യേശുക്രിസ്തു തന്റെ പരസ്യശുശ്രൂഷയിൽ അനേകരെ സൗഖ്യമാക്കിയിട്ടുണ്ട്. ചിലർ നന്ദി പറയാൻ തിരിച്ചു വന്നിട്ടുണ്ട്, മറ്റു ചിലർ അവനെ പിന്തുടർന്നു. എന്നാൽ മൂന്നാമതൊരു കൂട്ടർ യേശുവിനെ പിന്തുടരുക മാത്രമല്ല യേശുവിന്റെയും ശിഷ്യന്മാരുടെയും ദൈനംദിന ആവശ്യങ്ങൾക്കായി തങ്ങൾൾക്കുള്ളതെല്ലാം ദാനം ചെയ്തിരുന്നു. അവരിൽ ചിലരെ ലൂക്കോസ് പരിചയപ്പെടുത്തുന്നുണ്ട്:
അശുദ്ധാത്മാക്കളില്‍നിന്നും മറ്റു വ്യാധികളില്‍ നിന്നും വിമുക്തരാക്കപ്പെട്ട ചില സ്ത്രീകളും ഏഴു ദുഷ്ടാത്മാക്കള്‍ വിട്ടുപോയവളും മഗ്ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും
ഹേറോദേസിന്‍െറ കാര്യസ്ഥനായ കൂസായുടെ ഭാര്യ യൊവാന്നയും സൂസന്നയും തങ്ങളുടെ സമ്പത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു.
ലൂക്കാ 8 : 2-3
ക്രിസ്തു നൽകിയ സൗഖ്യത്തിനും സമാധാനത്തിനും പ്രത്യുപകാരമായി ഈ സോദരികൾ യേശുവിന്റെയും ശിഷ്യന്മാരുടെയും ദൈനംദിന ആവശ്യങ്ങൾക്കായി തങ്ങൾക്കുള്ളത് പങ്കുവച്ചു. പ്രശസ്തിക്കോ സ്ഥാനമാനങ്ങൾക്കൊ വേണ്ടിയല്ല അവർ ഈ വിശിഷ്ട സേവനങ്ങൾ ചെയ്തത്. കർത്താവ് അവർക്ക് നൽകിയ അനുഗ്രഹങ്ങൾക്കും വിടുതലിനുമുള്ള എളിയ സമർപ്പണമായിരുന്നു അതൊക്കെ.
ദൈവ വേലയ്ക്കും സാധു സംരക്ഷണത്തിനും കൊടുക്കുമ്പോൾ ഈ സോദരിമാരുടെ മനോഭാവമാണ് നമുക്കും ഉണ്ടാകേണ്ടത്. ഈ സമർപ്പിത വനിതകളുടെ പേര് തിരുവചനത്തിൽ എഴുതപ്പെട്ടതുപോലെ നിസ്വാർത്ഥമായി കൊടുക്കുന്നവരുടെ പേരുകളും ദൈവത്തിന്റെ സ്മരണയുടെ പുസ്തകത്തിലും എഴുതും. ഇതിൽപരം ഭാഗ്യം എന്തുണ്ട്.
യേശുവിന്റെ പരസ്യ ശുശ്രൂഷയിൽ യേശുവിനോടൊപ്പം പങ്കാളികളായി ഒത്ത് ചേർന്ന് പ്രവർത്തിച്ചവരും യേശുവിന്റെ കാൽവരിയാത്രയിൽ വിലപിച്ചു പിന്തുടർന്നവരും കുരിശിഞ്ചുവട്ടിൽ നിന്നു ഹൃദയമുരുകി കരഞ്ഞവരും ഉയർത്തെഴുന്നേൽപ്പിന്റെ മഹത്വം കല്ലറയ്ക്ക് അകത്തുകടന്ന് നേരിട്ടു കാണുവാൻ ഭാഗ്യം ലഭിച്ചവരുമായ സ്ത്രീകൾ ധന്യരും തിരുവചനത്തിൽ പേരെഴുതപ്പെട്ടവരുമാണ്. എന്നാൽ അവരുടെ പിന്തലമുറക്കാരായ സോദരിമാരെ കാലക്രമത്തിൽ ആത്മിയവേദിയിൽ നിന്നും പിൻ നിരയിലേക്ക് മാറ്റി നിർത്തിയത് വളരെ ആശ്ചര്യകരമാണ്.
