സാധ്യതയുടെ പുതിയ വാതിൽ

ജീവിതത്തിലെ   പ്രതിസന്ധികളിൽ ചിലത്  സാധാരണ എല്ലാവരും  അഭിമുഖീകരിക്കുന്ന ദുഃഖം, ദാരിദ്രം, വ്യക്തിബന്ധങ്ങളിലെ തകർച്ച തുടങ്ങിയവയൊക്കെയാണ് . മറ്റു ചിലത് ഇയ്യോബിന്റേതു പോലുള്ള കഠിന സഹനങ്ങളായ പ്രകൃതിദുരന്തങ്ങളും കഠിനരോഗങ്ങളും വേർപാടുകളുമാണ്.

സങ്കീർത്തനകാരനെ പോലെ നമ്മിൽ പലരും ഇതുപോലുള്ള കഠിന പരീക്ഷണത്തിന്റെ   വഴിയിലൂടെ നടന്നിട്ടുണ്ടാകും.  ഇപ്പോൾ നടക്കുന്നവരായിരിക്കും.   ശക്തിയിൽ  കവിഞ്ഞ സഹനങ്ങളുടെ ബ്രേക്കിംഗ് പോയിന്റിൽ  എത്തിയിരിക്കുന്ന അവസ്ഥയിലുള്ളവരുമുണ്ടാകും.
ഇത്തരം  പ്രതികൂല സാഹചര്യത്തിൽ സങ്കീർത്തനകാരനെ വീഴാതെ നിൽക്കാൻ സഹായിച്ച ദൈവാശ്രയചിന്ത  നമുക്കും സാന്ത്വനപ്രദമാണ്:

'എന്‍െറ കാല്‍ വഴുതുന്നു എന്നു ഞാന്‍ വിചാരിച്ചപ്പോഴേക്കും കര്‍ത്താവേ, അങ്ങയുടെ കാരുണ്യം എന്നെ താങ്ങിനിര്‍ത്തി.
എന്‍െറ ഹൃദയത്തിന്‍െറ ആകുലതകള്‍ വര്‍ധിക്കുമ്പോള്‍ അങ്ങ്‌ നല്‍കുന്നആശ്വാസം എന്നെ ഉന്‍മേഷവാനാക്കുന്നു.'
സങ്കീര്‍ത്തനങ്ങള്‍ 94 : 18

ദൈവത്തെ വിളിച്ചു  കരയുവാൻപോലും സമയം ലഭിക്കുന്നതിനു മുമ്പായിരിക്കാം ചില ദുരന്തങ്ങൾ നമ്മുടെമേൽ വന്ന് വീഴുന്നത്. എപ്പോഴും വീണുപോകാനുള്ള   സാധ്യതയുണ്ടെന്ന് ചിന്തിക്കാനുള്ള വിനയമില്ലാത്തത് കൊണ്ട് മുൻകരുതലുകൾ എടുക്കാൻപോലും പലർക്കും കഴിയാറില്ല. പക്ഷേ ദുരന്തവും വീഴ്ചയും മുൻകൂട്ടി കാണുന്ന ദൈവം അനര്ത്ഥം സംഭവിക്കുന്നതിന് വളരെ വളരെ  മുമ്പ് തന്നെ  മുൻകരുതലുകളുമായി നമുക്ക് മുമ്പിലുണ്ടാകും. കാലിടറുമ്പോഴും  താളടിയായി വീണു കിടക്കുമ്പോഴും ദൈവകരങ്ങൾ നമുക്ക് ചുറ്റും പരിചയും  പരിരക്ഷയുമായി ഉണ്ടാകും. ഇതിനാണ് ദൈവത്തിന്റെ ദിവ്യ പരിപാലനം എന്നു പറയുന്നത്.

ഇപ്പോഴത്തെ നിങ്ങളുടെ ദുരന്തത്തിന്റെ  ആഘാതം വലുതായിരിക്കാം. പക്ഷേ താങ്ങും കരങ്ങൾകൊണ്ട് തടഞ്ഞും  തടുത്തും മാറ്റിയില്ലായിരുന്നുവെങ്കിൽ സംഭവിക്കാമായിരുന്ന നഷ്ടവും ദുരന്തവും തകർച്ചയും ഇതിലുമെത്രയോ  ഭയാനകവും ദുരന്തപൂർണ്ണവും ആയിരുന്നേനെ. ജീവിതം ചിന്നിച്ചിതറി പോകുമായിരുന്ന ദുരന്തങ്ങളിൽ നിന്നാണ് ദൈവത്തിന്റെ സ്നേഹകരങ്ങൾ  എന്നെയും നിങ്ങളെയും താങ്ങി നിർത്തിയതും കൈ പിടിച്ചെഴുന്നേൽപ്പിച്ചതുമൊക്കെ. അതൊന്നും തിരിച്ചറിയാനും വിലയിരുത്താനും നമ്മുടെ ജഡിക കണ്ണുകൾക്കും ചിന്തകൾക്കുമാവില്ല.

വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കുമായിരുന്ന അനേകം  ദുരന്തങ്ങളെയും പ്രലോഭനങ്ങളെയും അപകടങ്ങളെയുമാണ് ദൈവം കൈനീട്ടി തടയുകയും നിയന്ത്രിക്കുകയും ചെയ്തതെന്ന് നമ്മളിപ്പോഴും  അറിയുന്നില്ല. അതെങ്ങും സംഭവിച്ചിരുന്നെങ്കിൽ നമ്മുടെ ഇന്നത്തെ സ്ഥിതി എന്താകുമായിരുന്നു?

