ആ നാളും നാഴികയും സംബന്ധിച്ച് പിതാവ് അല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. (മാർക്കോസ് 13: 32).
മർക്കോസ് അധ്യായം 13 കർത്താവിന്റെ രണ്ടാമത്തെ വരവിനെപറ്റിയുള്ള മർമ്മപ്രധാനമായ വെളിപ്പെടുത്തലുകളാണ്.
കർത്താവിന്റെ രണ്ടാമത്തെ വരവ് ക്രിസ്ത്യാനികൾക്ക് വളരെ ജിജ്ഞാസ യുള്ള വിഷയമായതു കൊണ്ടായിരിക്കാം 2000 വർഷങ്ങൾക്കിടയിൽ നൂറുകണക്കിന് ആളുകൾ ലോകാവസാനത്തെപ്പറ്റി വ്യാജ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്.
AD 500-ൽ ക്രിസ്തു മടങ്ങി വരുമെന്ന് മൂന്ന് പേർചേർന്ന് നടത്തിയ പ്രവചനമാണ്
ആദ്യത്തേത്. ചാഡ് ഡേ ബെൽ, ലോറി ഡേ ബെൽ എന്ന ദമ്പതികൾ 2020 ജൂലൈ 22ന് ക്രിസ്തു വരുമെന്ന് പ്രവചിച്ചതാണ് ഏറ്റവും അവസാനത്തെ പ്രവചനം.
ഹരോൾഡ് ക്യാമ്പിംഗ് എന്ന 89 വയസ്സുള്ള എൻജിനീയർ 2011 മേയ് 21ന് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചു. അദ്ദേഹത്തിന്റെ അനേകം അനുയായികൾ തങ്ങൾക്കുള്ളതെല്ലാം വിറ്റ് ഏറെ പ്രതീക്ഷയോടെ ആ ദിവസത്തിനായി കാത്തിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല.
'ആ നാളും നാഴികയും സംബന്ധിച്ച് പിതാവ് അല്ലാതെ ആരും അറിയുന്നില്ല' എന്ന കർത്താവിന്റെ വാക്കുകൾക്കെതിരായുള്ള വ്യാജ പ്രവചനങ്ങൾ ഇനിയും ധാരാളം ഉണ്ടായേക്കാം.
തന്റെ വരവിനെപ്പറ്റി ക്രിസ്തു പറഞ്ഞ ഒരു പ്രധാനകാര്യം, ആരും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും അത് സംഭവിക്കുക എന്നതാണ്. ദൈവത്തിന്റെ അറിവിലും നിശ്ചയത്തിലും തീരുമാനത്തിലും ഇരിക്കുന്നു വിസ്മയ സംഭവം പ്രവചിക്കാൻ സാധാരണ മനുഷ്യനാവില്ല. കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍െറ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്‍േറതുപോലെയുമല്ല.
ആകാശം ഭൂമിയെക്കാള്‍ ഉയര്ന്നുനില്ക്കുന്നു. അതുപോലെ എന്‍െറ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രെ(ഏശയ്യാ 55 : 8-9).
മനുഷ്യന്റെ കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ച്, തികച്ചും അപ്രതീക്ഷിതമായ സമയത്ത്, ഗർഭിണിയുടെ മേൽ പ്രസവവേദന വരുന്നതുപോലെ, കവർച്ചക്ക് കള്ളൻ വരുന്നതുപോലെ, അത് സംഭവിക്കും. അതുകൊണ്ട് കർത്താവ് പറഞ്ഞു: 'നിങ്ങൾ നിനച്ചിരിക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ട് ഒരുങ്ങിയിരിപ്പിൻ.' (മത്തായി 24:44).
കർത്താവിന്റെ വരവിന്റെ സമയം അടുത്താണ്. ഒരു പക്ഷേ അടുത്ത നിമിഷം അത് സംഭവിച്ചേക്കാം. അതുകൊണ്ട് എന്നും എപ്പോഴും എല്ലായ്പ്പോഴും ഒരുങ്ങി ഇരിക്കണം.
മർക്കോസ് പതിമൂന്നാം അദ്ധ്യായത്തിൽ കാലം എപ്പോഴാണെന്ന് അറിയാത്തതുകൊണ്ട് ഉണർന്നു പ്രാർത്ഥിച്ചും സൂക്ഷിച്ചും കൊണ്ടിരിക്കാൻ മൂന്നുപ്രാവശ്യം കർത്താവ് ആഹ്വാനം ചെയ്യുന്നുണ്ട്. കർത്താവിന്റെ വരവിന്റെ ലക്ഷണങ്ങൾ കൺമുമ്പിൽ കാണുമ്പോൾ ഓരോരുത്തരും ഉണർന്നിരിക്കണം. കണ്ണി മക്കുന്നതിനിടയിൽ, അടുത്തനിമിഷം പ്രിയൻ വാതിൽക്കൽ വെളിപ്പെട്ടേക്കാം. കർത്താവിന്റെ വരവിനെപ്പറ്റി കർത്താവിന്റെ വാക്കുകളിൽ മാത്രം ആശ്രയിക്കുന്നതും വിശ്വസിക്കുന്നതുമാണ് സുരക്ഷിതം.
