സ്വർഗ്ഗിയ പൗരത്വം

നഗരങ്ങളും സംസ്കാരങ്ങളും സ്ഥാപിക്കാനുള്ള മനുഷ്യന്റെ പരിശ്രമം ചരിത്രത്തിന്റെ ആദ്യം മുതൽ കാണാം. ലോകത്തിന്റെ തലസ്ഥാനങ്ങളായി എന്നും നിലനിൽക്കാൻ മനുഷ്യൻ മത്സരിച്ചു പടവെട്ടി പണിതുയർത്തിയ കൊട്ടാര സമുച്ചയങ്ങളും കോട്ടകളുമൊക്കെ  അനവധിയാണ്.  ബാബേൽ ഗോപുരം  മുതൽ ബാബിലോൺ, പേർഷ്യ, ഗ്രീസ് തുടങ്ങി വലുതും ചെറുതുമായ അനേകം  സംസ്കാരങ്ങളും ശാശ്വത സംവിധാനങ്ങളും മനുഷ്യൻ പണിതു ഉയർത്തിയിട്ടുണ്ട്.
എന്നാൽ ഈ പരിശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. അനശ്വര ശക്തികേന്ദ്രങ്ങളാക്കാൻ ശ്രമിച്ചതൊക്കെ കാലപ്രവാഹത്തിൽ ഒഴുകി ഒലിച്ചുപോയി. തകർന്നടിഞ്ഞ സംസ്കാരങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലൂടെ പുരാവസ്തുഗവേഷകർ അന്വേഷണയാത്ര തുടർന്നു കൊണ്ടിരിക്കുകയാണ്. ലോകം കീഴടക്കി  ആധിപത്യം നേടുവാൻ വെട്ടിപ്പിടിച്ച പ്രബലരുടെ മൺമറഞ്ഞ സ്വപ്നങ്ങളുടെ അവശിഷ്ടങ്ങൾ  ഗവേഷകർ കണ്ടെത്തി കൊണ്ടിരിക്കുകയാണ്.  കാലപ്രവാഹത്തിൽ കാലഹരണപ്പെട്ടു പോകുന്നതാണ് മനുഷ്യന്റെ സംവിധാനങ്ങളൊക്കെയും.

തോക്കും വാളും സൈന്യവുമായി തോൽപ്പിക്കാനും കീഴടക്കാനും ആധിപത്യം സ്ഥാപിക്കാനുള്ള മത രാഷ്ട്രീയ ശക്തികളുടെ പടയോട്ടം ഇന്നും തുടർന്നുകൊണ്ടിരിക്കുകയാണ്. ചരിത്രത്തിൽ നിന്നും പാഠം പഠിക്കാത്ത മനുഷ്യന്റെ വികല ചിന്തകളും വ്യാമോഹങ്ങളും കൂട്ട കൊലപാതകങ്ങളും വംശീയ കലാപങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്നു.

മനുഷ്യന്റെ കരങ്ങളാൽ തീർത്ത നഗരങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു നഗരം ഉണ്ടെന്ന് എബ്രഹാം ലേഖന കർത്താവ് പറയുന്നു:
എബ്രായർ 13:14 'ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളതു അത്രേ നാം അന്വേഷിക്കുന്നതു.'

ഏതാണ് ആ നഗരം?
പുത്തൻ യെരുശലേമെന്നാണ് ആ നഗരത്തിനന്റെ  പേര്. ഈ നഗരം ഒരിക്കൽ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവരുമെന്ന്   ഉയർത്തെഴുന്നേറ്റ ക്രിസ്തു യോഹന്നാന് വെളിപ്പെടുത്തി:

വെളിപ്പാടു 21:2 'പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം കർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു.'

  സ്വർഗ്ഗീയ പൗരന്മാരായ നമുക്ക് വേണ്ടി നിത്യതയിൽ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങളെ പറ്റി  നമ്മുടെ കർത്താവ് പറഞ്ഞു:
യോഹന്നാൻ
14:2-3 എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു.
ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും'

ഭൂമിയിലെ പട്ടണങ്ങളിലും സംസ്കാരങ്ങളിലും നമ്മൾ ജീവിക്കുമ്പോഴും നമ്മുടെ ആദ്യന്തിക വിധേയത്വം  ദൈവരാജ്യത്തോടും അതിന്റെ നിയമങ്ങളോടും ആയിരിക്കണം. കാരണം നമ്മൾ സ്വർഗീയ പൗരന്മാരാണ്. ആ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ആയിരിക്കണം നമ്മൾ മുന്നോട്ടു പോകേണ്ടത്.
ഉയർത്തെഴുന്നേറ്റ ക്രിസ്തു 40 ദിവസത്തോളം ശിഷ്യന്മാരെ ഗഹനമായി പഠിപ്പിച്ചതിനെപ്പറ്റി പ്രവൃത്തികളുടെ പുസ്തകത്തിൽ പറയുന്നുണ്ട്:
പ്രവൃത്തികൾ
1:2-3 അവൻ  കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു.

