യേശുക്രിസ്തുവിന്റെ സൗഖ്യദായക ശുശ്രൂഷകളിൽ ഏറ്റവും വിവാദം സൃഷ്ടിച്ച സംഭവമാണ് പിറവി കുരുടന്റെ കണ്ണുതുറന്നത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് നാല് വിഭാഗം കുരുടൻമാരെ നമുക്ക് കാണുവാൻ കഴിയും. കണ്ണില്ലാത്തതുമൂലം കാണുവാൻ കഴിയാത്ത വരേക്കാൾ അപകടകാരികളും അടഞ്ഞ മനസ്സുള്ള വരുമാണ് കണ്ണുണ്ടായിട്ടും കാണുവാൻ കഴിയാത്ത കുരുടന്മാർ. ഇവരെ സുഖമാക്കാൻ നേത്രരോഗ വിദഗ്ധർക്കും കഴിയില്ല.
ക്രിസ്തുവിന്റെ സൗഖ്യദായക ശുശ്രൂഷയോട് പ്രതികരിച്ച നാലുതരം കുരുടൻമാരിൽ ഒന്നാമത്തെ കുരുടർ സംഘം ക്രിസ്തുവിന്റെ ശിഷ്യന്മാരായിരുന്നു. ജീവിത സഹനങ്ങൾക്കും വൈകല്യങ്ങൾക്കും രോഗങ്ങൾക്കും പിന്നിൽ മാതാപിതാക്കളുടേയും ദുരന്തം അനുഭവിക്കുന്നവരുടെയും പാപവും ശാപവും ആണെന്ന പൊതു ചിന്താഗതിക്കാരനായിരുന്നു ശിഷ്യന്മാർ. ദുരന്തങ്ങൾക്ക് പിന്നിലെ മറ്റനേകം കാരണങ്ങളെപ്പറ്റി അറിവില്ലാത്ത ആത്മീയന്ധൻമാർ ഇന്നും ധാരാളമുണ്ട്. തലമുറകളുടെ ശാപം, ജാതകദോഷം, വീടിന്റെ സ്ഥാനദോഷം, കൈവിഷം, കൂടോത്രം, പാപദോഷം തുടങ്ങി അനേകം കള്ളങ്ങളും അബദ്ധങ്ങളും പറഞ്ഞ് ദുരന്തങ്ങളിൽപ്പെടുന്നവരെ ഇവർ മുറിവേൽപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യു. പ്രതികാരക്രിയകൾക്കായി പാവം ജനങ്ങളിൽ നിന്ന് പണം തട്ടുകയും ചെയ്യും. വഴികാട്ടികളായി മുൻപേ നടക്കുന്ന ഈ കുരുടന്മാർ ജീവിത ദുരന്തങ്ങളിൽ പെടുന്നവരെ വൻ കുഴികളിൽ വീഴ്‌ത്തും.
ജീവിത പ്രതിസന്ധികൾ ദൈവനാമ മഹത്വത്തിനായി തീരുമെന്ന് ക്രിസ്തു പറഞ്ഞു. സഹനങ്ങളിലും ദൈവ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നവർ മറ്റുള്ളവർക്ക് മാതൃകയാകും. സഹന യാത്രികർ ദുരിതമനുഭവിക്കുന്നവരോട് സഹാനുഭൂതി പ്രകടിപ്പിക്കും . മാത്രവുമല്ല, സഹനങ്ങൾ ആത്മശുദ്ധീകരണത്തിനും സഹായകമാകും. അങ്ങനെ കഷ്ടങ്ങൾ ദൈവനാമ മഹത്വത്തിന് കാരണമാകും.
പിറവി കുരുടന്റെ സുഹൃത്തുക്കളായിരുന്നു രണ്ടാമത്തെ വിഭാഗം കുരുടന്മാർ. തങ്ങളുടെ സുഹൃത്തിന് ലഭിച്ച അത്ഭുത സൗഖ്യം അംഗീകരിക്കുവാൻ അവർക്ക് കഴിഞ്ഞില്ല. മറ്റുള്ളവർക്ക് ഉണ്ടാകുന്ന അനുകൂല മാറ്റങ്ങളും വളർച്ചയും പുരോഗതിയും തുറന്ന മനസ്സോടെ കാണുവാൻ കഴിയാത്ത അസൂയാലുക്കളാണ് ഇവർ . വീണവർ വീണിടത്തു തന്നെ കിടന്ന് നശിക്കണമെന്നാണ് ഇവരുടെ താല്പര്യം. സാധ്യതകൾ അസ്തമിച്ചിടത്തു സാധ്യതകളുടെ വാതിൽ തുറക്കാൻ കഴിയുന്ന ദൈവത്തെ അറിയാത്ത ആത്മീയ കുരുടന്മാർ ആയിരുന്നു അവന്റെ സുഹൃത്തുക്കൾ.
