സ്വന്തം നിഗമനങ്ങളും സംശയങ്ങളും വിലയിരുത്തലുകളും എപ്പോഴും ശരിയാണെന്ന ധാരണയാണ് എല്ലാവർക്കുമുള്ളത്. ഇത് അപകടകരമായ സ്വയം നീതീകരണമാണ്.
സ്വന്തം കണ്ണിൽ കോൽ ഇരിക്കുമ്പോഴും മറ്റുള്ളവരുടെ കണ്ണിലെ കരടിനെപ്പറ്റി കുറ്റം പറയുന്നരുടെ പ്രധാന പ്രശ്നം ആത്മ വിമർശനത്തിനുള്ള കഴിവില്ലായ്മയാണ്.
നമ്മുടെ നിഗമനങ്ങൾ പലപ്പോഴും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത തെറ്റിദ്ധാരണയും സംശയവു
മായിരുന്നെന്നു നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്നാൽ ക്രിസ്തീയ മനോഭാവമുള്ളവർ തെറ്റ് തിരിച്ചറിഞ്ഞാൽ മാപ്പ് ചോദിക്കും.
നമ്മുടെ നിഗമനങ്ങളെയും ചിന്തകളെയും ആത്മഗതങ്ങളെയും ഒരിക്കലും കണ്ണടച്ച് വിശ്വസിക്കരുത്. ബന്ധങ്ങൾ മുറിവേൽക്കാനും അനേകം നഷ്ടങ്ങൾക്കും അപകടങ്ങൾക്കുമൊക്കെ അത് കാരണമായേക്കും.
യേശുവിനെ ഒറ്റിക്കൊടുത്ത് പണം വാങ്ങുന്നതിൽ തെറ്റില്ലെന്ന് ആദ്യം യൂദാസിന്റെ മനസ്സു പറഞ്ഞു. ക്രിസ്തു പിടിക്കപ്പെടുകയും മരണശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തപ്പോൾ മരിക്കുന്നതാണ് നല്ലതെന്നു
കുറ്റബോധത്തിൽ താളംതെറ്റിയ യൂദയുടെ അതേ മനസ്സു തിരുത്തി പറഞ്ഞു.
സ്വന്തം ചിന്തകളുടെയും തീരുമാനങ്ങളുടെയും പിറകെ വീണ്ടുവിചാരമില്ലാതെ ഓടിയ യൂദാസിന്റെ ജീവിതം ദുരന്ത പൂർണമായി.
മനസ്സ് ഒരു അവസരവാദിയാണ്. അപ്പപ്പോൾ കണ്ടതുപോലെ, തോന്നിയതുപോലെ ഓരോന്ന് ചിന്തിക്കും, നമ്മളെക്കൊണ്ട് അബദ്ധങ്ങൾ പറയിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യും.
സംഘർഷസാഹചര്യങ്ങളിൽ വൈകാരിക അനുഭവങ്ങളിൽ ചാഞ്ചാടുന്ന മനസ്സു പറയുന്നത് വിശ്വസിച്ച് സാഹസിക ചുവടുവെക്കുന്നത് അപകടമാണ്. നമ്മുടെ പല ജീവിത പ്രതിസന്ധികൾക്ക് പിന്നിലെ പ്രധാന പ്രതി നമ്മുടെ തെറ്റായ ചിന്താഗതികളും എടുത്തു ചാടിയുള്ള പ്രവർത്തികളും ആയിരുന്നു എന്ന സത്യം നിഷ്പക്ഷമായി ചിന്തിക്കുന്ന ആർക്കും നിഷേധിക്കാനാവില്ല.
നമ്മുടെ ചിന്തകളെയും തോന്നലുകളെയും ഒരിക്കലും കണ്ണടച്ച് വിശ്വസിക്കരുത്.
