ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ നേരിൽ കണ്ടിട്ടും ഭയവും നിരാശയും അശുഭചിന്തകളും ശിഷ്യന്മാരെ പിന്തുടർന്നു.
ക്രിസ്തുവിനെ നേരിൽ കണ്ടതിനുശേഷം യെരുശലേമിൽ നിന്ന് 80 മൈൽ അകലെയുള്ള ഗലീലയിലേക്ക് ശിക്ഷ്യന്മാർ സഞ്ചരിച്ചു. അക്കാലത്ത് അതത്ര ചെറിയ ദൂരമല്ലായിരുന്നു. അവസാനത്തെ കൂടിക്കാഴ്ചയിൽ ഏഴ് പേർ മാത്രമാണ് കൂട്ടത്തിൽ ഉണ്ടായിരുന്നത്, (യോഹന്നാൻ 21: 2). മറ്റുള്ളവർ നിരാശരായി ചിതറിപ്പോയിരിക്കാം.
എല്ലാ പ്രതീക്ഷകളും അസ്തമിച്ചു ഹൃദയം തകർന്ന ശിഷ്യന്മാരുടെ അടുക്കലേക്ക് ക്രിസ്തു വന്നു. അവർ അകന്നു പോയിട്ടും അവരുടെ ആദ്യ സ്നേഹം തണുത്തു പോയിട്ടും ക്രിസ്തു അവരെ തേടിയെത്തി.
നമ്മൾ അകന്നു പോയാലും നമ്മളിൽ നിന്ന് അകന്ന് പോകാത്തവനാണ് നമ്മുടെ സ്വന്തം ഇമ്മാനുവേൽ. വിശ്വാസത്തിൽ ഉറപ്പിക്കാനും യഥാസ്ഥാനപ്പെടുത്താനും അവൻ നമ്മുടെ അടുത്ത് വരും. കാൽവറി ബലിയിലൂടെ വീണ്ടെടുക്കപ്പെട്ട വിലപ്പെട്ട മക്കളെ അവനൊരുനാളും ഉപേക്ഷിക്കില്ല.
യേശു ശിഷ്യന്മാരെ 'കുഞ്ഞുങ്ങളെ' എന്നാണ് വിളിച്ചത്. വിശ്വാസത്തിലും വൈകാരിക പക്വത യിലും ശിക്ഷത്വ പ്രതിജ്ഞയിലും സഹനശക്തിയിലുമൊക്കെ ബലഹീനരും ഭീരുക്കളും ആയ ശിശുക്കളായിരുന്നു അപ്പോൾ ശിക്ഷ്യന്മാർ. ഇനിയും ആത്മാവിൽ ബലപ്പെട്ടുത്തി വളർത്തിക്കൊണ്ടു വരേണ്ട കുഞ്ഞുങ്ങളാണ് അവരെന്നായിരിക്കാം ആ വിളിയുടെ അർത്ഥം.
തള്ളി പറഞ്ഞവരും പിൻമാറ്റക്കാരുമായവരെ കുറ്റപ്പെടുത്താതെ' കുഞ്ഞുങ്ങളെ 'എന്നു സ്നേഹത്തോടെ വിളിക്കുന്നവൻ ആണ് നമ്മുടെ ദൈവം. കാരണം 'അവൻ നമ്മുടെ പ്രകൃതി അറിയുന്നു; നാം പൊടി എന്നു അവൻ ഓർക്കുന്നു.' സങ്കീർത്തനങ്ങൾ 103:14.
ഉറ്റവരും ഉടയവരും നമ്മുടെ വീഴ്ചയിൽ നമ്മെ വെറുക്കുകയും തള്ളിക്കളയുകയും ചെയ്യുമ്പോൾ തളർന്നു പോകരുത്. നമ്മുടെ ബലഹീനതകൾ അറിയുന്ന കർത്താവ് കുറ്റപ്പെടുത്താതെ എന്നും എപ്പോഴും കൂടെയുണ്ടായിരിക്കും. അവൻ നമ്മുടെ പ്രകൃതി അറിയുന്നു; നാം പൊടി എന്നു അവൻ ഓർക്കുന്നു.
