ബി സ്റ്റിൽ ആൻഡ്‌ ലിസ്സൺ

ലോകത്തിലെ സകല ജീവജാലങ്ങളുടെ മേലും ദൈവം ശക്തമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഒരു സമയമാണ് ഇപ്പോൾ.
ഈ  പ്രതിസന്ധിയുടെ ഘട്ടത്തിൽ നമ്മൾ എന്താണ് ചെയ്യേണ്ടത്?  ആദി മാതാപിതാക്കളെപ്പോലെ കുറ്റബോധത്തോടെ ദൈവത്തിൽനിന്ന് അകന്നുമാറിയി  രിക്കുവാൻ ശ്രമിക്കുന്നവരുണ്ട്. നിഷേധമനോഭാവത്തോടെ ദൈവത്തെ കുറ്റപ്പെടുത്തുന്നവരും  മറന്നു കളയുന്നവരും ധാരാളമുണ്ട്.

എന്നാൽ ഇതൊന്നും ശരിയായ ക്രിസ്തീയ സമീപനങ്ങളല്ല.

ദൈവത്തിന്റെ പൈതൃക സ്നേഹത്തിലേക്ക് കൂടുതൽ അടുത്തു വരേണ്ട സമയമാ ണിപ്പോൾ. ലോകത്തെ മുഴുവൻ നിശ്ചലമാക്കി, ദേവാലയ വാതിലുകളടച്ച്,   മനുഷ്യരെ ക്വാറൻന്റൈനിൽ   ഇരുത്തി ഇരിക്കുന്ന ഈ സമയത്ത് ദൈവം തന്റെ  മക്കളിൽനിന്നും ആവശ്യപ്പെടുന്നത് ദൈവത്തെ അന്വേഷിക്കാനും ദൈവം പറയുന്നത് ക്ഷമയോടെ കേൾക്കുവാനും ആണ്.  

തന്റെ ജീവിതത്തിലെ ക്വാറൻന്റൈൻ അനുഭവങ്ങളിൽ ദൈവത്തിൽനിന്നു  ദാവീദ് കേട്ട സാക്ഷ്യം ഇങ്ങനെയാണ്:
സങ്കീർത്തനങ്ങൾ 46:10-11 'മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞുകൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും. സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗ്ഗം ആകുന്നു'
 
സർവ്വശക്തനായ ദൈവത്തിന്റെ അത്ഭുതകരങ്ങൾ എല്ലാം പ്രതിസന്ധികൾക്കും പരിഹാരമുണ്ടാക്കും.  മനുഷ്യനെ ഭയപ്പെടുത്തി നിസ്സഹായനാക്കുന്ന ഇപ്പോഴത്തെ വൻബാധതകൾക്ക് മേലെ അവന്റെ സൗഖ്യവും ശക്തിയും കരകവിഞ്ഞൊഴുകും.
അവന്റെ സാന്ത്വനസ്വരം നമ്മുടെ വേദനകളെ ശാന്തമാക്കും. നിശബ്ദരായിരുന്നു മനസ്സിനെ ഈ പ്രത്യാശയിൽ ഉറപ്പിക്കാനുള്ള സമയമാണിപ്പോൾ.
ബി സ്റ്റിൽ  ആൻഡ് ലിസൺ!

കരുണയില്ലാത്ത കർക്കശക്കാരനായ ന്യായാധിപനായിട്ടല്ല,  സ്നേഹനിധിയായ പിതാവായിട്ടാണ് ഇപ്പോൾ ദൈവം നമ്മുടെ അടുത്ത് വന്ന് നിൽക്കുന്നത്.
ദൈവത്തിന്റെ കരുതുന്ന സ്നേഹം ഇപ്പോഴും നമ്മോടൊപ്പമുണ്ട്.
ആ കരുതുന്ന സ്നേഹം വഴിതെറ്റുമ്പോൾ ഇപ്പോഴും ബാലശിക്ഷണം  നൽകുന്നു.
ആ കരുതുന്ന സ്നേഹം ശകാരിക്കുന്നതിനു  പകരം പ്രോത്സാഹനവും ഉറപ്പുനൽകുന്നു.
ആ  കരുതുന്ന സ്നേഹം കൈ വിടുന്നതിനു പകരം വഴിതിരുത്തി വഴിനടത്തുന്നു.
ആ കരുതുന്ന സ്നേഹം ശിക്ഷിക്കുന്നതിനു പകരം തന്റെ കരുണയുടെ ഹൃദയം തുറന്ന് സ്നേഹനദി നമ്മിലേക്ക് ഒഴുക്കിക്കൊണ്ടിരിക്കുകയാണ്.
ആ കരുതുന്ന സ്നേഹം ശപിക്കുന്നതിനു പകരം നമുക്കു പാപക്ഷമ നൽകുന്നു.

രാവിലെ എഴുന്നേൽക്കുമ്പോൾ,  കോവിഡ് 19 രോഗികളുടെയും മരണപ്പെട്ടവരുടെയും ഭ്രമജനകമായ വാർത്തകൾക്കായി മനസ്സ് തുറക്കുന്നതിന് മുമ്പ്,  ദൈവത്തിന്റെ നാല് വാഗ്ദത്തങ്ങൾ കൊണ്ട് മനസ്സിന്റെ ചുറ്റും ഒരു കംഫർട്ട് സോൺ സൃഷ്ടിക്കുന്നത് ടെൻഷനും ആകാംക്ഷയും കുറയ്ക്കാനും പ്രത്യാശ വളർത്തുവാനും സഹായകമാകും. ആത്മാവിന്റെ  ശ്രേഷ്ഠഭോജനവും ദൈവത്തിന്റെ ഡെയിലി ബ്രഡ്ഡും ആയ നാല് പ്രോമിസുകളെ പറ്റി നമുക്ക് ചിന്തിക്കാം:

1. അലകടൽ പോലെ ഇളകിമറിയുന്ന മനസ്സിന്റെ നിയന്ത്രണം സർവ്വശക്തന്റെ  കൈകളിൽ ഏൽപ്പിച്ചുകൊണ്ടുള്ള സങ്കിർത്ഥനക്കാരന്റെ പ്രഖ്യാപനം  അസ്വസ്ഥമായ മനസ്സിനെ നങ്കൂരമിട്ടുറപ്പിക്കാൻ സഹായിക്കും:
സങ്കീർത്തനങ്ങൾ 56:11 'ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യനു എന്നോടു എന്തു ചെയ്‍വാൻ കഴിയും?'

