ഒരു സാബത്ത് ദിവസം വിളഞ്ഞുകിടക്കുന്ന വയലിലൂടെ ക്രിസ്തുവും ശിഷ്യന്മാരും പോകുമ്പോൾ ശിഷ്യന്മാർ കതിരുകൾ പറിക്കാൻ തുടങ്ങി. ശാബത്തിൽ നിഷിദ്ധമായത് ചെയ്യുന്നതിനെ പരീശന്മാർ ചോദ്യംചെയ്തു. പുറപ്പാട് പുസ്തകം 31:14 വകുപ്പ് പ്രകാരമുള്ള ഗൗരവമേറിയ ചാർജ് ഷീറ്റ് ആണ് കർത്താവിൻ എതിരെ കൊണ്ടുവന്നത്:
'നിങ്ങള്‍ സാബത്ത് ആചരിക്കണം. കാരണം, അതു നിങ്ങള്‍ക്കു വിശുദ്ധമായ ഒരു ദിവസമാണ്. അതിനെ അശുദ്ധമാക്കുന്നവന് വധിക്കപ്പെടണം. അന്നു ജോലി ചെയ്യുന്നവന് ജനത്തില്‍ നിന്നു വിച്ഛേദിക്കപ്പെടണം. ആറു ദിവസം ജോലി ചെയ്യണം.'
വ്യഭിചാരക്കുറ്റത്തിൽ കയ്യോടെ പിടിച്ച് കല്ലെറിയാൻ വന്ന സദാചാര പരീശ കൂട്ടർ തന്നെയായിരിക്കും ശിക്ഷ്യൻമാർക്കെതിരെ മരണവാറണ്ടിനുള്ള ലോ പോയിന്റുമായി വന്നത്.
പുരോഹിതന്മാർക്ക് മാത്രം ഭക്ഷിക്കാൻ അനുവാദമുള്ള വിശുദ്ധഅപ്പം ദാവീദിന് മഹാപുരോഹിതൻ നൽകിയ 1സാമുവേൽ 21 അധ്യായത്തിലെ സംഭവം കർത്താവ് ഓർമപ്പെടുത്തി. ന്യായപ്രമാണവും പാരമ്പര്യവും ലംഘിക്കപ്പെട്ട ഈ സംഭവത്തെപറ്റി വായിച്ചിട്ടില്ലെ എന്ന് കർത്താവ് അവരോടു ചോദിച്ചപ്പോൾ പരീശമാർക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. അങ്ങനെയെങ്കിൽ വിശന്നപ്പോൾ ശിഷ്യന്മാർ കതിരുകൾ പറിച്ചത് ക്ഷന്തവ്യമായ അപരാധമാണെന്ന് പരീശൻമാർക്ക് സമ്മതിക്കേണ്ടിവന്നു.
ന്യായപ്രമാണവും പാരമ്പര്യവുമൊക്കെ വിശ്വാസത്തിന്റെ ബാഹ്യരൂപങ്ങളാണ്. അതിനെ മനുഷ്യന്റെ യജമാനനും മനുഷ്യനെ അതിന്റെ അടിമകളും ആക്കരുതെന്ന് കർത്താവ് ഓർമ്മപ്പെടുത്തി. അയൽക്കാരൻറെ ആവശ്യങ്ങൾ സഹാനുഭൂതിയോടെ ചെയ്തുകൊടുക്കുന്ന പാരമ്പര്യം നല്ലതാണ്. ദൈവശുശ്രൂഷയിലൂടെ സമസൃഷ്ടങ്ങളെ കരുതുന്നതിലൂടെ ദൈവസ്നേഹം പ്രകടിപ്പിക്കുന്ന പാരമ്പര്യവും ശ്രേഷ്ഠമാണ്.
പരീശമനോഭാവത്തെ തിരുത്തിയെഴുതിക്കൊണ്ട് കർത്താവ് പറഞ്ഞു: മനുഷ്യത്വവും ദൈവസ്നേഹവും ചോർന്നുപോയ, അനുഷ്ഠാനക്രിയ മാത്രമായ പാരമ്പര്യം പ്രയോജനരഹിതമാണ്. ജീരകത്തിലും ചതകുപ്പയിലും മാത്രമല്ല സ്നേഹത്തിലും കരുണയിലും സഹാനുഭൂതിയിലും കൂടി ദശാംശം കൊടുക്കുന്ന പാരമ്പര്യമാണ് ഉദാത്തവും ഉൽകൃഷ്ടവുമായത് .