പ്രാതൽ കഴിച്ചശേഷം പത്രോസിനോട്, യോഹന്നാന്റെ മകനായ ശീമോനെ, ഇവരിൽ അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ, നിനക്ക് എന്നോട് പ്രിയമുണ്ടോ എന്ന് മൂന്ന് പ്രാവശ്യം കർത്താവ് ചോദിച്ചു. ചോദ്യം മൂന്നാമതും ആവർത്തിച്ചപ്പോൾ പത്രോസ് വികാര വിവശനായി വളരെ ദുഃഖിച്ചു. 'കർത്താവേ, നീ സകലവും അറിയുന്നു എനിക്ക് നിന്നോട് പ്രിയം ഉണ്ടെന്നും നീ അറിയുന്നു 'എന്ന് പറഞ്ഞു.
പത്രോസേ, സ്നേഹം ഉണ്ടെങ്കിൽ പിന്നെന്തുകൊണ്ടാണ് എന്നെ അറിയില്ലെന്ന് നീ ആണയിട്ടതെന്നു ക്രിസ്തു ചോദിച്ചില്ല. കുറ്റവും പരിഭവവും പറഞ്ഞ് അവനെ വേദനിപ്പിച്ചില്ല. പത്രോസിന്റെ വിശ്വാസത്തിലെ ചതുപ്പുനിലങ്ങൾ മൂന്ന് പ്രാവശ്യം ചവിട്ടി ഉറപ്പിച്ച് കർത്താവ് അവനെ യഥാസ്ഥാനപ്പെടുത്തി. പിന്നെ അവനോടു പറഞ്ഞു: 'എന്റെ ആടുകളെയും കുഞ്ഞാടുകളെയും മേയ്ക്കുക'. അങ്ങനെ അജപാലന നിയോഗം പുനഃസ്ഥാപിക്കപ്പെട്ടു.
കർത്താവിന്റെ ചോദ്യത്തിന് മുമ്പിൽ പതറിയ പത്രോസിനെ പോലെ ഞാനും പലതവണ വികാരാധീനനും വിഷണ്ണനുമായി നിന്നിട്ടുണ്ട്. കർത്താവിന്റെ സ്നേഹം തള്ളിക്കളഞ്ഞ എന്റെ ജീവിതത്തിലെ ദുരന്ത സംഭവങ്ങൾക്കുശേഷം ഈ ചോദ്യവുമായി അനേകം തവണ കർത്താവ് എന്റെ മുമ്പിൽവന്നിട്ടുണ്ട്. 'നീ എന്നെ സ്നേഹിക്കുന്നുണ്ടോ, നിനക്കെന്നോട് പ്രിയമുണ്ടോ' എന്ന് ക്ഷമാപൂർവ്വം ആവർത്തിച്ചാവർത്തിച്ച് ചോദിച്ചിട്ടുണ്ട്.
ഞാനെന്തു പറയാനാണ്?
കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്തിരുന്നെങ്കിൽ പല ന്യായങ്ങളും എസ്ക്യൂസസും എനിക്ക് പറയാമായിരുന്നു. 'എന്നെ സ്നേഹിക്കുന്നുണ്ടോ' എന്ന് ചോദിക്കുമ്പോൾ മറുപടിയില്ലാതെ, മറ്റൊന്നും പറയാൻ കഴിയാതെ ഞാൻ കർത്താവിന്റെ മുൻപിൽ നിസ്സഹായനായി നിന്ന് തേങ്ങിയിട്ടുണ്ട്.
ആവിശ്വസ്ഥത കാണിക്കുന്ന നമ്മോട് എന്നെ സ്നേഹിക്കുണ്ടോ എന്ന് കർത്താവ് ചോദിക്കുമ്പോൾ പത്രോസിന്റെ വാക്കുകൾ ആവർത്തിക്കാൻ മാത്രമേ നമുക്ക് കഴിയു. കർത്താവേ, ഞാൻ ചെയ്തത് അനീതിയാണ്. നിന്റെ മകനും മകളുമെന്ന് വിളിക്കപ്പെടാൻ യോഗ്യതയില്ല...
നമ്മുടെ കർത്താവ് പറയും : കുഞ്ഞേ, നീ എന്നെ സ്നേഹിക്കുന്നുണ്ടല്ലോ, അതുമതി. ഞാനും നിന്നെ സ്നേഹിക്കുന്നു.
