യേശു കഫർന്നഹൂമിലെ വീട്ടിലുണ്ടെന്ന് അറിഞ്ഞ് വാതിലിൽപോലും ഇടമില്ലാതവണ്ണം അനേകർ വന്നുകൂടി. ആളുകളെ ആകർഷിക്കാനും ആവേശം കൊള്ളിക്കാനും യാതൊരു ആർട്ടിഫിഷ്യൽ സെറ്റിംഗ്സും ചെയ്യാതെ ഓടിക്കൂടിയ ജനസഹസ്രങ്ങളായിരുന്നു അവർ.
പെരുന്നാളുകളിലും ആത്മീയ ആർഭാടങ്ങളിലും ആൾക്കൂട്ടം കൊണ്ട് നിറയുന്ന ദേവാലയങ്ങളിൽ ആരാധനയ്ക്കും ബൈബിൾ പഠന ക്ലാസ്സുകൾക്കും ശുഷ്കമായ സദസ്സാണ് ഉണ്ടാകാറുള്ളത്. അതുകൊണ്ട് ആളുകളെ ആകർഷിക്കുവാനുള്ള എന്റർടൈംമെന്റ് ഇവന്റ്സും ആഘോഷങ്ങളും ഒരുക്കുന്ന തിരക്കിലാണ് പള്ളി ചുമതലക്കാർ.
നീർത്തോടുകളെ ലക്ഷ്യമാക്കി കുതിക്കുന്ന മാനിന്റേതുപോലുള്ള മനസ്സും വൈകാരിക തീവ്രതയും ആയിരുന്നു ദേവാലയത്തിലേക്ക് പോകുമ്പോൾ ദാവീദിനുണ്ടായിരുന്നത്. സത്യത്തിലും ആത്മാവിലുമുള്ള ആരാധന താല്പര്യം വിശ്വാസികളിൽ കുറഞ്ഞുവരുന്നത് എന്തുകൊണ്ടാണെന്ന് ഗൗരവമായി ചിന്തിക്കേണ്ടതാണ് ? കാരണം ദൈവം അന്വേഷിക്കുന്നതും ആഗ്രഹിക്കുന്നതും സത്യാ രാധകരെയാണ്.
അപ്പം തിന്നാനും അത്ഭുതം കാണുവാനും ഓടിക്കൂടിയ ജനക്കൂട്ടം എപ്പോഴും ക്രിസ്തുവിന് ചുറ്റുമുണ്ടായിരുന്നു. അവരുടെ ഭൗതിക മോട്ടിവ് ശരിയല്ലെന്ന് ക്രിസ്തു ഓർമ്മപ്പെടുത്തുമായിരുന്നു.
പിതാവിനാൽ ആകർഷിക്കപ്പെടാത്ത ഒരുവനും എന്റെ അടുക്കൽ വരുവാൻ കഴിയില്ല, ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന നിസ്വാർത്ഥ ആരാധകരെ ഞാൻ ഒരുനാളും ഉപേക്ഷിക്കുകയില്ല എന്ന് ക്രിസ്തു പറഞ്ഞു.
ഭൗതിക താൽപര്യങ്ങളോടെ ദേവാലയങ്ങളിലും ആത്മീയ വേദികളിലും കയറിയിറങ്ങുന്നവരുടെ ലക്ഷ്യം പലതാണ്. എന്നാൽ ദേവാലയത്തിൽ വരുന്ന
ഒരു യഥാർത്ഥ ഭക്തന് ക്രിസ്തു ആരാധനയെക്കാൾ ആകർഷകമായ മറ്റൊരു താൽപര്യവും ഉണ്ടാവില്ല. ഭൗതിക വിഗ്രഹങ്ങൾ അവരെ ആകർഷിക്കുകയുമില്ല.
കഫർന്നഹൂമിലെ വീട്ടിൽ തിക്കിത്തിരക്കി കൂടിവന്ന ജനങ്ങൾക്ക് ക്രിസ്തു നൽകിയത് എന്തായിരുന്നു?
'ചില ദിവസം കഴിഞ്ഞശേഷം അവൻ പിന്നെയും കഫർന്നഹൂമിൽ ചെന്നു; അവൻ വീട്ടിൽ ഉണ്ടെന്നു ശ്രുതിയായി. ഉടനെ വാതിൽക്കൽപോലും ഇടമില്ലാത്തവണ്ണം പലരും വന്നുകൂടി, അവൻ അവരോടു തിരുവചനം പ്രസ്താവിച്ചു.- മർക്കൊസ് 2:-2
ജീവിതത്തിലെ വിലപ്പെട്ട സമയങ്ങളിൽ നിന്നും കടമെടുത്ത് ദേവാലയങ്ങളിൽ എത്തുന്നവർക്ക് എന്താണ് കൊടുക്കുന്നത്, എന്താണ് ലഭിക്കുന്നത്? ജീവിതത്തിന്റെ ഗുണപരമായ മാറ്റത്തിനും നവീകരണത്തിനും നിത്യതയുടെ ഒരുക്കത്തിനും അത്യാവശ്യമായ തിരുവചനം പങ്കുവെക്കുന്ന വേദിയാകണം ദേവാലയങ്ങൾ.