രോഗം,  ശത്രുത,  പ്രകൃതിക്ഷോഭം,  ആസക്തി,  കുടുംബത്തിലെ വിരുദ്ധതകൾ തുടങ്ങിയ ദുരന്തങ്ങൾ ന്യൂനമർദ്ദമായി രൂപപ്പെട്ടപ്പോൾ മുതൽ അതിന്റെ ഗതിവേഗം ശാന്തമാക്കാൻ ദൈവം ഇടപെട്ടിരുന്നു. അല്ലെങ്കിൽ അവയൊക്കെ സർവ്വനാശ സംഹാരിയായി തീരുമായിരുന്നു. പരിമിതികളുള്ള ചിന്തകൾകൊണ്ട് അതൊന്നും വിലയിരുത്താൻ നമുക്ക് ആവില്ല. ആകാശം ഭൂമിക്കുമേലെ ഉയർന്നിരിക്കുന്നത് പോലെ ദൈവത്തിന്റെ ചിന്തകളും സമീപനങ്ങളും നമ്മുടെ ചിന്തകളിൽനിന്ന് അകന്നിരിക്കുന്നതാണ് കാരണം.

ചില ദുരന്തങ്ങളുടെ പെരുവള്ള പ്രവാഹത്തിൽ അടിസ്ഥാനമിളകി  ഒഴുകിയോഴുകി  മരണത്തെ മുഖാമുഖം കണ്ടത്  ഓർക്കുന്നില്ലെ?  ശാരീരികമായും മാനസികമായും മുറിവേറ്റു  തകർന്നപ്പോൾ   കൈനീട്ടിതന്ന്  രക്ഷപ്പെടുത്തിയത് ആരാണ്?  കാറ്റിനെയും കടലിനെയും ശാസിച്ചു  ശാന്തമാക്കാൻ കഴിയുന്നവൻ 'ഭയപ്പെടേണ്ട' എന്നു പറഞ്ഞ് ആശ്വസിപ്പിച്ച്  ശാന്തിയുടെ തീരത്തെത്തിച്ചതൊന്നും ഒരിക്കലും മറന്നു പോകരുത്.

മനുഷ്യൻ ആവശ്യപ്പെടാതെ ദൈവം നൽകിയിട്ടുള്ള വാഗ്ദത്ത  ഉടമ്പടിയാണ്  ദിവ്യ പരിപാലനം. 'ദൈവമേ രക്ഷിക്കണേ' എന്ന് പറയുന്നതിന് മുമ്പുതന്നെ  പ്രിയപ്പെട്ട സ്വർഗസ്ഥ പിതാവ്  രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കും. 

സാധ്യതകൾ അസ്തമിച്ചിടത്ത് ഇനിയെന്ത്  സാധ്യതയാനുള്ളതെന്നു   യുക്തികൊണ്ടും വിവേകം കൊണ്ടും ചിന്തിച്ച്  നിരാശപ്പെടരുത്. പ്രത്യാശയോടും വിശ്വാസത്തോടും  പ്രാർത്ഥിച്ചാൽ ദൈവത്തിന്റെ മഹത്വം കാണുവാൻ  കഴിയും. അത്ഭുതസാധ്യതകളുടെ തമ്പുരാൻ മനുഷ്യ ചിന്തകൾക്കതീതമായി നൂതന സാധ്യതയുടെ ഒരു പുതിയ വാതിൽ നിങ്ങൾക്ക് തുറന്നുതരും.

പ്രകൃതി നിയമങ്ങൾക്ക് അതീതമായി ദൈവം പ്രവർത്തിച്ച അനേകം അത്ഭുതങ്ങളെപ്പറ്റിയുള്ള വിസ്മയ സാക്ഷ്യങ്ങളുടെ  ഗ്രന്ഥമാണ് ബൈബിൾ. നിങ്ങളെയും അത്തരമൊരു സാക്ഷിയാക്കാൻ ദൈവത്തിന് കഴിയും.

ചില വിനകളും ദുരന്തങ്ങളും നീങ്ങിപോകാൻ മുട്ടിപ്പായി പ്രാർത്ഥിച്ചിട്ടും  അനുകൂലമായ മറുപടി ലഭിക്കാത്തതിന്റെ  ദുഃഖവും പരിഭവവും  നമ്മുടെ മനസ്സിലുണ്ടാകും. എല്ലാം നന്മയ്ക്കായി ക്രമീകരിക്കുന്ന ദൈവത്തിന്  അതിനുമൊരു  മറുപടിപറയാനുണ്ട്. അത് നിത്യതയിൽ  മുഖാമുഖമായി കാണുമ്പോൾ ദൈവം നമുക്ക് പറഞ്ഞു തരും.

'ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍. അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്‍െറ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും.'
ഫിലിപ്പി 4 : 6-7

ദൈവമേ,  മുൻപിൽ അടഞ്ഞ വാതിലുകളും പിമ്പിൽ  അന്ധകാരവും ചുറ്റും ഏകാന്തതയും അനുഭവിക്കുന്ന നിരാലംബരും നിസ്സഹായരുമായ ലോകമെങ്ങുമുള്ള  പ്രിയ സഹോദരങ്ങളെ  അവിടുത്തെ സൗഖ്യദായക  കരങ്ങൾ നീട്ടി സാന്ത്വനവും സൗഖ്യവും  ആശ്വാസവും നൽകി പ്രത്യാശയിൽ ബാലപ്പെടുത്തേണമേ.