വീണുപോയ നമ്മെ ഓരോ പ്രാവശ്യവും വീണ്ടെടുത്ത്, പാപക്ഷമ നൽകി യഥാസ്ഥാനപ്പെടുത്തുമ്പോൾ കർത്താവ് ആവശ്യപ്പെടുന്നതെന്താണ്? ദൈവത്തിന്റെ അതിശയസ്നേഹത്തിന് പകരം എന്താണ് നാം നൽകേണ്ടത്?
പത്രോസിനോടും ശിക്ഷ്യൻമാരോടും പറഞ്ഞ കാര്യങ്ങൾ തന്നെയാണ് നിത്യസ്നേഹിതനായ കർത്താവ് നമ്മോടും പറയുന്നത് :
എന്റെ ആടുകളെ മേയ്ക്കാ, പരസ്പരം സ്നേഹിക്കുക, സഹോദരങ്ങളോട് ആർദ്രതയുള്ള കാണിക്കുക...
വൈകാരിക ബാഹ്യഭക്തി പ്രകടനങ്ങളും വിലപിടിച്ച വഴിപാടുകളും സ്വയം പീഡനങ്ങളുമൊന്നും കർത്താവ് ആവശ്യപ്പെടുന്നില്ല. പാപക്ഷമയ്ക്കുള്ള നമ്മുടെ യോഗ്യത ദൈവം തീരുമാനിക്കുന്നത് നമ്മുടെ സൽപ്രവർത്തികളും സ്ഥാനമാനങ്ങളും കണ്ടുകൊണ്ടല്ല. മക്കളെന്ന ഒരേയൊരു അവകാശത്തിന്റെ പേരിൽ മാത്രമാണ്.
മനുഷ്യരെ സ്നേഹിക്കുന്നതിലൂടെ ദൈവസ്നേഹം പ്രകടമാക്കുക, കുടുംബത്തിലും ഇടയത്വ ശുശ്രൂഷയിലും ആടുകളെയും കുഞ്ഞാടുകളെ യും സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുക, ദൈവസ്നേഹം പങ്കുവയ്ക്കുന്ന ക്രിസ്തു ശിക്ഷ്യരാവുക എന്നത് മാത്രമാണ് നമ്മിൽനിന്ന് കർത്താവ് ആഗ്രഹിക്കുന്നത്:
യോഹന്നാൻ 13:35 നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.
നമ്മൾ എത്ര പ്രാവശ്യം വീണാലും വഴി തെറ്റി പോയാലും നിരാശയുടെ ചൂരച്ചെടിക്കീഴിൽ പ്രത്യാശ നഷ്ടപ്പെട്ടു കിടന്നാലും നിയോഗങ്ങളുടെ വഴിവിട്ട് തർശ്ശീശിലേക്ക് യാത്ര തുടർന്നാലും സ്നേഹത്തിന്റെ പ്രാതലും ഒരുക്കി ക്രിസ്തു നമ്മുടെ അടുത്തു വരും, സാന്ത്വനിപ്പിക്കും. അപരാധങ്ങൾ ക്ഷമിക്കുകയും മറക്കുകയും ചെയ്യും. യഥാസ്ഥാനപ്പെടുത്തി ദൈവവുമായി അനുരഞ്ജനം സാധ്യമാക്കും. ഉപാധികളില്ലാത്ത നിസ്തുല സ്നേഹ സൗഹൃദത്തിലേക്ക് കർത്താവ് വീണ്ടും കൈപിടിച്ച് നടത്തും.
പാപ വീഴ്ച്ചയിൽ നിന്ന് എഴുന്നേൽപ്പിച്ച് ദൈവവുമായുള്ള സ്നേഹ ബന്ധത്തിലേക്ക് ഞങ്ങളെ കൈപിടിച്ചു നടത്തി യഥാസ്ഥാനപ്പെടുത്തിയ ദൈവത്തിന് ക്രിസ്തു യേശുവിന്റെ മഹനീയ നാമത്തിൽ സ്തോത്രം, ഹല്ലേലൂയ്യാ!
-ഫാ. ഡോ. എ. പി. ജോർജ്ജ്