എടുത്തു ചാടരുത്!

സഭയിലും രാഷ്ട്രീയത്തിലുമൊക്കെയുള്ള  തർക്കങ്ങളും വ്യവഹാരങ്ങളും ശത്രുതയും പരിഹാരമില്ലാതെ
ദീർഘകാലം തുടരാറുണ്ട്.  ചില പ്രതിലോമശക്തികൾ കർട്ടനു പിന്നിൽ നിന്ന് ചരടു വലിക്കുന്നതാണ് പ്രശ്നങ്ങൾ തീരാത്തതിന്റെ പ്രധാനകാരണം.

ദാവീദിനെ ദൈവം രാജാവായി തെരഞ്ഞെടുത്ത് അഭിഷേകം  ചെയ്തെങ്കിലും
അത്  നടക്കാതിരിക്കാൻ ശൗൽ രാജാവ് ആദ്യം തടസ്സം നിന്നു.  ശൗലിന്റെ മരണശേഷവും 12 ഗോത്രങ്ങളിൽ യൂദ ഒഴിച്ച് മറ്റുള്ളവർ ഏറെക്കാലം ദാവീദിനെ അംഗീകരിച്ചില്ല. അതിന്റെ പിന്നിൽ പ്രവർത്തിച്ചത്   ശൗലിന്റെ സൈന്യാധിപനായ അബ്നേസർ ആയിരുന്നു . അബ്നേസർ ശൗലിന്റെ  മകനായ ഇഷ്ബോഷെത്തിനെ ഇസ്രായേലിന്റെ രാജാവായി വാഴിച്ചു. ഇഷ്ബോഷെത്ത് കഴിവു
കുറഞ്ഞ വ്യക്തിയായിരുന്നു. അതുകൊണ്ട് 'പപ്പറ്റ്' രാജാവിനെ മുന്നിൽനിർത്തി തനിക്ക്
അധികാരം  കയ്യാളാൻ കഴിയുമെന്ന വക്രബുദ്ധി ആയിരുന്നു അബ്നേസറിനെ അതിന് പ്രേരിപ്പിച്ചത്. ദൈവം അഭിഷേകം ചെയ്ത ദാവീദിനെ തിരസ്കരിച്ചായിരുന്നു അബ്നേസർ ദൈവ തീരുമാനത്തിന് എതിരായി മറ്റൊരു രാജാവിനെ വാഴിച്ചത്.

ദാവീദ് എല്ലാ ഗോത്രങ്ങളെയും ചേർത്തുനിർത്തി ദൈവജനത്തെ ഒരുമിച്ച് കൊണ്ടുപോകുവാൻ ആഗ്രഹിച്ചിരുന്നെങ്കിലും ദാവീദിന്റെ സൈന്യാധിപനായ യോവാബിന്റെ മനസ്സിലും ചില ഒരു ദുഷ്ട ലക്ഷ്യങ്ങളുണ്ടായിരുന്നു. സൈന്യാധിപൻമാരായ അബ്നേസറിന്റെയും  യോവാബിന്റെയും നിർബന്ധബുദ്ധിയും സ്വാർത്ഥ ലക്ഷ്യങ്ങളും മൂലം ഇസ്രായേൽ ഗോത്രങ്ങൾ ഗിബയോനിലെ കുളത്തിനരികെ വച്ച് പരസ്പരം ഏറ്റുമുട്ടി.  മേലധികാരികളുടെ  അനുവാദം കൂടാതെ ആയിരുന്നു സൈന്യാധിപന്മാർ തമ്മിലുള്ള ഈ ഏറ്റുമുട്ടൽ.

സ്വാർത്ഥ താല്പര്യങ്ങൾക്കും വ്യക്തിപരമായ നേട്ടങ്ങൾക്കും  സ്ഥാനമാനങ്ങൾക്കും വേണ്ടി നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച് മുതലെടുപ്പ് നടത്തുന്ന പ്രതിലോമശക്തികൾ എല്ലാ തർക്കങ്ങൾക്കും യുദ്ധങ്ങൾക്കും പിന്നിളുണ്ട്.  പ്രശ്നം തീരാനും തീർക്കാനും അവരൊരിക്കലും സമ്മതിക്കില്ല. കാരണം, പ്രശ്നം തീർന്നാൽ പിന്നെ അവർക്ക് പ്രസക്തി ഇല്ലാതാകും.

