1 കൊരിന്ത്യർ പതിഞ്ചാം അധ്യായത്തിൽ പൗലോസ് അപ്പോസ്തോലൻ സഭയ്ക്ക് നൽകുന്ന മൂന്ന് നിർദ്ദേശങ്ങൾ ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് :
'എന്റെ വത്‌സലസഹോദരരേ, കര്‍ത്താവില്‍ നിങ്ങളുടെജോലി നിഷ്‌ഫലമല്ലെന്നു ബോധ്യപ്പെട്ട്, അവിടുത്തെജോലിയില്‍ സദാ അഭിവൃദ്‌ധി പ്രാപിച്ച് സ്‌ഥിരചിത്തരും അചഞ്ചലരുമായിരിക്കുവിന്‍.
1 കോരിന്ത്യർ 15 : 58
ഒന്നാമത്തെ ഉപദേശം സ്ഥിരചിത്തരും അചഞ്ചല രും ആയിരിക്കണമെന്നാണ്. സഭ നേരിടേണ്ടിവരുന്ന പീഡനങ്ങളെപ്പറ്റി അപ്പോസ്തോലൻ തന്റെ ലേഖനങ്ങളിൽ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട് :
'യേശുക്രിസ്‌തുവിനോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഢിപ്പിക്കപ്പെടും.'
2 തിമോത്തേയോസ് 3 : 12
'എന്റെ വേര്‍പാടിനുശേഷം ക്രൂരരായ ചെന്നായ്‌ക്കള്‍ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെറുതെ വിടുകയില്ലെന്നും എനിക്കറിയാം.'
അപ്പ. പ്രവര്‍ത്തനങ്ങള്‍ 20 : 29
ഉപരോധവും വിവിധ തന്ത്രങ്ങളുമായി കർത്താവിന്റെ രണ്ടാമത്തെ വരവ് വരെ സാത്താന്യ ശക്തികൾ സഭയ്ക്കു നേരെ യുദ്ധം തുടർന്നുകൊണ്ടിരിക്കും.
ദൈവമക്കൾ അതുകണ്ട് ഭയപ്പെടരുത്. സഭയുടെ പരമാധികാരിയും ഉടമസ്ഥനും ആയ ദൈവം സഭയുടെ ശത്രുക്കളെ പ്രതിരോധിക്കും. യുദ്ധം യഹോവയ്ക്കുള്ളതാണ്. അതുകൊണ്ട് ദൈവമക്കൾ ഭയപ്പെടാതെ, ചഞ്ചല പെടാതെ സ്ഥിരചിത്തരും അചഞ്ചലരുമായി ഉറച്ചുനിൽക്കണം.
രണ്ടാമത്തെ ഉപദേശം സഭ ദൈവവേലയിൽ വ്യാപൃതരും ശുഷ്കാന്തിയുള്ളവരും ആയിരിക്കണം എന്നാണ്. ചെന്നായ്ക്കളെയും പീഡനങ്ങളെയും സഭയുടെമേൽ സാത്താൻ അഴിച്ചുവിടും. തിരുവചന ശുശ്രൂഷയും ആരാധനയും തടസ്സപ്പെടുത്താനാണ് അവൻ പ്രതിസന്ധികളുണ്ടാക്കുന്നത്. ദൈവമക്കൾ യഥാർത്ഥ ശത്രുവിനെ തിരിച്ചറിയണം. നിരാശപ്പെടാതെ ദൈവവേലയിൽ കൂടുതൽ തീക്ഷ്ണതയുള്ളവരാകണം. പ്രാർത്ഥനയിൽ ഐക്യപ്പെടണം.
ദൈവവേലയിൽ നിന്ന് ശ്രദ്ധ മാറ്റുവാൻ പല പ്രലോഭനങ്ങളും പരീക്ഷണങ്ങളും ദുഷ്ടശക്തികൾ സഭയിൽ കൊണ്ടുവരും. കല്ലപ്പമാക്കാനും ഭൗതിക വിഗ്രഹങ്ങളെയും വ്യക്തികളെയും വീണു നമസ്കരിക്കാനും സാഹസിക എടുത്തു ചട്ടങ്ങൾക്കും ഒക്കെ പ്രലോഭനങ്ങൾ ഉണ്ടാക്കും. ഇത്തരം വശീകരണങ്ങളിൽ വീഴാതെ സഭ വളരെ കരുതലോടെ മുന്നോട്ടുപോകണം. ക്രിസ്തു കേന്ദ്രീകൃതവും ആത്മീയ വളർച്ചക്ക് ഉതകുന്നതുമായ കാര്യങ്ങളിൽ മാത്രം സഭ ശ്രദ്ധിക്കണം. ഭൂമിയിൽ ദൈവരാജ്യത്തിന്റെ അനുഭവം ഉണ്ടാക്കാനും നഷ്ടപ്പെട്ട ആത്മാക്കളെ നേടാനുമുള്ള ജോലിയിൽ സദാ അഭിവൃത്തി പ്രാപിക്കണം എന്നാണ് അപ്പോസ്തോലൻ ഓർമിപ്പിക്കുന്നത്.