പാപം ഉണർത്തുന്ന നിഷേധ ചിന്തകൾ മനസ്സിൽ വേലിയേറ്റമുണ്ടാക്കുമ്പോൾ വികാരാവേശത്തിൽ എടുക്കുന്ന തീരുമാനങ്ങളും പറയുന്നതും പ്രവർത്തിക്കുന്നതുമൊക്കെ അപക്വവും അപകട പൂർണ്ണവും ആയിരിക്കാൻ സാധ്യത വളരെ കൂടുതലാണ്. വികാരം മുമ്പിലും വിവേകം പിറകിലും ആയുള്ള തേരോട്ടത്തിൽ ദിശാ ബോധവും വീണ്ടുവിചാരവും നഷ്ടപ്പെട്ട മനസ്സെന്ന നാവിഗേഷൻ സിസ്റ്റം പറഞ്ഞുതരുന്നത് തെറ്റായ വളഞ്ഞ വഴികൾ ആയിരിക്കും. അരുത്, അതിലെ പോകരുത്.
ക്രിസ്തുവിന്റെ സ്നേഹബന്ധത്തിൽ നിന്നും കൂട്ടായ്മയിൽ നിന്നും യൂദാസ് അകന്നു പോകുവാനുള്ള കാരണം ലൂക്കോസ് ഇരുപത്തിരണ്ടാം അധ്യായത്തിൽ പറയുന്നുണ്ട്:
'എന്നാൽ പന്തിരുവരുടെ കൂട്ടത്തിൽ ഉള്ള ഈസ്കാര്യോത്തായൂദയിൽ സാത്താൻ കടന്നു'
യൂദാസിന്റെ മനസ്സിന്റെ നിയന്ത്രണം സാത്താൻ ഏറ്റെടുത്തു കഴിഞ്ഞപ്പോൾ അവന്റെ മനസ്സ്
അപകട ട്രാക്കിലെ മരണ പ്രയാണത്തിലായി .
ഹൈജാക്ക് ചെയ്യപ്പെട്ട വിമാനം പിടിച്ചെടുത്ത വരുടെ ഇഷ്ടമനുസരിച്ച് അവരുടെ ലക്ഷ്യത്തിലേക്ക് റൂട്ട് മാറ്റി കൊണ്ടു പോകുന്നതുപോലെ, സാത്താന്റെ നിയന്ത്രണത്തിലായവരെ നാശത്തിലേക്കും മരണത്തിലേക്കും നടത്തും. സാത്താൻ ഡിക്റ്റേറ്റു ചെയ്യുന്ന നിഷേധ ചിന്തകൾക്കും പൈശാചിക വികാരങ്ങൾക്കും പിറകെ ഓടിയവരുടെയൊക്കെ ജീവിതം ദുരന്തപൂർണമായിട്ടുണ്ട്. പിന്നീട് ദുഃഖിക്കേണ്ടതായും വന്നിട്ടുണ്ട്.
ദൈവത്തിന്റെ പ്രത്യേക പരിരക്ഷയിലും കൂട്ടായ്മയിലും കഴിഞ്ഞിരുന്ന ആദി മാതാപിതാക്കളെ ഒന്നും ചെയ്യുവാൻ സാത്താന് കഴിയുമായിരുന്നില്ല. യുക്തി മേമ്പൊടി ചേർത്ത നുണ പറഞ്ഞു വീഴിച്ചാണ് അവരെ വഴി തെറ്റിച്ചത്:
ഉല്പത്തി 3:4-5 'പാമ്പു സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.'
അവരുടെ മനസ്സിലെ ചിന്തകളുടെ സോഫ്റ്റ്‌വെയറിൽ തിരുത്തിയെഴുതലുകൾ നടത്തിയാണ് സാത്താൻ അവരെ ദൈവകൂട്ടായ്മയിൽ നിന്നകറ്റിയത്. ഇന്നും മനസ്സിന്റെ ദൈവീക പ്രമാണങ്ങളുടെ സോഫ്റ്റ്‌വെയറിൽ എഡിറ്റിംഗ് നടത്തിയും ദൈവം സെറ്റ് ചെയ്തിരിക്കുന്ന ഹാർഡ്‌വെയറിൽ അപ്ഡേഷൻ വരുത്തിയുമാണ് നിഷേധശക്തികൾ മനുഷ്യരെ വഴിതെറ്റിക്കുന്നത്.