ദൈവശുശ്രൂഷയ്ക്കും സാധുക്കൾക്കും വേണ്ടി പിന്നണിയിൽനിന്ന് കൈത്താങ്ങൽ കൊടുക്കുന്ന അനേകം നിശബ്ദസമർപ്പിതർ ഇന്നുമുണ്ട്. വലിയ രോഗങ്ങൾ, അപകടങ്ങൾ, ദാമ്പത്യ തകർച്ചകൾ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവയിൽ നിന്ന് വിടുതൽ നൽകിയതിനും ഭൗതിക അനുഗ്രഹങ്ങൾക്കും അനുദിന ദിവ്യപരിപാലനത്തിനുമൊക്കയുള്ള ആദരവും നന്ദിയുമായി ഈ ചെറിയവർക്ക് ഉള്ളവും ഉള്ളതും പങ്കുവയ്ക്കുന്ന അനേകം സമർപ്പിതസാക്ഷികളെ നമ്മൾ പരിചയപ്പെട്ടിട്ടുണ്ടാകും.
ദൈവം ദാനമായി തന്ന ജീവിതം, ആരോഗ്യം, കഴിവുകൾ, ഭൗതിക അനുഗ്രഹങ്ങൾ തുടങ്ങിയവയുടെ ഓഹരി നിർഭാഗ്യരായ സഹോദരങ്ങൾക്ക് പങ്കുവയ്ക്കുന്നത് ഔദാര്യമായിയിട്ടല്ല, കടമയായി കണ്ട് സന്തോഷത്തോടെ കൊടുക്കണം. ഇങ്ങനെയുള്ളവർ ദൈവം പ്രീതിപ്പെടുന്ന ഉൽകൃഷ്ട ദാദാക്കളാണ്. പൊതുവേദികളിൽ അഭിനന്ദനവും ആശംസപ്രസംഗങ്ങളും ആഗ്രഹിക്കാത്ത, ക്രിസ്തുവിനുവേണ്ടി തങ്ങളുടെ ജീവിതവും റിസോഴ്സും പങ്കുവയ്ക്കുന്ന ഇവർ പുതിയനിയമത്തിലെ സോദരിമാരുടെ ജനുസ്സുകളാണ്.
'യേശു പറഞ്ഞു, ശീമോനെ കടം കൊടുക്കുന്ന ഒരുത്തന് രണ്ട് കടക്കാർ ഉണ്ടായിരുന്നു. ഒരുത്തൻ 500 വെള്ളിക്കാശും മറ്റവൻ 50 വെള്ളിക്കാശും കൊടുപ്പാൻ ഉണ്ടായിരുന്നു. വീട്ടുവാൻ അവർക്ക് വക ഇല്ലായ്കയാൽ അവൻ ഇരുവർക്കും ഇളച്ചു കൊടുത്തു. എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും. അധികം ഇളച്ചു കിട്ടിയവൻ എന്ന് ശീമോൻ പറഞ്ഞു.' (ലൂക്കോസ്:7)
അധികം ഇളച്ചു കിട്ടിയവരും അനർഹമായ അനുഗ്രഹങ്ങൾ ദൈവത്തിൽനിന്നും അനവധി കൈനീട്ടി വാങ്ങിയവരും ഉപാധികളില്ലാതെ പാപക്ഷമ ലഭിച്ചവരും ദൈവത്തോട് കൂടുതൽ കടപ്പെട്ടിരിക്കുന്നവരാണ്.
ദരിദ്രർക്കും കടക്കാർക്കും തങ്ങളുടെ സമൃദ്ധിയിൽ നിന്ന് പങ്കുവെച്ചും ഇളവു ചെയ്തു കൊടുത്തും ഇവർ ദൈവത്തോട് നന്ദി പ്രകടിപ്പിക്കേണ്ടതാണ്.
ഒരാളുടെ ദൈവസ്നേഹം അയാളുടെ ദാനശീലത്തിൽ നിന്ന് മനസ്സിലാക്കാം. ദൈവത്തിൽ നിന്നു ലഭിച്ചതും ഈ ചെറിയ വർക്ക് കൊടുത്തതും തമ്മിലുള്ള നമ്മളുടെ അക്കൗണ്ട് ടാലി ആകുന്നുണ്ടോ? വല്ലപ്പോഴുമൊക്കെ ഈ വിലയിരുത്തൽ നടത്തുന്നത് ഒടുവിൽ ഏൽപ്പിച്ച താലന്തുകളുടെ കാര്യവിചാരകത്വത്തിന്റെ കണക്ക് ബോധിപ്പിക്കാൻ സഹായകമാകും.
ദൈവമേ, ഉപാധികളില്ലാതെ ഈ ചെറിയവർക്ക് കൊടുക്കുന്നതിന് തടസ്സമാകുന്ന എന്നിലെ സ്വാർത്ഥതയും സ്വയം നീതീകരണവും ഹൃദയ കാഠിന്യവുമൊക്കെ സമർപ്പണ മനോഭാവമായി രൂപാന്തരപ്പെടുത്തെണമേ.
-ഫാ. ഡോ. ഏ. പി. ജോർജ്