2. ഇന്നത്തെ പ്രതിസന്ധികളും നാളെകളിലെ ആകുല വ്യാകുലതകളും മനസ്സിനെ നിരാശയുടെ ആഴങ്ങളിലേക്ക് മുക്കി താഴ്ത്തുമ്പോൾ സങ്കീർത്തനത്തിലെ  സമാശ്വാസ വരികൾ പാടി നമുക്ക് മനസ്സിനെ ആശ്വസിപ്പിക്കാം:
സങ്കീർത്തനങ്ങൾ 62:5-8 'എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൌനമായിരിക്ക; എന്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു. അവൻ  തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ  തന്നേ; ഞാൻ കുലുങ്ങുകയില്ല. എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.  മനമേ, എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ; ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നിനക്കു സങ്കേതമാകുന്നു.'

3. നിരാശയും ശൂന്യതാബോധവും മൃത്യു ചിന്തകളും നിഷേധ വികാരങ്ങളുമൊക്കെ മനസ്സിൽ വേലിയേറ്റം  തുടരുമ്പോൾ ഏശയ്യാ പ്രവാചകന്റെ  പുതുജീവൻ പകരുന്ന വാക്കുകളിലെ  പരിശുദ്ധാത്മശക്തികൊണ്ട് മനസ്സിനെ   റീ  ചാർജ് ചെയ്യാം.
'തളര്‍ന്നവന്‌ അവിടുന്ന്‌ ബലം നല്‍കുന്നു; ദുര്‍ബലനു ശക്‌തി പകരുകയും ചെയ്യുന്നു.
യുവാക്കള്‍പോലും തളരുകയും ക്‌ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാര്‍ ശക്‌തിയറ്റുവീഴാം.  എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.'  ഏശയ്യാ 40 : 29-31

4. പ്രകൃതിദുരന്തങ്ങളും ബാധകളും കലാപങ്ങളും മരണവും നരഹത്യയും നമുക്ക് ചുറ്റും ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോൾ മോശയ്ക്ക് ദൈവം പറഞ്ഞു കൊടുത്ത പ്രത്യാശയുടെ ജീവസ്വരം,  പുതു ജീവനും  പുത്തൻ പ്രത്യാശയും ലഭിക്കാൻ അൽഭുത മന്ത്രമായി ഉരുവിടാം:
'മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടാതെ ഉറച്ചുനില്‍ക്കുവിന്‍. നിങ്ങള്‍ക്കു വേണ്ടി ഇന്നു കര്‍ത്താവു ചെയ്യാന്‍ പോകുന്ന രക്‌ഷാകൃത്യം നിങ്ങള്‍ കാണും. ഇന്നു കണ്ട ഈജിപ്‌തുകാരെ ഇനിമേല്‍ നിങ്ങള്‍ കാണുകയില്ല.
കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടിയുദ്‌ധം ചെയ്‌തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.'    പുറപ്പാട്‌ 14 : 13-14

ആകാംക്ഷ,  വിഷാദം,  മരണഭയം, അസ്വസ്ഥത,  ഉറക്കക്കുറവ് എന്നിവയ്ക്കുള്ള മിറക്കൾ ആന്റി ഡോട്ടാണ്  ദൈവത്തിന്റെ ജീവനുള്ള തിരുവചനം.
സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നമ്മുടെ ഹൃദയങ്ങളെയും ചിന്തകളെയും വികാരങ്ങളെയും ക്രിസ്തുയേശുവിങ്കൽ  ഉറപ്പിക്കാനും നിയന്ത്രിക്കാനും  സഹായിക്കുന്ന ജീവികളുടെ ജീവനായവന്റെ  ജീവസ്പന്ദനമാണ് തിരുവചനം.

ദൈവമേ,  ഇപ്പോഴത്തെ നിശബ്ദതയിൽ അവിടുത്തെ ദിവ്യസാന്നിധ്യമാണ്  ഞങ്ങളുടെ ആശ്രയവും  അഭയകേന്ദ്രവും.  അതിരുകളില്ലാത്ത അവിടുത്തെ സ്നേഹമാണ് ഇപ്പോൾ ഞങ്ങളുടെ ആശ്വാസവും സമാധാനവും. നിന്റെ ദിവ്യ വാഗ്ദത്തങ്ങളിലാണ്  ആണ് ഇപ്പോൾ ഞങ്ങൾ  മനസ്സിനെ  ഉറപ്പിച്ചിരിക്കുന്നത്. ഒരുനാളും കൈവിടാത്ത അവിടുത്തെ പൈതൃക സ്നേഹത്തിലും  കരുതലിലും  ഞങ്ങളെ ചേർത്തുനിർത്തി കൊണ്ടിരിക്കുന്ന  വലിയ കൃപക്കായി സ്തോത്രം.

-ഫാ. ഡോ. ഏ. പി. ജോർജ്