കരുണ പിന്തുടരും

ആവശ്യക്കാർക്ക് കൊടുക്കുന്നതിന്റെയും ജീവിതത്തിൽ മുൻഗണന നിശ്ചയിക്കുന്നതിന്റെയും പ്രാധാന്യം ഉയർത്തിക്കാണിക്കുന്ന സംഭവമാണ് സറാഫാത്തിലെ വിധവയുടെ കഥ.

വടക്കേ രാജ്യത്തിലെ ഭരണാധികാരിയായിരുന്ന ആഹാബിന്റെയും ഭാര്യ ഇസബെല്ലിന്റെയും ഭീഷണിയുടെ പ്രതിസന്ധിയിലായിരുന്നു ഏലിയാവ്. അവരുടെയും ജനങ്ങളുടെയും പാപങ്ങൾ മൂലം ദേശത്ത് വലിയ വരൾച്ച ഉണ്ടാകുമെന്ന് ഏലിയാവ് പ്രവചിച്ചു.

ആ സമയത്ത് ദൈവം ഏലിയാവിനോട് സറാഫാത്തിലെ വിധവയുടെ അടുത്തേക്ക് പോകുവാൻ കൽപ്പിച്ചു:

'നീ സീദോനിലെ സറേഫാത്തില്‍ പോയി വസിക്കുക. അവിടെ നിനക്കു ഭക്‌ഷണം തരുന്നതിനു ഞാന്‍ ഒരു വിധവയോടു കല്‍പിച്ചിട്ടുണ്ട്‌.'
1 രാജാക്കന്‍മാര്‍ 17 : 9

ഭക്ഷണം നൽകുമെന്ന്  ദൈവം പറഞ്ഞ വിധവയുടെ അടുത്ത് ഏലിയാവ് എത്തിയപ്പോൾ അവിടുത്തെ കാര്യങ്ങൾ പരമ ദയനീയമായിരുന്നു :

'ഏലിയാവ് സറേഫാത്തിലേക്കു മടങ്ങി. പട്ടണകവാടത്തിലെത്തിയപ്പോള്‍ ഒരു വിധവ വിറകു ശേഖരിക്കുന്നതു കണ്ടു. അവന്‍ അടുത്തുചെന്ന്‌ കുടിക്കാന്‍ ഒരു പാത്രം വെള്ളം തരുക എന്നുപറഞ്ഞു.
അവള്‍ വെള്ളം കൊണ്ടുവരാന്‍ പോകുമ്പോള്‍ അവന്‍ അവളോടു പറഞ്ഞു: കുറച്ച്‌ അപ്പവും കൊണ്ടുവരുക.
അവള്‍ പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവാണേ, എന്റെ കൈയില്‍ അപ്പമില്ല. ആകെയുള്ളത്‌ കലത്തില്‍ ഒരുപിടി മാവും ഭരണിയില്‍ അല്‍പംഎണ്ണയുമാണ്‌. ഞാന്‍ രണ്ടു ചുള്ളി വിറക്‌ പെറുക്കുകയാണ്‌. ഇതു കൊണ്ടുചെന്ന്‌ അപ്പമുണ്ടാക്കി എനിക്കും എന്റെ മകനും കഴിക്കണം. പിന്നെ ഞങ്ങള്‍ മരിക്കും.'
1 രാജാക്കന്‍മാര്‍ 17 : 10-12

