാകുമെന്ന് വിശ്വസിച്ച മറിയാം ഭാഗ്യവതി ആണെന്ന് ആത്മാവിൽ നിറഞ്ഞ് എലിസബത്ത് പറഞ്ഞതിന്റെ അർത്ഥവും ആഴവും വളരെ വലുതാണ്.
അസാധ്യ കാര്യങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ സംശയത്തിന്റെയും യുക്തിയുടെയും ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിൽ കടന്നുവരാറുണ്ട്. അവിടുത്തെ ഇഷ്ടം പോലെ എനിക്ക് ഭവിക്കട്ടെ എന്ന് പറയാനും സമർപ്പിക്കാനുമുള്ള എന്റെ വിശ്വാസ പക്വതയില്ലായ്മയാണ് അതിന് കാരണം.
ദൈവം നമുക്ക് തന്നിരിക്കുന്ന ബുദ്ധിശക്തിയും വിവേചനവരവും കൊണ്ടാണ് നാം കാര്യങ്ങൾ മനസ്സിലാക്കുന്നതും വസ്തുനിഷ്ഠമായി വിലയിരുത്തുന്നതും ഒക്കെ. എന്നാൽ എല്ലാം നമുക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് ഒരിക്കലും ചിന്തിക്കരുത്. നമ്മുടെ റാഷണൽ കപ്പാസിറ്റിക്കു അതീതമായ അനേകമനേകം കാര്യങ്ങളുണ്ട്.
ദൈവത്തിന്റെ ആത്മാവിന്റെ വരവും പോക്കും, സഞ്ചാരപഥങ്ങളുമൊക്കെ നമ്മുടെ ഗ്രഹണ ശക്തിക്ക് അതീതമാണ്. സർവ്വ സൃഷ്ടികളുടെയും സ്രഷ്ടാവും അധിപനുമായ ദൈവത്തെ പൂർണ്ണമായും മനസ്സിലാക്കാൻ മനുഷ്യനാവില്ലെ ന്നാണ് പൗലോസ് ശ്ലീഹ പറയുന്നത്:
'അവിടുന്നു മാത്രമാണ് മരണമില്ലാത്തവന്. അപ്രാപ്യമായ പ്രകാശത്തില് വസിക്കുന്ന അവിടുത്തെ ഒരുവനും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല. സ്തുതിയും അനന്തമായ ആധിപത്യവും അവിടുത്തേക്കുള്ളതാണ്. ആമേന്.
1 തിമോത്തേയോസ് 6 : 16
അത്യുജ്വല തേജോമയ പ്രകാശമായ ദൈവത്തിന്റെ തീരുമാനങ്ങളും അവന്റെ പരമാധികാരത്താൽ അയക്കപ്പെടുന്ന ആത്മാവിന്റെ പ്രയാണ മാർഗ്ഗങ്ങളും മനുഷ്യബുദ്ധിക്ക് അതീതമാണെന്ന് ക്രിസ്തു നിക്കോദിമോസിന് വെളിപ്പെടുത്തി:
യോഹന്നാൻ 3:8 'കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.
അതുകൊണ്ട് ഒരാളുടെ ഭക്തിയെയും ആത്മീയ കാഴ്ചപ്പാടുകളെയും വിധിക്കുന്നതും പരിഹസിക്കുന്നതും വിമർശിക്കുന്നതും ഒക്കെ വളരെ സൂക്ഷിച്ചുവേണം. അല്ലെങ്കിൽ അത് പരിശുദ്ധാത്മാവിന് വിരോധമായ പാപമായി തീരാൻ സാധ്യതയുണ്ട്.
പരിശുദ്ധാത്മാവ് ഏതെങ്കിലും വ്യക്തിയുടെയോ വിശ്വാസ സമൂഹത്തിന്റെയൊ ആജ്ഞാനുവർത്തി അല്ല. സർവ്വ സ്വതന്ത്രമായി ചലിക്കുന്ന കാറ്റിനോട് ആണ് ക്രിസ്തു ദൈവത്തിന്റെ ആത്മാവിനെ ഉപമിച്ചത്. കാറ്റ് ഇഷ്ടമുള്ളത് വീശുന്നു. കാറ്റിനെപ്പോലെ ചലിക്കുന്ന ദൈവത്തിന്റെ ആത്മാവ് എവിടെ നിന്ന് വരുന്നു, എവിടേക്ക് പോകുന്നു എന്ന് ഒരു മനുഷ്യനും പറയാനും പ്രവചിക്കാനും കഴിയില്ല. കാറ്റിന്റെ ശബ്ദം നമ്മൾ കേൾക്കുന്നതുപോലെ ആത്മാവിനെ പ്രവർത്തനങ്ങൾ വ്യക്തിയിലും ജീവിതാനുഭവങ്ങളിലും വിളങ്ങുന്നത് മനസ്സിലാക്കാൻ ആത്മവരദാനങ്ങളുടെ ഉൾക്കാഴ്ച ലഭിച്ചവർക്ക് സാധിക്കും. മാത്രവുമല്ല അവർ ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട എല്ലാ മനുഷ്യരെയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യും.
നമ്മൾ ഓരോരുത്തരിലും ദൈവാത്മാവിന്റെ അനേകം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അത് പൂർണമായി വിവേചിച്ചറിയാനും നിയന്ത്രിക്കാനും നമുക്ക് സാധ്യമല്ല. എന്നാൽ നമ്മുടെ പാപ സ്വഭാവം ആത്മാവിനെ നിർവീര്യമാക്കുകയും ഒരു ദുഃഖിപ്പിക്കുകയും ചെയ്യുമെന്ന സത്യം മറക്കരുത്.
പരിശുദ്ധാത്മാവ് എന്ന അത്ഭുത ചാലകശക്തി നമ്മളിൽ പ്രവർത്തനക്ഷമമാകാൻ എന്താണ് നമ്മൾ ചെയ്യേണ്ടത്?
ഒരുക്കപ്പെട്ട മനസ്സോടെ, ഞാൻ കർത്താവിന്റെ ദാസി, ദാസൻ അവിടുത്തെ ഇഷ്ടം പോലെ എനിക്ക് ഭവിക്കട്ടെ എന്ന് ഹൃദയപൂർവ്വം സമർപ്പിച്ച് പ്രാർത്ഥിച്ചാൽ മാത്രം മതി. ഒരുക്കമുള്ള ആത്മാവിന്റെ സാന്നിധ്യവും അഭിഷേകവും നമുക്ക് ലഭിക്കും.
ദൈവമേ, പരിശുദ്ധ റൂഹായുടെ കൂടാരങ്ങളായി ഞങ്ങളുടെ ശരീര മനസ്സുകളെ വിശുദ്ധീകരിക്കണമേ. അവിടുത്തെ ഇഷ്ട പ്രകാരം അവിടുന്ന് പ്രീതിപ്പെടുത്തുന്നവരിലേക്ക് അയക്കപ്പെടുന്ന ആത്മാവിനെ സ്വീകരിക്കാൻ ഞങ്ങളെ വിശുദ്ധീകരിക്കണമേ. അവിടുത്തെ ഇഷ്ടംപോലെ ഞങ്ങൾക്ക് ഭവിക്കേണമേ.