കുരുടൻന്മാരുടെ മൂന്നാം ചേരി ശാസ്ത്രി പരീശ പുരോഹിതന്മാർ ആയിരുന്നു. തോറയുടെ വള്ളിപുള്ളി വിസർഗ്ഗങ്ങളുടെ ബന്ധനത്തിലായിരുന്ന നിത്യ കുരുടന്മാർ ആയിരുന്നു ഇവർ. ഓട്ടോണമിയും സ്വതന്ത്രചിന്തയും സാധ്യമല്ലാത്തവണ്ണം കോൺഗ്രീറ്റ് സ്ട്രക്ചർ ആണ് ഇവരുടെ മനസ്സും മനോഭാവവും. ന്യായപ്രമാണത്തിന്റെയും പാരമ്പര്യത്തിന്റെയും ബൈഫോക്കൽ ലെൻസിലൂടെ മാത്രം വസ്തുതകൾ കാണുകയും വിലയിരുത്തുകയും ചെയ്യുന്ന ഇവർക്ക് മുമ്പിൽ സൗഖ്യമായ പിറവി കുരുടൻ മുഖാമുഖമായി നിന്നപ്പോൾ അത് അംഗീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല. അവർ ശാബത് നിയമത്തിന്റെ ക്രമ പ്രശ്നം ഉന്നയിച്ചു. സാബത്ത് നിയമം ഉയർത്തിപ്പിടിച്ച ഈ കുരുടന്മാർ കർത്താവിന്റെ ആർദ്ര സ്നേഹത്തെപ്പറ്റിയുള്ള തിരുവചനം മറന്നുകളഞ്ഞു :
പുറപ്പാട് 33:19 'കൃപ ചെയ്‍വാൻ എനിക്കു മനസ്സുള്ളവനോടു ഞാൻ കൃപ ചെയ്യും; കരുണ കാണിപ്പാൻ എനിക്കു മനസ്സുള്ളവന്നു ഞാൻ കരുണ കാണിക്കും എന്നരുളിച്ചെയ്തു.'
കണ്ണുണ്ടായിട്ടും കാണാതിരുന്ന അന്ധരുടെ കൂട്ടത്തിലെ നാലാമത്തെ വിഭാഗം പിറവി കുരുടന്റെ മാതാപിതാക്കളായിരുന്നു. അവരും സത്യത്തിന്റെ സാക്ഷികളാകാൻ തയ്യാറായില്ല. സിനഗോഗിൽ നിന്ന് പുറത്താക്കാനും ഊരുവിലക്ക് പ്രഖ്യാപിക്കാനും മടിക്കാത്ത ആത്മീയ നേതൃത്വത്തെ ഭയന്നാണ് തിരിച്ചറിഞ്ഞ സത്യം മാതാപിതാക്കൾ തുറന്നു സമ്മതിക്കാതിരുന്നത്.
ക്രിസ്തുവിന്റെ ദിവ്യ സ്പർശത്താൽ കാഴ്ച ലഭിച്ച വനെ പള്ളി പ്രമാണികൾ മുടക്കി പുറത്താക്കി.
അകക്കണ്ണും പുറം കണ്ണും തുറന്നുകൊടുത്തവനോട് 'നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുണ്ടോ ' എന്ന് ക്രിസ്തു ചോദിച്ചു :
ഞാൻ വിശ്വസിക്കുന്നു എന്ന് പറഞ്ഞ് അവൻ ക്രിസ്തുവിനെ നമസ്കരിച്ചു.
ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹത്തിലെ അനേകർ ഈ നാല് വിഭാഗം കുരുടന്മാരുടെ പ്രതിനിധികളാണ്. ആത്മീയ അന്ധത മാറ്റിതരുവാൻ കർത്താവിനോട് ആവശ്യ ബോധത്തോടെ വിനയപൂർവ്വം അപേക്ഷിക്കുന്നവർക്ക് അവൻ വിശ്വാസ കണ്ണുതുറന്ന് ഉൾക്കാഴ്ച നൽകും.
പുതിയ കാഴ്ച ഉണ്ടാക്കുന്ന കാഴ്ചപ്പാട് ക്രിസ്തുവിനോടൊപ്പം വഴിതെറ്റാതെ ജീവന്റെ വഴിയിലൂടെയുള്ള ആത്മീയയാത്ര സുഗമമാക്കും.
യോഹന്നാൻ 8:12 യേശു പിന്നെയും അവരോടു സംസാരിച്ചു: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” എന്നു പറഞ്ഞു.
-ഫാ. ഡോ. ഏ. പി. ജോർജ്