ദൈവം പറഞ്ഞയക്കുന്നിടത്തു ചെല്ലുമ്പോൾ എല്ലാ സൗകാര്യങ്ങളും വിഭവങ്ങളുമൊരുക്കി കംഫർട്ട് സോൺ സെറ്റ് ചെയ്തിരിക്കുമെന്ന് നമ്മൾ ഒരിക്കലും ചിന്തിക്കരുത്. ഈ ഉൾക്കാഴ്ച ഇല്ലാത്തതു കൊണ്ടാണ് പലരും കലപ്പയ്ക്ക് കൈ വെച്ചിട്ട് തിരിഞ്ഞു നോക്കുന്നത്.
ദൈവവിളിയിൽ തീർച്ചയായും വെല്ലുവിളിയുണ്ടായിരിക്കും. പക്ഷെ വിളിച്ചവൻ വിശ്വസ്തനാണെന്നും ശക്തനായവനാൽ ശക്തരാക്കപ്പെടുമ്പോൾ നമ്മൾ സകലത്തിനും മതിയായവരാകുമെന്ന സത്യം മറക്കരുത്. മരുഭൂമിയിൽ നീരുറവയും ചെങ്കടലിൽ നേർവഴിയും ഒരുക്കുവാൻ കഴിയുന്ന സർവ്വശക്തനിൽ  പ്രത്യാശവെച്ച് പ്രതികൂലസാഹചര്യങ്ങളിൽ ചുവടുറപ്പിച്ചു മുന്നോട്ടു പോകണം.

നിന്റെ വീട്ടിലുള്ള അപ്പം എനിക്ക് തരിക എന്ന് ഏലിയാവ് പറഞ്ഞത് ലോക ചിന്താഗതി  പ്രകാരം വളരെ ക്രൂരമായിരുന്നുവന്നു തോന്നിയേക്കാം.
സോറി, ഞങ്ങളുടെ അവസാനത്തെ അത്താഴം പങ്കുവയ്ക്കാൻ സാധ്യമല്ല എന്നു പറഞ്ഞു വിധവയ്ക്ക് ഏലിയാവിനെ ഒഴിവാക്കാമായിരുന്നു

ഇതൊക്കെ ലോകത്തിന്റെ യുക്തികളാണ്. എന്നാൽ ദൈവത്തിന്റെ കാഴ്ചപ്പാടിൽ പ്രതിസന്ധിഘട്ടങ്ങളിലും ഇല്ലായ്മയിലും ആവശ്യക്കാർക്കും ദൈവവേലയ്ക്കും കൊടുക്കുന്നത് അനുഗ്രഹ സമൃദ്ധിക്കുമുള്ള വഴികളാണ് :

സദൃശ്യവാക്യങ്ങൾ
11:24-25 ഒരുത്തൻ വാരിവിതറീട്ടും വർദ്ധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു.
ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.

അനുസരിക്കുവാൻ വളരെ പ്രയാസമുള്ള ഒരു കാര്യമാണ് ഏലിയാവ് ആ വിധവയോട് പറഞ്ഞത് :

'ഏലിയാവ് അവളോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നീ ചെന്നു പറഞ്ഞതുപോലെ ചെയ്യുക. എന്നാല്‍, ആദ്യം അതില്‍നിന്നു ചെറിയ ഒരപ്പം ഉണ്ടാക്കി എനിക്കു കൊണ്ടുവരണം; പിന്നെ നിനക്കും മകനുംവേണ്ടി ഉണ്ടാക്കിക്കൊള്ളുക.
എന്തെന്നാല്‍, താന്‍ ഭൂമിയില്‍ മഴ പെ യ്യിക്കുന്നതുവരെ കലത്തിലെ മാവു തീര്‍ന്നുപോവുകയില്ല; ഭരണിയിലെ എണ്ണ വറ്റുകയുമില്ല എന്ന്‌ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.'
1 രാജാക്കന്‍മാര്‍ 17 : 13-14