ക്രിസ്തീയ സാക്ഷ്യം വികലമായി പോയതിന് പിന്നിലെ കാരണങ്ങളിലേക്ക്  വിരൽചൂണ്ടുന്ന നാല് കാര്യങ്ങൾ രണ്ടു ശാമുൽ രണ്ടാം അദ്ധ്യായത്തിലെ  പഴയനിയമ സംഭവത്തിൽനിന്നും നമുക്ക് പഠിക്കാൻ കഴിയും:

ഒന്നാമത്, അധികാരികൾക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന  മൂല്യബോധമില്ലാത്ത മുതലെടുപ്പുകാർ   മത-രാഷ്ട്രീയ നേതൃത്വത്തിന്റെ സാക്ഷ്യം നഷ്ടപ്പെടുത്തും . ദാവീദിന്റെ സൈന്യാധിപൻ അദ്ദേഹത്തിന്റെ അറിവും സമ്മതവും ഇല്ലാതെ ചെയ്ത അതിക്രമങ്ങൾ ദാവീദിന്റെ വ്യക്തി പ്രഭാവത്തിന് മങ്ങലേൽപ്പിച്ചു. ജനം ദാവീദിനെ തെറ്റിദ്ധരിച്ചു. അധികാര കേന്ദ്രങ്ങൾക്ക് ചുറ്റും താവളമടിച്ച്‌ വ്യക്തിപരമായ നേട്ടം കൊയ്യുവാൻവേണ്ടി ജനങ്ങൾക്കിടയിൽ  വിഭാഗീയത സൃഷ്ടിക്കുന്നവരെ   നിയന്ത്രിക്കാൻ നേതൃത്വത്തിനു കഴിയണം.  ശവം ഉള്ളയിടത്ത് ഓടിയെത്തുന്ന കഴുകന്മാരെ നേതൃത്വം തിരിച്ചറിയണം.

ക്രിസ്തു നാമധേയവും ലേബലും ദുരുപയോഗം ചെയ്ത്,  നീതിരഹിതമായി പ്രവർത്തിച്ച്‌ ക്രിസ്തു നാമത്തെ കളങ്കപ്പെടുത്തുന്നവർ സമൂഹത്തിൽ അനുദിനം വർദ്ധിച്ചുവരികയാണ്.  ക്രിസ്തുവിനെ സമൂഹത്തിൽ' മിസ്റെപ്രെസെന്റ് ' ചെയ്യുന്നവരെ ദൈവം ഒരിക്കൽ തീർച്ചയായും തടഞ്ഞ് നിർത്തും. ദൈവം വാഴിച്ച ദാവീദിനെതിരെ പ്രവർത്തിച്ച അബ്നേസറിനും യോവാബിനും ഒടുവിൽ
സംഭവിച്ച ദുരന്തപൂർണമായ അന്ത്യം തന്നെ ഇതിന് ഉദാഹരണമാണ്.

'നിങ്ങൾ പരസ്പരം സ്നേഹിക്കുന്നു എങ്കിൽ നിങ്ങൾ എന്റെ ശിക്ഷ്യന്മാർ എന്ന് ലോകം അറിയും' എന്ന കർത്താവിന്റെ പ്രസ്താവനയുടെ പ്രസക്തി ക്രിസ്ത്യാനികൾക്ക്  നിസ്സാരമായി കാണുവാൻ പറ്റില്ല. ഇന്നത്തെ ക്രിസ്തു ശിഷ്യന്മാരെ ലോകമറിയുന്നത് ഏതു ലേബലിലാണ്, അവരിലൂടെ ലോകം ക്രിസ്തുവിനെ അറിയുന്നത് എങ്ങനെയാണ് എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ലോകം നൽകുന്ന മറുപടി  വളരെ നിരാശപ്പെടുത്തുന്നതാണ്.

