ദൈവത്തിന് പ്രസാദകരമായ കാര്യങ്ങൾ പ്രവർത്തിച്ച രാജാവായിരുന്നു പഴയനിയമത്തിലെ ആസ.
2 ദിനവൃത്താന്തം
14:2-5 ആസാ തന്റെ ദൈവമായ യഹോവെക്കു പ്രസാദവും ഹിതവും ആയുള്ളതു ചെയ്തു.
അവൻ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങൾ ഉടെച്ചു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു,
യെഹൂദയോടു അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രമാണവും കല്പനയും ആചരിച്ചു നടപ്പാനും കല്പിച്ചു.
അവൻ എല്ലായെഹൂദാപട്ടണങ്ങളിൽനിന്നും പൂജാഗിരികളും സൂര്യവിഗ്രഹങ്ങളും നീക്കിക്കളഞ്ഞു; രാജ്യം അവന്റെ കീഴിയിൽ സ്വസ്ഥമായിരുന്നു.
ദൈവഭയവും വിധേയത്വമുള്ള ഭരണനേതൃത്വം വന്നാൽ ദൈവത്തിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകും.
ദൈവേഷ്ടം പ്രവർത്തിച്ച ആസയ്ക്ക് ദൈവത്തിൽ നിന്ന് ലഭിച്ച പ്രോത്സാഹനത്തിനന്റെ വാക്കുകൾ 2ദിനവൃത്താന്തത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്:
2 ദിനവൃത്താന്തം 15:7 എന്നാൽ നിങ്ങൾ ധൈര്യമായിരിപ്പിൻ; നിങ്ങളുടെ കൈകൾ തളർന്നുപോകരുതു; നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും.
ആസാ രാജാവിനു മാത്രമല്ല ഭരമേൽപ്പിക്കപ്പെട്ട നിയോഗങ്ങളിൽ വിശ്വസ്തരായ മാതാപിതാക്കൾക്കും ദമ്പതികൾക്കും ഇടയന്മാർക്കും ഭരണകർത്താക്കൾക്കും ദൈവം ഇതേ അനുഗ്രഹങ്ങൾ നൽകും.
ദൈവജനത്തെ ആരാധനയ്ക്ക് കൂട്ടിച്ചേർത്തു വിഗ്രഹങ്ങളെ ആസാ നീക്കിക്കളഞ്ഞതുപോലെ ഇന്നും ഭൂമിയിൽ സ്വർഗ്ഗരാജ്യം യാഥാർത്ഥ്യമാക്കാൻ അനേകം ജോലികൾ നമുക്ക് ചെയ്തു തീർക്കുവാനുണ്ട്. ലോകത്തെമ്പാടുമുള്ള ക്രിസ്ത്യാനികൾ രണ്ട് ബില്യൻ ആണ്. ക്രിസ്തുവിനെ അറിയാത്ത അഞ്ച് ബില്യൻ ജനങ്ങൾ ഇനിയുമുണ്ട്. അവർ സത്യദൈവത്തെ അറിയാത്തവരും വിഗ്രഹാരാധകരും ആണ്. ഇവരെയും ക്രിസ്തുവിന്റെ ആട്ടിൻ കൂട്ടത്തിലേക്ക് കൊണ്ടുവരാൻ ക്രിസ്ത്യാനികൾ സാക്ഷ്യമുള്ള ദൈവമക്കളായി ഒരുമിച്ച് കൈകോർത്ത് പ്രവർത്തിക്കേണ്ട സമയമാണിപ്പോൾ. പക്ഷേ അവർ പൗലോസിന്റെയും അപ്പല്ലോസിന്റെയും പക്ഷക്കാരായി ലോകത്തിന്റെ മുൻപിൽ സ്ഥാനത്തിനും സ്വത്തിനും അധികാരത്തിനും വേണ്ടി പരസ്പരം പരസ്യമായി പോരടിക്കുന്നവരായി തീർന്നിരിക്കുകയാണ്. ക്രൂശിൽ മരിച്ചു ഉയർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ അനുയായികളും അവനെ ആരാധിക്കുന്നവരുമായ ക്രിസ്ത്യാനികൾക്കിടയിലെ വൻമതിലുകളും കോട്ടകളും അനവധിയാണ്.
ജഡരക്തങ്ങളുമായുള്ള പടവെട്ട് നിർത്തി വിരുദ്ധതകൾ സൃഷ്ടിക്കുന്ന സാത്താന്യ ശക്തികൾക്ക് നേരെ ദൈവമക്കൾ
സർവ്വായുധവർഗ്ഗം ധരിച്ച് അജയ്യരായി മുന്നേറണം. സ്റ്റെയിൻ ഗ്രഹാമിനെപോലെ പീഡനങ്ങളും മരണവും സഹിച്ച് മുന്നേറുന്ന സമർപ്പിത സുവിശേഷകർക്ക് പിന്തുണയും പ്രാർത്ഥനയും നൽകി കർത്താവ് ഭരമേൽപ്പിച്ച സുവിശേഷീകരണത്തിന്നായി ലോകമെങ്ങുമുള്ള ദൈവമക്കൾ കൈകോർക്കണം. ബൈബിൾ വ്യാഖ്യാനവും സഭാ ചരിത്രവും സിസ്റ്റമാറ്റിക് തിയോളജിയും പ്രാക്ടിക്കൽ തിയോളജിയും ഒക്കെ നമുക്കിടയിൽ സൃഷ്ടിച്ച ഭിന്നതകൾ മറന്ന് ഈ അന്ത്യകാലത്ത് നിത്യ രക്ഷയുടെ സുവിശേഷം ലോകത്തോട് പറയാൻ ദൈവമക്കളൊന്നിച്ച് അണിനിരത്താൻ ആസാ രാജാവിനെ പോലുള്ള ഭരണകർത്താക്കളെ ഒരുക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് ഭരമേല്പിച്ച സുവിശേഷ നിയോഗത്തിൽ ഉറച്ചുനിന്നു പ്രവർത്തിക്കുന്നവർക്ക് പ്രതിഫലം ലഭിക്കും. ഇവിടുത്തെ ലാഭനഷ്ടങ്ങൾ കണക്കു കൂട്ടാതെ നിത്യ തേജസിന്റെ മഹത്വവും ഘനവും ലക്ഷ്യമാക്കി ദൈവമക്കൾ സുവിശേഷ മുന്നേറ്റം നടത്തണം.