ഏലിയാവിന്റെ ആവശ്യം സാമാന്യ യുക്തികൊണ്ട്  വിലയിരുത്തിയിരുന്നെങ്കിൽ വിധവ തീർച്ചയായും  തള്ളിക്കളയുമായിരുന്നു. കാണാത്ത കാര്യങ്ങൾ കണ്മുൻപിലെന്നപോലെ കണ്ട് വിശ്വസിക്കുവാനുള്ള പ്രത്യേകമൊരു സിദ്ധി ഈ അമ്മയ്ക്ക് ഉണ്ടായിരുന്നു. വരുംവരായ്കളെപ്പറ്റി കടന്നു ചിന്തിക്കാതെ തനിക്കും മകനുമുള്ള അവസാനത്തെ ഭക്ഷണം അവൾ ഏലീയാവിന് കൊടുത്തു. സ്വന്തം ആവശ്യത്തെക്കാൾ വിശക്കുന്നവന്റെ ആവശ്യത്തിന് മുൻഗണന കൊടുത്തത് അവൾക്ക് അനുഗ്രഹമായി :

'അവള്‍ ഏലിയാ പറഞ്ഞതുപോലെ ചെയ്‌തു. അങ്ങനെ അവളും കുടുംബവും അവനും അനേകദിവസം ഭക്‌ഷണം കഴിച്ചു.
ഏലിയാ വഴി കര്‍ത്താവ്‌ അരുളിച്ചെയ്‌തതുപോലെ കലത്തിലെ മാവു തീര്‍ന്നുപോയില്ല, ഭരണിയിലെ എണ്ണ വറ്റിയുമില്ല.'
1 രാജാക്കന്‍മാര്‍ 17 : 15-16

ജീവിതത്തിൽ ഏതൊക്കെ കാര്യങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടതെന്ന് നമ്മൾ വളരെ ഗൗരവമായി ചിന്തിക്കണം.  ദുഷ്ടമോഹാവേശത്തിൽ നിയന്ത്രണം വിട്ട് ഓടുന്ന മനസ്സ് അരുതാത്തതും അപകടപൂർണവുമായ പലതിനും മുൻഗണന കൊടുക്കാൻ പ്രേരിപ്പിച്ചേക്കാം. ശലോമോൻ പറഞ്ഞതുപോലെ കാറ്റിനെ പിടിക്കാൻ ഓടുന്നവർക്ക്‌ നിത്യതയ്ക്ക് ആവശ്യമുള്ളത് എന്തൊക്കെയാണെന്ന് തിരിച്ചറിയാനും അതിൽ  മെന്റൽ സെറ്റ് ഉറപ്പിക്കാനും കഴിയാറില്ല. അവരുടെ മനസ്സിലെപ്പോഴും ഭൗതിക കാര്യങ്ങൾക്കായിരിക്കും മുൻഗണന. ലോകം മുഴുവൻ നേടിയിട്ടും ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അതൊരു നഷ്ടക്കച്ചവടം തന്നെയാണ്.

ദൈവീക മൂല്യങ്ങൾക്കും ക്രിസ്തുവിനോട് ചേർന്നുള്ള ജീവിതത്തിനും മുൻഗണന കൊടുക്കുമ്പോൾ പല നഷ്ടങ്ങളും ഒറ്റപ്പെടലും ത്യാഗങ്ങളും സഹിക്കേണ്ടിവന്നേക്കാം.  ഉറ്റവർ  കുറ്റപ്പെടുത്തിയേക്കാം. സ്വന്തം സുരക്ഷിതത്വത്തെ പറ്റിയുള്ള വ്യാകുല ചിന്തകൾ ക്രിസ്തീയ പ്രമാണങ്ങൾക്ക് വിരോധമായ തീരുമാനങ്ങളെടുക്കാൻ പ്രലോഭിപ്പിച്ചേക്കാം. താൽക്കാലിക നഷ്ടങ്ങൾ നിത്യതയിലെ വലിയ പ്രതിഫലങ്ങളായിത്തീരുമെന്ന പ്രത്യാശയോടെ ക്രിസ്ത്യൻ പ്രയോറിട്ടിയിൽ ഉറച്ചു നിൽക്കണം.