ഈ പഴയ നിയമ ചരിത്രത്തിൽ നിന്ന് നാം പഠിക്കേണ്ട മറ്റൊരു പാഠം ക്രിസ്തീയ നിയോഗങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരെ  നേതൃത്വം പ്രത്യേകം ശ്രദ്ധിക്കണം എന്നതാണ്.

എല്ലാ ഇസ്രായേൽ ഗോത്രങ്ങളെയും ഒന്നിച്ചുചേർത്ത് ദൈവത്തിന്റെ സാക്ഷ്യമുള്ള അനുഗ്രഹീത ജനത ആക്കണമെന്നായിരുന്നു ദാവീദിന്റെ ആഗ്രഹം. എന്നാൽ അദ്ദേഹത്തിന്റെ സൈന്യാധിപൻ യോവാബിന്റെ അതിക്രമങ്ങൾ ദാവീദിന് എതിർ സാക്ഷ്യമായി.  അതിക്രമങ്ങൾ പ്രവർത്തിച്ച്അധികാരം കൈയാളാൻ ശ്രമിച്ച സൈന്യാധിപനെ തക്കസമയത്ത് ദാവീദു നിയന്ത്രിക്കേണ്ടതായിരുന്നു. ദാവീദ് യഥാസമയം അത് ചെയ്യാതിരുന്നത് കൊണ്ട്  ജനങ്ങൾക്കിടയിൽ ദാവീദിനെ പറ്റിയുള്ള മതിപ്പ് കുറയുവാൻ കാരണമായി.

ആകാശത്ത് നിന്ന് തീ ഇറക്കി ശമര്യരെ കൊന്നുകളയുമെന്ന് അപേക്ഷിച്ച യാക്കോബിനെയും യോഹന്നാനെയും ശാസിക്കുകയും വാൾ ഉറയിൽ ഇടാൻ പത്രോസിനോട് ആജ്ഞാപിക്കുകയും ചെയ്ത ക്രിസ്തുവിന്റെ സ്നേഹ പ്രമാണങ്ങളെ ചവിട്ടിമെതിച്ച് കുരിശു യുദ്ധങ്ങൾ അരങ്ങേറി. സഭയുടെ മിഷനെപ്പറ്റി നേതൃത്വത്തിന് പ്രതിബദ്ധതയും  വ്യക്തതയില്ലായ്മയും ഗുരുതരമായ തെറ്റിദ്ധാരണയുമൊക്കെ സംഭവിക്കുമ്പോൾ ക്രിസ്തുവിന്റെ സ്നേഹത്തിൽ അധിഷ്ഠിതമായ ദൈവരാജ്യ സങ്കല്പം വികലമായിപ്പോകും.

മനസ്സിൽ 'മിഷൻ ഓഫ്  ഗ്രേസ് 'എന്ന ദിവ്യ സങ്കൽപ്പങ്ങളുമായി  നേതൃത്വത്തിലേക്ക് ചുവടുവച്ചവരുടെ ഇന്നത്തെ പ്രയോറിറ്റി  എന്താണെന്നും കമ്മിറ്റ്മെന്റ് എത്രയൊക്കെ ഉണ്ടെന്നും സ്വയം  വിലയിരുത്തിയാൽ ആദ്യ സ്നേഹം തണുത്ത പോയ ദുരവസ്ഥ മനസ്സിലാകും. കല്ല് അപ്പമാകാനും കുമ്പിട്ടാരാധിക്കാനും ഉന്നതങ്ങളിൽ നിന്ന് അഹങ്കാരത്തോടെ എടുത്തു ചാടുവാനും കർത്താവിനെ പ്രലോഭിപ്പിച്ച പ്രലോപകന്റെ പ്രലോഭനങ്ങളിൽ വീണുപോയവർ അനവധിയാണ്.