പാരമ്പര്യം അനാവശ്യമാണെന്നോ, ഒഴിവാക്കണമെന്നോ, നിരോധിക്കണമെന്നോ ക്രിസ്തു പറഞ്ഞില്ല. ദൈവാരാധനക്കും സഹോദര സ്നേഹത്തിനുള്ള മാർഗ്ഗരേഖകൾ ആയിരിക്കണം പാരമ്പര്യങ്ങൾ. ശാബത് മനുഷ്യനെ ബുദ്ധിമുട്ടിക്കാനും അടിമയാക്കാനും അമിത ഭാരങ്ങൾ ചുമപ്പിക്കാനമുള്ള ഉപാധികൾ മാത്രമാകുമ്പോൾ ശാബതാചാരണത്തിന്റെ അന്തസത്ത തീർച്ചയായും ചോദ്യംചെയ്യപ്പെടും.
പാരമ്പര്യ നിയമങ്ങളെക്കാൾ സ്നേഹ നിയമങ്ങൾക്കാണ് മുൻതൂക്കം കൊടുക്കേണ്ടത്. ശാബത് മനുഷ്യനുവേണ്ടിയാണ് മനുഷ്യൻ ശാബതിനു വേണ്ടിയല്ല.
ക്രിസ്തു തന്റെ വാദഗതി ഉപസംഹരിച്ചു കൊണ്ട് പറഞ്ഞു:' മനുഷ്യപുത്രൻ ശാബത്തിന്റെയും കർത്താവാണ്'. ത്രിത്വത്തിൽ രണ്ടാമനും രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവും സർവ്വാധികാരിയും പരമാധികാരിയും ആയ ക്രിസ്തു ശാബത്തിന്റെയും കർത്താവാണ്. പ്രകൃതിനിയമങ്ങൾ എഴുതാനും തിരുത്തി എഴുതാനും അധികാരമുള്ള, സൃഷ്ടി സ്ഥിതി സംഹാരത്തിന്റെ കർത്താവും കാറ്റിനെ ശാസിച്ചു ശാന്തമാക്കാനും മരിച്ചവരെ ഉയിർപ്പിക്കാനും അന്ധരുടെ കണ്ണ് തുറപ്പിക്കാനും കഴിയുന്ന കർത്താവിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. ന്യായപ്രമാണത്തിന് അനുബന്ധമായി യഹൂദന്മാർ എഴുതിയുണ്ടാക്കിയ പാരമ്പര്യ നിയമങ്ങളുടെ അടിമനുകത്തിൽനിന്ന് ദൈവമക്കളെ സ്വതന്ത്രരാക്കിക്കൊണ്ട് കർത്താവ് പറഞ്ഞു:' മനുഷ്യപുത്രൻ ശാബത്തിന്റെയും കർത്താവാണ്.'
യഹൂദന്മാർ ആചരിച്ച ശനിയാഴ്ച ശാബതിനും ക്രിസ്ത്യാനികൾ ആചരിക്കുന്ന കർത്താവിന്റെ ദിനം എന്നറിയപ്പെടുന്ന ഞായറാഴ്ച ശാബതിനും രണ്ട് മുഖ്യ ലക്ഷ്യങ്ങളാണുള്ളത്:
ഒന്ന്, തിരക്കുകളിൽ നിന്നൊഴിഞ്ഞ്, വിശ്രമിച്ച്, കഴിഞ്ഞകാലങ്ങളിൽ ദൈവം നൽകിയ അനുഗ്രഹങ്ങളെക്കുറിച്ചോർത്ത് ദൈവത്തിന് നന്ദി പറയാനുള്ളതാണ് ശബത്ത്.
ക്രിസ്തുവിന്റെ വരവിനെപ്പറ്റി ചിന്തിക്കാനും ഒരുങ്ങാനുമുള്ള വിശുദ്ധ ദിവസമായി ശാബത്തിനെ പ്രയോജനപ്പെടുത്തണമെന്നതാണ് രണ്ടാമത്തെ ലക്ഷ്യം. അതിനുവേണ്ടിയാണ് കർത്താവിന്റെ രക്ഷാകര പ്രവർത്തനങ്ങളുടെ ധന്യാവിഷ്കാരമായ വിശുദ്ധ കുർബാനയിൽ നാം പങ്കുകൊള്ളുന്നത്.