സ്വർഗ്ഗരാജ്യത്തിന്റെ  സുവിശേഷം അറിയിക്കാൻ നിയോഗിച്ച ശിഷ്യന്മാർക്ക്  അവസാനം പറഞ്ഞു കൊടുത്തത്‌ സ്വർഗ്ഗരാജ്യത്തിന്റെ മർമങ്ങൾ ആണ്.

ഞാനുൾപ്പെടുന്ന ആത്മീയ നേതൃത്വം  ഇന്ന്  വിശ്വാസികൾക്ക് പറഞ്ഞു കൊടുക്കുന്നതും പഠിപ്പിക്കുന്നതും മുൻഗണന നൽകുന്നതും ദൈവരാജ്യത്തിന്റെ മർമ്മങ്ങൾക്കാണോ എന്ന് വളരെ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.

അൽപകാലത്തെ  നിയോഗങ്ങൾക്കായി അയക്കപ്പെട്ട നമ്മുടെ ദൗത്യം ഭൂമിയിൽ ആധിപത്യവും അധികാരവും സ്ഥാപിക്കലല്ല. ആരെയും തോൽപ്പിക്കുകയും കീഴടക്കുകയും ചെയ്യലും അല്ല.
പിന്നെ?
കുടുംബത്തിലും ദാമ്പത്യത്തിലും സഭയിലും രാഷ്ട്രത്തിലും ദൈവരാജ്യത്തിന്റെ അനുഭവങ്ങളായ നീതിയും സമാധാനവും പരിശുദ്ധാത്മാവിന്റെ  സന്തോഷവും യാഥാർത്ഥ്യമാക്കാനുള്ളതാണ്  ഈ ഭൂമിയിലെ ഹൃസ്വ കാലഘട്ടം.
ഭൗതിക ആസക്തിയിലും പൈശാചിക മോഹങ്ങളിലുംപെട്ട് വഴിതെറ്റി പോകാതിരിക്കാൻ പോകാതിരിക്കാൻ നമ്മുടെ സ്വർഗീയ പൗരത്വത്തെപറ്റിയുള്ള സമുന്നത ദർശനങ്ങളും അഭിമാനബോധവും മനസ്സിൽ സൂക്ഷിക്കണം.  അതെ, നമ്മൾ സ്വർഗ്ഗീയ പൗരന്മാരാണ്.

നിത്യതയിൽ ഒരിടയനും ഒരാട്ടിൻകൂട്ടവുമായി തീരേണ്ടവരാണ് നമ്മൾ. നമ്മുടെ സഹോദരബന്ധത്തിൽ സാത്താൻ കടന്നു കയറി ഇടർച്ച ഉണ്ടാക്കാൻ ഒരിക്കലും അനുവദിക്കരുത്.
നമ്മൾ ഒന്നാണ്, സ്വർഗ്ഗസ്ഥപിതാവിന്റെ മക്കളാണ്, കണ്ണുകൊണ്ട് കാണാത്തതും ചെവികൊണ്ട് കേൾക്കാത്തതും മനുഷ്യബുദ്ധിക്ക് അതീതവുമായ ഹെവൻലി പ്രിവിലേജസിന്റെ  അവകാശികളായ സ്വർഗ്ഗീയ പൗരന്മാരാണ്.

യോഹന്നാൻ 10:16 'ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻകൂട്ടവും ഒരിടയനും ആകും.'

ലൂക്കോസ് 12:32 'ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു.'

ദൈവമേ, ഞങ്ങളുടെ സ്വർഗീയ  പൗരത്വവും നിത്യതയും നഷ്ടപ്പെടുത്തുന്ന ജഡിക മോഹങ്ങളും വിരുദ്ധ ചിന്തകളും ഞങ്ങളിൽ നിന്ന് അകറ്റേണമേ. സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളിൽ മനസ്സുറപ്പിച്ച്, പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുവാനുള്ള അമിത ബലവും കൃപാവരങ്ങളും തന്ന് വിശ്വാസത്തിന്റെ നായകനായ ക്രിസ്തുവിൽ ഞങ്ങളെ ഉറപ്പിച്ചു  നിർത്തണമെ.

-ഫാ. ഡോ. ഏ. പി. ജോർജ്