തന്റെ പരസ്യ ശുശ്രൂഷയിൽ ദൈവരാജ്യ മർമ്മങ്ങൾ പങ്കുവെക്കുന്നതിനായിരുന്നു ക്രിസ്തു എപ്പോഴും മുൻഗണന കൊടുത്തിരുന്നത്:
പ്രവൃത്തികൾ
1:2 അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു
1:3 താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു.
ഭൂതങ്ങൾ നിങ്ങൾക്ക് കീഴടങ്ങുന്നതിനേക്കാൾ സ്വർഗ്ഗത്തിൽ പേരെഴുതപ്പെടുന്നതിന് പ്രാധാന്യം കൊടുക്കണമെന്ന് ക്രിസ്തു പറഞ്ഞു. ഇന്നത്തെ ആത്മീയ വേദികളിൽ തിരു വചനത്തിന്റെ പ്രയോറിറ്റി മാറി പോയിട്ടുണ്ടോ എന്ന് ഗൗരവപൂർവ്വം ചിന്തിക്കേണ്ടതുണ്ട്.
തന്നെപ്പോലെ തന്നെ തന്റെ അയൽക്കാരനെ സ്നേഹിക്കുന്ന നാലുപേർ ഒരു തളർവാതരോഗിയെ ക്രിസ്തുവിനെ അടുക്കൽ എത്തിച്ചത് ഈ ഭവനത്തിൽ വച്ചായിരുന്നു. തളർവാത രോഗിയുടെ നിസ്സഹായാവസ്ഥ മാറികിട്ടണമെന്നാഗ്രഹിച്ച നിസ്വാർത്ഥ മനസ്കരായ നാലുപേരാണ് അവന് നല്ല അയൽക്കാരും സുഹൃത്തുക്കളും ആയി തീർന്നത് .
തളർവാതരോഗിയെ ക്രിസ്തുവിന്റെ അടുക്കൽ എത്തിക്കുവാനുള്ള ആകെയുള്ള ഒരേ ഒരു വാതിൽ ആൾക്കൂട്ടം കൊണ്ട് തടസ്സപ്പെട്ടിരിക്കുകയായിരുന്നു. മുന്നിലെ വഴി അടഞ്ഞപ്പോൾ ഈ നാൽവർ സംഘം പിൻവാങ്ങിയില്ല. യേശു ഇരുന്ന സ്ഥലത്തിന്റെ മേൽക്കൂര പൊളിച്ചു തുറന്നു പക്ഷവാതക്കാരനെ കിടക്കയൊടെ ഇറക്കി വെച്ചു. ഇവരുടെ ഈ വിശ്വാസ ധീരതയെ ഒരു ദൈവ ശുശ്രൂഷകൻ വിശേഷിപ്പിച്ചത് 'മേൽക്കൂര ഭേദിക്കുന്ന വിശ്വാസം' എന്നാണ്. മേൽക്കുര ഭേദിച്ചു കടന്നുവന്ന വിശ്വാസം. തടസ്സങ്ങൾ ഇവരെ പിന്തിരിപ്പിച്ചില്ല. നിസ്സഹായനായ സുഹൃത്തിനെ യേശുവിന്റെ അടുക്കൽ എത്തിക്കാതെ പിന്മാറുന്ന പ്രശ്നമില്ലെന്ന് അവർ ഉറ ച്ച തീരുമാനമെടുത്തു. മുൻവാതിൽ പ്രവേശനം തടസ്സപ്പെട്ടപ്പോൾ അവർ മറ്റൊരു വാതിലുണ്ടാക്കി.
ജീവിതത്തിലെ മുൻവാതിലുകൾ അടയുമ്പോൾ, മുട്ടിയിട്ടും തുറക്കാതെ വരുമ്പോൾ, നിരാശരായി പിന്തിരിയുന്ന അനേകരുണ്ട്. ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ തുറക്കാൻ സാധ്യതകളുടെ തമ്പുരാന് കഴിയുമെന്ന് വിശ്വസിക്കുന്നവർ പ്രത്യാശയോടെ, പ്രാർത്ഥനയോടെ പുതിയ വാതിലുകൾ കണ്ടെത്തുവാൻ ശ്രമിച്ചുകൊണ്ടിരിക്കും.