നേതൃത്വത്തിന് ലക്ഷ്യവും മാർഗവും തെറ്റുമ്പോൾ ദിശാബോധം നഷ്ടപ്പെട്ട ജനം ചിതറി പോകും.

രണ്ട് ശാമുൽ രണ്ടാം അധ്യായത്തിലെ സംഭവങ്ങൾ നമുക്ക് പറഞ്ഞു തരുന്ന മൂല്യ പ്രതിബദ്ധതയുടെ മൂന്നാമത്തെ കാര്യം, ദൈവം തന്ന താലന്തുകൾ നന്മക്കായി വിനിയോഗിക്കണം എന്നതാണ്.

സെരുയയുടെ മക്കളായ യോവാബ്, അഭിഷായി, അസഹെൽ എന്ന മൂന്ന് പുത്രന്മാരിൽ അസഹെൽ
കാട്ടുമാനിനെപ്പോലെ സാഹസിക ഓട്ടക്കാരൻ ആയിരുന്നു. അസഹെൽ സൈന്യാധിപനായ അബ് നേരിനെ പിന്തുടർന്നു. എന്നെ പിന്തുടരുന്നത് മതിയാക്കു എന്ന് അബ്നേർ പലപ്രാവശ്യം അവനോട് പറഞ്ഞു എങ്കിലും അസഹെൽ കൂട്ടാക്കിയില്ല. അതുകൊണ്ട് അബ്നെർ തന്റെ കുന്തത്തിന്റെ പിൻഭാഗം കൊണ്ട് അവന്റെ വയറിനു കുത്തി. അവൻ അവിടെ മരിച്ച് വീണു.

അസഹെൽ അനുഗ്രഹീത ഓട്ടക്കാരൻ ആയിരുന്നു. അത് എന്തെല്ലാം ദൈവനിയോഗങ്ങൾക്കുവേണ്ടി ഉപയോഗിക്കുവാൻ കഴിയുമായിരുന്നു. ദാവീദിന്റെ ഒരു നല്ല സന്ദേശവാഹകനാകുവാനുള്ള യോഗ്യത അവനുണ്ടായിരുന്നു.  രണ്ട് സൈന്യാധിപൻമാരുടെ ഈഗോ യുദ്ധത്തിൽ അനാവശ്യമായി ഇടപെട്ട് അസഹെൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്തി.

മതത്തിലേയും  രാഷ്ട്രീയത്തിലെയും കലാപങ്ങളിൽ എത്രയോ പേർക്കാണ് ജീവൻ നഷ്ടമാകുന്നത്. അംഗവൈകല്യം സംഭവിക്കുന്നത്. എത്രയോ കുടുംബങ്ങളാണ് തകർന്നു പോകുന്നത്. ദൈവം നൽകിയ എത്രയോ സവിശേഷ നൽവരങ്ങളാണ് വെളിച്ചം കാണാതെ, ഫലം കായ്ക്കാതെ അകാലത്തിൽ  നഷ്ടപ്പെട്ടു പോകുന്നത്.

അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വീഴട്ടെ എന്ന് പീലാത്തോസിന്റെ കോടതിയിൽ ആത്മീയനേതൃത്വം അലറിയപ്പോൾ, 'ആമ്മീൻ' എന്ന് ആർത്തട്ടഹസിച്ച ജനത്തിന്റെ മേലും തലമുറകളിലേക്കും അനര്ത്ഥം കടന്നുവന്നു. ഇന്നും അതിന്റെ അലയടികൾ തീർന്നിട്ടില്ല. കലാപങ്ങളിലേക്ക്  വികാര ആവേശത്തോടെ ഓടുന്നവർ സ്വന്തം കുടുംബത്തെയും മക്കളെയും ഒരു നിമിഷം  ഓർക്കുന്നത് നല്ലതാണ്.