ജഡത്തിന്റെയും സാത്താന്റെയും ചിന്തകൾക്ക് പിറകെ ഓടരുത്. കുടുംബവും ദാമ്പത്യവും സഭയും സ്വന്തം ജീവിതവുമൊക്കെ അപകടത്തിലാകും. മനസ്സിൽ വെറുപ്പ്, സംശയം തുടങ്ങിയ പാപചിന്തകളും കോപ വികാരങ്ങളും സുനാമിയായി ആഞ്ഞടിക്കുമ്പോൾ സ്വന്തം തോന്നലുകളുടെയും പ്രതികാര ചിന്തകളുടെയും വഴിയേപോകരുത് .അങ്ങനെ ഓടിയവരൊക്കെ നിരാശയുടെ അഗാധഗർത്തത്തിൽ വീണിട്ടുണ്ട്.
പാപം അധിവസിക്കുന്ന ഹൃദയത്തിൽനിന്നുള്ള ചിന്താഗതികൾ ദുഷ്ടത നിറഞ്ഞതാണെന്നാണ് ക്രിസ്തു പറയുന്നത്:
മർക്കൊസ് 7:20-23 'മനുഷ്യനിൽനിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു;
അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,
കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു.
ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു” എന്നു അവൻ പറഞ്ഞു.
ഹൃദയ വിചാരങ്ങളിൽ അഹങ്കരിക്കരുത്, അതിൽ അമിതമായി ആശ്രയിക്കരുത്. എനിക്ക് തെറ്റാവര മുണ്ട്, എല്ലാം വസ്തുനിഷ്ഠമായി വിലയിരുത്താനും തീരുമാനമെടുക്കാനും കഴിവുണ്ട്, എന്റെ ചിന്താഗതികൾ എല്ലാം എപ്പോഴും ശരിയാണ്... എന്നൊക്കെയുള്ള അപ്രമാദിത്വ ചിന്തകൾ വീഴ്ചയ്ക്കും വിപത്തിനുമൊക്കെ കാരണമാകും. 'ഞാൻ കോംപ്ലക്സ്ന്റെ' അഹന്തയിൽ ആകാശത്തു ചാടിക്കയറിയ നേബുഖദ് നേസർ രാജാവിന്റെ വീഴ്ച എത്ര പരമാദയനീയമായിരുന്നു!
സംഘർഷ സാഹചര്യങ്ങളിൽ തിരുവചനത്തിൽ മനസ്സുറപ്പിക്കണം. ദൈവീക ചിന്തകളും വെളിപ്പെടുത്തലുകളും പരിഹാരങ്ങളും മനസ്സിൽ കടന്നു വരുന്നതുവരെ ആത്മസംയമനത്തോടെ ശാന്തമായി കാത്തിരിക്കുന്നതാണ് സുരക്ഷിതം.
ഞാൻ ഒരു പരാജയം ആണ്, എന്നെ എല്ലാവരും വെറുക്കുന്നു, ചതിക്കുന്നു, ഞാൻ ഒറ്റപ്പെടും, ജീവിതത്തിൽ ഇനി വിജയം ഉണ്ടാവില്ല, ജീവിക്കുന്നതിൽ അർത്ഥമില്ല തുടങ്ങി മനസ്സ് പുലമ്പുന്ന നിഷേധ ചിന്തകൾക്ക് അധീനരാകരുത്. അസത്യവും അടിസ്ഥാനരഹിതവുമായ സംശയ ചിന്തകളെ തിരുവചനത്തിന്റെ വെളിച്ചത്തിൽ വിലയിരുത്തണം.അപ്പോൾ തിരുവചന സത്യം നിഷേധ ചിന്തകളുടെ ബന്ധനത്തിൽ നിന്ന് നമ്മെ
സ്വതന്ത്രരാക്കും. നിഷേധ ചിന്തകളെ നിർവീര്യമാക്കുന്ന ആന്റി ഡോട്ടാണ് തിരുവചനം.
അത് ഓർമ്മയിൽ സൂക്ഷിക്കുകയും ഉരുവിടുകയും ചെയ്യുമ്പോൾ അനുകൂല ചിന്തകളാൽ മനസ്സ് സമ്പന്നവും ശക്തവും ആകും.