ശാബത് ഒരു 'ഡേ ഓഫ്' അല്ല. കർത്താവിനോട് ഒപ്പം ഇരിക്കാനും അവന്റെ സ്വസ്ഥതയിൽ വിശ്രമിക്കാനും അവൻ ചെയ്ത ഉപകാരങ്ങൾക്ക് നന്ദി പറയുവാനും ഉള്ള വേർതിരിക്കപ്പെട്ട ദിവസമാണ്. ശാബത്തിന്റെ അനുഭവം ആഴ്ചയിൽ ഒരു ദിവസം മാത്രം പോരാ, എല്ലാദിവസവും ആവർത്തിക്കപ്പെടേണ്ടതാണ്. ഈ അർത്ഥത്തിലും ലക്ഷ്യത്തിലും ക്രിസ്ത്യാനികൾ ശാബത് ആചരിച്ചാൽ സഭ ശക്തവും ആത്മചൈതന്യം നിറഞ്ഞതും സാക്ഷ്യമുള്ളതും ആയിത്തീരും.
ദൈവാനുഗ്രഹങ്ങൾക്ക് നന്ദിയും സ്തോത്രവും സമർപ്പിക്കുന്ന, കർത്താവിനോടു കൂടിയുള്ള ശാബത് അനുഭവങ്ങൾക്കായി ദിവസവും ഹൃദയ അൾത്താരയിൽ നടത്തുന്ന, ആത്മാവിലും സത്യത്തിലുമുള്ള ആരാധനയും സ്തോത്ര ബലിയും സായൂജ്യ അനുഭവങ്ങളാണ്. ശബത്തിലെ ആരാധനയ്ക്കുള്ള കൂട്ടായ്മ തടസ്സപ്പെട്ടിരിക്കുന്ന ഈ മഹാമാരിയുടെ പ്രതികൂല സാഹചര്യങ്ങളിലും ദൈവത്തോടൊത്തുള്ള വ്യക്തിപരമായ ശബത് ആചാരണത്തിന് നിരോധനമില്ല.
ഒരുപക്ഷെ ഈ കാലഘട്ടത്തെയും മുന്നിൽ കണ്ടുകൊണ്ടായിരിക്കാം ശമര്യാക്കാരിക്ക് സത്യാരാധനയുടെ മർമ്മം കർത്താവ് വെളിപ്പെടുത്തിയത് :
'യേശു പറഞ്ഞു: സ്ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു.
എന്നാല്‍, യഥാര്‍ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും.
ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാമാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്.'
യോഹന്നാന് 4 : 21-24
കർത്താവിനോടൊപ്പമുള്ള സഹവാസത്തിന്റെ ശാബത്അനുഭവം കോരഹ് പുത്രന്മാർ എൺപത്തിനാലാം സങ്കീർത്തനത്തിൽ പങ്കുവയ്ക്കുന്നത് ഹൃദ്യവും ആവേശമുണർത്തുന്നതുമാണ്:
'സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം!
എന്നേക്കും അങ്ങയെ സ്തുതിച്ചുകൊണ്ട് അങ്ങയുടെ ഭവനത്തില്‍വസിക്കുന്നവര്‍ ഭാഗ്യവാന്മാര്.
അവര്‍ കൂടുതല്‍ കൂടുതല്‍ശക്തിയാര്‍ജിക്കുന്നു; അവര്‍ ദൈവത്തെ സീയോനില്‍ ദര്‍ശിക്കും.
അന്യസ്ഥലത്ത് ആയിരം ദിവസത്തെക്കാള്‍ അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസംആയിരിക്കുന്നതു കൂടുതല്‍ അഭികാമ്യമാണ്; ദുഷ്ടതയുടെ കൂടാരങ്ങളില്‍വാഴുന്നതിനെക്കാള്‍, എന്‍െറ ദൈവത്തിന്‍െറ ആലയത്തില്‍ വാതില്‍കാവല്‍ക്കാരനാകാനാണു ഞാന്‍ ആഗ്രഹിക്കുന്നത്.
സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയില്‍ ആശ്രയിക്കുന്നവന് ഭാഗ്യവാന്.'
സങ്കീര്‍ത്തനങ്ങള്‍ 84 : 1-12
ദൈവമേ, അങ്ങയുടെ സ്വസ്ഥതയിൽ ദൈനം ദിനം ഒരുമിച്ചുചേർന്നു വിശ്രമിക്കുന്ന
ശാബത് അനുഭവങ്ങളാൽ ഞങ്ങളെ ധന്യരക്കേണമേ. നിത്യ കൂടാരത്തിൽ അങ്ങയോടൊത്തുള്ള നിത്യ സായൂജ്യ ശബത് അനുഭവത്തിനായി വിശുദ്ധിയെ തികച്ചു ഒരുങ്ങാൻ ഞങ്ങളെ സഹായിക്കേണമേ.
-ഫാ. ഡോ. ഏ. പി. ജോർജ്