ആകെ അരനാഴികനേരം മാത്രമുള്ള  ഹൃസ്വകാല ജീവിതത്തിൽ   ദൈവം നൽകിയ സമയവും താലന്തുകളും ആരോഗ്യവുമൊക്കെ നല്ല കാര്യങ്ങൾക്കായിട്ടാണോ, ക്രിസ്തുവിനും ക്രിസ്തുവിന്റെ മഹത്വത്തിനും ഭൂമിയിലെ ദൈവരാജ്യ വളർച്ചയ്ക്കുമായിട്ടാണോ ഇപ്പോൾ വിനിയോഗിക്കുന്നത് എന്ന് ഗൗരവമായി ചിന്തിക്കണം.  ലഗേജ് ഇല്ലാത്ത ഒടുവിലത്തെ
മടക്കയാത്രയിൽ നമ്മുടെ പ്രവർത്തികൾ തീർച്ചയായും നമ്മെ പിന്തുടരുമെന്ന് ഓർക്കണം :

വെളിപ്പാടു 14:13 ഞാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു.

ഏറ്റവുമൊടുവിലായി ഈ പഴയനിയമ സംഭവം നമ്മെ ഓർമ്മപ്പെടുത്തുന്നത് നമ്മുടെ രാജാവ് എഴുന്നെള്ളാറായി എന്നതാണ്. രാജാധിരാജാവായി ക്രിസ്തു അധികാരം സ്ഥാപിക്കാൻ വരാറായി. അന്ന് അബ്നേസറിനും യോവാബിനും അവനെ തടയാൻ കഴിയില്ല.  അന്ന് എല്ലാ തർക്കങ്ങളും വ്യവഹാരങ്ങളും യുദ്ധങ്ങളും തീരും. ഭൂമിയിലെ സകല ഗോത്രങ്ങളിലെയും വർഗ്ഗങ്ങളിലെയും ഭാഷകളിലെയും ജനങ്ങൾ, സർവ്വ ജനത്തിനുമുള്ള സന്തോഷമായ ക്രിസ്തുവിന്റെ അധികാരത്തിൻ കീഴിൽ അണിനിരക്കും.  ദൈവമക്കൾക്കിടയിൽ നിലനിൽക്കുന്ന  വിരുദ്ധതയും ഇടർച്ചയും വിഭാഗീയതയും വിദ്വേഷവും പകയുമൊക്കെ അതിജീവിക്കാൻ ബൈബിൾ വെളിപ്പെടുത്തുന്ന ഈ പരമ സത്യം ജനങ്ങളെ ബോധ്യപ്പെടുത്തുക മാത്രമാണ് അനൈക്യത്തിന്റെ പ്രതിസന്ധികൾ പരിഹരിക്കാനുള്ള ഏക പരിഹാരമാർഗ്ഗം.

പണ്ട് ഒരു ശൗലിനോട് നീ എന്നെ ഉപദ്രവിക്കുന്നത് എന്താണ്, മുള്ളിൽ ചവിട്ടുന്നത് നിനക്ക് നല്ലതല്ല, എന്നു ചോദിച്ച കർത്താവ് ഇന്ന് എല്ലാ സഭാ മക്കളോടും നേതൃത്വത്തോടും അതേ ചോദ്യം ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. മറുപടി ഇപ്പോൾ പറഞ്ഞില്ലെങ്കിലും നിത്യ തേജസിന്റെ മുമ്പിൽ  നിൽക്കുമ്പോൾ ഒരിക്കൽ പറഞ്ഞേപറ്റൂ!

യേശുവേ, വേഗം വരേണമേ! അങ്ങയുടെ വരവിന്റെ സമയംവരെ നിന്റെ കൃപയുടെ സന്ദേശവാഹകരാകാനും   വിദ്വേഷങ്ങൾ മറന്ന് കൈകോർത്ത് ലോകത്തിനു മുമ്പിൽ സുവിശേഷത്തിന്റെ സാക്ഷികളായി ഒന്നിച്ച് അണിനിരക്കാനും എല്ലാ സഭാ മക്കളെയും അനുരഞ്ജനത്തിന്റെ ആത്മാവിനാൽ അഭിഷേകം ചെയ്യേണമെന്ന് യേശു കർത്താവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു.

-ഫാ. ഡോ. ഏ. പി. ജോർജ്