മൂന്നാമത് സഭയ്ക്കു നൽകുന്ന ഉപദേശം കർത്താവിൽ നിങ്ങളുടെ ജോലി നിഷ്ഫലമല്ല എന്നാണ്.
എന്താണ് കർത്താവിന്റെ ജോലി?
'പരിശുദ്‌ധാത്‌മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്‌തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്‌ഷികളായിരിക്കുകയും ചെയ്യും
(അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 8)എന്ന ക്രിസ്തുവിന്റെ ആഗ്രഹമാണ് സഭയെ ഭരമേൽപ്പിച്ചിരിക്കുന്ന കർത്താവിന്റെ ജോലി. ഈ നിയോഗത്തിൽ ശ്രദ്ധ വെച്ച് കർത്താവിന്റെ ആഗ്രഹം സഭ യാഥാർത്ഥ്യമാക്കണം. ഉറച്ചുനിന്ന് വിശ്വസ്തരായി കർത്താവിന്റെ വേല ചെയ്യുന്നവർക്ക് ദൈവം നൽകുന്നത് നൂറിരട്ടി പ്രതിഫലവും നിത്യതയുമാണ്.
'യേശു പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നെപ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരിമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും
ഇവിടെ വച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കയില്ല - ഭവനങ്ങളും സഹോദരന്‍മാരും സഹോദരിമാരും മാതാക്കളും മക്കളും വയലുകളും അവയോടൊപ്പം പീഡനങ്ങളും; വരാനിരിക്കുന്ന കാലത്തു നിത്യജീവനും.
മര്‍ക്കോസ് 10 : 29-30
പ്രതിസന്ധികളും ഭിന്നതകളും കലഹങ്ങളും ഒക്കെ സഭയ്ക്കു് അകത്തും പുറത്തും സാത്താനുണ്ടാക്കും. സഭയെ തകർക്കുകയും ദൈവജനത്തെ ഭിന്നിപ്പിക്കുകയും ക്രിസ്തുവിൽ നിന്ന് പിന്തിരിപ്പിക്കാനുമാണ് സാത്താൻ പ്രതിസന്ധികൾ ഉണ്ടാക്കുന്നത്. പക്ഷേ സാത്താന്റെ ലക്ഷ്യം പൂർണമായി ഇനിയും വിജയിച്ചിട്ടില്ല. സഹസ്രാബ്ദങ്ങളായി സഭ ക്രിസ്തുവിന്റെ കരങ്ങൾക്ക് കീഴിൽ ഇന്നും സുരക്ഷിതമായി നിൽക്കുകയാണ്. ധാർമിക വീഴ്ചയും അനാർക്കിയും വിരുദ്ധതകളും സഭയിലുണ്ടാകുമ്പോൾ സഭ വിട്ടു പോകാനും പരസ്പരം കുറ്റപ്പെടുത്താനും ശ്രമിക്കരുത്.
പിന്നെ എന്ത് ചെയ്യണം?
'കര്‍ത്താവില്‍ നിങ്ങളുടെ ജോലി നിഷ്‌ഫലമല്ലെന്നു ബോധ്യപ്പെട്ട്, അവിടുത്തെ ജോലിയില്‍ സദാ അഭിവൃദ്‌ധി പ്രാപിച്ച് സ്‌ഥിരചിത്തരും അചഞ്ചലരുമായിരിക്കണം.'
ദൈവമേ, സാത്താനുയർത്തുന്ന കൊടുങ്കാറ്റും തിരമാലകളും സഭാ നൗകയെ പ്രതിസന്ധിയിലാക്കുമ്പോൾ നിരാശപ്പെടാതെ, അമരത്തിരിക്കുന്ന നിന്നിൽ പ്രത്യാശവെച്ച്,സ്ഥിര ചിത്തരായി പ്രാർത്ഥനയിൽ കൈകോർക്കാനുള്ള ഐക്യവും സമർപ്പണവും ആത്മ വരങ്ങളും സഭാമക്കൾക്ക് നൽകേണമേ.
-ഫാ. ഡോ. ഏ. പി. ജോർജ്