വാക്കുകൾ അയച്ചു സൗഖ്യമാക്കുന്ന ദൈവത്തിന്റെ തിരുവചനം മിറക്കിൾ ആണ്. അത് വായിക്കുന്നതും ധ്യാനിക്കുന്നതും അൽഭുത രോഗശാന്തിക്കുള്ള സിദ്ധൗഷധമാണെന്നാണ് സങ്കിർത്തനക്കാരെന്റെ സാക്ഷ്യം:
സങ്കീർത്തനങ്ങൾ 91:10 -11'ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും.'
ലഹരി ആസക്തി, ചില മനോരോഗങ്ങൾ, വ്യക്തിത്വ വൈകല്യങ്ങൾ തുടങ്ങിയ പ്രതിസന്ധികൾ യുക്തിരഹിതമായ ചിന്തകളിലേക്കും നിരാശയിലേക്കും മനസ്സിനെ നയിച്ചേക്കാം. ചിലപ്പോൾ മിഥ്യാദർശനങ്ങളും മിഥ്യാധാരണകളും ഒക്കെ അനാവശ്യ ഭയങ്ങളും വ്യക്തിബന്ധങ്ങളിൽ പ്രതിസന്ധിയും
ഉണ്ടാക്കിയേക്കാം. ഈ ഘട്ടങ്ങളിൽ മെഡിക്കൽ കെയറും ക്രിസ്ത്യൻ കൗൺസിലിങ്ങും ആവശ്യമാണ്.
നമ്മുടെ ചിന്തകൾ നമ്മെ വഴിതെറ്റിക്കുമെങ്കിൽ പിന്നെ കുറ്റമറ്റ തീരുമാനങ്ങളെടുക്കാൻ നമുക്കെങ്ങിനെ കഴിയും?
ഇതിനുള്ള മറുപടി ക്രിസ്തുവിന്റെ വാക്കുകളിലൂടെ നമുക്ക് ശ്രദ്ധിക്കാം:
യോഹന്നാൻ
14:1 നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.
14:16 എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.
യോഹന്നാൻ
16:8 അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.
16:13 സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകലസത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.
പ്രതിസന്ധികളിൽ ഉപരിപ്ലവ ചിന്തകൾക്ക് പിറകെ പോകാതെ മനസ്സിന്റെ നിയന്ത്രണം പരിശുദ്ധാത്മാവിനെ ഏൽപ്പിക്കണം.
വികാരവേലിയേറ്റങ്ങളിൽ അസ്വസ്ഥമായ മനസ്സിനോട് ക്രിസ്തു പറയുന്നത് ' ഭയപ്പെടേണ്ട വിശ്വസിക്കുക മാത്രം ചെയ്യുക 'എന്നാണ്. മാർക്കോസ് 5:36.
അതെ, തിരുവചനത്തിലെ വാഗ്ദത്തങ്ങളിൽ ഉറച്ച് വിശ്വസിക്കുക, മനസ്സിനെ അതിൽ ഉറപ്പിക്കുക. അതിനുള്ള ശക്തിയും കൃപയും പരിശുദ്ധാത്മാവ് തരും.
അന്തരംഗത്തിലെ സത്യം ആഗ്രഹിക്കുന്ന ദൈവമേ, ഞങ്ങളുടെ ആത്മശരീര മനസ്സുകളുടെ പൂർണ്ണ നിയന്ത്രണം ആശ്വാസപ്രദനും കൗൺസിലറുമായ പരിശുദ്ധാത്മാവ് ഏറ്റെടുത്ത് വഴി നടത്തേണമേ. ജഡികവികാരങ്ങളും ചിന്തകളും വഴിതെറ്റിക്കുമ്പോൾ നേർവഴിയിലേക്ക് ഞങ്ങളെ നടത്തേണമേ. അപകടക്കെണികളും ചതികളും നിറഞ്ഞിരിക്കുന്ന ലോകത്തിൽ തിരുവചനം ഞങ്ങളുടെ ചിന്തകൾക്കും കാലുകൾക്കും വെളിച്ചം പകരണമേ.
ഫാ. ഡോ. എ. പി. ജോർജ്ജ്