സുവിശേഷത്തിനന്റെ ശത്രുക്കൾ നമുക്കെതിരെ അണിനിരന്നേക്കാം, ഭീഷണിമുഴക്കിയേക്കാം. ക്രിസ്തുവിന്റെ മുൻപിൽ സാത്താൻ കൊണ്ടുവന്ന മൂന്ന് പ്രലോഭനങ്ങൾ നമുക്ക് നേരെയും വച്ചുനീട്ടിയേക്കാം. നമ്മൾ ജാഗ്രതയോടും പ്രാർത്ഥനയോടും കർതൃ ശുശ്രൂഷയിൽ ജാഗരൂകരായി കൈകോർക്കണം.
ശരീരത്തെ മാത്രം കൊല്ലുവാൻ കഴിയുന്ന ശത്രുക്കളെ നമ്മൾ ഭയപ്പെടേണ്ട കാര്യമില്ല.
ലൂക്കോസ്
21:12 ഇതു എല്ലാറ്റിന്നും മുമ്പെ എന്റെ നാമംനിമിത്തം അവർ നിങ്ങളുടെമേൽ കൈവെച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും.
21:13 അതു നിങ്ങൾക്കു സാക്ഷ്യം പറവാൻ തരം ആകും.
21:15 നിങ്ങളുടെ എതിരികൾക്കു ആർക്കും ചെറുപ്പാനോ എതിർപറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും.
21:16 എന്നാൽ അമ്മയപ്പന്മാരും സഹോദരന്മാരും ചാർച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളിൽ ചിലരെ കൊല്ലിക്കയും ചെയ്യും.
21:17 എന്റെ നാമംനിമിത്തം എല്ലാവരും നിങ്ങളെ പകെക്കും.
21:18 നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും.
21:19 നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.
21:26 ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിന്നു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും.
21:27 അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടുംകൂടെ മേഘത്തിൽ വരുന്നതു അവർ കാണും.
21:28 ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തല പൊക്കുവിൻ.
ആദ്യ നൂറ്റാണ്ടിലെ വെറും ന്യൂനപക്ഷമായിരുന്ന ക്രിസ്ത്യാനികൾ ലോകത്തിന്റെ പുളിപ്പും ഉപ്പും വെളിച്ചവുമായതുപോലെ, ലോകത്തെ കീഴ്മേൽ മറിച്ചത് പോലെ, സുവിശേഷ ദീപം തോളിലേന്തി നമുക്ക് മുന്നേറാം. അപ്പോൾ പ്രതികുല ശക്തികൾ ഉയർത്തിയ യറീഹോ മതിലുകൾ തകർന്നുവീഴും. ക്രിസ്തുവിനെ അറിയാത്ത അഞ്ച് ബില്യൻ ജനം തിരുവചനത്തിന്റെ സാക്ഷികളാകും. ആടുകൾക്കുവേണ്ടി ജീവൻ കൊടുത്ത കർത്താവിന്റെ ആഗ്രഹം സാക്ഷാത്കരിക്കും:
യോഹന്നാൻ 10:16 ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻകൂട്ടവും ഒരിടയനും ആകും.
ദൈവമേ, വിഭിന്ന കാഴ്ചപ്പാടുകളുടെയും ഭൗതിക താൽപര്യങ്ങളുടെയും പേരിൽ ഭിന്നിച്ചിരിക്കുന്ന നിന്റെ മക്കളെ സ്നേഹഇടയന്റെ ഒറ്റ ആട്ടിൻകൂട്ട മാക്കി തീർക്കേണമെ. ഈ ഭൂമിയിൽ മാത്രം പ്രസക്തമായ അധികാരശ്രേണികൾക്കും പാരമ്പര്യങ്ങൾക്കും പദവികൾക്കും മീതെ എല്ലാവരും ഒത്തൊരുമിച്ചു ഒരാട്ടിൻകൂട്ടമായിത്തീരുന്ന നിത്യതയെ ലക്ഷ്യമാക്കി നീങ്ങുവാനുള്ള ഹൃദയവിശാലത നിന്റെ മക്കൾക്ക് നൽകേണമേ. ക്രിസ്തുവിനെ അറിയാത്തവരിലേക്കും ക്രിസ്തുവിൽ ആയി തീരാത്തവരിലേക്കും പാപാന്ധകാരത്തിൽ കഴിയുന്നവരിലേക്കും കടന്നു ചെല്ലുവാൻ ശക്തമായ നേതൃത്വം കൊടുക്കുന്ന സമർപ്പിത ഇടയന്മാരെ എഴുന്നേൽക്കണമെ.
-ഫാ. ഡോ. ഏ. പി. ജോർജ്