2020 തിന്റെ അവസാനപാദത്തിൽ നിന്ന് പിറകോട്ട് തിരിഞ്ഞു നോക്കുമ്പോൾ എത്രയോ പ്രതിസന്ധികളുടെ ഓളങ്ങൾ കടന്നാണ് നമ്മൾ ഇവിടെ വരെയും എത്തിയത് എന്ന ചിന്ത നമ്മെ അത്ഭുതപ്പെടുത്തും.
മഹാരോഗങ്ങൾ, ധാർമിക വീഴ്ചകൾ, അപകടങ്ങൾ, ശത്രുക്കൾ, സാമ്പത്തിക പ്രതിസന്ധികൾ, അങ്ങനെ അങ്ങനെ അനേകം പ്രതിരോധനിരകൾ ചവിട്ടി കടന്നാണ് പുതുവർഷത്തിന്റെ പടിവാതിക്കൽ ഇപ്പോൾ നമ്മൾ എത്തി നിൽക്കുന്നത്. നമ്മൾ സ്വയം നടന്നതല്ല, സർവ്വശക്തൻ കൈപിടിച്ച് നടത്തിയതാണ്. നിന്നതല്ല, ഉറപ്പുള്ള അടിസ്ഥാന പാറയായ ക്രിസ്തുവിൽ ഉറപ്പിച്ച് നിർത്തിയതാണ്.
പല വഴികളും അടഞ്ഞപ്പോൾ പുതിയ സാധ്യതകളുടെ വഴികൾ ദൈവം തുറന്നുതന്നു. വാതിലുകൾ അടയ്ക്കപ്പെട്ടപ്പോൾ മറ്റനേകം വാതിലുകൾ തുറന്നു തന്നു. പാപത്തിന്റെ അടിമത്തത്തിൽനിന്ന് വിടർത്തി പരമസീയോന്റെ അവകാശത്തിലേക്കു ക്രിസ്തു നമ്മെ കൈപിടിച്ച് നടത്തി. ഇതൊക്കെ കഴിഞ്ഞകാല ജീവിതത്തിലേക്ക് നോക്കി നമുക്ക് പറയുവാനുള്ള സാക്ഷ്യങ്ങളാണ്.
പുതു വർഷത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ കഴിഞ്ഞവർഷത്തെ ദുരനുഭവങ്ങളുടെ നടുക്കത്തിൽ നിന്നും ഭയത്തിൽ നിന്നും മനസ്സിനെ പിന്തിരിപ്പിക്കാൻ യെശയ്യാ പ്രവാചകന്റെ ശബ്ദത്തിൽ ദൈവം നമുക്ക് തരുന്ന സാന്ത്വന ദുത് ശ്രദ്ധിക്കാം:
'കഴിഞ്ഞകാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ.
ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും.'
ഏശയ്യാ 43 : 18-19
കഴിഞ്ഞതെല്ലാം മറന്നേക്കൂ എന്നാണ് കർത്താവ് പറയുന്നത്. വിജയത്തിലേക്കും വിസ്മയകരമായ അനുഭവങ്ങളിലേക്കും കരുണയുള്ള കരുതുന്ന ദൈവം നമ്മളെ കൈപിടിച്ച് ഇതുവരെ നടത്തിയത് പോലെ ഇനിയും നടത്തും. .
പ്രതിസന്ധികൾ അനവധിയാണ്, ശത്രുക്കൾ ശക്തരും അസംഖ്യവുമാണ് . പക്ഷേ നിരാശപ്പെടേണ്ട, ആവശ്യസമയത്ത് സർവ്വശക്തൻ നീക്കുപോക്കുകൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി വഴിയൊരുക്കാൻ അടുത്തുതന്നെ ഉണ്ടായിരിക്കും.
നമ്മൾ നിനയ്ക്കുന്നതിലും പ്രതീക്ഷിക്കുന്നതിലും അധികമായ മെച്ചപ്പെട്ട വഴികൾ കനിവുള്ള കർത്താവ് പുതുവർഷത്തിലേക്ക് നമുക്ക് വേണ്ടി
ഒരുക്കി കൊണ്ടിരിക്കുകയാണ്.
പ്രശ്നപരിഹാരത്തിനുള്ള എല്ലാവഴികളും അടഞ്ഞ ജീവിതത്തിലെ 'ഡെഡെന്റുകൾ' നേർ വീഥികളാ ക്കാനും സ്നേഹത്തിന്റെ ഉറവ വറ്റിപോയ ദാമ്പത്യ ബന്ധങ്ങളിലും കുടുംബ കൂട്ടായ്മകളിലും ദിവ്യ സ്നേഹത്തിന്റെ പുത്തൻ ഉറവുകളും സൗഹൃദങ്ങളുടെ ചാലുകളും തുറക്കാൻ ദൈവം വിസ്മയ പദ്ധതികൾ ഒരുക്കി കൊണ്ടിരിക്കുകയാണ്.