ദൈവം നമ്മുടെ അടുത്തേക്ക് പറഞ്ഞു വിടുന്നവർ പലതരത്തിലുള്ള ആവശ്യക്കാരായിരിക്കും. സ്വാന്ത്വന വാക്കുകൾ,  സാമ്പത്തികസഹായങ്ങൾ, ജോലി,സൗഖ്യം, തിരുവചന വെളിച്ചം... അങ്ങനെ അങ്ങനെ പല ആവശ്യങ്ങളുമായി വരുന്നവരെ സാങ്കേതിക തടസ്സങ്ങളും പാരമ്പര്യ നിയമങ്ങളും ചട്ടങ്ങളും  പറഞ്ഞ് ഒഴിവാക്കരുത്. വഴിയിൽ കിടന്ന പീഡിതനെ  ലേവ്യനും പരീശനും അവഗണിച്ചു കടന്നുപോയതുകൊണ്ട്   കരുണ കാണിക്കേണ്ട  ബാധ്യത എനിക്കിക്കുമില്ലെന്നു ശമര്യൻ ചിന്തിക്കരുത്.

തുളസി, ജീരകം,ചതകുപ്പ എന്നിവയ്ക്ക് ദശാംശം കൊടുക്കുന്നതിന് കാണിക്കുന്ന  മുൻഗണന കാരുണ്യം, വിശ്വസ്തത എന്നിവയുടെ ദശാംശം പങ്കിടുന്നതിലും കാണിക്കണമെന്ന് കർത്താവ് ഓർമ്മപ്പെടുത്തുന്നു  ( മത്തായി 23:23)

  നന്മയും ദാനവും ചെയ്തതുകൊണ്ട് ആരും ദരിദ്രരും മുട്ടുള്ളവരുമാകില്ലെന്ന വലിയ ആത്മീയ സത്യമാണ് സറാഫാത്തിലെ വിധവ നമുക്ക് പറഞ്ഞുതരുന്നത്. ഉള്ളതും ഉള്ളവും പങ്കിടുന്നവരുടെ കലത്തിലെ മാവും തുരുത്തിയിലെ എണ്ണയും കുറഞ്ഞു പോവില്ല. ഇന്ന് നമ്മൾ അനുഭവിക്കുന്ന അനുഗ്രഹങ്ങളും സമൃദ്ധിയും  നമ്മുടെ മാതാപിതാക്കൾ ഹൃദയപൂർവ്വം ദൈവവേലയ്ക്കും സാധുക്കൾക്കും നൽകിയ സ്നേഹത്തിന്റെ ഓഹരിയുടെ  റിട്ടേൺകൂടിയാണെന്ന സത്യം വിസ്മരിക്കരുത്. ഇന്ന്  ഡിവൈൻ ബാങ്കിൽ നമ്മൾ നിക്ഷേപിക്കുന്ന കാരുണ്യം നമ്മുടെ മക്കൾക്കും തലമുറകൾക്കും ഭാവിലേക്കുള്ള അനുഗ്രഹസ്രോതസ്സായിത്തീരും.

ദരിദ്രരോടു ദയ കാണിക്കുന്നവന്‍കര്‍ത്താവിനാണ്‌ കടം കൊടുക്കുന്നത്‌;
അവിടുന്ന്‌ ആ കടം വീട്ടും.
സദൃശ്യവാക്യം 19 : 17

യഹോവ ഇടയൻ ആയിരിക്കുന്ന സമർപ്പിതരുടെ ജീവിതത്തിൽ എന്നും അനുഗ്രഹത്തിന്റെ പെരുമഴക്കാലമായിരിക്കുമെന്നാണ് ദാവീദിന്റെ സാക്ഷ്യം :

'എന്റെ ശത്രുക്കളുടെ മുന്‍പില്‍ അവിടുന്ന്‌ എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ ശിരസ്‌സു തൈലംകൊണ്ട്‌ അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.
അവിടുത്തെ നന്‍മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.'
സങ്കീര്‍ത്തനങ്ങള്‍ 23 : 5-6
-ഫാ. ഡോ. ഏ. പി. ജോർജ്