ക്രിസ്തുവിന്റെ ഒരു ഉപമയിൽ ദൈവത്തെയും മനുഷ്യരെയും ഭയമില്ലാത്ത ഒരു ന്യായാധിപൻ ഉണ്ട്. വിധവയായ സ്ത്രീയുടെ തുടർച്ചയായ നിർബന്ധം മൂലം നീതി നടത്തി കൊടുക്കുവാൻ അദ്ദേഹം നിർബന്ധിതനായി തീർന്നു. അനുഗ്രഹിച്ചിട്ടല്ലാതെ വിടില്ലെന്ന് ശാഠ്യം പിടിച്ച യാക്കോബിനെ ദൈവം കൃപാവരങ്ങളാൽ അനുഗ്രഹിച്ചു. സാധ്യതകളുടെ വാതിലുകൾ അടഞ്ഞാലും പിൻമാറാതെ ശക്തമായി മുന്നോട്ടു പോയ അനേകം സുധീര വിശ്വാസികൾ സാക്ഷികളായി ബൈബിളിലുണ്ട്.
നമുക്കു മുമ്പിൽ വാതിൽ അടക്കപ്പെടുമ്പോൾ നിരാശരായി ഒരിക്കലും പിന്മാറരുത്. അതൊക്കെ തികച്ചും താൽക്കാലിക പ്രതിസന്ധികൾ മാത്രമാണ്.
അനുഗ്രഹത്തിന്റെ മറ്റനേകം വാതിലുകൾ തുറന്ന് അൽഭുതം പ്രവർത്തിക്കുവാൻ കഴിയുന്നവനാണ് നമ്മുടെ കർത്താവ്. പുതിയ വാതിൽ കണ്ടെത്തുന്നതുവരെ അന്വേഷണം തുടരുവാനുള്ള പ്രത്യാശക്കായി ദൈവസന്നിധിയിൽ പ്രാർത്ഥിക്കണം.
കഫർന്നഹൂമിലെ ഭവനത്തിലെ മുൻവാതിലിലൂടെ എളുപ്പത്തിൽ കടന്ന് യേശുവിന്റെ മുമ്പിൽ എത്തിയവരാണ് അധികംപേരും . എന്നാൽ മേൽക്കൂര നീക്കി സാഹസികമായി കർത്താവിന്റെ മുന്നിലെത്തിയ തളർവാത രോഗിക്കാണ് സൗഖ്യവും പാപക്ഷമയും ലഭിച്ചത് . പ്രാർത്ഥനയ്ക്ക് മറുപടി വൈകുമ്പോൾ സഹനങ്ങളുടെ കാഠിന്യം വർദ്ധിക്കുമ്പോൾ, വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ തളർന്നു പോകരുത് . സാധ്യതകളുടെ തമ്പുരാനിലും അവന്റെ വാഗ്ദത്തങ്ങളിലുമുള്ള പ്രത്യാശ ഒരിക്കലും കൈവിടരുത്. വൈകി തുറക്കുന്ന വാതിലുകൾ വളരെയധികം നന്മയിലേക്കുള്ള അവസരങ്ങളുടെ വാതിലുകൾ ആയിരിക്കും. പഴയനിയമത്തിലെ ജോസഫിന് കാത്തിരുന്ന് കാത്തിരുന്ന് തുറന്നുകിട്ടിയത് വിസ്മയ അനുഗ്രഹങ്ങളുടെ വാതിൽ ആയിരുന്നു.
നമ്മൾ പരാജയമാണെന്നും പരാജയപ്പെട്ടു എന്നും സ്വയം സമ്മതിക്കുന്നതുവരെ ആർക്കും നമ്മെ പരാജയപ്പെടുത്താൻ കഴിയില്ല എന്ന് പറയുന്നത് എത്ര ശരിയാണല്ലേ:
അടഞ്ഞ വാതിലുകൾക്ക് പകരം സാധ്യതകളുടെ അനേകം വാതിലുകൾ തുറക്കാൻ കഴിയുന്ന ദൈവത്തിന്റെ സാന്ത്വന വാക്കുകൾ ഹൃദയത്തിൽ അടിവരയിട്ട് നമുക്ക് സൂക്ഷിക്കാം :
യെശയ്യാ
43:18 മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ.
43:19 ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോൾ ഉത്ഭവിക്കും; നിങ്ങൾ അതു അറിയുന്നില്ലയോ? അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും.
43:20 ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ജനത്തിന്നു കുടിപ്പാൻ കൊടുക്കേണ്ടതിന്നു ഞാൻ മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു കാട്ടുമൃഗങ്ങളും കുറക്കന്മാരും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും.
43:21 ഞാൻ എനിക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.
ദൈവമേ, പ്രതികൂലങ്ങളും പ്രതിസന്ധികളും വഴി അടക്കുമ്പോൾ കൃപാസനത്തിലേക്കുള്ള വഴിയൊരുക്കി വഴി നടത്തണമെയെന്ന് യേശുക്രിസ്തുവിന്റെ വിസ്മയ നാമത്തിൽ അപേക്ഷിക്കുന്നു.
-ഫാ. ഡോ. എ. പി. ജോർജ്ജ്