വിശ്വാസത്തിൽ ഇടറി പോകരുത്. പ്രത്യാശ തകർന്നു പോകരുത്. ദൈവത്തിന്റെ സമയത്ത് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അതിനുള്ള ഒരുക്കത്തിലും പ്രാരംഭ ചിന്തകളിലുമാണ് ഇപ്പോൾ ദൈവം.
ജീവന്റെ വഴിയിലേക്കും സ്വച്ചജലപ്രവാഹങ്ങളിലേക്കും ദൈവം നമ്മളെയും നമ്മുടെ ജീവിതപങ്കാളിയെയും മക്കളെയും സഭയെയും ഒക്കെ കൈപിടിച്ച് നടത്തിക്കൊണ്ടിരിക്കുകയാണ്. ഭയപ്പെടേണ്ട, ആകാംക്ഷ പെടേണ്ട, വിശ്വസിക്കുക മാത്രം ചെയ്താൽ മതി.
വാർദ്ധക്യത്തിൽ ജനിച്ച കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ പങ്കെടുത്ത സഖരിയാ എലിസബത്ത് ദമ്പതികളുടെ വീട്ടുകാരും അയൽക്കാരും സന്തോഷിച്ച് ദൈവത്തെ മഹത്വപ്പെടുത്തി. ദീർഘകാലത്തെ നിങ്ങളുടെ പ്രാർത്ഥനയ്ക്ക് പുതുവർഷത്തിൽ ദൈവം മറുപടി തരുമ്പോൾ, ശാന്തിയുടെ തീരത്ത് നിങ്ങളെ എത്തിക്കുമ്പോൾ
നിങ്ങളും നിങ്ങളുടെ അയൽക്കാരും സന്തോഷിച്ച് ദൈവത്തെ മഹത്വപ്പെടുത്തും.
പ്രതിസന്ധികളും നിരാശയും മൂലം തളർന്ന മനസ്സുമായി പുതുവർഷത്തിലേക്ക് നിസ്സഹായരായി നോക്കി നിൽക്കുന്നവർക്ക് നൽകുവാൻ കർത്താവിന് ഒരു ആശ്വാസവചനം ഉണ്ട്.
അബ്രഹാമിനോട് ചോദിച്ച ചോദ്യമാണത്. വ്യക്തിപരമായി എന്നോടും നിങ്ങളോടും ദൈവം പലപ്പോഴും പ്രത്യേകിച്ച് ഈ പുതുവർഷത്തിൽ ചോദിക്കുന്ന ചോദ്യം :
'കർത്താവിന് കഴിയാത്തത് എന്തെങ്കിലുമുണ്ടോ?'
കർത്താവിന്റെ സ്നേഹപൂർവ്വമായ ഈ ചോദ്യം മനസ്സിലുറപ്പിച്ചു പുതുവർഷത്തിലേക്ക് നമുക്ക്
യാത്ര തുടരാം:
കർത്താവിന് കഴിയാത്ത കാര്യങ്ങൾ ഉണ്ടോ?
ദൈവമേ, കഴിഞ്ഞ വർഷത്തിലും കഴിഞ്ഞ കാല ജീവിതത്തിലും അവിടുത്തെ അത്ഭുത ശക്തിയാൽ ഞങ്ങൾ അഭിമുഖീകരിച്ചതും അതിജീവിച്ചതുമായ പ്രതിസന്ധികളെ ഓർത്തു നന്ദിപറയുന്നു. അശുഭകരമായ വാർത്തകളും പ്രതിസന്ധി സൃഷ്ടിക്കുന്ന ചെങ്കടലും ഫറവോന്യ സൈന്യങ്ങളും ഞങ്ങൾക്ക് മുൻപിൽ ഉണ്ടെങ്കിലും അവിടത്തെ വാക്കുകളിൽ ഞങ്ങൾ മനസ്സുറപ്പിക്കുന്നു, ആശ്വസിക്കുന്നു, പ്രത്യാശിക്കുന്നു, സമർപ്പിക്കുന്നു.
കർത്താവിന് കഴിയാത്ത കാര്യങ്ങൾ എന്തെങ്കിലുമുണ്ടോ? ഇല്ല കർത്താവേ, ഒന്നുമില്ല. അവിടുന്ന് എല്ലാത്തിനും മതിയായവൻ ആണ്.
വാഗ്ദത്തങ്ങളിൽ വിശ്വസ്തനാണ്.
എന്നും എപ്പോഴും ഞങ്ങളുടെ കൂടെയുള്ള ഇമ്മാനുവേൽ ആണ്.
പുതുവർഷത്തിലെ വെല്ലുവിളികൾ എന്തൊക്കെയാണെന്ന് ഞങ്ങൾക്കറിയില്ല കർത്താവേ. പക്ഷേ ഒന്ന് ഞങ്ങളറിയുന്നു, ക ർത്താവിനു കഴിയാത്തത് ഒന്നുമില്ല. എന്നെ കാക്കുവാൻ കരുതുവാൻ പരിപാലിക്കുവാൻ അവിടുന്നു മതിയായവൻ ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
-ഫാ. ഡോ. ഏ. പി. ജോർജ്