ഇന്ന് കൺമുമ്പിൽ കാണുന്നതെല്ലാം ഒരിക്കൽ മാഞ്ഞുപോകും. കെട്ടിട സമുച്ചയങ്ങൾ, വൻനഗരങ്ങൾ, സംസ്കാരങ്ങൾ, ഹൈടെക് സംവിധാനങ്ങൾ ആകാശം, ഗ്യാലക്സി, എല്ലാമെല്ലാം മാഞ്ഞുപോകും. എന്നാൽ തന്റെ പുനരാഗമന ത്തെ പറ്റിയുള്ള പ്രവചനം ഇന്നും എന്നും മാറാതെ മാറ്റമില്ലാതെ നിലനിൽക്കും :
'പുല്ല് കരിയുന്നു പുഷ്പം വാടുന്നു നമ്മുടെ കർത്താവിന്റെ വചനം ആകട്ടെ എന്നേക്കും നിലനിൽക്കും (യെശയ്യാ 40: 8)
കർത്താവിന്റെ വരവിനുള്ള ഒരുക്കത്തിൽ നിന്ന് ശ്രദ്ധ തിരിപ്പിക്കുന്ന മീഡിയ വാർത്തകൾ, വ്യാജ പ്രവചനങ്ങൾ, കിംവദന്തികൾ, വിവാദങ്ങൾ എന്നിവയിൽപ്പെട്ട് ലക്ഷ്യം മാറി പോകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. കർത്താവ് പറഞ്ഞു: 'ആരും നിങ്ങളെ വഴിതെറ്റി കാത്തിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. പലരും എന്റെ നാമത്തിൽ വന്ന് ഞാൻ ക്രിസ്തുവാണെന്ന് പറയുകയും വഴി തെറ്റിക്കുകയും ചെയ്യും'( മത്തായി 24: 5).
നിത്യയ്ക്ക് വേണ്ടി വിശ്വാസികളെ ഒരുക്കേണ്ടവർ ഭൗതിക ലക്ഷ്യങ്ങളിലേക്ക് അവരെ വഴിതെറ്റിക്കുന്നത് നിർഭാഗ്യകരമാണ്. അന്ത്യ കാലത്തെയും നിത്യത യെയും പറ്റിയുള്ള ദൈവത്തിന്റെ മുന്നറിയിപ്പുകൾ തിരുവചനത്തിൽ വായിച്ചു പഠിച്ച് നിത്യതയെ ലക്ഷ്യമാക്കി ക്രിസ്തുവിനോടു ചേർന്നു നടക്കണം. തിരുവചന സത്യങ്ങൾ തിരിച്ചറിയുമ്പോൾ സത്യം നിങ്ങളെയും എന്നെയും സ്വതന്ത്രരാക്കും.
ഒരു ദിവസം നമ്മുടെ കർത്താവ് മടങ്ങിവരും. അന്ന് ഞാനും നിങ്ങളും മരിച്ചാലും ജീവിച്ചിരുന്നാലും കർത്താവിനെ മുഖാമുഖമായി കാണും. പല കാര്യങ്ങളെപ്പറ്റി ആകുലപെട്ട്, ആവശ്യമില്ലാത്തതിന്റെ പിറകെ ഓടുന്ന മാർത്തയിൽ നിന്ന്, നല്ലപങ്ക് തെരഞ്ഞെടുത്ത മറിയയിലേക്കുള്ള ഒരു മാറ്റത്തിനായി അതുവരെ നമ്മൾ ഉണർന്നിരുന്ന പ്രാർത്ഥിക്കണം, വിശുദ്ധിയെ തികച്ചു ഒരുങ്ങണം.
മണവാളൻ വരുമ്പോൾ ലോകത്തിന്റെ ആലസ്യത്തിൽ ഉറങ്ങുന്നവരും എണ്ണതീർന്നു കെട്ടുപോയ വിളക്കുകളുമാകാതിരിക്കാൻ ബുദ്ധിയുള്ള കാര്യവിചാരകരായി ഒരുങ്ങി ഉണർന്നിരുന്ന് പ്രാർത്ഥിക്കണം പ്രിയമുള്ളവരെ. സമയം തക്കത്തിലുപയോഗിക്കേണ്ട സുപ്രസാദകാലവും രക്ഷാദിവസവുമാണിപ്പോൾ.
ദൈവമേ, ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാലെന്തു പ്രയോജനമെന്ന ഗൗരവമായ ചോദ്യം ഞങ്ങളുടെ ഹൃദയത്തിൽ നവീകരണചിന്തകളെ ഉണർത്തണമെന്നു യേശു കർത്താവിന്റെ വിശുദ്ധനാമത്തിൽ അപേക്ഷിക്കുന്നു.
-ഫാ. ഡോ. ഏ. പി. ജോർജ്